#ദിനസരികള്‍ 187
തോപ്പില്‍ ഭാസി എഴുതിയ ‘നിങ്ങളെന്നെ
കമ്യൂണിസ്റ്റാക്കി’
നാടകത്തിന് സിവിക് ചന്ദ്രന്‍ ‘നിങ്ങളാരെ
കമ്യൂണിസ്റ്റാക്കി’
എന്ന പേരില്‍ ഒരു പ്രതിനാടകമെഴുതി.പ്രസ്തുത നാടകത്തിന് കണിയാപുരത്തിന്റെ മറുപടി ‘നിന്റെ
തന്തയെ കമ്യൂണിസ്റ്റാക്കി’
എന്ന മറ്റൊരു നാടകമായിരുന്നു എന്നത് ചരിത്രമാണ്.നാടകമോ പ്രതിനാടകങ്ങളോ അല്ല ഇവിടെ
വിഷയം. മറിച്ച് വര്‍ത്തമാനകാലത്തെ പുതിയ തലമുറ വളരെ ലളിതമായി ഉന്നയിക്കുന്ന ഒരു
ചോദ്യത്തിന്റെ പ്രതിധ്വനികള്‍ സിവിക്കിന്റെ ചോദ്യത്തിലും കണിയാപുരത്തിന്റെ
മറുപടിയിലും അടങ്ങിയിരിക്കുന്നു എന്നുള്ളതുകൊണ്ടാണ് അക്കഥയിവിടെ സൂചിപ്പിച്ചത്. ആ
ചോദ്യം “നിങ്ങളിവിടെ
എന്താണ് ചെയ്തത് ?” എന്നാണ്.
അത്തരമൊരു ചോദ്യം ഉന്നയിക്കാന്‍ വളരെ എളുപ്പമാണ്.
ഉദാഹരണത്തിന് ഗാന്ധി ഇവിടെ എന്താണ് ചെയ്തത് എന്ന് ആര്‍ക്കും ചോദിക്കാം. എന്നാല്‍
ഗാന്ധി ഇവിടെ ചെയ്തതെന്താണെന്ന്
അറിയണമെങ്കില്‍ വൈദേശികാധി പത്യത്തിനുകീഴില്‍ ഇന്ത്യ എന്തൊക്കെ
പ്രയാസങ്ങളാണ് അനുഭവിച്ചതെന്നും അക്കാലങ്ങളിലെ സാമൂഹ്യ –
രാഷ്ട്രീയ - സാമ്പത്തിക ജീവിതം എങ്ങനെയായിരുന്നുവെന്നും
ഒരു ജനതയെ അവര്‍ ചൂഷണം ചെയ്യുകയും അവരില്‍ നിന്ന് ഉള്ളതൊക്കെയും കവര്‍ന്നെടുത്ത്
മനുഷ്യരുടേതായ ഒരവകാശവുമില്ലാ തെയാക്കി മാറ്റിയതെങ്ങനെയെന്നുമൊക്കെ പറയേണ്ടിവരും.വെള്ളക്കാരന്റെ
കോയ്മക്കെതിരെ ആദ്യമായി ആയുധമെടുത്തവന്റെ വീര്യം അനന്തരതലമുറകളിലേക്ക് കെടാതെ പകര്‍ന്നു
കിട്ടിയതെങ്ങനെ എന്നു പറയേണ്ടിവരും.സ്വാതന്ത്ര്യസമരങ്ങളുടെ തീക്ഷ്ണശലാകകളില്‍
സ്വയമുരുകി പാകപ്പെട്ട ഒരു ജനത എങ്ങനെയാണ് അവസാനം പരിധിയില്ലാത്ത
സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചതെന്ന് പറയേണ്ടിവരും. പക്ഷേ ഇതൊക്കെ കേള്‍ക്കാനും
മനസ്സിലാക്കാനും ആര്‍ക്കുനേരം ?
ഉത്തരങ്ങള്‍ പ്രതീക്ഷിക്കാതെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുക
എന്ന യാന്ത്രികമായ പ്രക്രിയയില്‍ സ്വയം രസിക്കുന്ന ഒരു തലമുറയായി നാം
മാറ്റപ്പെട്ടിരിക്കുന്നുവോ?
കേരളത്തില്‍
, നവോത്ഥാനകാലത്തിന്റെ നേതാക്കന്മാര്‍ നേരിട്ട വൈഷമ്യങ്ങളെക്കുറിച്ചറിയണമെങ്കില്‍
അക്കാലങ്ങളെക്കുറിച്ച് ചരിത്രപരമായ ധാരണ ഉണ്ടായാല്‍ മാത്രം പോര , മറിച്ച്
വൈകാരികമായ ഒരൈക്യപ്പെടല്‍ കൂടി നമുക്കുണ്ടാകണം.എന്നാല്‍ മാത്രമേ മാറു മറയ്ക്കാതെ
പാടത്തു പണിക്കിറങ്ങുന്ന അടിയാത്തിയുടെ സങ്കടം നമുക്കു മനസ്സിലാകൂ.കുടിവെള്ളം
കോരിക്കുടിച്ചാല്‍ കെട്ടിയിട്ടു തല്ലുന്ന ഒരു കാലത്തിന്റെ , മണ്ണില്‍
കുഴിയുണ്ടാക്കി ആ കുഴിയില്‍ ഇലവെച്ച് കരിക്കാടി കുടിച്ചിരുന്ന ഒരു വര്‍ഗ്ഗത്തിന്റെ
,ഉയര്‍ന്ന ജാതിയില്‍പ്പെട്ട പുരുഷന് കീഴടങ്ങുന്നതാണെന്ന് സന്മാര്‍ഗ്ഗമെന്നും
അങ്ങനെയല്ലാത്തവരെ കൊന്നു കളയേണ്ടതാണെന്നുമുള്ള കല്പനകളെ പിന്താങ്ങേണ്ടിവന്ന ഒരു
നിസ്വവര്‍ഗ്ഗത്തിന്റെ സങ്കടങ്ങളെ നമുക്കു സ്വാംശീകരിക്കാന്‍ കഴിഞ്ഞാലേ
അക്കാലങ്ങളിലെ കൊടിയ അനാചാരങ്ങളില്‍ പലതും നമുക്കുതന്നെ ബോധ്യപ്പെടുകയുള്ളു.
കുഞ്ഞിനെ മുലയൂട്ടണമെങ്കില്‍ മുലക്കരം നല്കണമെന്ന തീട്ടൂരത്തിന് പകരമായി തന്റെ
മുലകള്‍ തന്നെ അറുത്തെടുത്തു നല്കിയ ഒരമ്മയുടെ വേദന , അവരുടെ പ്രതിഷേധത്തിന്റെ ആഴം
നമുക്ക് എന്നെങ്കിലും മനസ്സിലാക്കാന്‍ കഴിയുമോ?
ജാതി അടിസ്ഥാനമാക്കി നിലനിന്നിരുന്ന കൊടിയ അനാചാരാങ്ങളുടെ
കഥ എത്രയെങ്കിലുമുണ്ട്.ചോദ്യം ചെയ്യപ്പെടാത്ത അധികാരകേന്ദ്രങ്ങളായിരുന്ന
ബ്രാഹ്മണന്മാരുടെയും മറ്റ് ഉന്നതകുലജാതന്മാരുടേയും ഗര്‍വ്വുകളെ പതിയെപ്പതിയെ
സമൂഹത്തില്‍ രൂപപ്പെട്ടു വന്ന നവോത്ഥാനമൂല്യങ്ങള്‍ ചോദ്യം ചെയ്തുതുടങ്ങി.അടിമവ്യാപാരം
നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ ജനിച്ച അയ്യാ വൈകുണ്ഠസ്വാമികളില്‍ ആരംഭിച്ച ആ
നവോത്ഥാനമുന്നേറ്റം ചട്ടമ്പിസ്വാമികളിലൂടെ , നാരായണഗുരുവിലൂടെ പടര്‍ന്നു
പന്തലിച്ചു. മനുഷ്യപക്ഷത്തുനിന്നുകൊണ്ട് അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യബോധങ്ങളെ രണ്ടുകൈയ്യും
നീട്ടി സ്വീകരിക്കാന്‍ കേരളജനത തയ്യാറായി.എത്രയെത്ര അതിരഥന്മാരെ അക്കാലത്ത് കേരളം
കണ്ടു.അയ്യങ്കാളി , സഹോദരന്‍ അയ്യപ്പന്‍ ,ബ്രഹ്മാനന്ദ ശിവയോഗി , പണ്ഡിറ്റ്
കറുപ്പന്‍ , വാഗ്ഭടാനന്ദന്‍ ,ശുഭാനന്ദ ഗുരുദേവന്‍ , ടി കെ മാധവന്‍ , വി ടി
ഭട്ടതിരിപ്പാട് , എം ആര്‍ ബി ,കെ കേളപ്പന്‍,
കെ പി കേശവമേനോന്‍, പി കൃഷ്ണപിള്ള , എ കെ ജി,
ഇ. എം.എസ് തുടങ്ങിയ മഹാന്മാരായ നേതാക്കന്മാരുടെ നേതൃത്വത്തില്‍ കേരളം ഇളകി
മറിഞ്ഞു.മനുഷ്യന്‍ എന്ന പദത്തിന് എക്കാലത്തേയുംകാള്‍
തിളക്കമുണ്ടായി.ബ്രാഹ്മണികമൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് ജനകീയ മുന്നേറ്റങ്ങളുണ്ടായി.
ജാത്യാചാരങ്ങളെ കെട്ടുകെട്ടിക്കാന്‍ കഴിഞ്ഞതോടെ ഉപജീവനത്തിനുള്ള വകകളുണ്ടാക്കി
അടിസ്ഥാനവര്‍ഗ്ഗത്തെ സഹായിക്കുക എന്ന ചരിത്രപരമായ ദൌത്യം ഏറ്റെടുത്തത് ഇ. എം.
എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു.ആയിരക്കണക്കിന്
ഏക്കറുകള്‍ കൈവശം വെച്ചു പോന്നിരുന്ന ജന്മിമാരുടെ കോട്ടകളെ തകര്‍ത്തുകൊണ്ട്
പണിയെടുക്കുന്നവന് ഭൂമി എന്ന കാഴ്ചപ്പാടു നിലവില്‍ വന്നു. നൂറ്റാണ്ടുകളായി
സ്വന്തമായി ഭൂമിയില്ലാതെ കുടിയാനായി കഴിഞ്ഞവര്‍ക്ക് ഭൂമികിട്ടി.കേരളത്തിന്റെ
മുഖച്ഛായ തന്നെ മാറ്റിയ ഭൂപരിഷ്കരണനയം നടപ്പിലായി. പതുക്കെ കേരളസമൂഹം എല്ലാ വിധ
അനാചാരങ്ങളേയും അതിജീവിച്ച് നവോത്ഥാനമൂല്യങ്ങളുടെ മൂശയില്‍ ഉരുകി പുതിയ ജനതയായി
പരുവംകൊണ്ടു.
ഇന്ന് ആ മുന്നേറ്റങ്ങളുടെ മുഴുവന്‍ സദ്ഫലങ്ങളും
അനുഭവിച്ചുകൊണ്ടു മുന്നോട്ടു വന്ന പുതിയ തലമുറയിലെ സന്തതികള്‍ പിതൃമാടങ്ങള്‍ക്കു
സമീപം നിന്നുകൊണ്ട് പുച്ഛച്ചിരിയോടെ നിങ്ങളെന്താണ് ചെയ്തത് എന്ന
ചോദ്യമുന്നയിക്കുന്നു. ഒരിക്കല്‍ കേരളത്തിന്റെ മണ്ണില്‍ നിന്നും നാം
ഒറ്റക്കെട്ടായി നിന്നു കൊണ്ട് ആട്ടിയോടിച്ച വര്‍ഗ്ഗീയ ശക്തികള്‍ , മതജാതി
ഭ്രാന്തന്മാര്‍ ആ ചോദ്യത്തിന് അകമ്പടി
സേവിക്കുന്നു. സാമൂഹ്യപരിഷ്കര്‍ത്താക്കളെ , യുക്തിചിന്തയുടെ പ്രകാശങ്ങള്‍
തെളിയിച്ചവരെ കമ്യുണിസ്റ്റുകളെ ഒക്കെ അവര്‍ ആക്ഷേപിക്കുന്നു.ഏതേതുമൂല്യങ്ങള്‍ക്കുവേണ്ടിയാണോ
ഒരു ജനത ഒന്നടങ്കം ജീവന്‍ പണയപ്പെടുത്തി അടരാടാനിറങ്ങിയത് , അതേ മൂല്യങ്ങളെ തച്ചുതകര്‍ക്കാന്‍
ശ്രമിക്കുന്നു.
നിങ്ങള്‍ എന്തു ചെയ്തു എന്ന ചോദ്യത്തിന് കേരളം
ഒറ്റക്കെട്ടായി മറുപടി പറയേണ്ട സമയമായിരിക്കുന്നു. കുപ്രചാരണങ്ങളുടെ കുത്തൊഴുക്കിലേക്ക്
നാം നമ്മെ സ്വയം വലിച്ചെറിയാന്‍ അനുവദിക്കരുത്. ചരിത്രം പഠിച്ചുകൊണ്ടും പഠിച്ച
ചരിത്രം പറഞ്ഞുകൊണ്ടും മാത്രമേ നമുക്ക് പ്രതിരോധം തീര്‍ക്കുവാന്‍ കഴിയുകയുള്ളു.അതുകൊണ്ട്
ചരിത്രത്തെ പടച്ചട്ടയാക്കിമാറ്റിക്കൊണ്ട് മുന്നോട്ടുകുതിക്കുന്ന ഒരു കാലഘട്ടത്തെ
നാം നിര്‍മ്മിച്ചെടുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ കുഴികുത്തി
കഞ്ഞികുടിക്കേണ്ട സാഹചര്യങ്ങളെ നാം
വീണ്ടും അഭിമുഖീകരിക്കേണ്ടിവരികതന്നെ ചെയ്യും.
Comments