#ദിനസരികള്‍ 727
നാഥുറാം വിനായക് ഗോഡ്സേയെ ഏറെ സ്വാധീനിച്ചതും പ്രചോദിപ്പിച്ചതും സവര്‍ക്കറുടെ ഹിന്ദുത്വ എന്ന പുസ്തകമായിരുന്നു. അയാള്‍ അതെപ്പോഴും കൂടെ കൊണ്ടു നടന്നു.ഇടവേളകളില്‍ ആവര്‍ത്തിച്ച് വായിച്ചു.ഗാന്ധിയെ കൊല്ലുന്നതിനു വേണ്ടി ഗ്വാളിയോറിലെ ഹോമിയോ ഡോക്ടറുടെ സഹായത്താല്‍ സംഘടിപ്പിച്ച കൈത്തോക്കിന്റെ ശേഷി, ബിർളാ ക്ഷേത്രത്തിനു സമീപമുള്ള ഒരു മരത്തില്‍ വരച്ചിട്ട ഗാന്ധിയുടെ തലയും ഉടലും ലക്ഷ്യമാക്കി വെടിവെച്ചു പരിശോധിക്കുമ്പോഴും ആ പുസ്തകത്തിലായിരുന്നു ഗോഡ്സേയുടെ മനസ്സ്. “ ഗാന്ധി ഹിന്ദു വിരുദ്ധനാണ്, അയാള്‍ അവസാനിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്.അയാള്‍ ഹിന്ദുക്കളെക്കാള്‍ മുസ്ലീമുകളെ സ്നേഹിക്കുന്നു.അതുകൊണ്ട് ഗാന്ധി കൊല്ലപ്പെടണം. അതെ ഞാനതു ചെയ്യും , ഞാനതു ചെയ്യും “ ഗോഡ്സേ സ്വന്തം നിമന്ത്രിച്ചുകൊണ്ടേയിരുന്നു. തന്റെ വെടിയുണ്ടകള്‍ മരത്തില്‍ അടയാളപ്പെടുത്തിയിരുന്ന സ്ഥലത്ത് കൃത്യമായി പതിഞ്ഞുവെന്ന് കൂട്ടുകാരന്‍ നാരായണന്‍ ആപ്തേ പറഞ്ഞു. തോക്കു വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. കണിശമായും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാന്‍ അതിനു കഴിഞ്ഞിരിക്കുന്നു” ആപ്തേയുടെ വാക്കുകള്‍ ഗോഡ്സയുടെ ചുണ...