#ദിനസരികള്‍ 1042 ചിത്രകലയും കാവ്യകലയും
എം പി പോള്‍ , ചിത്രകലയും കാവ്യകലയും എന്ന പേരില്‍ എഴുതിയ ഒരു ലേഖനം സൌന്ദര്യനിരീക്ഷണത്തിലുണ്ട്. ഏതാണ് കൂടുതല്‍ ഉത്കര്‍ഷമെന്ന അന്വേഷണമാണ് ഈ രണ്ടു ആവിഷ്കാരപദ്ധതികളേയും താരതമ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം നിര്‍വഹിക്കുന്നത്. കലകളേതാണെങ്കിലും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യമെന്താണെന്ന ചോദ്യത്തിനാണ് പ്രസക്തിയെങ്കിലും മേന്മ തങ്ങള്‍ക്കാണെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നുണ്ടെന്ന് ഭംഗ്യന്തരേണ കളിയാക്കിക്കൊണ്ടാണ് എംപി പോള്‍ ലേഖനം തുടങ്ങുന്നത്. ” മനുഷ്യവര്‍ഗ്ഗത്തിന്റെ സംസ്കാരത്തിന്റെ മുന്നോടിയുമാണ് കവി എന്ന് ഷെല്ലി പറയുന്നു.നേരെ മറിച്ച് ലിയനാര്‍ഡോ ഡാവിഞ്ചി പറയുന്നത് ഇപ്രകാരമാണ്. ” ചിത്രകലയെ അധിക്ഷേപിക്കുന്നവര്‍ പ്രപഞ്ചത്തെക്കുറിച്ച് മൌലികവും ഉത്കൃഷ്ടവുമായ ഒരു ആദര്‍ശത്തെയാണ് അധിക്ഷേപിക്കുന്നത്. ചിത്രകല പ്രകൃതിയുടെ പുത്രി അഥവാ പൌത്രി ആണെന്നു പറയാം. ” ഈ തര്‍ക്കത്തെ ഒരു കുന്നിക്കുപോലും എം പി പോള്‍ കൂസുന്നതേയില്ല. അദ്ദേഹം ഇത്തരം വിതണ്ഡവാദങ്ങളെ നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ട് “ ഉപകരണ വൈജാത്യത്താല്‍ ഓരോ കലയ്ക്കും സിദ്ധമാകുന്ന ഗുണവിശേഷമെന്ത...