Saturday, July 8, 2017

#ദിനസരികള്‍ 87


ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭുവിലസ്ഥിര , മസംശയമിന്നു നിന്റെ
യാ ഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍ - മലയാളികളുടെ ഭാവുകത്വസങ്കല്പങ്ങളെ പുത്തന്‍മൂശയിലിട്ട് ഉരുക്കിപ്പണിത കുമാരനാശാന്റെ വീണപൂവ് 1907 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.ക്ഷണികമായ ജീവിതത്തിന്റെ സമസ്തവൈവശ്യങ്ങളേയും ആവിഷ്കരിക്കുന്ന ഇക്കൃതി ആശാന്‍ പറയുന്ന പോലെതന്നെ വൈരാഗ്യമേറിയ വൈദികനേയും ഭയന്നോടുന്ന ഭീരുവിനേയും ഒരേപോലെ ആകര്‍ഷിക്കത്തക്കതാണ്.   മലയാള കാവ്യലോകത്തെ അത്ഭുതമായി മാറിയ ആ കൃതിയെക്കുറിച്ചുള്ള പഠനങ്ങളുടെ ശേഖരമാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വീണപൂവ് വീഴാത്ത പൂവിന്റെ സമരോത്സുക സഞ്ചാരം എന്ന കൃതി.നാളിതുവരെ മലയാളത്തിലിറങ്ങിയിട്ടുള്ള വീണപൂവ് പഠനങ്ങളെല്ലാംതന്നെ ശേഖരിച്ചത് എന്‍ ജയകൃഷ്ണനാണ്.
            ഏകദേശം അമ്പതോളം നിരുപകരുടെ ഒരു നിരതന്നെ ഈ പുസ്തകത്തില്‍ അണിനിരക്കുന്നു. എം കെ സാനു , എം ലീലാവതി ,ആഷാ മേനോന്‍ , സുനില്‍ പി ഇളയിടം തുടങ്ങി മലയാളത്തിലെ തലയെടുപ്പുള്ളവരെല്ലാംതന്നെ വീണപൂവ് എന്ന ഖണ്ഡകാവ്യം തങ്ങള്‍‍ക്കെന്താണ് എന്ന് വിശദീകരിക്കുന്നുണ്ട്.വീണപൂവിന് ആശാന്റെ സ്വകാര്യജീവിതവുമായി ബന്ധമുണ്ടെന്നും ആ ജീവിതം നല്കിയ മുറിവുകളില്‍ നിന്നാണ് വീണപൂവുണ്ടായെതെന്നും ഡോ. ലീലാവതി.വിലാപത്തിന്റെ വേദനാജനകമായ സ്വരമല്ല മറിച്ച് , കരുണത്തിന്റെ ആര്‍ദ്രതയാണ് എന്ന് എം കെ സാനു.വീണപൂവ് നിശ്ചയമായും വിഷാദത്തിന്റെ ഘനീഭാവമാണ്.പക്ഷേ അത് ജീവിത പരാങ്മുഖമായ വിഷാദമാണോ ?അല്ലെന്നുതന്നെ പറയേണ്ടിവരും എന്ന് ആഷാമേനോന്‍ .കേവലം തരളഭാവനയുടെയോ ചപലവികാരങ്ങളുടേയോ വേലിയേറ്റമല്ല ആ കവിതയില്‍ കണ്ടത് തിളച്ചുരുകുന്ന ജീവിതവേദനകളും നുരഞ്ഞുപൊന്തുന്ന ലൌകികാഹ്ലാദവുമൊക്കെ നവശില്പങ്ങള്‍ വാര്‍ത്തെടുക്കുന്ന കവി മനസ്സിന്റെ ചലനാത്മകമായ കരുവിലേക്ക് വീണുണ്ടായ അനുപമമായ ശില്പമാണ് വീണപൂവെന്ന് ഡോ കെ എസ് രവികുമാര്‍.വീണുകിടക്കുന്ന ഒരു പൂവിനെ കേന്ദ്രമാക്കിയതിലൂടെ കവിതയെ പുറംലോകത്തിലേക്ക് നയിക്കുകയായിരുന്നു ആശാന്‍ ; അതുവഴി കവിത ഒരു തുറന്ന സ്ഥലമാണെന്ന് പ്രഖ്യാപിക്കുകയും.അതുവരെ കവിത അകംലോകങ്ങളുടെയായിരുന്നു എന്ന് ഡോ പി കെ രാജശേഖരന്‍.

            ഇങ്ങനെ വിവിധങ്ങളായ നിരീക്ഷണങ്ങളുടെ രുചിഭേദങ്ങള്‍ കൊണ്ട് സമ്പന്നമായ ഒരു കലവറയാണ് ഈ പുസ്തകം. ഇതിലെ ഓരോ എഴുത്തുകാരനും ഓരോ കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്നു. അവരവരുടെ കാഴ്ചയാണ് ശരിയെന്ന് ആവര്‍ത്തിക്കുന്നു.അവരെ നിങ്ങള്‍ക്കു തള്ളുകയോ കൊള്ളുകയോ ചെയ്യാം.പക്ഷേ വീണപൂവ് എന്ന ആശാന്‍ കൃതി അപ്പോഴും ഒരു വിളക്കുമരമായി നാല്ക്കവലയില്‍ പ്രകാശം പൊഴിക്കുന്നുണ്ടാവും. ആ പ്രകാശത്തില്‍ നിങ്ങള്‍ നിങ്ങളുടേതായ ഒരു ദര്‍ശനത്തെ കണ്ടെടുക്കാനും കഴിയും ; കാലാതിവര്‍ത്തിയായ മറ്റേതു കൃതിയും ചെയ്യുന്ന പോലെത്തന്നെ.

Friday, July 7, 2017

#ദിനസരികള്‍ 86


ഇംഗ്ലീഷ് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ലോകഭാഷയാണ്.ഭൂലോകമാകെ വ്യാപിച്ചു കിടക്കുന്ന ആ ഭാഷാശൃംഖല എന്തെന്ത് ആശയങ്ങളെ വിളംബരം ചെയ്യുന്നില്ല ? “ ഇന്തോ-യൂറോപ്യൻ‍ ഭാഷാകുടുംബത്തിൽ പെടുന്ന ജർമാനിക് ഭാഷയുടെ ഉപശാഖയായ പശ്ചിമ ജർമ്മാനിക് ഭാഷയിൽ നിന്നു രൂപപ്പെട്ട ഭാഷയായ ഇംഗ്ലിഷ് (ആംഗലേയഭാഷ) ആദ്യമായി ഇംഗ്ലന്റിലാണ് സംസാരിക്കപ്പെട്ടത്. ഇന്ന് ലോകത്തിലേറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണിത്. ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, അയര്‌ലന്റ്, യുണൈറ്റഡ് കിംഗ്‌ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ മാതൃഭാഷയാണ്. മന്റാരിൻ ചൈനീസ്, സ്പാനിഷ് എന്നീ ഭാഷകൾ കഴിഞ്ഞ് ലോകത്തിലേറ്റവും കൂടുതലാളുകളുടെ രാഷ്ട്രഭാഷയാണ്. ഇത് രണ്ടാം ഭാഷയായി വ്യാപകമായി അഭ്യസിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെയും പല കോമൺവെൽത് രാജ്യങ്ങളുടെയും യുനൈറ്റഡ് നേഷൻസിന്റെയും പല ലോക സംഘടനകളുടെയും ഔദ്യോഗിക ഭാഷയുമാണ് “ – എന്ന് മലയാളം വിക്കിപ്പീഡിയ പറയുന്നു.ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് നമ്മെ വിജ്ഞാനത്തിന്റെ പുത്തന്‍ ചക്രവാളങ്ങള്‍ തേടാന്‍ പ്രാപ്തരാക്കും എന്ന കാര്യത്തില്‍ സംശയമില്ല.ആ അര്‍ത്ഥത്തില്‍ ഇംഗ്ലീഷ് ഭാഷയോളം പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു ഭാഷ ഇല്ലെന്നുതന്നെ പറയാം.പ്രാചീനവും താരതമ്യേന അര്‍വ്വാചീനവുമായ ഭാഷകളില്‍ പലതിനും പലതരത്തിലുള്ള സവിശേഷതകള്‍ ഏറെയുണ്ടെങ്കിലും ആംഗലേയത്തിന് സിദ്ധിച്ച ജനപ്രീതി ഇടിവുതട്ടാതെ ഉത്തരോത്തരം മേല്‍ഗതി തേടുകയാണ്.
            കാര്യം അങ്ങനെയൊക്കെയാണെങ്കിലും ഇത്രയും പ്രാധാന്യവും പ്രസക്തിയുമുള്ള ആംഗലേയം അഭ്യസിക്കുന്നതിന് നമ്മെ സഹായിക്കാന്‍ നമ്മുടെ ഭാഷയില്‍ എടുത്തുകാണിക്കാവുന്ന എത്ര ഗ്രന്ഥങ്ങളുണ്ട് എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.പരസ്യത്തിന്റെ പരിവേഷത്തില്‍ പൊങ്ങിനില്ക്കാത്ത , ശരിക്കും ഇംഗ്ലീഷ് പഠിക്കാന്‍ സഹായിക്കുന്ന എത്ര പുസ്തകങ്ങള്‍ എന്ന ചോദ്യത്തിന് പ്രസക്തി ഉണ്ടെന്നുതന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. പത്തുറുപ്പികക്ക് കിട്ടുന്ന ഇംഗ്ലീഷ് ഭാഷാ സഹായി മുതല്‍ രണ്ടായിരവും മൂവായിരവുമൊക്കെ വിലയിട്ടുവരുന്നവയും നമ്മുടെ വിപണിയില്‍ ലഭ്യമാണ്.പരസ്യത്തിന്റെ പിന്‍ബലത്താല്‍ വിപണി കീഴടക്കിയവയും ഉദാഹരണത്തിന് പി വി രവീന്ദ്രന്റെ ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല പോലെയുള്ളവ എന്നാല്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ ഗുണം ചെയ്യാത്തവയുമായി നിരവധി പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കൊയ്തുകരയേറ്റി മെതിക്കാനെടുക്കുമ്പോഴാണ് അതൊക്കെ പതിരാണല്ലോ എന്ന തിരിച്ചറിവ് നമുക്കുണ്ടാകുന്നത് .

            അത്ര ശുഷ്കമാണോ നമ്മുടെ ഈ മേഖല ? ആണെന്നുതന്നെ പറയേണ്ടിവരും.ഒ അബൂട്ടിയേയും പ്രൊഫസര്‍ വി സുകുമാരനേയും പോലെയുള്ളവരെ മറന്നുകൊണ്ടല്ല ഞാനിതു പറയുന്നത്. അവരൊക്കെ ഈ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്കിയിട്ടുമുണ്ട്. തെറ്റുകളുണ്ടെങ്കിലും വെട്ടം മാണിയുടെ ഇംഗ്ലീഷ് ഗുരുനാഥന്‍ ഈ രംഗത്തെ ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണെന്ന് പറയാതിരിക്കാന്‍ വയ്യ.ഭാഷാന്തരപ്പെടുത്തി പഠിപ്പിക്കുന്ന ആ രീതിയും നല്ലതുതന്നെ.എന്നാല്‍ ആധുനിക ഭാഷാ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ഇംഗ്ലീഷ് ഭാഷ അഭ്യസിപ്പിക്കുന്ന സമഗ്രമായ ഒരു ഗ്രന്ഥത്തിന്റെ അഭാവം നമുക്കുണ്ട്.

Thursday, July 6, 2017

#ദിനസരികള്‍ 85


ആദിവാസികളുടെ പേരില്‍ എത്രയോ സമരകോലാഹലങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചു?എത്രയോ കോടി രൂപ വകയിരുത്തി ? എത്രയോ വികസന പദ്ധതികള്‍ നടപ്പിലാക്കി ? എത്രയോ കുടിലുകള്‍ വാര്‍‌ത്തെടുത്തു ? എത്രയോ സ്കൂളുകള്‍ പണിതു തീര്‍ത്തു ? എത്രയോ ആതുരാലയങ്ങള്‍ , സാംസ്കാരിക കേന്ദ്രങ്ങള്‍ , അംഗനവാടികള്‍ ? കണക്കുകള്‍ കോടികളും കവിഞ്ഞേറും എന്നാണ് കണക്ക്. എന്നിട്ടും ആദിവാസി ഇന്നും ചോര്‍‍ന്നൊലിക്കുന്ന അവന്റെ കൂരയില്‍ , പൊട്ടപ്പിഞ്ഞാണത്തിന്റെ ഇത്തിരി വട്ടത്തില്‍‍പ്പോലും നിറച്ചൊഴിച്ച് കഴിക്കാനില്ലാത്ത ദാരിദ്ര്യത്തെ പുണര്‍ന്ന് , തുള വീണ പുതപ്പുകള്‍ക്കടിയില്‍ നിര്‍വികാരനായി , ആരോടും പരിഭവപ്പെടാതെ ജീവിച്ചു മരിക്കുന്നു. എവിടെയാണ് അവനുവേണ്ടി അനുവദിച്ച കോടികള്‍ പോയ്മറഞ്ഞത് എന്ന് ചോദിക്കുന്നതാണ് സാമാന്യബുദ്ധിയുടെ രീതിയെങ്കിലും , ആര്‍ക്കാണ് ആദിവാസി എന്നും ആദിവാസിയായിത്തന്നെ കഴിയണം എന്ന നിര്‍ബന്ധമുള്ളത് എന്നു ചോദിക്കുന്നതാണ് എനിക്ക് കൂടുതല്‍ ഉചിതമായി തോന്നുന്നത്.
            ആദിവാസി പ്രേമം പറയാത്ത ഒരു വ്യക്തിയെയെങ്കിലും കണ്ടെത്താന്‍ കഴിയുമോ ? ഇല്ല എന്നാണ് ഈയുള്ളവന്റെ അനുഭവം പറയുന്നത്. നമ്മുടെ ചുറ്റും ഈ പ്രേമത്തെ ഫാഷനായി കൊണ്ടുനടക്കുന്നവരുടെ ഒരു നിരതന്നെയുണ്ട്.ആദിവാസികളെ മുന്നില്‍ നിറുത്തി തട്ടിപ്പു നടത്തുന്നവര്‍ , അവരുടെ അവകാശങ്ങള്‍ പിടിച്ചെടുക്കുന്നവര്‍ , അവരെ ലൈംഗികമായും മറ്റു തരത്തിലും ചൂഷണം ചെയ്യുന്നവര്‍ - ഇത്തരക്കാരൊക്കെ എടുത്തണിയുന്ന മുഖംമൂടി ആദിവാസി പ്രേമത്തിന്റേതാണ്. തിരിച്ചറിയപ്പെടുന്നതുവരെ ആദിവാസികളുടെ മിശിഹയായി പരിലസിക്കുന്ന ഇത്തരക്കാര്‍  , ആദിവാസികള്‍ക്ക് വേണ്ടി സത്യസന്ധമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നവരെപ്പോലും പിന്നോട്ടടിപ്പിക്കും. കോളനികളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളെപ്പറ്റി നമ്മുടെ സര്‍ക്കാര്‍ ഏജന്‍സികളോട് ചോദിച്ചു നോക്കൂ. നാംതന്നെ ഞെട്ടിപ്പോകുന്ന തരത്തിലായിരിക്കും കണക്കുകള്‍ നിരത്തുന്നത്. ഒരിക്കലെങ്കിലും ആദിവാസികളുടെ ജീവിതം എന്തെന്ന് നേരിട്ടറിയാതെയോ കോളനികളില്‍ സന്ദര്‍ശിക്കാതെയോ ഈ കണക്കുകളെ അടിസ്ഥാനപ്പെടുത്തി നമ്മുടെ ആദിവാസികളുടെ ജീവിതനിലവാരം അടയാളപ്പെടുത്താന്‍ ശ്രമിച്ചാല്‍ പട്ടിണിയും പരിവട്ടവുമില്ലാത്ത ഒരു മാവേലിക്കാലത്തെയായിരിക്കും നമുക്കു കിട്ടുക. എന്നാല്‍ വാസ്തവം തുലോം വിഭിന്നമായിരിക്കും.കയറിക്കിടക്കാന്‍ ഒരു കൂരയോ വെച്ചുണ്ണാന്‍ ഭക്ഷണസാധനങ്ങളോ കുളിക്കാനും കുടിക്കാനും  ശുദ്ധജലമോ കിട്ടാത്ത കോളനികളുടെ വഴികളാകെ കോടിക്കണക്കിന് രൂപയുടെ ടൈലുകള്‍ പാകി മോടിപിടിപ്പിച്ച വികസന മാതൃക ഒന്നുമാത്രം മതി ആദിവാസികളോടുള്ള നമ്മുടെ സമീപനം എന്താണെന്ന് മനസ്സിലാക്കാന്‍.
            ഇനിയെങ്കിലും ആദിവാസികളോടുള്ള നമ്മുടെ സമീപനം മാറണം. ഒരു പരിഷ്കൃത ജനത എന്ന് സ്വയം അവകാശപ്പെടുന്ന നമ്മള്‍ അതിനൊത്ത രീതിയില്‍ ആദിവാസികളേയും അവരുടെ പ്രശ്നങ്ങളേയും സമീപിക്കാനും പരിഹരിക്കാനും ശ്രമിക്കണം. കക്ഷിരാഷ്ട്രീയത്തിന്റെ പോര്‍മുനകളായി ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കള്‍ എന്ന തലത്തില്‍ നിന്നും ആദിവാസികളുടെ പ്രശ്നങ്ങളെ മനുഷ്യത്വത്തിന്റെ പേരില്‍ നാം ഏറ്റെടുക്കണം.
           
           

            

Wednesday, July 5, 2017

#ദിനസരികള്‍ 84


ജി എസ് ടി നടപ്പിലായതോടെ വ്യാപാരമേഖലയെ ആകെ ബാധിച്ചിരിക്കുന്ന ആശയക്കുഴപ്പം ഇന്നേക്ക് ആറുദിവസമായിട്ടും വിട്ടകലുന്നില്ല എന്നു തന്നെയാണ് സൂചനകള്‍.നിരീക്ഷണത്തിനും നിര്‍‌ദ്ദേശങ്ങള്‍ക്കും രാജ്യമാകെ സംവിധാനം ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികാരികള്‍ അവകാശപ്പെടുമ്പോഴും ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വില വ്യാപാരികള്‍ തങ്ങള്‍ക്കു തോന്നിയപോലെ നിശ്ചയിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്നു. ജി എസ് ടി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ഉടലെടുത്ത അമിതലാഭ പ്രവണത ചെറുക്കുന്നതിന് വേണ്ടി അടിയന്തിരനടപടി സ്വീകരിക്കണമെന്ന് കേരള ധനവകുപ്പു മന്ത്രിക്ക് ആവശ്യപ്പെടേണ്ടി വന്നത് വിലനിലവാരത്തിലെ അരാജകത്വം ശ്രദ്ധയില്‍ പെട്ടതുകൊണ്ടാവണം.
            ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടുകളില്‍ സഹായമാകുന്ന നാടന്‍ ഭക്ഷ്യോല്പന്നങ്ങള്‍ക്ക് പതിനെട്ടു ശതമാനം വരെ നികുതി ഈടാക്കേണ്ടുന്ന അവസ്ഥയാണ് . കേന്ദ്രം നിശ്ചയിച്ചു നല്കിയ ഉത്പന്നങ്ങള്‍‌ക്കൊക്കെ കൃത്യമായ നികുതി ചുമത്തുന്നുണ്ടെങ്കിലും കേരളത്തിലെ നാടന്‍ പലഹാരങ്ങള്‍ക്ക് നികുതി നിശ്ചയിക്കാത്തതുമൂലം ഉയര്‍ന്ന നികുതിയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. ഇത് ഈ മേഖലയെ പ്രതികൂലമായി ബാധിക്കുകയും കുത്തക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ വരുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.കോഴി ഇറച്ചി വ്യാപാരികളാണ് ജനങ്ങളെ ഏറ്റവും കൂടുതല്‍ പ്രത്യക്ഷമായിത്തന്നെ ചൂഷണം ചെയ്യുന്നത്.കോഴിക്ക് നികുതിയില്ല എന്ന കാര്യമൊന്നും അവര്‍ അറിഞ്ഞിട്ടില്ലെന്ന് മാത്രവുമല്ല , നികുതിയുടെ പേരുപറഞ്ഞ് ക്രമാതീതമായ വിലക്കയറ്റം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.നിലവിലുണ്ടായിരുന്ന 14.5 ശതമാനം നികുതികൂടി ഒഴിവായതോടെ കോഴി വില ശരാശരി 100 120 എന്ന തലത്തിലേക്ക് എത്തേണ്ടതിനുപകരം ഇരുന്നൂറു രൂപയിലേക്ക് കുതിക്കുകയാണ് ഉണ്ടായത്. ഇത് നാട്ടിലാകെ പ്രതിഷേധത്തിനും കോഴി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനും കാരണമായിട്ടുണ്ട്.
            പാക്കറ്റുകളില്‍ നേരത്തെ രേഖപ്പെടുത്തിയിരിക്കുന്ന വിലകളില്‍ കൂടുതലാക്കിക്കൊണ്ടുള്ള മാറ്റം അനുവദനീയമല്ല എന്നാണ് നിയമം പറയുന്നത്.എന്നാല്‍ രേഖപ്പെടുത്തിയിട്ടുള്ള എം ആര്‍ പി മായ്ച്ചുകളഞ്ഞും പുതിയതായി സ്റ്റിക്കറൊട്ടിച്ചും വില്പന നടക്കുന്നുണ്ട് എന്നതാണ് വസ്തുത. ഹോട്ടലുകളില്‍ നിലവിലുള്ള വിലയുടെ മുകളില്‍ ജി എസ് ടി ചുമത്തുന്നത് കുറ്റകരമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും തങ്ങളുടെ വാദമാണ് ശരി എന്ന നിലപാടിലാണ് ഹോട്ടലുടമകളുടെ അസോസിയേഷന്‍. അതുകൊണ്ടുതന്നെ ഭക്ഷണ സാധനങ്ങള്‍ക്ക് ജി എസ് ടി  കൊണ്ടുവന്ന ആശയക്കുഴപ്പം വില വര്‍ദ്ധനവിന് കാരണമാക്കിയിട്ടുണ്ട്. വിലകുറയാത്ത സാഹചര്യത്തില്‍ വില കുറയുന്ന നൂറ്റിയൊന്നു സാധനങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചുണ്ടെങ്കിലും വ്യാപാര മേഖലയിലെ അനിശ്ചിതത്വം തുടരുക തന്നെയാണ്.

            വ്യാപാര മേഖലയില്‍ കൃത്യമായ പരിശോധനകള്‍ നടത്തി അനാവശ്യമായി വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിച്ചും ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബോധവത്കരണ ക്ലാസുകള്‍ നല്കിയും നിലനില്ക്കുന്ന അനിശ്ചിതത്വം മാറ്റിയെടുക്കേണ്ടതാണ്. വാങ്ങുന്നവനും വില്ക്കുന്നവനും ജി എസ് ടിയെക്കുറിച്ച് ധാരണ ഉണ്ടായാല്‍ത്തന്നെ നിലനില്ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

Tuesday, July 4, 2017

#ദിനസരികള്‍ 83


നികുതി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് വില്ലേജ് ഓഫീസിന്റെ ഗ്രില്ലില്‍ തൂങ്ങിമരിച്ച ജോയി എന്ന തോമസിനെ കേരളം മറന്നിട്ടില്ല.തനിക്ക് നിയമപരമായി അര്‍ഹതപ്പെട്ട അവകാശം ലഭിക്കാത്തതില്‍ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.നികുതി മുറിക്കാതെ വില്ലേജ് ഉദ്യോഗസ്ഥന്മാര്‍ നടത്തിയ തടസ്സവാദങ്ങള്‍ അസ്ഥാനത്തായിരുന്നുവെന്ന് അദ്ദേഹം മരിച്ച ഉടനെ നികുതി സ്വീകരിച്ചതിലൂടെ അധികാരികള്‍ സമ്മതിക്കുകയുമുണ്ടായി.വില്ലേജ് ഓഫീസര്‍ സസ്പെന്‍ഷനിലാകുകയും വില്ലേജ് അസിസ്റ്റന്റ് സലീഷ് തോമസ് റിമാന്റിലാകുകയും ചെയ്ത പ്രസ്തുതകേസ് , കേരളത്തിലെ ഉദ്യോഗസ്ഥന്മാരുടെ അസാന്മാര്‍ഗികസ്വഭാവം വെളിപ്പെടുത്തുന്ന ഒന്നായി പരിഗണിക്കപ്പെട്ടു. ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റരീതികളെക്കുറിച്ചും അന്യായമായി അപേക്ഷരെ വലക്കുന്നതിനെക്കുറിച്ചുമൊക്കെ ജനങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രസ്തുത വിഷയത്തിലിടപെടുകയും അന്യായമായ അവകാശനിരാകരണം അനുവദിക്കില്ലെന്നും അതിന് ഇടയാക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും മുന്നറിയിപ്പ് നല്കുകയുണ്ടായി. നിലവിലുള്ള ജനകീയസര്‍ക്കാറിന്റെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള സമീപനമാണ് ചില ഉദ്യോഗസ്ഥരുടെ പക്ഷത്തുനിന്നുണ്ടാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു
            അങ്ങനെ ജനങ്ങളും സര്‍ക്കാറും കോടതിയും, കുറ്റക്കാരെന്ന് കണ്ടവര്‍‌ക്കെതിരെ ഉചിതമായ നടപടി ശുപാര്‍ശചെയ്തപ്പോള്‍ ആ അപരാധികളെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണ് റവന്യു വകുപ്പിലെ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൌണ്‍സില്‍ എന്നറിയുന്നത് ലജ്ജാകരമാണ്. #OneDayPayForSaleesh,#StandwithSaleesh എന്നീ ഹാഷ് ടാഗുകളില്‍ സലീഷിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ഒരു ദിവസത്തെ വേതനമോ അതല്ലെങ്കില്‍ കഴിയാവുന്ന തുകയോ സലീഷ് ജയില്‍വാസമനുഭവിക്കുന്ന കൊയിലാണ്ടി സബ് ജയിലിലേക്ക് അയച്ചുകൊടുക്കാനാണ് ജീവനക്കാരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.എന്നു മാത്രവുമല്ല സലീഷിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ദിവസത്തെ കൂട്ട അവധിയെടുക്കലിനും സംഘട ആഹ്വാനം ചെയ്തിട്ടുണ്ട്.
            പാരമ്പര്യമായി കിട്ടി സ്വത്ത് , പുറമ്പോക്കാണെന്നും വനഭൂമിയാണെന്നുമൊക്കെ പറഞ്ഞ് നികുതിദായകനെ തെറ്റിദ്ധരിപ്പിച്ച് കൈക്കൂലി നേടിയെടുക്കാന്‍ ശ്രമിച്ച വില്ലേജ് ഉദ്യോഗസ്ഥനെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് ഓര്‍മ വേണം. തനിക്ക് വേറെ നിര്‍വ്വാഹമില്ലെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും കാണിച്ച് വില്ലേജ് ഓഫീസര്‍ക്ക് പരാതിയ നല്കിയ ജോയിയെ മാനസികരോഗിയായി ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയാണ് സംഘടനക്കാര്‍ മുദ്രാവാക്യം വിളിക്കുന്നതെന്ന് ഓര്‍മവേണം. നായകനെ നഷ്ടപ്പെട്ട കുടുംബത്തെ സഹായിക്കാനും അവരുടെ സങ്കടങ്ങളെ മാനിക്കാനും തയ്യാറാകാത്തവരാണ് ഇപ്പോള്‍ അപരാധിയും കൈക്കൂലിക്കാരനുമായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് ഓര്‍മ വേണം.

            ഒന്നേ പറയാനുള്ളു. അധികാരത്തിന്റെ ഇരുളടഞ്ഞ വഴികളിലൂടെ നിങ്ങള്‍ക്ക് ഈ കുറ്റവാളികളെ നിരപരാധികളാക്കി രക്ഷിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ ജനങ്ങളുടെ കോടതിയും ചരിത്രവും നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും. 


Monday, July 3, 2017

#ദിനസരികള്‍ 82


ഒരു പാട്ടുകെട്ടണമെന്ന്
നിങ്ങള്‍ പറയുന്നു.
ആനന്ദത്തിന്റെ ആഘോഷത്തിന്റെ 
ഉടലുകളോടൊപ്പമുടലുകളുയര്‍ത്തുന്ന സീല്‍ക്കാരത്തിന്റെ
രസനിഷ്യന്ദിയായ
ഒരു പാട്ടുകെട്ടണമെന്ന്
നിങ്ങള്‍ പറയുന്നു.

നിങ്ങള്‍ എനിക്കു ചുറ്റും
ചുവടുവെച്ചു കാണിക്കുന്നു
ഉത്കടമായ ആനന്ദത്തിന്റെ
ലക്ഷണങ്ങളെന്തെന്ന് .
പാട്ടില്‍ ചേരേണ്ട വര്‍ണങ്ങളെ
ചാലിച്ചെടുക്കുന്നു.
നിങ്ങള്‍ പറയുന്നു ഇത് പച്ച
ഇതുകൊണ്ട് കാടുംമേടും ചമക്കുക
ഇത് നീല ഇതുകൊണ്ട് ആകാശവിതാനങ്ങളേറ്റുക
ഇത മഞ്ഞ ഇതുകൊണ്ട് പൈങ്കിളികള്‍ക്ക്
മധു നുകരാന്‍ പൂമേടുകളൊരുക്കുക.
ഇത് ചുവപ്പ് ഇതുകൊണ്ട് ഉദയാസ്തമയങ്ങളാരചിക്കുക
ഇതു കറുപ്പ് ഇതുകൊണ്ട് ഒളിവിടങ്ങള്‍ പണിയുക
ഇതു വെളുപ്പ് ഇതുകൊണ്ട് ഒളിവിടങ്ങളിലെ
താരുണ്യങ്ങള്‍ക്ക് നിറം പകരുക

വര്‍ണങ്ങള്‍ വര്‍ണങ്ങള്‍ വര്‍ണങ്ങള്‍
നിങ്ങളുടെ വര്‍ണങ്ങള്‍ എന്നെ അന്ധനാക്കുകയാണല്ലോ
എനിക്ക് നിങ്ങളുടെ മുഖങ്ങളെ വേര്‍തിരിച്ചറിയാനാകുന്നില്ലല്ലോ
കറുപ്പില്‍ കറുപ്പിഴയുന്ന രൂപങ്ങള്‍ .
ഇവിടെ എവിടെയാണ് നിറങ്ങള്‍?
ഇവിടെ എവിടെയാണ് നിറങ്ങള്‍ ?
എല്ലാ നിറങ്ങളുമൊന്നിച്ച് ഒരു നിറത്തിലേക്ക്
എല്ലാ താളങ്ങളും ഒരേ താളത്തിലേക്ക്
എല്ലാം എല്ലാം ഒന്നാകുന്നു
ഈ ഒന്നില്‍ നിന്ന് എങ്ങനെയാണ് ഞാന്‍
വൈവിധ്യങ്ങള്‍ ചാലിച്ചെടുക്കുക

ക്ഷമിക്കുക
എനിക്കു പോകണം
ഇനിയും തിരിച്ചെത്താത്ത എന്റെ നല്ലപാതി
അതിര്‍ത്തിയിലെവിടെയോ നിലവിളിക്കുന്നുണ്ട്
അകലെയെന്റെ മാടത്തില്‍
ഒരു പൈതല്‍ മുലക്കണ്ണു കാത്തിരിക്കുന്നുണ്ട്

ഒറ്റ വര്‍ണത്തില്‍ ചാലിച്ച പാട്ടിന്

ഞാന്‍ അശക്തനല്ലോ !

#ദിനസരികള്‍ 81


മാവോയിസം എന്ന അതിവിപ്ലവം കൌമാരകാലത്തെ  മറ്റേതു കുതൂഹലങ്ങള്‍ പോലെയും നമ്മുടെ യുവാക്കളെ ആവേശിക്കുന്ന ബാധയാണ്.ഒരു പ്രായത്തിന്റെ ചാപല്യം.ഒന്നിനും പൂര്‍ത്തിയില്ലെന്ന ബോധ്യത്തില്‍ നിന്നാണ് എല്ലാം പുതിയതായി തുടങ്ങണമെന്ന ചിന്ത യുവാക്കളിലേക്ക് എത്തുന്നത്. എല്ലാത്തിനേയും തളളിക്കളയാനും ഉടച്ചുവാര്‍ക്കുവാനും ത്രസിക്കുന്ന യൌവനകാലത്തിന്റെ തീക്ഷ്ണശലാകകളേല്‍ക്കുന്നവരില്‍ ചിലര്‍ ആത്മീയതയുടെ പാതയിലേക്ക് തിരിയുന്നു. ചിലരാകട്ടെ മയക്കുമരുന്നുകളുടെ ലോകത്തിലേക്ക് നിപതിക്കുന്നു. മറ്റു ചിലരാകട്ടെ കുറ്റവാളികളായി കാരാഗൃഹങ്ങളിലേക്കും സമൂഹത്തിന്റെ ഇരുളടഞ്ഞ ഏകാന്ത സ്ഥലികളിലേക്കും ചെന്നെത്തുന്നു. ഇനിയും ചിലര്‍ പുതിയൊരു വസന്തത്തിന്റെ ധ്വജവാഹകരായി ആയുധമേന്തുകയും അതിവിപ്ലവത്തെ വാരിപ്പുണരുകയും ചെയ്യുന്നു.
            വരാനിരിക്കുന്ന വസന്തത്തിന്റെ ധ്വജവാഹകര്‍. എന്തൊരു മനോഹരമായ ആശയസന്നിവേശമാണ് ഈ പ്രയോഗത്തിലൂടെ യുവാക്കളിലേക്ക് എത്തിച്ചേരുന്നതെന്നറിയാമോ ? നാം ജീവിക്കുന്ന കെട്ടകാലത്തില്‍ നിന്ന് , കെട്ട സിദ്ധാന്തങ്ങളില്‍ നിന്ന്  കരിന്തിരിക്കത്തി പൊലിഞ്ഞുപോയ ജീവിതസ്വപ്നങ്ങളില്‍ നിന്ന് മാനവസമൂഹത്തെ സ്ഥിരമായി മോചിപ്പിക്കുന്നതിനുവേണ്ടി ആയുധമേന്തുക എന്ന ദൌത്യമാണ് അതിവിപ്ളവത്തിന്റേ പാതയിലേക്ക് തിരിയുന്ന യുവാക്കളിലേക്ക് ഏല്പിക്കപ്പെടുന്നത്. എതിരെ വരുന്നതിനെയൊക്കെ തിലസദൃശം ശകലീകരിക്കുക , പിന്നീടൊരിക്കലും തല ഉയര്‍ത്താതിരിക്കുവാന്‍ തക്കവണ്ണം തകര്‍‌ത്തെറിയുക , ഉന്മൂലനം ചെയ്തേക്കുക. അതിവിപ്ലവമെന്ന ആശയത്തെ ഏതാനും വാക്കുകളിലേക്ക് ആവാഹിച്ചെടുത്താല്‍ ഇതാണ് രത്നച്ചൂരുക്കം. എന്തെങ്കിലുമൊക്കെ പൂര്‍ത്തീകരിക്കുവാനുള്ള ദൌത്യവുമായി ഇറങ്ങിപ്പുറപ്പെടുന്ന മാവോയിസ്റ്റ് ഭൂതാവേശര്‍ , ഒട്ടുദൂരം പിന്നിട്ടുകഴിയുമ്പോള്‍ മാത്രമേ തങ്ങളുടെ  വഴി ഏറെ തെറ്റിക്കഴിഞ്ഞുവെന്നും ഇനി പിന്തിരിയണമെങ്കില്‍ വന്നതിലേറെ കടമ്പകള്‍ കടക്കുവാനുണ്ട് എന്നും തിരിച്ചറിയുകയുള്ളു
            സമൂഹത്തില്‍ നിന്നും ദുഷിപ്പുകളെ ദൂരികരിക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുമ്പോഴും എന്തുകൊണ്ടാണ് മാവോയിസം ആപത്കരവും അപമാനവികവും ആകുന്നത് ? മറുപടി, ഉന്മൂലനസിദ്ധാന്തം എന്ന ഒറ്റവാക്കിലേക്കൊതുക്കാം.കൊന്നൊടുക്കലുകള്‍ പരിഹാരമാണെന്ന് ധരിച്ചു വശായിരിക്കുന്ന അപഥികളുടെ വന്ധ്യമായ ആശയങ്ങളാല്‍ സമൂഹത്തെ മാറ്റിമറിക്കുക എന്നത് അസാധ്യമാണെന്ന് ചരിത്രം സാക്ഷ്യം പറയുന്നത് കേട്ടില്ലെന്ന് നടിക്കുന്നത് അല്പത്തരമാണ്.ശത്രുവുമായി നേരിട്ടു യുദ്ധം ചെയ്യുന്ന വിപ്ലവകാലത്തിന്റെ മാനദണ്ഡങ്ങളെ മാവോയിസത്തിന്റെ ആശയസംവിധാനവുമായി തുലനം ചെയ്യുക എന്നത് മൌഢ്യമാണ്.വിപ്ലവങ്ങളും കലാപങ്ങളും ഒന്നല്ല എന്ന മാവോവാദികള്‍ മനസ്സിലാക്കേണ്ടതുണ്ട്.

            ലോകചരിത്രം രൂപപ്പെടുത്തുന്നതില്‍ പ്രേരകശക്തി ബഹുജനങ്ങള്‍ മാത്രമാണെന്ന് മാവോ പറയുന്നത് കലാപങ്ങളെ ന്യായീകരിക്കുന്നതിനുവേണ്ടിയല്ല മറിച്ച് വിപ്ലവങ്ങളെ ശ്ലാഘിക്കുന്നതിന് വേണ്ടിയാണ്.അതുകൊണ്ട് മാവോയിസത്തെ പുണര്‍ന്നവര്‍ക്ക് നരച്ചൊടുങ്ങാമെന്നല്ലാതെ സാമൂഹികമാറ്റത്തിന്റെ , ജനങ്ങള്‍ പ്രതീക്ഷിക്കുന്ന വിപ്ലവത്തിന്റെ പതാകയേന്തുവാന്‍ കഴിയില്ല എന്നത് വസ്തുതയാണ്.