#ദിനസരികള്‍ 186
ആരായിരുന്നു നമുക്ക്
കടമ്മനിട്ട ? ആഭിജാത്യത്തിന്റെ
വെള്ളികെട്ടിയ അധികാരദണ്ഡുകളുടെ ലാവണ്യസിദ്ധാന്തങ്ങളെ മുറുക്കാന്‍
തുപ്പലൊലിക്കുന്ന കടവാ ഏങ്കോണിപ്പിച്ച് അദ്ദേഹം പുച്ഛത്തോടെ ചിരിച്ചു തള്ളി.പകരം
കറ്റ കല്ലിലടിച്ചുതിര്‍ത്തെടുക്കുന്നവന്റേയും കണ്ടത്തില്‍ പോത്തിനു പുറകില്‍
വെയിലുകൊള്ളുന്നവന്റേയും ആട്ടിയോടിക്കപ്പെട്ടവന്റേയും അടിച്ചമര്‍ത്ത
പ്പെട്ടവന്റേയും സൌന്ദര്യബോധത്തെ പകരം വെച്ചു. അവന്റെ കിതപ്പുകളും കുതിപ്പുകളും
സ്വപ്നങ്ങളും നിരാശകളും കടമ്മനിട്ടയുടെ താളമായി മാറി.വിയര്‍ക്കുന്നവന്റേയും
വിശക്കുന്നവന്റേയും ഓരം ചേര്‍ന്ന് നടന്ന ഈ കവി മലയാളിയുടെ ഭാവുകത്വങ്ങളെ
പുതുക്കിപ്പണിതത് രാജവീഥിയിലൂടെ ആനപ്പുറത്ത് എഴുന്നള്ളിയല്ല , മറിച്ച് നാട്ടിന്‍പുറങ്ങളിലെ
ഊടുവഴികളിലൂടെ വെയിലും മഴയുമേറ്റു നടന്നാണ്. ‘നെല്ലിന്‍ തണ്ടു മണക്കും വഴികള്‍ എള്ളിന്‍ നാമ്പു കുരുക്കും വയലുകള്‍ , എണ്ണം
തെറ്റിയ ഓര്‍മകള്‍ വീണ്ടും കുന്നിന്‍ ചെരുവില്‍ മാവിന്‍ കൊമ്പില്‍ ഉണ്ണികളായി
ഉറങ്ങിയെണീ’ക്കുമ്പോഴാണ്
കവി കവിതയെ കണ്ടെത്തുന്നത്. ഈ സവിശേഷതയെ ഇ എം എസ് വിശേഷിപ്പിച്ചത് ജനകീയ
സംസ്കാരങ്ങളില്‍ നിന്ന് ജീവന്‍ കണ്ടെത്തിയ കവിത എന്നാണ്.
അധീശവര്‍ഗ്ഗത്തിന്റെ അധിനിവേശങ്ങളോടേറ്റ് തോറ്റമ്പി
കഴുത്തോളം ആഴ്ത്തപ്പെട്ടവന്‍ അവസാനശ്വാസത്തിനായി പിടയുന്നതുപോലെയാണ് കടമ്മനിട്ട
കവിതയിലേക്ക് കൂപ്പുകുത്തുന്നത്.ആ കവിത ഉരുവം കൊള്ളുന്നത് ദിഗ്വിജയത്തിന്റെ
പടപ്പാട്ടുപാടിയല്ല , ജീവിക്കുന്നതിന് അനുവദിക്കണം എന്ന പ്രാഥമികമായ ആവശ്യത്തിന് വേണ്ടിയാണ്.കാട്ടാളനും
കുറത്തിയും കിരാതനുമൊക്കെ തങ്ങളുടെ അവസാനശേഷിയുമെടുത്ത് പ്രതിരോധത്തിനായി
ഇറങ്ങുന്നതും അതേ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിതന്നെയാണ്.പ്രതികാരമല്ല അവരുടെ
മുഖമുദ്ര.എല്ലാം കവര്‍ന്നെടുക്കപ്പെട്ടിട്ടും വീണ്ടും വീണ്ടും ആര്‍ത്തിയുടെ
കൈയ്യുകള്‍ തേടിയെത്തി പിച്ചിപ്പറിക്കുന്നതിനെതിരെയാണ് ആ പാട്ടുകള്‍
കോട്ടകളാകുന്നത്. കുറത്തി ആട്ടത്തറയിലേക്ക് വന്നു കേറുന്നത് വെറുതെയിരിക്കുന്ന
കരനാഥന്മാരോട് യുദ്ധം പ്രഖ്യാപിക്കാനല്ല, മറിച്ച് തങ്ങള്‍ക്കുള്ളതെല്ലാം
അപഹരിച്ചെടുക്കുകയും തങ്ങളുടെ കുഞ്ഞുങ്ങളെ - തന്റെ വംശത്തിന്റെ തായ്‌വേരുകളെ- പ്പോലും
മാന്തിയെടുക്കുകയും ചെയ്ത അധികാരത്തിന്റെ കെട്ട നീതികളില്‍ വശംകെട്ട് മറ്റൊരു
വഴിയുമില്ലാതെയായിട്ടാണ്.
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ? എന്ന
ചോദ്യം കുറത്തി ഉയര്‍ത്തുന്നതുതന്നെ സഹനത്തിന്റെ നെല്ലിപ്പടിയില്‍ നിന്നുകൊണ്ടാണ്.
കടമ്മനിട്ടയുടെ നീതിബോധം ഒരിക്കലും കണ്ണുകെട്ടിയ
ദേവതയായിരുന്നില്ല.അത് വിവിധകാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്ക പ്പെട്ടവരോട് കൂടുതല്‍ക്കൂടുതല്‍
ഒട്ടിനിന്നു.അധികാര കേന്ദ്രങ്ങളുടെ നേര്‍ക്ക് നിയമത്തിന്റെ സര്‍വ്വവലയങ്ങളേയും
ഭേദിച്ച് ആര്‍ത്തലച്ചുവരുന്ന ചൂഷിതരുടെ കൂട്ടായ്മയെയാണ് ഈ കവിക്ക് കൂടുതല്‍
പഥ്യമായി തോന്നിയത്.അതുകൊണ്ടാണ്
മുലപറിച്ചു വലച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍
മുടി പറിച്ചു നിലത്തടിച്ചീ കുലമടക്കും ഞാന്‍ എന്ന
കുറത്തിയെക്കൊണ്ട് പറയിപ്പിക്കുന്നത്. അധികാരിവര്‍ഗ്ഗത്തിന്റെ നീതി ദേവതക്ക്
വിസ്തരിക്കാന്‍ നിന്നുകൊടുത്തുകൊണ്ട്
പക്ഷപാതിത്വങ്ങള്‍ ഏറ്റുവാങ്ങുന്നതിന് പകരം ഏറെക്കാലമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ
പക്ഷത്തുനിന്നുള്ള നീതിയാണ് നടപ്പിലാക്കേണ്ടത് എന്ന ചിന്ത കടമ്മനിട്ട
മുന്നോട്ടുവെക്കുന്നത്.
എല്ലുപൊക്കിയ ഗോപുരങ്ങള്‍ കണക്കു ഞങ്ങളുയര്‍ന്നിടും
കല്ലുപാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും
കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങടെ നേര്‍ക്ക് പത്തിയെടുത്തിരച്ചുവരുന്നതിനയാണ് ഈ കവി
സ്വപ്നം കാണുന്നത്.അടിമവര്‍ഗ്ഗത്തിന്റെ ഈ മുന്നേറ്റത്തിലാണ് കവിയുടെ പ്രതീക്ഷ.
നിസ്വപക്ഷത്തു നിലയുറപ്പിച്ചിരിക്കുന്ന അതേ നീതിബോധം
തന്നെയാണ് ഉലകിന്റെ മുഖത്തു താറടിക്കാന്‍ ഒരു കുറ്റിച്ചൂലും ഒരു കുടം താറുമായി
വരുന്നവനും പ്രകടിപ്പിക്കുന്നത്.ശ്രേണീബദ്ധമായ അധികാരഘടനകളുടെ ഉപരിലോകങ്ങളില്‍
വിരാജിക്കുന്നവരുടെ ലോകം എത്ര വര്‍ണങ്ങളാല്‍ അലങ്കരിക്ക പ്പെട്ടിരിക്കുന്നുവെങ്കിലും
ദരിദ്രന്റെ, അവര്‍ണന്റെ , അധസ്ഥിതന്റെ കുപ്പമാടക്കുഴിയിലും കണ്ണുനീരിലുമാണ്
ഉറപ്പിച്ചുയര്‍ത്തിയിരിക്കുന്നത് എന്ന് കവിക്ക് ഉറപ്പുണ്ട്.ആ അധികാരിവര്‍ഗ്ഗത്തിന്റെ
ലാവണ്യബോധത്തില്‍ കറുപ്പിന് സ്ഥാനമില്ലെന്നും കവിക്കറിയാം.അതുകൊണ്ടുതന്നെയാണ്
വെണ്‍കളി പൂശിയ വെണ്‍മുകില്‍ ഭിത്തിയില്‍
കാര്‍മഷികൊണ്ടു കളം വരയ്ക്കും
അക്കളം പുക്കു ഞാനത്തലിന്‍ വേതാള
നൃത്തം ചവിട്ടിയലറി നില്ക്കും
ആവില്ല നിങ്ങള്‍ക്കടക്കുവാനെന്റെയീ
ഭാവങ്ങളീ മന്നിന്‍ ഭാവമത്രേ എന്ന ഉറപ്പ്
കവിക്കുണ്ടാകുന്നത്.
കടമ്മനിട്ടയുടെ
സൌന്ദര്യബോധം , കേവലമായ വരേണ്യ സൌന്ദര്യബോധമല്ല മറിച്ച് കറുത്തവന് ,
അധ്വാനിക്കുന്നവന് , വിയര്‍ക്കുന്നവന് ലഭിക്കുന്ന നീതിയുടെ അടിസ്ഥാനത്തില്‍
ഉരുവംകൊള്ളുന്നതുകൂടിയാണ്.അല്ലെങ്കില്‍ നിസ്വന് ലഭിക്കുന്ന നീതിയാണ് സൌന്ദര്യം
എന്നാണ് കടമ്മനിട്ട ചിന്തിക്കുന്നതെന്നു പറയാം.ആ നീതി നടപ്പിലാകാത്തിടത്തോളം കാലം
കാട്ടാളന്‍ നെഞ്ചത്തു പന്തം കുത്തിനില്ക്കും , കുറത്തി മുടി പറിച്ചു നിലത്തടിക്കും
, കവി ഉലകിന്റെ വെളുത്ത മുഖത്ത് കറുത്ത ചായമടിക്കും , കിരാതവൃത്തങ്ങളില്‍ നമ്മുടെ
വരേണ്യമായ ലാവണ്യബോധങ്ങള്‍ മാറ്റിയെഴുതപ്പെടും. ഈ നീതിബോധത്തെയാണ് ആരായിരുന്നു
കടമ്മനിട്ട എന്ന ചോദ്യത്തിന്റെ ഉത്തരമായി നാം കണ്ടെത്തുക.
Comments