#ദിനസരികള് 492 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിനാലാം ദിവസം.‌





||പുലിജന്മം  എന്‍ പ്രഭാകരന്‍||
            പുലിജന്മത്തിന്റെ കഥ പറയട്ടെ പുലിയൂരു കുന്നില്‍‌പ്പോയി പുലിവേഷം പൂണ്ട് ഒരു പുലിയെക്കൊന്ന് പുലിവാലും പുലിജടയും കൊണ്ടുവന്ന് നാടിന്റെ ആധിയും വാഴുന്നോരുടെ ഭ്രാന്തും അകറ്റാന്‍ ഒരുങ്ങിപ്പുറപ്പെട്ട കാരിഗുരിക്കളുടെ തീവ്രയത്നമാണ് ഈ നാടകത്തിന്റെ ഇതിവൃത്തം.നാടിന്റെ ആധിയും വാഴുന്നോരുടെ ഭ്രാന്തും അകറ്റിക്കഴിഞ്ഞാല്‍ തന്റെ ഭാര്യയായ വെള്ളച്ചി കരുതിവെച്ചിരിക്കുന്ന കരിക്കാടി മുഖത്തൊഴിച്ച് മാച്ചിലു കൊണ്ട് തല്ലി പുലീരൂപത്തില്‍ നിന്നും തിരിച്ചു തന്നെ മനുഷ്യരൂപത്തിലേക്ക് കൊണ്ടുവരുമെന്നും ഗുരിക്കള്‍ പ്രത്യാശിക്കുന്നു.എന്നാല്‍ വേഷം മാറിയ ഗുരിക്കളുടെ ഭയാനകമായ രൂപത്തെ കണ്ട് ഭയന്ന് കരിക്കാടിയും മാച്ചിലും നിലത്തിട്ട് വെള്ളച്ചി ഓടിയൊളിക്കുന്നു. സ്വന്തം രൂപത്തിലേക്ക് മടങ്ങാനാകാതെ കാരിഗുരിക്കള്‍ എക്കാലവും പുലിശരീരത്തില്‍ തന്നെ ശേഷിക്കുന്നു.
            ഇക്കഥ എത്ര കണ്ടു ലളിതമാണെന്നു നിങ്ങള്‍ക്കു തോന്നുന്നുവോ അത്രകണ്ടു സങ്കീര്‍ണവുമാകുന്നുവെന്നതാണ് പുലിജന്മത്തിന്റെ സര്‍ഗ്ഗാത്മകമായ സവിശേഷത. ഒരു നാട്ടരചന്റേയോ നാടിന്റേയോ പിരാന്തു മാറ്റുക എന്ന കേവലക്രിയയിലല്ല , മറിച്ച് അധികാരത്തിന്റെ ബലിഷ്ഠതകള്‍ വ്യക്തികളേയും അവന്റെ സാമുഹികബന്ധങ്ങളേയും അദൃശ്യവും എന്നാല്‍ അലംഘനീയുവുമായ കരങ്ങളാല്‍ എങ്ങനെയൊക്കെ നിയന്ത്രിക്കുന്നു എന്ന് ചിന്തിച്ചതിന്റെ ഫലമാണ് നാടോടി കലാരൂപങ്ങളെ പ്രച്ഛന്നവല്‍ക്കരിച്ചുകൊണ്ട് ഈ നാടകത്തിലൂടെ കഥാകൃത്ത് ആവിഷ്കരിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.അധികാരത്തിന്റെ രാഷ്ട്രീയവായന കൂടിയാണ് അത്.എന്നാല്‍ എന്റെ ജീവിതം കൊണ്ടു ഞാന്‍ തെളിയിച്ചു കാണിച്ചിട്ടില്ലാത്ത ഒന്നും ഞാന്‍ ഉദ്‌ബോധിപ്പിച്ചിട്ടില്ല, അസാധാരണമായ ഒരു സാഹസവൃത്തിയുടെ ഒടുവില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്ന കാരിഗുരിക്കളുടെ, ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ലോകത്തിന്റെ പല കോണുകളില്‍ വ്യത്യസ്ത രൂപങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയുടെ കേവലമായൊരു വിവരണമാണിത്എന്ന് എഴുത്തുകാരന്‍ തുറന്നു സമ്മതിക്കുന്നുണ്ടെങ്കിലും അതുമാത്രമാണ് ഈ നാടകമെന്നു സമ്മതിച്ചുകൊടുക്കുക വയ്യ. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും അവയുടെ അപചയത്തിന്റേയുമൊക്കെ കഥകള്‍ക്കപ്പുറം , മൂല്യസംരക്ഷകരാകേണ്ട വഴിവിളക്കുകള്‍ അധികാരത്തിനു മുന്നില്‍ അടിയറവു പറയുന്നതിന്റെ കൂടി കഥയാണിത്.
            നാടിന്റെ ആധിയകറ്റാനൊരുങ്ങിപ്പുറപ്പെട്ട കാരിഗുരിക്കളേയും അദ്ദേഹത്തിന്റെ യാത്രക്കു തടസ്സമുണ്ടാക്കാന്‍ ശ്രമിക്കുന്ന പൊട്ടനേയും അവതരിപ്പിച്ചുകൊണ്ടാണ് നാടകം തുടങ്ങുന്നത്. (ശങ്കരനെ ചോദ്യം ചെയ്ത ചണ്ഡാളനെ സവര്‍ണര്‍ നേരിട്ടത് ശിവന്റെ അവതാരമാക്കിക്കൊണ്ടായിരുന്നു. ലോകാചാര്യനായ ശങ്കരന്‍ കേവലനായ ഒരു ചണ്ഡാളന്റെ മുന്നില്‍ തലകുനിക്കുക എന്ന പാതകത്തില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു ചണ്ഡാളനെ ശിവിന്റെ അവതാരമാക്കിയത്.ആ ചണ്ഡാളനാണ് പൊട്ടന്‍ തെയ്യമായി ആരാധിക്കപ്പെടുന്നത്.) നാടിനേയും നാട്ടാരേയും സംരക്ഷിക്കേണ്ട ദൈവങ്ങളെന്തിനാണ് അതിനു ശ്രമിക്കുന്ന കാരിഗുരിക്കളെ തടയുന്നതെന്ന ചോദ്യത്തിലൂടെ ഈ കൃതിയില്‍ അധികാരം പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന അന്വേഷണമാരംഭിക്കുന്നു. അതിസൂക്ഷ്മമായ അര്‍ത്ഥത്തില്‍, അധികാരത്തോടു ചേര്‍ന്നു നില്ക്കുന്ന ദൈവത്താന്മാരെ സൃഷ്ടിച്ചുകൊണ്ട് അവരിലൂടെ ജനതയെ നിയന്ത്രിക്കാനും സ്വേച്ഛാപൂരണത്തിന് ഉപയോഗിക്കാനും എക്കാലത്തും അധികാരി വര്‍ഗ്ഗം ശ്രമപ്പെട്ടിരുന്നുവെന്നും അവരുടെ സൃഷ്ടിയാണ് പല പല രൂപങ്ങളിലും പല പല ഭാവങ്ങളിലും അനുഗ്രഹങ്ങള്‍ അരുളി ജനങ്ങളെ നിയന്ത്രിക്കുന്ന ദൈവങ്ങളെന്നുമുള്ള പ്രാഥമിക പാഠം നാമിവിടെ ഓര്‍മിച്ചെടുക്കുന്നു.തങ്ങള്‍ക്കു നേരെ ഉയരുന്ന കൈകളെ, തങ്ങളെ ചോദ്യം ചെയ്യുന്ന നാവുകളെ ഈ ദൈവങ്ങളെ ഉപയോഗിച്ചുകൊണ്ടു അധികാരികള്‍ നിയന്ത്രിക്കുന്നു.കാരിഗുരിക്കളെ തടയാന്‍ ശ്രമിക്കുന്ന ഈ ദൈവങ്ങള്‍ ജനപക്ഷത്തുനിന്നല്ല , അധികാരത്തിന്റെ പക്ഷത്തു നിന്നുകൊണ്ടാണ് ഇടപെടുന്നത്.
            ആധിയും പിരാന്തും ഒഴിക്കപ്പെടേണ്ടതുന്നെയെന്ന് ഒരു നിമിഷം പൊട്ടന്‍ സമ്മതിക്കുന്നുണ്ട്. വാഴ്ച തന്നെ ഒരു പ്രാന്താണെന്നും വാഴ്ചയുള്ളിടത്തു ആധിയുമുണ്ടാകുമെന്നുമുള്ള തത്വം പൊട്ടന്‍ പങ്കുവെക്കുന്നുമുണ്ട്. എന്നാലും അധികാരം , തകര്‍ക്കപ്പെടേണ്ട ദുര്‍ഗ്ഗമായല്ല , സ്വാഭാവികവും അനിവാര്യവുമായ സവിശേഷതയായിട്ടാണ് പൊട്ടനതിനെ കാണുന്നത്.അധികാരത്തോടു ചേര്‍ന്നു നിന്നുകൊണ്ട് അധികാരബാഹ്യരെ നിയന്ത്രിക്കുന്നവര്‍ മറ്റൊരു വിധത്തില്‍ ചിന്തിക്കുക അസാധ്യമാണല്ലോ.
            തങ്ങളെ ചോദ്യം ചെയ്യുന്ന കാരിഗുരിക്കളെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയിലൂടേയും അധികാരം ഇടപെടുന്നതു കാണാം. ഭരണവര്‍ഗ്ഗത്തിന്റെ അഭിലാഷത്തെ വെള്ളച്ചിയുടെ മുന്നില്‍ കുറത്തിയിലൂടെ അവതരിപ്പിക്കുന്നതും ഗുരിക്കളുടെ വഴി തടയാന്‍ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്.എന്താണ് വേണ്ടത് എന്റെ ദൈവങ്ങളെ എന്ന വെള്ളച്ചിയുടെ ചോദ്യത്തിന് നീ നിന്റെ പെരുമുലകൊണ്ടും അടിവയറുകൊണ്ടും തുടക്കാമ്പുകൊണ്ടും പിന്നേയും അടങ്ങിയില്ലെങ്കില്‍ നിന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെക്കൊണ്ടും ഗുരിക്കളുടെ വഴി തടയണം എന്ന ആവശ്യമാണ് കുറത്തി ഉന്നയിക്കുന്നത്.വരാനിരിക്കുന്ന തലമുറയെക്കൂടി തങ്ങളുടെ തീര്‍പ്പുകള്‍ക്ക് ഇരയാക്കുന്നതിന് ശ്രമിക്കുന്ന അധികാരത്തിന്റെ നീളമുള്ള കരങ്ങളെ നമുക്കിവിടെ വായിച്ചെടുക്കാനാകും.
            ജനതയേയും അവരുടെ പ്രതിരോധങ്ങളേയും നിയന്ത്രിച്ചു കൊണ്ട് തങ്ങളുടെ സിംഹാസനങ്ങളെ സംരക്ഷിച്ചു നിറുത്തുന്ന അധീശവര്‍ഗ്ഗങ്ങളുടെ വായ്ത്താരികള്‍ക്കുമുന്നില്‍ ദൈവങ്ങള്‍ പോലും വണങ്ങി നില്ക്കുന്നുവെന്നും അതുകൊണ്ടുതന്നെ ജനതയുടെ മോചനമെന്നതു അസാധ്യമായ ഒരു സ്വപ്നംമാത്രമായി അവശേഷിക്കുകയേയുള്ളുവെന്ന ചിന്തയാണ് ഈ കൃതി മുന്നോട്ടു വെക്കുന്നത്.

പ്രസാധകര്‍- ഡി സി  ബുക്സ് വില 30 രൂപ, ഒന്നാം പതിപ്പ് ജൂണ്‍ 2010



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1