Posts

Showing posts from October 15, 2017

#ദിനസരികള്‍ 192

കെ കരുണാകരന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സിലേക്ക് അദ്ദേഹവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ഒരു പരമ്പര തന്നെ അലയടിച്ചെത്തും.ഈച്ചരവാരിയരുടെ കണ്ണുനീരും തട്ടില്‍ രാജന്റെ കൊലപാതകവും അടിയന്തിരാവസ്ഥക്കാലങ്ങളിലെ നക്സല്‍ വേട്ടയും ചാരക്കേസും മക്കള്‍ രാഷ്ട്രീയവുമടക്കം തുടങ്ങി എത്രയെത്ര വിവാദങ്ങള്‍.നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ശ്രീ കെ കരുണാകരനെക്കുറിച്ചുള്ള ഓര്‍മകളില്‍ ഈ വിവാദങ്ങളൊക്കെയും ജ്വലിച്ചു നില്ക്കുന്നുണ്ടെങ്കിലും നിലയ്ക്കല്‍ സംഭവത്തില്‍ അദ്ദേഹമെടുത്ത നിലപാട് മതേതര കേരളത്തിന് മറക്കുക വയ്യ.             1983 മാര്‍ച്ച് 23 ന് നിലയ്ക്കലില്‍ കേരള ഫാമിംഗ് കോര്‍പ്പറേഷന്റെ കൈവശമുള്ള സ്ഥലത്തുനിന്ന് പഴക്കമുള്ള കരിങ്കല്ലിന്റെ ഒരു കുരിശു കണ്ടെത്തുകയുണ്ടായി.നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിന് വിളിപ്പാടകലെ , ഏകദേശം ഇരുന്നൂറു മീറ്റര്‍ ദൂരത്തിലാണ് ഈ കുരിശു കണ്ടെത്തിയത്.എ ഡി അമ്പത്തിരണ്ടില്‍ സെന്റ് തോമസ് കേരളത്തില്‍ വന്നപ്പോള്‍ സ്ഥാപിച്ച ഏഴരപ്പള്ളികളിലെ അരപ്പള്ളിയാണ് നിലയ്ക്കലിലേതെന്നും ആയതിന്റെ കുരിശാണ് കണ്ടെത്തിയതെന്നുമായിരു...

#ദിനസരികള്‍ 191

രാഷ്ട്രീയ കേരളം ഒറ്റ സ്വരത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടും എന്തുകൊണ്ടാണ് കലാലയ രാഷ്ട്രീയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ കോടതിയുടെ ഇടപെടലുകള്‍ ഗുണപരമായി മാറാത്തത് ? ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രസക്തിയും പ്രാധാന്യവും കോടതികള്‍ വളരെ വ്യക്തമായി മനസ്സിലാക്കേണ്ടതല്ലേ ? വിദ്യാര്‍ത്ഥി സംഘടനകളുടെ ഭാഗത്തുനിന്നും കാമ്പസുകളില്‍ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിനെ ശക്തമായി നേരിടുകയും നിയമനടപടികള്‍ സ്വകരിക്കുകയും ചെയ്യേണ്ടതിനു പകരം നിരോധിക്കുക എന്ന ഏകാധിപത്യപരമായ സമീപനം സ്വീകരിക്കുന്നത് ശരിയായ വീക്ഷണമാണെന്ന് കരുതരുത്.രാജ്യത്തിന്റെ ചരിത്രത്തേയും വര്‍ത്തമാനത്തേയും മനസ്സിലാ‍ക്കാനും ആയതിന്റെ വെളിച്ചത്തില്‍ ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിനും തയ്യാറാകേണ്ടതിനു പകരം ജൂഡീഷ്യറിയുടെ കടന്നുകയറ്റമാണ് നടക്കുന്നതെങ്കില്‍ ജനങ്ങള്‍ കോടതികള്‍‌ക്കെതിരെ തിരിയേണ്ട സാഹചര്യം രൂപപ്പെട്ടുവരും.അതിനിടവരുന്നത് ഇന്ത്യ പോലയുള്ള ഭരണഘടന നിലനില്ക്കുന്ന , ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഭൂഷണമല്ല. ” വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച കോടതി വിധി മറികടക്കാനുള്ള നിയമനിര്‍മാണം അനിവാര്യമാണ്.രാഷ്ട്രീയം ക...

#ദിനസരികള്‍ 190

സംഗീതമില്ലാതെ ജീവിതമുണ്ടോ ? അത്രയേറെ പ്രാധാന്യം കണ്ടറിഞ്ഞതുകൊണ്ടു തന്നെയായിരിക്കണം സരസ്വതിയുടെ സ്തനദ്വയങ്ങളില്‍ ഒന്ന് സംഗീതമാണെന്ന് പ്രാചീനാചാര്യന്മാര്‍ വിധിച്ചത്.ഏതാണ് കൂടുതല്‍ മധുരം എന്ന് പരസ്പരം മത്സരിക്കുന്ന , കൂടിപ്പിണഞ്ഞും വിട്ടകന്നും ജീവിതത്തിന്റെ രസനിഷ്യന്ദികളായ സുമൂഹൂര്‍ത്തങ്ങളെ ഉത്തരോത്തരം ആനന്ദത്തിലേക്ക് നയിക്കുന്ന രണ്ടു മഹാപ്രവാഹങ്ങള്‍.. അവയില്‍ സംഗീതത്തിന് ഒരല്പം മേല്‍‍‌ക്കൈയുണ്ടോ ? നിഷ്കൃഷ്ടമായി പറയുക വയ്യ. സാഹിത്യരൂപങ്ങളിലൊന്നിലെങ്കിലും കൈവെക്കാത്ത എത്രയോ പേരുണ്ട്. പക്ഷേ പടുപാട്ടെങ്കിലും മൂളാത്ത കഴുതയില്ല എന്നല്ലേ കവിവാക്യം ? കവി കടന്നുകാണുന്നവനായതുകൊണ്ട് (നാനൃഷി കവി ) വിശ്വസിക്കുക.മൂകം കരോതി വാചാലം , പംഗും ലംഘയതേ ഗിരിം എന്ന് ഗീതയുടെ വന്ദനശ്ലോകത്തില്‍ പറയുന്നതുപോലെ സംഗീതത്തേയും കുറിച്ച് പറയാവുന്നതാണ്.മൂകനെ വാചാലനാക്കുന്നു, മുടന്തനെ മലകയറ്റുന്നു. സംഗീതമെന്ന അനാദിയായ പ്രവാഹത്തിന്റെ ഒരു കൈവഴിയാണ് നമ്മുടെ സ്വന്തമായ കര്‍ണാട്ടിക് രീതി.സപ്തസ്വരങ്ങളെന്ന ഏഴക്ഷരങ്ങളുടെ ആരോഹണ അവരോഹണങ്ങളില്‍ തീര്‍ക്കപ്പെടുന്ന നാദപ്രപഞ്ചം ആരെയാണ് ആകര്‍ഷിക്കാതിരിക്കുക.കാലുഷ്യങ്ങളുടെ തിരിമുറിയാത്ത...

#ദിനസരികള്‍ 189

“ ആര്യ! മുൻപരിചയങ്ങൾ നൽകിടും ധൈര്യമാർന്നു പറയുന്നു മദ്ഗതം , കാര്യമിന്നതയി ! കേൾക്കുമോ കനി- ഞ്ഞാര്യമാകിലുമനാര്യമാകിലും ? പാരമുള്ളിലഴലായി , ജീവിതം ഭാരമായി , പറയാതൊഴിക്കുകിൽ തീരുകില്ല , ധരയിൽ ഭവാനൊഴി- ഞ്ഞാരുമില്ലതുമിവൾക്കു കേൾക്കുവാൻ. ആഴുമാർത്തിയഥവാ കഥിക്കിലീ- യൂഴമോർത്തിടുമതന്യഥാ ഭവൻ , പാഴിലോതിടുകയോ വിധിക്കു ഞാൻ കീഴടങ്ങി വിരമിക്കയോ വരം ? തന്നതില്ല പരനുള്ളു കാട്ടുവാ- നൊന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർത്ഥശങ്കയാൽ! മുട്ടുമെന്നഴലറിഞ്ഞിടായ്കിലു തെറ്റിയെൻ ഹൃദയമാര്യനോരുകിൽ ചെറ്റുമേ പൊറുതിയില്ല പിന്നെ ഞാൻ പറ്റുകില്ലറിക മണ്ണിൽ വിണ്ണിലും ” നളിനി. ഇടക്കിടക്ക് വായിക്കാറുള്ളവയുടെ പട്ടികയിലാണ് കുമാരനാശാന്റെ ഈ ഖണ്ഡകാവ്യത്തിന്റെ സ്ഥാനം.ദിവാകരനെക്കാള്‍ നളിനിയോട് ഇഷ്ടം. എന്നു മാത്രവുമല്ല , ദിവാകരന്‍ കുറച്ച് ‘ ജാഡ ’ കാണിച്ചുവോ എന്ന് സംശയവുമുണ്ട്.ഒന്നുറപ്പ്. അത്ര പരിശുദ്ധനൊന്നുമല്ല ദിവാകരന്‍. നളിനിയുടെ മുമ്പിലെ പ്രകടനം അങ്ങനെ ചിന്തിക്കാന്‍‌ പ്രേരിപ്പിക്കുന്നു.സന്നവാസനനഹോ മറന്നു മുന്നമുള്ളതഖിലം എന്ന് ആശാന്‍ നളിനിയെക്കൊണ്ട് പറയിപ്പിക്കുന്നുണ്ടെങ്കിലും അ...

#ദിനസരികള്‍ 188

ടിപ്പു സുല്‍ത്താന്‍ . ക്ഷേത്രധ്വംസകന്‍. ഹിന്ദുമതവിശ്വാസികളെ വാള്‍മുനയില്‍ നിറുത്തി മതം മാറ്റിയവന്‍. ടിപ്പു സുല്‍ത്താനെക്കുറിച്ച് കേട്ടതൊക്കെ ഇങ്ങനെയുള്ള കഥകളായിരുന്നു. മലബാറിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതിനു ശേഷം തകര്‍ത്തു തരിപ്പണമാക്കി.ഇതരമത വിശ്വാസികളെ മതം മാറ്റി.അതിനു തയ്യാറാകാത്തവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി.ടിപ്പുവിന്റെ പടയോട്ടത്തില്‍ തകര്‍ത്തുവെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങളുടെ പട്ടികതന്നെ നിലവിലുണ്ട്.ടിപ്പു സുല്‍ത്താനേയും അദ്ദേഹത്തിന്റെ പിതാവ് ഹൈദരാലിയേയും പ്രതിക്കൂട്ടില്‍ നിറുത്തുന്ന വിമര്‍ശനങ്ങള്‍ക്ക് പലരും അടിസ്ഥാനമാക്കുന്നത് ലോഗന്റെ മലബാര്‍ മാന്വലാണ്.ഇതരമതവിശ്വാസികളോട് പ്രത്യേകിച്ച് ഹിന്ദുക്കളോട് ഹൈദരലിയും ടിപ്പു സുല്‍ത്താനും ചെയ്തുകൂട്ടിയ ക്രൂരതകള്‍ വിശദമാക്കുന്ന തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ പോലെയുള്ള  പുസ്തകങ്ങള്‍ വേറെയുമുണ്ട്.ഏതായാലും ജനങ്ങളുടെ മനസ്സില്‍ ടിപ്പുവിന്റെ പക്ഷപാതിത്വങ്ങളാണ് കൂടുതലായും നിലയുറപ്പിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍‌ സംശയിക്കേണ്ടതില്ല. അതു വളര്‍‌ത്തിയെടുക്കുന്നതിനുവേണ്ടി ചില കേന്ദ്രങ്ങളില്‍‌ നിന്ന് ബോധപൂര്‍വ്വമായി ഇടപെടലുകളും ഉണ്ട...

#ദിനസരികള്‍ 187

തോപ്പില്‍ ഭാസി എഴുതിയ ‘ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ’ നാടകത്തിന് സിവിക് ചന്ദ്രന്‍ ‘ നിങ്ങളാരെ കമ്യൂണിസ്റ്റാക്കി ’ എന്ന പേരില്‍ ഒരു പ്രതിനാടകമെഴുതി.പ്രസ്തുത നാടകത്തിന് കണിയാപുരത്തിന്റെ മറുപടി ‘ നിന്റെ തന്തയെ കമ്യൂണിസ്റ്റാക്കി ’ എന്ന മറ്റൊരു നാടകമായിരുന്നു എന്നത് ചരിത്രമാണ്.നാടകമോ പ്രതിനാടകങ്ങളോ അല്ല ഇവിടെ വിഷയം. മറിച്ച് വര്‍ത്തമാനകാലത്തെ പുതിയ തലമുറ വളരെ ലളിതമായി ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ പ്രതിധ്വനികള്‍ സിവിക്കിന്റെ ചോദ്യത്തിലും കണിയാപുരത്തിന്റെ മറുപടിയിലും അടങ്ങിയിരിക്കുന്നു എന്നുള്ളതുകൊണ്ടാണ് അക്കഥയിവിടെ സൂചിപ്പിച്ചത്. ആ ചോദ്യം “ നിങ്ങളിവിടെ എന്താണ് ചെയ്തത് ?” എന്നാണ്.             അത്തരമൊരു ചോദ്യം ഉന്നയിക്കാന്‍ വളരെ എളുപ്പമാണ്. ഉദാഹരണത്തിന് ഗാന്ധി ഇവിടെ എന്താണ് ചെയ്തത് എന്ന് ആര്‍ക്കും ചോദിക്കാം. എന്നാല്‍ ഗാന്ധി ഇവിടെ ചെയ്തതെന്താണെന്ന്  അറിയണമെങ്കില്‍ വൈദേശികാധി പത്യത്തിനുകീഴില്‍ ഇന്ത്യ എന്തൊക്കെ പ്രയാസങ്ങളാണ് അനുഭവിച്ചതെന്നും അക്കാലങ്ങളിലെ സാമൂഹ്യ – രാഷ്ട്രീയ -  സാമ്പത്തിക ജീവിതം എങ്ങനെയായിരുന്നുവെന്നും ഒര...

#ദിനസരികള്‍ 186

ആരായിരുന്നു നമുക്ക് കടമ്മനിട്ട ? ആഭിജാത്യത്തിന്റെ വെള്ളികെട്ടിയ അധികാരദണ്ഡുകളുടെ ലാവണ്യസിദ്ധാന്തങ്ങളെ മുറുക്കാന്‍ തുപ്പലൊലിക്കുന്ന കടവാ ഏങ്കോണിപ്പിച്ച് അദ്ദേഹം പുച്ഛത്തോടെ ചിരിച്ചു തള്ളി.പകരം കറ്റ കല്ലിലടിച്ചുതിര്‍‌ത്തെടുക്കുന്നവന്റേയും കണ്ടത്തില്‍ പോത്തിനു പുറകില്‍ വെയിലുകൊള്ളുന്നവന്റേയും ആട്ടിയോടിക്കപ്പെട്ടവന്റേയും അടിച്ചമര്‍ത്ത പ്പെട്ടവന്റേയും സൌന്ദര്യബോധത്തെ പകരം വെച്ചു. അവന്റെ കിതപ്പുകളും കുതിപ്പുകളും സ്വപ്നങ്ങളും നിരാശകളും കടമ്മനിട്ടയുടെ താളമായി മാറി.വിയര്‍ക്കുന്നവന്റേയും വിശക്കുന്നവന്റേയും ഓരം ചേര്‍ന്ന് നടന്ന ഈ കവി മലയാളിയുടെ ഭാവുകത്വങ്ങളെ പുതുക്കിപ്പണിതത് രാജവീഥിയിലൂടെ ആനപ്പുറത്ത് എഴുന്നള്ളിയല്ല , മറിച്ച് നാട്ടിന്‍പുറങ്ങളിലെ ഊടുവഴികളിലൂടെ വെയിലും മഴയുമേറ്റു നടന്നാണ്. ‘ നെല്ലിന്‍ തണ്ടു മണക്കും വഴികള്‍  എള്ളിന്‍ നാമ്പു കുരുക്കും വയലുകള്‍ , എണ്ണം തെറ്റിയ ഓര്‍മകള്‍ വീണ്ടും കുന്നിന്‍ ചെരുവില്‍ മാവിന്‍ കൊമ്പില്‍ ഉണ്ണികളായി ഉറങ്ങിയെണീ ’ ക്കുമ്പോഴാണ് കവി കവിതയെ കണ്ടെത്തുന്നത്. ഈ സവിശേഷതയെ ഇ എം എസ് വിശേഷിപ്പിച്ചത് ജനകീയ സംസ്കാരങ്ങളില്‍ നിന്ന് ജീവന്‍ കണ്ടെത്തിയ കവിത എന്നാണ്. ...