#ദിനസരികള് 489 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തൊന്നാം ദിവസം.‌


||മനുഷ്യന്‍ എന്ന സഹജീവി – ബെന്യാമിന്‍||

ബെന്യാമിന്റെ എഴുത്തിനോട് ഒരു കാലത്തും മമത തോന്നാത്ത ആളാണു ഞാന്‍.നജീബീന്റെ ആടു ജീവിതത്തോടും എനിക്ക് അതേ നിലപാടുതന്നെയാണ് ഉള്ളത്.എന്നാല്‍ ലോട്ടറിയടിച്ചതുപോലെ സാഹചര്യങ്ങള്‍ ഒത്തുവരികയും ബെന്യാമിന്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തതോടെ അദ്ദേഹം തിരക്കുപിടിച്ച എഴുത്തുകാരനാകുകയും സൂകരപ്രസവം പോലെ രചനകളുടെ പ്രവാഹമുണ്ടാകുകയും ചെയ്തു. കാമ്പും കഴമ്പും അന്വേഷിക്കുമ്പോള്‍ അയ്യോ കഷ്ടമെന്നു പറയിപ്പിക്കുന്നവയുടെ എണ്ണം കൂടി എന്നതല്ലാതെ മറ്റൊരു കാര്യവുമുണ്ടായിട്ടില്ല എന്നതാണ് വസ്തുത.സൂസ്മേഷ് ചന്ദ്രന്റെ ഡിയുടെയോ , സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ആമുഖത്തോളമോ ( ആമുഖത്തോട് എനിക്ക് ഏറെ വിപ്രതിപത്തിയുണ്ട്, എങ്കിലും ) കെ ആര്‍ മീരയുടെ ആരാച്ചാരോ പ്രസരിപ്പിക്കുന്ന ഔന്നത്യം ആടുജീവിതത്തില്‍ കണ്ടെത്തുക അസാധ്യമാണ്.

മനുഷ്യന്‍ എന്ന സഹജീവി- എന്ന ആര്‍ദ്രമായ പേരിട്ടിട്ടുള്ള ഒരു ബെന്യാമിന്‍ ഉത്പന്നം എന്റെ കൈയ്യിലിരിക്കുന്നു. ബാബു ഭരദ്വാജിന്റെ കാരുണ്യം കുറച്ചു നല്ല വാക്കുകളെ സംഭാവന നല്കിയിട്ടുണ്ട് നോക്കുക “ ജീവിതം പിഴിഞ്ഞെടുത്താണ് ബെന്യാമിന്‍ ഓരോ വാക്കും എഴുതുന്നത്.നല്ല എഴുത്തുകാരൊക്കെ അങ്ങനെയാണ്.അപ്പോള്‍ നല്ല വായനക്കാരോ? അതിന്റെ ഓരോ തുള്ളിയും നുണഞ്ഞിറക്കുന്നവരാണ്.അങ്ങനെയാകുമ്പോള്‍ സ്രഷ്ടാവിന്റെ കൈയ്യില്‍ക്കിടന്ന് വാക്ക് രോമാഞ്ചത്തോടെ ചോദിച്ചുപോകും.’ഞാന്‍ തന്നെയായിരുന്നോ ഇത് ? ഞാനിതുവരെ വെറും വാക്കായിരുന്നു.ഇപ്പോള്‍ വാക്കല്ല.നക്ഷത്രങ്ങളില്‍ നിന്നിറ്റു വീഴുന്ന അമൃതകണങ്ങളാണ്. കലാപങ്ങൾക്കൊരു ഗൃഹപാഠം, പ്രവാസിയുടെ കുറിപ്പുകൾ , ശവഘോഷയാത്ര മുതലായ നല്ല പുസ്തകങ്ങള്‍ സമ്മാനിച്ച ബാബു ഭരദ്വാജിന്റെ വാക്കുകള്‍ അതിശയോക്തി പരങ്ങളാണെന്ന് പറയാതെ വയ്യ.മോശം വാക്കുകളിലൊരു മംഗളപത്രം തയ്യാറാക്കിക്കൊടുക്കുന്നത് സഹിക്കാന്‍ കഴിയാത്ത ഒരു കവിയുടെ വിഷമം നാം മനസ്സിലാക്കുക.

മനുഷ്യന്‍ എന്ന സഹജീവി എന്ന പ്രയോഗത്തിന്റെ മാനവികമായ ശോഭയെക്കുറിച്ച് എനിക്ക് ധാരണയുണ്ട്. അതിനപ്പുറം അതൊരു ദാര്‍ശനികവ്യഥയായി എഴുത്തുകാരനെ അലട്ടുന്നതായി ഈ കൃതിയിലെ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.എന്നു മാത്രമല്ല, അതൊരു പൊതുസമ്മതിയായി പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള ശ്രമം എഴുത്തുകാരന്റേതായി കണ്ടെത്താനും കഴിയുന്നില്ല.സഹജീവിയോടു കാണിക്കേണ്ട കരുണയും കരുതലും പ്രസരിപ്പിച്ചുകൊണ്ട് ജീവിതോന്മുഖത പ്രകടിപ്പിക്കേണ്ടതിനു പകരം പ്രതിലോമകരമായ വാസനകളെ ആവിഷ്കരിച്ചു വെക്കാന്‍ ബെന്യാമിന് ആയാസമേതുമില്ല. ഒരു പക്ഷേ ഈ കൃതിയിലെ കഥകളിലേറെയും ഇത്തരത്തിലുള്ളവയാണെന്നുതന്നെ പറയേണ്ടിവരും.

കഥകളിലെ ആന്തരികമായ പ്രത്യാശകളെപ്പറ്റി ബാബു ഭരദ്വാജിന് ആശങ്കകളുണ്ടായിരുന്നോയെന്ന് ഞാന്‍ സംശയിക്കുന്നു.കഥകളുടെ കരുത്തിനെക്കുറിച്ച് അധികം വിസ്തരിക്കാതെ അദ്ദേഹം പിന്‍വാങ്ങിയത് ഈ ആശങ്കകൊണ്ടാണെന്നു ശങ്കിക്കുന്നതിന് സാധ്യതയുണ്ട്. “ഞാനൊരു നിരൂപകനല്ലല്ലോ, അതുകൊണ്ടാവണമല്ലോ ബെന്യാമിന്‍ സ്നേഹപൂര്‍വ്വം ഈ കൃത്യം എന്നെ ഏല്പിച്ചത്” എന്ന് അദ്ദേഹം പരിതപിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യമിതായിരിക്കണം.

പൂവ് എന്ന പേരുള്ള ആദ്യ കഥ:- “നഗരത്തില്‍ പുഷ്പോത്സവം കണ്ണുകളെ വിരുന്നൂട്ടാന്‍ ഞാനും പോയി.നിരത്തിവെച്ച വസന്തകാലം.വര്‍ണങ്ങളുടെ മലഞ്ചെരിവുകള്‍.പൂക്കളുടെ പെരുമഴ.പൂക്കള്‍ക്കിടയിലെ മനോഹരമായ മറ്റൊരു പൂവ്.ഒരു സൂര്യകാന്തിപ്പൂവ്.അത് എന്നെ മിഴിച്ചുനോക്കുന്നു.അത് അവളായിരുന്നു” കഥ തീര്‍ന്നു ; വായനക്കാരന്റേയും.ഒരു പൂവിനെ കാണുന്ന സന്തോഷം പോലും ഈ കഥ ജനിപ്പിക്കുന്നില്ല.ഒട്ടു മിക്ക കഥകളും ഇത്തരത്തിലുള്ള കഥയില്ലായ്മയെയാണ് അവതരിപ്പിക്കുന്നത്.

വാന്‍ഗോഖിന്റെ ചെവി, അപനിര്‍മാണം എന്ന രണ്ടു കഥകളെക്കൂടി പരിശോധിക്കുക.പണക്കാരനായി മാറിയ വാന്‍‌ഗോഖിനോട് ചിത്രങ്ങള്‍ വേണമെന്നാവശ്യപ്പെട്ടപ്പോള്‍ പകരമായി ചെവി മുറിച്ചു നല്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വാന്‍‌ഗോഖിനെപ്പോലെയുള്ള ഒരാളെക്കൊണ്ട് ഇത്തരത്തിലൊരു മറുപടി പറയിക്കുന്നതിലൂടെ ഈ കഥ എന്താണ് അര്‍ത്ഥമാക്കുന്നത് ? തന്റെ പ്രണയത്തിന് മാസ്മരികമായ സമ്മാനം നല്കിയ വാന്‍‌ഗോഖിനെ ഇകഴ്ത്തുവാനല്ലേ ഈ കഥ ഉപകരിക്കൂ? അതിനപ്പുറം ഏതു ജീവിതവിതാനങ്ങളെയാണ് ഈ കഥ തൊട്ടുണര്‍ത്തുന്നത്? മറ്റൊരു കഥ അപനിര്‍മാണമാണ്. താനേതേതു മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടുവോ ആ മൂല്യങ്ങളെ ജനം തള്ളിക്കളയുന്നുവെന്ന കാരണത്താല്‍ അവരോടൊപ്പം ചേര്‍ന്ന് മൂല്യരഹിതനാകുന്ന ഗാന്ധിയെയാണ് അപനിര്‍മാണം എന്ന കഥയില്‍ അവതരിപ്പിക്കുന്നത്.ഗാന്ധിയെ കള്ളു കുടിപ്പിച്ചതുകൊണ്ട് ഉണ്ടായ നേട്ടം, പട്ടിയൂടെ വാല്‍ പതിനായിരംകൊല്ലും കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ എന്ന പഴഞ്ചൊല്ലു തരുന്ന ബോധത്തിനപ്പുറം കടന്നു പോകുന്നില്ല എന്നതാണ്.അതിന് ഗാന്ധിയെ കള്ളകുടിപ്പിക്കുന്നതെന്തിന് ? വെണ്ടക്കാ വലുപ്പത്തില്‍ ഈ പഴഞ്ചൊല്ല് എഴുതി വെച്ചാല്‍ പോരേ?

മറ്റൊരു ഇക്കിളിക്കഥ :- ഞാന്‍ എന്റെ മനസ്സാക്ഷിയെ വെടിവെച്ചു കൊന്നിട്ട് ഗള്‍ഫില്‍ പോയി ഒരു കമ്പനിയുടെ മാനേജരായി.എന്നു വെച്ചാല്‍ ഗള്‍ഫിലെ കമ്പനിമാനേജര്‍മാരെല്ലാം മനസ്സാക്ഷിയില്ലാത്തവരാണെന്നാണോ? അതോ താന്‍ ഗള്‍ഫിലേക്കു പോകാനിടയായ സാഹചര്യമുണ്ടാക്കിയത് ഗള്‍ഫുകാരനാണെന്നാണോ? വേണമെങ്കില്‍ മൂലധനശക്തികള്‍ നമ്മുടെ നാടിന്റെ ഗൃഹാതുരത്വങ്ങളെ ആക്രമിച്ചൊടുക്കുന്നതുമുതലുള്ള എന്തും നമുക്കിവിടെ വ്യാഖ്യാനിച്ചു കയറ്റാം. പക്ഷേ അതൊന്നും കഥ പ്രക്ഷേപിക്കുന്ന അര്‍ത്ഥ പരിസരങ്ങളോട് ചേര്‍ന്നുപോകുന്നതായിരിക്കില്ല.

ഇടവേളകള്‍ നല്ലതാണ്. കൂടുതല്‍ കരുത്തോടെ തിരിച്ചു വരാനുള്ള വിടവുകളാണവ.ബെന്യാമിനും ഒരിടവേള അനിവാര്യമായിരിക്കുന്നു.

പ്രസാധകര്‍- മാതൃഭൂമി ബുക്സ് വില 70 രൂപ, ഒന്നാം പതിപ്പ് സെപ്തംബര്‍ 2013




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം