#ദിനസരികള് 492 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിനാലാം ദിവസം.
|| പുലിജന്മം – എന്‍ പ്രഭാകരന്‍ || പുലിജന്മത്തിന്റെ കഥ പറയട്ടെ – പുലിയൂരു കുന്നില്‍പ്പോയി പുലിവേഷം പൂണ്ട് ഒരു പുലിയെക്കൊന്ന് പുലിവാലും പുലിജടയും കൊണ്ടുവന്ന് നാടിന്റെ ആധിയും വാഴുന്നോരുടെ ഭ്രാന്തും അകറ്റാന്‍ ഒരുങ്ങിപ്പുറപ്പെട്ട കാരിഗുരിക്കളുടെ തീവ്രയത്നമാണ് ഈ നാടകത്തിന്റെ ഇതിവൃത്തം.നാടിന്റെ ആധിയും വാഴുന്നോരുടെ ഭ്രാന്തും അകറ്റിക്കഴിഞ്ഞാല്‍ തന്റെ ഭാര്യയായ വെള്ളച്ചി കരുതിവെച്ചിരിക്കുന്ന കരിക്കാടി മുഖത്തൊഴിച്ച് മാച്ചിലു കൊണ്ട് തല്ലി പുലീരൂപത്തില്‍ നിന്നും തിരിച്ചു തന്നെ മനുഷ്യരൂപത്തിലേക്ക് കൊണ്ടുവരുമെന്നും ഗുരിക്കള്‍ പ്രത്യാശിക്കുന്നു.എന്നാല്‍ വേഷം മാറിയ ഗുരിക്കളുടെ ഭയാനകമായ രൂപത്തെ കണ്ട് ഭയന്ന് കരിക്കാടിയും മാച്ചിലും നിലത്തിട്ട് വെള്ളച്ചി ഓടിയൊളിക്കുന്നു. സ്വന്തം രൂപത്തിലേക്ക് മടങ്ങാനാകാതെ കാരിഗുരിക്കള്‍ എക്കാലവും പുലിശരീരത്തില്‍ തന്നെ ശേഷിക്കുന്നു. ഇക്കഥ എത്ര കണ്ടു ലളിതമാണെന്നു നിങ്ങള്‍ക്കു തോന്നുന്നുവോ അത്രകണ്ടു സങ്കീര്‍ണവുമാകുന്ന...