#ദിനസരികള്‍ 192

കെ കരുണാകരന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സിലേക്ക് അദ്ദേഹവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ഒരു പരമ്പര തന്നെ അലയടിച്ചെത്തും.ഈച്ചരവാരിയരുടെ കണ്ണുനീരും തട്ടില്‍ രാജന്റെ കൊലപാതകവും അടിയന്തിരാവസ്ഥക്കാലങ്ങളിലെ നക്സല്‍ വേട്ടയും ചാരക്കേസും മക്കള്‍ രാഷ്ട്രീയവുമടക്കം തുടങ്ങി എത്രയെത്ര വിവാദങ്ങള്‍.നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ശ്രീ കെ കരുണാകരനെക്കുറിച്ചുള്ള ഓര്‍മകളില്‍ ഈ വിവാദങ്ങളൊക്കെയും ജ്വലിച്ചു നില്ക്കുന്നുണ്ടെങ്കിലും നിലയ്ക്കല്‍ സംഭവത്തില്‍ അദ്ദേഹമെടുത്ത നിലപാട് മതേതര കേരളത്തിന് മറക്കുക വയ്യ.
            1983 മാര്‍ച്ച് 23 ന് നിലയ്ക്കലില്‍ കേരള ഫാമിംഗ് കോര്‍പ്പറേഷന്റെ കൈവശമുള്ള സ്ഥലത്തുനിന്ന് പഴക്കമുള്ള കരിങ്കല്ലിന്റെ ഒരു കുരിശു കണ്ടെത്തുകയുണ്ടായി.നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിന് വിളിപ്പാടകലെ , ഏകദേശം ഇരുന്നൂറു മീറ്റര്‍ ദൂരത്തിലാണ് ഈ കുരിശു കണ്ടെത്തിയത്.എ ഡി അമ്പത്തിരണ്ടില്‍ സെന്റ് തോമസ് കേരളത്തില്‍ വന്നപ്പോള്‍ സ്ഥാപിച്ച ഏഴരപ്പള്ളികളിലെ അരപ്പള്ളിയാണ് നിലയ്ക്കലിലേതെന്നും ആയതിന്റെ കുരിശാണ് കണ്ടെത്തിയതെന്നുമായിരുന്നു കൃസ്ത്യാനികളുടെ വാദം. ആ വാദത്തില്‍ ഉറച്ചു നിന്നുകൊണ്ട് കൃസ്ത്യാനികള്‍ അവിടെ പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ തുടങ്ങിയതോടെ തീവ്രഹിന്ദുവാദികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംഘര്‍ഷങ്ങളോളമെത്തിയ ആ പ്രതിഷേധത്തിന് നേതൃത്വം നല്കിയത് ക്രൈസ്തവ സഭയുടെ നേതൃത്വത്തിലുള്ള ദീപികയില്‍ പത്രപ്രവര്‍ത്തകനായി ജീവിതം തുടങ്ങി പിന്നീട് ആറെസെസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറിയ കുമ്മനം രാജശേഖരന്റേയും ചെങ്കോട്ടുകോണം സത്യാനന്ദ സരസ്വതിയുടേയും നേതൃത്വത്തിലായിരുന്നു. മുതലെടുപ്പിന്റെ മുഴുവന്‍ സാഹചര്യങ്ങളേയും ഉപയോഗിച്ചുകൊണ്ട് അയ്യപ്പന്റെ പൂങ്കാവനം എന്നറിയപ്പെടുന്ന പതിനെട്ടുമലകളുടെ അടുത്തെവിടേയും പള്ളി പണിയാനോ കുരിശു നാട്ടുവാനോ അനുവദിക്കില്ല എന്നായിരുന്നു ഹൈന്ദവസംഘടനകള്‍ പ്രഖ്യാപിച്ചത്.

            ഈ സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിലേക്കായിരുന്നു , കുരിശു കണ്ടെത്തിയ സ്ഥലത്തു പള്ളി പണിയുന്നതിനു വേണ്ടി രണ്ടേക്കര്‍ (മൂന്ന്??) സ്ഥലം അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രിയായിരുന്ന ശ്രീ കെ കരുണാകരന്‍ ഉത്തരവിടുന്നത്. സര്‍ക്കാറിന്റെ കൈവശമുള്ള കേരള ഫാമിംഗ് കോര്‍പ്പറേഷന്റെ സ്ഥലത്തുനിന്നുമാണ് ഈ രണ്ടേക്കര്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. അതോടെ സര്‍ക്കാറിനെതിരേയും മുഖ്യമന്ത്രിയെ തടയുക എന്നതിലേക്കുമൊക്കെ സംഘപരിവാര്‍ സംഘടനകള്‍ ചെന്നെത്തി. പിന്നീട് എം പി മന്മഥന്റെ മധ്യസ്ഥതയില്‍ രണ്ടോ മൂന്നോ തവണ ചര്‍ച്ചകള്‍ നടത്തി പ്രശ്നത്തിന് ഇരുവിഭാഗങ്ങളും പരിഹാരം കണ്ടെത്തി എങ്കിലും ആറെസെസ്സ് അടക്കമുള്ള ഹൈന്ദവസംഘടനകളുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് നിലയ്ക്കലില്‍ പള്ളി പണിയുന്നതിന് വേണ്ടി രണ്ടേക്കര്‍ സ്ഥലം വിട്ടുകൊടുക്കാനുള്ള കരുണാകരന്റെ തീരുമാനം ചരിത്രമായി. മതേതരത്വത്തിന്റെ പുണ്യത്തിന് ഉദാഹരണമായി കേരളം കാണുന്ന ശബരിമലയുടെ അന്തസത്തക്ക് നിരക്കാത്ത നിലപാടുകളായിരുന്നു ആറെസ്സെസ്സും മറ്റു ഹൈന്ദവ സംഘടനകളും ചേര്‍‌ന്നെടുത്തത്.മതേതരത്വം പുലരുന്ന ശബരിമലയുടെ കാഴ്ചപ്പാടുകളെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു കരുണാകരന്‍ ചെയ്തത്.അദ്ദേഹത്തിന്റെ തീരുമാനം നടപ്പിലായില്ല എങ്കിലും ഒരു ഭരണാധികാരി പുലര്‍‌ത്തേണ്ട വിശാലമായ കാഴ്ചപ്പാടിന് ഉദാഹരണമായി നിലയ്ക്കലില്‍‌ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം നിലകൊള്ളുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം