#ദിനസരികള് 491 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിമൂന്നാം ദിവസം.
||സാംസ്കാരിക സാമ്രാജ്യത്വവും വര്‍ഗീയതയും – ഡോ കെ എന്‍ പണിക്കര്‍||
“കേരളത്തിന്റെ നവോത്ഥാനമെന്നു പറയുമ്പോള്‍ ആ നവോത്ഥാനത്തിന്റെ പരിമിതിയെക്കുറിച്ച് മനസ്സിലാക്കണം.അത് ജാതിയിലധിഷ്ടിതമായ ഒരു നവോത്ഥാനമാണ്.ഇന്ത്യയില്‍ മറ്റു പല ഭാഗത്തുമുണ്ടായതുപോലെ മതത്തിലധിഷ്ടിതമായ ഒരു നവോത്ഥാനം പോലെയല്ല അത്.ഇതൊരു വലിയ പരിമിതിയാണ്.ജാതികളുടെ പരിമിതിക്ക് പുറത്ത് മനുഷ്യനെ കൊണ്ടുവരാനുള്ള സാധ്യത കേരളത്തിലുണ്ടായില്ല.ഈ നവോത്ഥാനം ജാതിനിര്‍മാര്‍ജ്ജനത്തെക്കാള്‍ ജാതി ദൃഢീകരണം സ്ഥാപിക്കുകയാണുണ്ടായത്.” സോഷ്യലിസ്റ്റ് പാതയുമായി ഡോ കെ എന്‍ പണിക്കര്‍ നടത്തിയ ഒരു സംഭാഷണത്തിലെ ഒരു ഭാഗമാണ് മേലുദ്ധരിച്ചത്.ജാതിയുടെ പിടിയില്‍ നിന്നും നാം എന്തുകൊണ്ടാണ് നാളിതുവരെയായിട്ടും മോചിപ്പിക്കപ്പെടാത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പണിക്കര്‍ നമ്മുടെ മുന്നില്‍ നിവര്‍ത്തിവെച്ചത്.
ആരാധിക്കുവാനും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാനും നാം നടത്തിയ സമരങ്ങളുടെ ഓര്‍മകള്‍ തന്നെ നമ്മെ കോള്‍മയിര്‍കൊള്ളിക്കുന്നതാണ്. അത്രയേറെ ത്യാഗസുരഭിലമായ പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത സമരങ്ങള്‍ക്കു നേതൃത്വം കൊടുത്തവര്‍ നിര്‍വ്വഹിച്ചുപോന്നത്. തങ്ങളുടെ ജീവനു നേരെയുള്ള ഭീഷണിയെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ടാണ് അവര്‍ ഈ സമരമാര്‍ഗ്ഗങ്ങളെ പ്രോത്സാഹിപ്പിച്ചു പോന്നതെന്ന കാര്യം സ്മരിക്കുക. എന്നാല്‍ ക്ഷേത്രത്തിനുള്ളിലേക്കു കടന്നു ചെന്ന ജനതയെ സ്വതന്ത്രരാക്കുവാനും ക്ഷേത്രത്തിനു പുറത്തേക്കു നയിക്കുവാനും കഴിയാതെ പോയി എന്നിടത്താണ് ചരിത്രം നമുക്കെതിരെയുള്ള കുറ്റപത്രം വായിച്ചുതുടങ്ങുന്നത്.ഏതെങ്കിലും വിഗ്രഹത്തിന്റെ ചുവട്ടിലേക്കു കൊണ്ടുപോയികെട്ടിയ പശുമാത്രമായി നാം മാറി. നാഗരികദൈവങ്ങളോടൊപ്പം ബ്രാഹ്മണന്റെ ദിവ്യത്വവും കൂടി ആരാധിക്കേണ്ട അവസ്ഥയിലേക്കു ജനം പരിണമിച്ചു.തന്റെ താണ ദൈവങ്ങള്‍ക്കു മുന്നില്‍ സങ്കടങ്ങളെ പങ്കുവെച്ചിരുന്നവര്‍ ബ്രാഹ്മണന്റെ മുന്തിയ ദൈവങ്ങളേയും അവയെ പൂജിക്കുന്ന സവിശേഷ വിധികളെ അറിയാവുന്ന പൂജാരിയേയും കൂടി ഈശ്വരനൊപ്പം കണക്കാക്കേണ്ടി വന്നു. പൌരോഹിത്യപ്രാധാന്യമായ ബ്രാഹ്മണിക്കലായ ഒരാരാധനരീതിയുടെ മുന്നില്‍ താഴ്ന്ന ജാതിക്കാര്‍ പഞ്ചപുച്ഛമടക്കിനിന്നു.ജാതീയമായ വിധേയത്വങ്ങളുടെ വേരുകളെക്കുറിച്ചുള്ള അന്വേഷണം അവിടെ നിന്നുതന്നെ തുടങ്ങണം.
ബ്രാഹ്മണന്റെ അക്കൌണ്ടിലേക്ക് ചേര്‍ക്കപ്പെട്ട ദീര്‍ഘകാല നിക്ഷേപങ്ങളായി നമ്മുടെ നവോത്ഥാന സമരങ്ങളിലെ ക്ഷേത്രപ്രവേശനോത്സവങ്ങള്‍ മാറി. നിക്ഷേപിക്കുക എന്നതല്ലാതെ അവിടെ നിന്നും തിരിച്ചെടുക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആരും ചിന്തിച്ചിരുന്നില്ല.അതുകൊണ്ട് അന്നുമുതല്‍ ബ്രാഹ്മണികമായ വിശുദ്ധികള്‍ നമ്മുടെ സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടാതെ പുലര്‍ന്നുപോരുന്നു.എന്നു മാത്രവുമല്ല, ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ മാത്രം പോര ക്ഷേത്രത്തില്‍ നിന്നും പുറത്തുകടക്കണം എന്നു ചിന്തിക്കുവാന്‍ നവോത്ഥാനസമരനായകര്‍ക്കു കഴിയാതെപോയത് ഇന്ന് ജാതിമതശക്തികളുടെ രാഷ്ട്രീയമായ ചേരിതിരുവുകളെ ബലപ്പെടുത്തുന്ന ഈടുവെപ്പുകളായി മാറുന്നു എന്നതാണ് വര്‍ത്തമാനകാലം നേരിടുന്ന പ്രതിസന്ധി.
ഇക്കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടായിരിക്കണം കെ എന്‍ പണിക്കര്‍ ഇങ്ങനെ എഴുതുന്നത് - “കേരളത്തിലെ നവോത്ഥാനത്തില്‍ മതപരിഷ്കാരത്തിനു വലിയ സ്ഥാനമുണ്ടായിരുന്നില്ല.മറ്റു പല ഭാഗങ്ങളിലും നടന്നപോലെ വിഗ്രഹരാധനക്കെതിരായ ഒരു നീക്കംപോലും ഇവിടെയുണ്ടായില്ല.പൊതു പ്രസ്ഥാനങ്ങള്‍ ഒരതിര്‍ത്തിവരെ വിഗ്രഹാരാധനയെ ന്യായീകരിക്കുകയാണ് ചെയ്തത്.വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും വിഗ്രഹാരാധനാവകാശം സാധിച്ചെടുക്കാനുള്ള സമരം കൂടിയായിരുന്നുവല്ലോ.നാരായണഗുരുപോലും അമ്പലങ്ങള്‍ ഉണ്ടാക്കുകയും പ്രതിഷ്ഠകള്‍ - കല്ലായാലും കണ്ണാടിയായാലും –നടത്തുകയുമാണല്ലോ ഉണ്ടായത്.”
ക്ഷേത്രപ്രവേശനവും വിഗ്രഹാരാധനയുമൊക്കെ ഒരു നവോത്ഥാനകാലത്തിന്റെ കൃത്യമായ ഇടപെടല്‍ മേഖലകളായിരുന്നുവെന്നതില്‍ അസ്വാഭാവികതയൊന്നുമില്ല, അങ്ങനെയാകണമായിരുന്നുതാനും.എന്നാല്‍ അവിടെനിന്നൊരു മുന്നേറ്റത്തിനുള്ള പക്വത നാം നേടിയില്ല എന്നത് വന്‍വീഴ്ച തന്നെയായിരുന്നു.ക്ഷേത്രത്തിനകത്തു തളച്ചിടപെട്ടവരും വിഗ്രഹത്തിനു മുന്നില്‍ കുമ്പിട്ടുനിന്നവരും ഇന്നും അവിടെത്തന്നെ നില്ക്കുന്നു.അവരെ മൂലധനമാക്കി വര്‍ഗ്ഗീയകക്ഷികള്‍ തിടംവെക്കുന്നു. നമ്മുടെ നവോത്ഥാനമുദ്രാവാക്യങ്ങളെ വര്‍ത്തമാനകാലത്തിന്റെ സമസ്യകള്‍ക്ക് മറുപടിയാകുന്ന തരത്തില്‍ ഇനിയും പരുവപ്പെടുത്തിയെടുക്കാന്‍ കഴിയേണ്ടതല്ലേ എന്ന ചോദ്യമാണ് ഈ പുസ്തകം മുന്നോട്ടു വെക്കുന്ന പ്രധാന സന്ദേഹങ്ങളിലൊന്ന്.അതു പക്ഷേ അന്ന് ക്ഷേത്രപ്രവേശനം നടത്തിയതുപോലെ അത്രക്ക് എളുപ്പമാകില്ല. കാരണം നവോത്ഥാനമൂല്യങ്ങളിലടക്കം നാമിവിടെ നിര്‍മിച്ചെടുത്ത പൊതുബോധങ്ങളില്‍ വിഗ്രഹങ്ങളെ ത്യജിക്കാതിരിക്കുന്നതും പൂജിക്കുന്നവനെ ശ്രീകോവിലിലേക്ക് ആനയിച്ചിരുത്തുന്നതും കടമകളായിട്ടാണ് പഠിപ്പിച്ചുപോരുന്നത്.
പ്രസാധകര്‍- മൈത്രി ബുക്സ് വില 80 രൂപ, ഒന്നാം പതിപ്പ് ഫെബ്രുവരി 2007
Comments