#ദിനസരികള്‍ 727
നാഥുറാം വിനായക് ഗോഡ്സേയെ ഏറെ സ്വാധീനിച്ചതും പ്രചോദിപ്പിച്ചതും സവര്‍ക്കറുടെ ഹിന്ദുത്വ എന്ന പുസ്തകമായിരുന്നു. അയാള്‍ അതെപ്പോഴും കൂടെ കൊണ്ടു നടന്നു.ഇടവേളകളില്‍ ആവര്‍ത്തിച്ച് വായിച്ചു.ഗാന്ധിയെ കൊല്ലുന്നതിനു വേണ്ടി ഗ്വാളിയോറിലെ ഹോമിയോ ഡോക്ടറുടെ സഹായത്താല്‍ സംഘടിപ്പിച്ച കൈത്തോക്കിന്റെ ശേഷി, ബിർളാ ക്ഷേത്രത്തിനു സമീപമുള്ള ഒരു മരത്തില്‍ വരച്ചിട്ട ഗാന്ധിയുടെ തലയും ഉടലും ലക്ഷ്യമാക്കി വെടിവെച്ചു പരിശോധിക്കുമ്പോഴും ആ പുസ്തകത്തിലായിരുന്നു ഗോഡ്സേയുടെ മനസ്സ്. “ ഗാന്ധി ഹിന്ദു വിരുദ്ധനാണ്, അയാള്‍ അവസാനിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്.അയാള്‍ ഹിന്ദുക്കളെക്കാള്‍ മുസ്ലീമുകളെ സ്നേഹിക്കുന്നു.അതുകൊണ്ട് ഗാന്ധി കൊല്ലപ്പെടണം. അതെ ഞാനതു ചെയ്യും , ഞാനതു ചെയ്യും “ ഗോഡ്സേ സ്വന്തം നിമന്ത്രിച്ചുകൊണ്ടേയിരുന്നു.
തന്റെ വെടിയുണ്ടകള്‍ മരത്തില്‍ അടയാളപ്പെടുത്തിയിരുന്ന സ്ഥലത്ത് കൃത്യമായി പതിഞ്ഞുവെന്ന് കൂട്ടുകാരന്‍ നാരായണന്‍ ആപ്തേ പറഞ്ഞു. തോക്കു വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. കണിശമായും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാന്‍ അതിനു കഴിഞ്ഞിരിക്കുന്നു” ആപ്തേയുടെ വാക്കുകള്‍ ഗോഡ്സയുടെ ചുണ്ടുകളില്‍ ഒരു ചെറിയ ചിരി പരത്തി. തന്റെ കൈവശമിരിക്കുന്ന ബെറേറ്റ തോക്കിലേക്ക് അയാള്‍ സ്നേഹപൂര്‍വ്വം നോക്കി. അതു തന്റെ ശരീരത്തിന്റെ ഒരു ഭാഗമെന്ന പോലെ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ആ നോട്ടം തോന്നിപ്പിച്ചു.
ഗാന്ധിക്കെതിരെ ഇതിനു മുമ്പ് നടത്തിയ വധശ്രമം വിഫലമായതുപോലെ ഇത്തവണയും പരാജയപ്പെടരുതെന്ന് ഗോഡ്സേക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇത്തവണ കഴിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും അതിനു കഴിയുകയുമില്ല എന്ന ബോധ്യവും അയാള്‍ക്കുണ്ടായിരുന്നു.കാരണം പോലീസ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തങ്ങളുടെ പുറകേയുണ്ടെന്ന് അയാള്‍ക്കറിയാം.പോലീസ് പിടിച്ച മദന്‍ലാല്‍ കടുത്ത മര്‍ദ്ദനത്തെത്തുടര്‍ന്ന് കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞിരിക്കുന്നു.കഴിഞ്ഞ തവണത്തെ ഗൂഡാലോചനയില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ പോലീസിന്റെ പക്കലുണ്ടാകാം.
വിഭജനത്തെത്തുടര്‍ന്ന് പടര്‍ന്നു പിടിച്ച ഹിന്ദു മുസ്ലിം കലാപത്തെ ഒറ്റയ്ക്ക് നേരിട്ട ഗാന്ധിയുടെ അവാസനത്തെ ഉപവാസ സമരം അവസാനിപ്പിച്ചത് 1948 ജനുവരി 18 നായിരുന്നു. മുസ്ലീങ്ങളുടെ നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങളും അവരുടെ വാസസ്ഥാനങ്ങളുമെല്ലാം അതേപടി പുനര്‍ നിര്‍മ്മിച്ചുകൊടുക്കാനും ഇന്ത്യയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സമാധാനപരമായി തുടരാനുള്ള അന്തരീക്ഷമുണ്ടാക്കുവാനും ഗാന്ധിയുടെ സമരം സഹായിച്ചു. തങ്ങള്‍ സമാധാനമ ഉറപ്പുവരുത്തുന്നതായും അതിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതായും ഹിന്ദു മുസ്ലിം നേതാക്കള്‍ ഗാന്ധിയെ ധരിപ്പിച്ചു. അവര്‍ എഴുതി തയ്യാറാക്കി ഒപ്പിട്ടു നല്കിയ പ്രസ്താവന ഗാന്ധിയെ സന്തോഷിപ്പിച്ചു.
എന്നാല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ തീവ്രഹിന്ദുത്വവാദികളായ ഒരു കൂട്ടം മതഭ്രാന്തന്മാരെ വെകിളി പിടിപ്പിച്ചു. ഗാന്ധി അകാരണമായി മുസ്ലീങ്ങള്‍ക്കു വേണ്ടി ഹിന്ദുവിനെ ഉപദ്രവിക്കുന്നുവെന്ന് അവര്‍ ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തു. ഗാന്ധി ജീവിച്ചിരിക്കുന്നത് ഹിന്ദുക്കള്‍ക്കും ഹിന്ദുത്വത്തിനും അപകടകരമായിരിക്കുമെന്ന് അവര്‍ കണക്കു കൂട്ടി.അതുകൊണ്ട് സവര്‍ക്കറുടെ ഹിന്ദുത്വവാദങ്ങളുടെ സൈദ്ധാന്തികമായ പിന്‍ബലത്തില്‍ ഗാന്ധിയെ കൊല്ലുവാന്‍ അവര്‍ അവസരങ്ങള്‍ തേടി.
ഇരയ്ക്കു പിന്നാലെ പൂച്ചയെപ്പോലെ പതുങ്ങിപ്പതുങ്ങി അവര്‍ ഗാന്ധിക്കു പിന്നാലെ നടന്നു.അങ്ങനെയാണ് ജനുവരി ഇരുപതാം തീയതി ബിര്‍ള ഹൌസിനകത്ത് ഗാന്ധിയെ ബോംബുകൊണ്ട് കൊല്ലാനുള്ള നീക്കം നടത്തിയത്. പാളിപ്പോയ ആ ശ്രമം പക്ഷേ പത്തു ദിവസത്തിനുശേഷം , വളരെ കൃത്യമായ ആസുത്രണമികവോടെ അവര്‍ നടപ്പാക്കി.
പോലീസിന് വളരെ ഗുരുതരമായ വീഴ്ച വരുത്തിയതായി പില്ക്കാലത്ത് രേഖപ്പെടുത്തപ്പെട്ടു. ആദ്യശ്രമത്തില്‍ പിടിയിലായ പ്രതി മദന്‍ലാലില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ യഥാസമയത്ത് ഉന്നതാധികാരികളെ അറിയിക്കാനും ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കാനും കഴിഞ്ഞിരുന്നുവെങ്കില്‍ ഗാന്ധിയെ ഒരു പക്ഷേ ഇന്ത്യയ്ക്ക് ഹിന്ദു തീവ്രവാദികളില്‍ നിന്നും സംരക്ഷിച്ചു പിടിക്കുവാന്‍ കഴിഞ്ഞേക്കാമായിരുന്നു.
ജനുവരി മുപ്പത്. വൈകുന്നേരം. കൃത്യമായ സമയത്ത് പ്രാര്‍ത്ഥനാ യോഗത്തിന് എത്താറുള്ള ഗാന്ധി പക്ഷേ അന്ന് അഞ്ചു മിനിട്ടു വൈകി. സര്‍ദാര്‍ പട്ടേലുമായുണ്ടായ സംഭാഷണം നീണ്ടുപോയതായിരുന്നു കാരണം. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ നിരാശ പൂണ്ട ഗാന്ധി അവരിനിയും പ്രവര്‍ത്തിക്കേണ്ടതില്ലെന്ന നിഗമനത്തില്‍ കോണ്‍ഗ്രസിന് പകരം ലോക സോവക് സമാജം രൂപീകരിച്ചിരുന്നു. രാജ്യത്തിന്റെ നന്മയെ ലക്ഷ്യം വെച്ച് ഗാന്ധി ചെയ്ത അവസാനത്തെ പ്രവര്‍ത്തനമായിരുന്നു അത്.
പത്തുമിനിട്ടു വൈകിയതില്‍ ആ വയോധികന്‍ വേവലാതിപൂണ്ടു.സമയം വൈകിയതില്‍ തന്റെ ഊന്നുവടികളായ മനുവിനേയും ആഭയേയും അദ്ദേഹം ശാസിക്കാനും മറന്നില്ല.പ്രാര്‍ത്ഥനക്ക് അഞ്ചുനിമിഷം പോലും വൈകുന്നത് തനിക്കിഷ്ടമല്ലെന്ന് അറിയില്ലേയെന്നായിരുന്നു അവരോടുള്ള അദ്ദേഹത്തിന്റെ ചോദ്യം.
ആയാസപ്പെട്ടുള്ള ആ നടപ്പിന് ഇനിയും തടസ്സമുണ്ടാകാതിരിക്കാന്‍ ചുറ്റും കൂടിയ ജനാവലി രണ്ടു വശത്തേക്കും മാറി നിന്ന് ഗാന്ധിക്ക് വഴി തെളിച്ചു.തൊഴുതു പിടിച്ച കൈകളുമായി ആ മനുഷ്യന്‍ ജനങ്ങളുടെ ഇടയിലൂടെ നടന്നു നീങ്ങി. ആ നിമിഷങ്ങളില്‍ കാക്കി വേഷധാരിയായ ഗോഡ്സേ ജനങ്ങള്‍ രണ്ടു വശത്തേക്കമായി മാറിനിന്ന് സൃഷ്ടിച്ച വിടവിലേക്ക് കയറി നിന്നു. ഈ രാജ്യത്തിനു വേണ്ടി ഇതുവരെ ഗാന്ധി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനു വേണ്ടി ഗാന്ധിയുടെ പാദങ്ങളില്‍ അയാള്‍ നന്ദി അര്‍പ്പിച്ചു. അതിനു ശേഷം ഇരുകരങ്ങളുടേയും ഇടയില്‍ ചേര്‍ത്തു പിടിച്ചിരുന്ന കൈത്തോക്കില്‍ നിന്നും മൂന്നു വെടിയുണ്ടകള്‍ ആ വൃദ്ധന്റെ മെലിഞ്ഞുണങ്ങിയ നെഞ്ചിലേക്ക് പായിച്ചു.
വരാനിരിക്കുന്ന ഒരു വലിയ കലാപത്തിന് തടയിട്ടുകൊണ്ട് ആള്‍ ഇന്ത്യ റേഡിയോ ഊന്നിപ്പറഞ്ഞു “ മഹാത്മാ ഗാന്ധി ഒരു ഹിന്ദു തീവ്രവാദിയാല്‍ കൊല്ലപ്പെട്ടിരിക്കുന്നു “ അതിനു ശേഷമോ അതിനു മുമ്പോ ഹിന്ദു എന്ന മതത്തിനെ അതു പേറുന്ന ആശയങ്ങളെ ഇത്രയും ഫലപ്രദമായി ഇന്ത്യാ മഹാരാജ്യത്തിനു വേണ്ടി പ്രയോഗിക്കപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടില്ല..
ആശ്രയ ഗ്രന്ഥങ്ങള്
ഹേ റാം , സ്വാതന്ത്ര്യം അര്ദ്ധരാത്രിയില് , ഭാരതീയ ബൃഹത് ചരിത്രം
Comments