#ദിനസരികള്‍ 188
ടിപ്പു സുല്‍ത്താന്‍ .
ക്ഷേത്രധ്വംസകന്‍. ഹിന്ദുമതവിശ്വാസികളെ വാള്‍മുനയില്‍ നിറുത്തി മതം മാറ്റിയവന്‍.
ടിപ്പു സുല്‍ത്താനെക്കുറിച്ച് കേട്ടതൊക്കെ ഇങ്ങനെയുള്ള കഥകളായിരുന്നു. മലബാറിലെ
ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതിനു ശേഷം തകര്‍ത്തു തരിപ്പണമാക്കി.ഇതരമത വിശ്വാസികളെ
മതം മാറ്റി.അതിനു തയ്യാറാകാത്തവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി.ടിപ്പുവിന്റെ
പടയോട്ടത്തില്‍ തകര്‍ത്തുവെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങളുടെ പട്ടികതന്നെ
നിലവിലുണ്ട്.ടിപ്പു സുല്‍ത്താനേയും അദ്ദേഹത്തിന്റെ പിതാവ് ഹൈദരാലിയേയും
പ്രതിക്കൂട്ടില്‍ നിറുത്തുന്ന വിമര്‍ശനങ്ങള്‍ക്ക് പലരും അടിസ്ഥാനമാക്കുന്നത്
ലോഗന്റെ മലബാര്‍ മാന്വലാണ്.ഇതരമതവിശ്വാസികളോട് പ്രത്യേകിച്ച് ഹിന്ദുക്കളോട്
ഹൈദരലിയും ടിപ്പു സുല്‍ത്താനും ചെയ്തുകൂട്ടിയ ക്രൂരതകള്‍ വിശദമാക്കുന്ന
തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ പോലെയുള്ള
പുസ്തകങ്ങള്‍ വേറെയുമുണ്ട്.ഏതായാലും ജനങ്ങളുടെ മനസ്സില്‍ ടിപ്പുവിന്റെ
പക്ഷപാതിത്വങ്ങളാണ് കൂടുതലായും നിലയുറപ്പിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍
സംശയിക്കേണ്ടതില്ല. അതു വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി ചില കേന്ദ്രങ്ങളില്‍
നിന്ന് ബോധപൂര്‍വ്വമായി ഇടപെടലുകളും ഉണ്ടാകുന്നുണ്ട്.
ഇവിടെയാണ് ശൃംഗേരി മഠാധിപതിയുമായി ടിപ്പുസുല്‍ത്താന്‍ പുലര്‍ത്തിപ്പോന്ന
സൌഹാര്‍ദ്ദത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടത്. ടിപ്പുവിന്റെ സാമ്രാജ്യമായ
മൈസൂരില്‍ത്തന്നെയുള്ള ഹിന്ദുക്കളോട് അസഹിഷ്ണുത കാണിക്കാതിരിക്കുകയും എന്നാല്‍
മലബാര്‍ പോലെയുള്ള പ്രദേശങ്ങളിലെ ഹിന്ദുക്കളെ മതംമാറ്റി മാപ്പിളയാക്കുകയും
ചെയ്യുന്നുവെന്ന് ആക്ഷേപിക്കപ്പെടുകയും അതേ ടിപ്പു സുല്‍ത്താന്‍ ശ്രീ ശ്രീ
സച്ചിദാനന്ദഭാരതി സ്വാമിയാരുമായി നടത്തിയ കത്തിടപാടുകള്‍ ഡോ കെ കെ എന്‍
കുറുപ്പിന്റെ ടിപ്പുവും ശൃംഗേരി മഠാധിപതിയും എന്ന ലേഖനത്തില്‍ കാണാം. പ്രസ്തുത
ലേഖനത്തില്‍ അദ്ദേഹം , ”
മലബാറിലെ പല ക്ഷേത്രങ്ങള്‍ക്കും ഭുമി ഇനാം അനുവദിച്ചുകൊടുത്ത
ഒരു പാരമ്പര്യം ടിപ്പുവിന് അവകാശപ്പെടാന്‍ കഴിയും .ഇതു നികുതി സംബന്ധിച്ച
ഒരിളവുമാത്രമാണെന്ന് വ്യാഖ്യാനിക്കുവാനും കഴിയും.എന്നാല്‍ ചിക്കമംഗലൂര്‍ ജില്ലയിലെ
ശൃംഗേരി താലൂക്കിലെ അധിപതിയായ ശ്രീ സച്ചിദാനന്ദഭാരതി സ്വാമിയാരുമായി 1785 മുതല്‍
1799 വരെയുള്ള കാലം ടിപ്പു കര്‍ണാടക ഭാഷയില്‍ നടത്തിയ എഴുത്തുകുത്തുകള്‍
അദ്ദേഹത്തിന്റെ മതസൌഹാര്‍ദ്ദവും സാഹോദര്യവും വ്യക്തമാക്കുന്നു”
എന്ന് എഴുതുന്നുണ്ട്.കത്തുകളില്‍ ചിലത് അദ്ദേഹം മലയാളീകരിച്ച് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
മൈസുരില്‍ നിന്നും മലബാറിലേക്കെത്തുമ്പോഴേക്കും സുല്‍ത്താനും
കൂട്ടരും മതവാദികളായി എന്നു പറയുന്നതില്‍ എത്രമാത്രം സത്യമുണ്ടെന്ന്
വസ്തുനിഷ്ഠമായി അന്വേഷിക്കേണ്ടതാണ്. ബ്രിട്ടീഷ് പക്ഷപാതികളായ ലോഗനെപ്പോലെയുള്ളവരെ
അവലംബിക്കുമ്പോള്‍ ടിപ്പുവിന്റെ നന്മകളെക്കുറിച്ചും
മതേതരനിലപാടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കുക അസാധ്യമാണ്.ടിപ്പുവിനെ
മോശക്കാരനാക്കുക എന്ന ഒരുദ്ദേശവും ഇതിനു പിന്നില്‍ ഉണ്ടാകാം.ടിപ്പുവിനോട്
അക്കാലത്തെ ഹിന്ദുക്കള്‍ വിധേയത്വമുണ്ടായാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാകും എന്നു
ഭയപ്പെട്ട ബ്രിട്ടീഷുകാര്‍ ടിപ്പു അവരെ മതപരമായി ഉപദ്രവിക്കുന്നുവെന്നും
ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നുവെന്നും വ്യജപ്രചാരണം നടത്തിയത് ലോഗനടക്കമുള്ളവര്‍
ഏറ്റുപാടിയതാണ് എന്ന് ചിന്തിക്കുന്നത് കുറച്ചുകൂടി വസ്തുനിഷ്ഠമായിരിക്കും.മതത്തിന്റെ
അടിസ്ഥാനത്തില്‍ ജനങ്ങളെ വിഘടിപ്പിക്കുക എന്ന നയത്തിന് കേള്‍വിപ്പെട്ട
ഇംഗ്ലീഷുകാരുടെ പ്രചാരണത്തില്‍ ജനത വീണുപോകുന്നത് സ്വാഭാവികം. ക്ഷേത്രങ്ങള്‍ തകര്‍ത്ത്
കൂടുതല്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞതോടെ ടിപ്പുസുല്‍ത്താനും
കൂട്ടരും യഥാര്‍ത്ഥ മതവൈരികളായി മാറി.മാത്രവുമല്ല , പടയാളികളായ നായന്മാര്‍
ഹിന്ദുക്കളായിരുന്നുവെന്നതും അവരോട് ടിപ്പു പെരുമാറിയിരുന്നത് കരുണയുടെ തരിമ്പുമില്ലാതെയായിരുന്നുവെന്നതും
മതപരമായിക്കൂടി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടാ കാം.ഏതായാലും ടിപ്പുവിന്റെ
പടയോട്ടത്തോട് അനുബന്ധിച്ചുണ്ടായിരിക്കുന്ന പ്രചാരണങ്ങളില്‍ ബ്രിട്ടീഷുകാരുടെ ‘നയതന്ത്രം’
ശരിക്കും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് തര്‍ക്കമറ്റ സംഗതിയാണ്.
Comments