#ദിനസരികള്‍ 1042 ചിത്രകലയും കാവ്യകലയും



          എം പി പോള്‍ , ചിത്രകലയും കാവ്യകലയും എന്ന പേരില്‍ എഴുതിയ ഒരു ലേഖനം സൌന്ദര്യനിരീക്ഷണത്തിലുണ്ട്. ഏതാണ് കൂടുതല്‍ ഉത്കര്‍ഷമെന്ന അന്വേഷണമാണ് ഈ രണ്ടു ആവിഷ്കാരപദ്ധതികളേയും താരതമ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം നിര്‍വഹിക്കുന്നത്. കലകളേതാണെങ്കിലും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യമെന്താണെന്ന ചോദ്യത്തിനാണ് പ്രസക്തിയെങ്കിലും മേന്മ തങ്ങള്‍ക്കാണെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നുണ്ടെന്ന് ഭംഗ്യന്തരേണ കളിയാക്കിക്കൊണ്ടാണ് എംപി പോള്‍ ലേഖനം തുടങ്ങുന്നത്.മനുഷ്യവര്‍ഗ്ഗത്തിന്റെ സംസ്കാരത്തിന്റെ മുന്നോടിയുമാണ് കവി എന്ന് ഷെല്ലി പറയുന്നു.നേരെ മറിച്ച് ലിയനാര്‍‌ഡോ ഡാവിഞ്ചി പറയുന്നത് ഇപ്രകാരമാണ്.ചിത്രകലയെ അധിക്ഷേപിക്കുന്നവര്‍ പ്രപഞ്ചത്തെക്കുറിച്ച് മൌലികവും ഉത്കൃഷ്ടവുമായ ഒരു ആദര്‍ശത്തെയാണ് അധിക്ഷേപിക്കുന്നത്.  ചിത്രകല പ്രകൃതിയുടെ പുത്രി അഥവാ പൌത്രി ആണെന്നു പറയാം.ഈ തര്‍ക്കത്തെ ഒരു കുന്നിക്കുപോലും എം പി പോള്‍ കൂസുന്നതേയില്ല. അദ്ദേഹം ഇത്തരം വിതണ്ഡവാദങ്ങളെ നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ട് ഉപകരണ വൈജാത്യത്താല്‍ ഓരോ കലയ്ക്കും സിദ്ധമാകുന്ന ഗുണവിശേഷമെന്താണെന്ന്അന്വേഷിക്കുവാനാണ് തയ്യാറാകുന്നത്.
          അഭികാമ്യമായ ഒരു നിലപാടുതന്നെയാണ് അത്. മികച്ചത് ഏത് എന്നല്ല എന്തൊക്കെയാണ് ഓരോന്നിന്റേയും പരിമിതികള്‍ എന്നാണ് അന്വേഷണം. അതല്ലെങ്കില്‍ ഓരോ മണ്ഡലങ്ങളിലും ഒന്ന് ഒന്നിനെ എങ്ങനെയൊക്കെ അതിശയപ്പെടുത്തുന്നുവെന്നാണ് അന്വേഷണം.
          സാഹിത്യത്തിന് ചിത്രകലയെക്കാള്‍ ചില മേഖലകളെ കൂടുതല്‍ സമര്‍ത്ഥമായി ആവിഷ്കരിക്കാന്‍ കഴിയും, ചിത്രകലയ്ക്ക് തിരിച്ചും.ഭാഷ കാവ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരിമിതിയാണ്.ഏതേതു ഭാഷയില്‍ രചിക്കപ്പെടുന്നുവോ അതാതു ഭാഷയിലാണ് സാഹിത്യം തിളങ്ങുക.ചിത്രകലക്ക് അത്തരമൊരു പരിധിയില്ല. അതൊരുന്ന ലോകഭാഷയാണ്. വ്യാഖ്യാനങ്ങളോ ഭാഷാന്തരങ്ങളോ അവിടെ ആവശ്യമില്ല.വ്യത്യസ്തമായ തലത്തിലും കാലത്തിലും പരിതസ്ഥിതിയിലുമൊക്കെ ചിത്രകല ആസ്വദിക്കപ്പെടുന്നതിന് തടസ്സവുമില്ല. അതുകൊണ്ടാണ് ഗൂര്‍ണിക്ക ഇന്നും പ്രസക്തമാകന്നത്. കണ്ണുള്ളവര്‍‌ക്കെല്ലാം അത് നിഷ്പ്രയാസം ഗ്രഹിക്കാം.ഡാന്റേയുടെ കവിത ഇറ്റാലിയന്‍ ഭാഷ പഠിച്ചിട്ടുവര്‍ക്കുമാത്രമേ ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളു. എന്നാല്‍ റാഫേലിന്റേയും ലിയനാര്‍‌ഡോവിന്റേയും ആലേഖ്യ വൈദഗ്ദ്യം മനസ്സിലാക്കുവാന്‍ ഇറ്റാലിയന്‍ പഠിക്കേണ്ടതില്ലഎന്ന് പോള്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
          ചിത്രകലയുടെ പരിമിതി, കാലത്തിന്റെ ഒരു ഖണ്ഡത്തെയാണ് അതിന് ആവിഷ്കരിക്കാന്‍ കഴിയുകയുള്ളു എന്നതാണ്. മൊണാലിസ എന്തിനു വേണ്ടിയാണ് ചിരിക്കുന്നതെന്ന് നമുക്ക് അറിയില്ല. ചിരിച്ചുകഴിഞ്ഞ് എന്തു ചെയ്തുവെന്നും നമുക്ക് അറിയില്ല. എന്നാല്‍ ചിരിയുടേതായ ആ ഒരു നിമിഷത്തെ ഏതുകാലത്തും ആസ്വാദ്യമാക്കി നിറുത്തുവാന്‍ ചിത്രകാരന് കഴിഞ്ഞു. ഒരു നിമിഷം എന്നതാണ് ഇവിടെ സവിശേഷമായും ശ്രദ്ധിക്കേണ്ടത്.കുന്നിന്‍മുകളില്‍ നിന്നും താഴേക്ക് ഉരുളുന്ന ഒരു കല്ലിന്റെ ചലനത്തെ ചിത്രകലയ്ക്ക് ആവിഷ്കരിക്കുക വയ്യ. അതുകൊണ്ടാണ് ലെസ്സിംഗിനെ ഉദ്ധരിച്ചുകൊണ്ട് ചിത്രത്തിന്റെ ഭാഷ സ്ഥലത്തില്‍ നിലകൊള്ളുന്ന രേഖകളും വര്‍ണങ്ങളുമാണ്.കാവ്യത്തിന്റെ ഭാഷയാകട്ടെ കാലത്തില്‍ നിലകൊള്ളുന്ന അര്‍ത്ഥവത്തായ ശബ്ദസമൂഹമാണ്.വസ്തുവും ഛായയും തമ്മില്‍ പരസ്പരബന്ധമുണ്ടെന്നും അവ ഒരേ സാമാന്യനിയമത്തിന് വിധേയമാണെന്നുമുള്ളത് തര്‍ക്കമറ്റ സംഗതിയായതുകൊണ്ട് ഏകകാലത്ത് നിലകൊള്ളുന്ന ഛായകള്‍ , ഏക കാലത്ത് നിലൊകൊള്ളുന്ന വസ്തുക്കളെ അഥവാ ഏക കാലത്തിലുള്ള അംശങ്ങള്‍‌ ചേര്‍ന്ന വസ്തുക്കളെ മാത്രമേ പ്രതിബിംബിക്കുകയുള്ളു.ഫലത്തില്‍ പോള്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ , കാലക്രമത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുതകളാണ് കാവ്യത്തിന് പ്രത്യേകമായുള്ള പ്രതിപാദ്യമണ്ഡലം.സ്ഥല നിബദ്ധമായ നിശ്ചലാവസ്ഥകളെ കാവ്യത്തിനു വര്‍ണ്ണിക്കുവാന്‍ സാധിക്കുകയില്ലെന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം.പക്ഷേ കാവ്യം അതിനോടു മത്സരിക്കുവാന്‍ പുറപ്പെടുന്ന പക്ഷം ചിത്രകലയോടു മത്സരിക്കുകയാണ് ചെയ്യുന്നത്.ഈ മത്സരത്തില്‍ കാവ്യം പരാജയപ്പെടുകയേയുള്ളു എന്ന് ലേഖനം പറയുന്നു. ചലനമാണ് കവിതയുടെ ജീവന്‍എന്ന് പറയുന്നതിനെക്കൂടി ഇവിടെ കണക്കിലെടുക്കുക.
അതുകൊണ്ട് ആദ്യം സൂചിപ്പിച്ചതുപോലെ രണ്ടിലേത് മികച്ചത് എന്ന ചിന്ത അപ്രസക്തമാണ്. രണ്ടിന്റേയും സാധ്യതകളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് മൂല്യങ്ങളെ അന്വേഷിക്കുക എന്നതാണ് കരണീയമായിട്ടുള്ളത്. തര്‍ക്കങ്ങള്‍ അതുകൊണ്ടുതന്നെ അപ്രസക്തമാകുന്നു.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം