#ദിനസരികള് 707
ഓര്‍ക്കുക ,വല്ലപ്പോഴും ! വേര്‍പിരിയുകയെന്നത് – അത് താല്കാലികമായിട്ടാണെങ്കിലും സ്ഥിരമായിട്ടാണെങ്കിലും – എല്ലായ്‌പ്പോഴും വേദനാജനകമാണ്. യാത്ര പറയാന്‍ തുനിയവേ തുടികൊള്ളുന്ന മനസ്സിന്റെ വേവലാതികള്‍ അനുഭവിക്കാത്ത മനുഷ്യന്മാരുണ്ടോ ? രാവിലെ ജോലിക്കായി സ്വന്തം കുഞ്ഞിനോട് ഉമ്മചോദിച്ച് കൈവീശിക്കാണിച്ച് പുറത്തേക്കിറങ്ങുന്ന അച്ഛനമ്മമാരുടെ വേവലാതികള്‍ക്ക് പകരം വെയ്ക്കാന്‍ മറ്റെന്തുണ്ട് ? എത്രയോ കാലം ഒന്നിച്ചു പഠിച്ചും കളിച്ചും രസിച്ച സഹപാഠിയോട് യാത്ര ചൊല്ലുമ്പോള്‍ ഒന്നു പിടയ്ക്കാത്ത മനസ്സുണ്ടോ ? ജീവിതത്തിന്റെ ഏതേതൊക്കെയോ ഘട്ടങ്ങളില്‍ വളരെ പ്രിയപ്പെട്ടവരായി നമ്മോടു തൊട്ടുനിന്നതിനു ശേഷം വിടപറഞ്ഞ് പടിയിറങ്ങിപ്പോകുന്ന പ്രിയങ്കരങ്ങളെ ഓര്‍മിക്കുമ്പോള്‍ കണ്ണു നനയാത്തവരുണ്ടോ ? ബാക്കിയെല്ലാം താല്കാലികവും വീണ്ടും കൂടിച്ചേരാനുള്ള സാധ്യതകള്‍ അവശേഷിപ്പിക്കുന്നവയാണെങ്കിലും മരണം എന്നന്നേക്കുമായി നമ്മെ വേര്‍പിരിക്കുന്ന ഒന്നാണ്. അത് നമ്മുടെ സ്വപ്നങ്ങളെ എന്നന്നേക്കുമായി തല്ലിക്കൊഴിക്കുന്നു...