#ദിനസരികള്‍ 81
മാവോയിസം എന്ന അതിവിപ്ലവം
കൌമാരകാലത്തെ മറ്റേതു കുതൂഹലങ്ങള്‍
പോലെയും നമ്മുടെ യുവാക്കളെ ആവേശിക്കുന്ന ബാധയാണ്.ഒരു പ്രായത്തിന്റെ
ചാപല്യം.ഒന്നിനും പൂര്‍ത്തിയില്ലെന്ന ബോധ്യത്തില്‍ നിന്നാണ് എല്ലാം പുതിയതായി
തുടങ്ങണമെന്ന ചിന്ത യുവാക്കളിലേക്ക് എത്തുന്നത്. എല്ലാത്തിനേയും തളളിക്കളയാനും
ഉടച്ചുവാര്‍ക്കുവാനും ത്രസിക്കുന്ന യൌവനകാലത്തിന്റെ തീക്ഷ്ണശലാകകളേല്‍ക്കുന്നവരില്‍
ചിലര്‍ ആത്മീയതയുടെ പാതയിലേക്ക് തിരിയുന്നു. ചിലരാകട്ടെ മയക്കുമരുന്നുകളുടെ ലോകത്തിലേക്ക്
നിപതിക്കുന്നു. മറ്റു ചിലരാകട്ടെ കുറ്റവാളികളായി കാരാഗൃഹങ്ങളിലേക്കും സമൂഹത്തിന്റെ
ഇരുളടഞ്ഞ ഏകാന്ത സ്ഥലികളിലേക്കും ചെന്നെത്തുന്നു. ഇനിയും ചിലര്‍ പുതിയൊരു
വസന്തത്തിന്റെ ധ്വജവാഹകരായി ആയുധമേന്തുകയും അതിവിപ്ലവത്തെ വാരിപ്പുണരുകയും
ചെയ്യുന്നു.
“വരാനിരിക്കുന്ന
വസന്തത്തിന്റെ ധ്വജവാഹകര്‍”.
എന്തൊരു മനോഹരമായ ആശയസന്നിവേശമാണ് ഈ പ്രയോഗത്തിലൂടെ യുവാക്കളിലേക്ക്
എത്തിച്ചേരുന്നതെന്നറിയാമോ ?
നാം ജീവിക്കുന്ന കെട്ടകാലത്തില്‍ നിന്ന് , കെട്ട
സിദ്ധാന്തങ്ങളില്‍ നിന്ന്
കരിന്തിരിക്കത്തി പൊലിഞ്ഞുപോയ ജീവിതസ്വപ്നങ്ങളില്‍ നിന്ന് മാനവസമൂഹത്തെ
സ്ഥിരമായി മോചിപ്പിക്കുന്നതിനുവേണ്ടി ആയുധമേന്തുക എന്ന ദൌത്യമാണ്
അതിവിപ്ളവത്തിന്റേ പാതയിലേക്ക് തിരിയുന്ന യുവാക്കളിലേക്ക് ഏല്പിക്കപ്പെടുന്നത്.
എതിരെ വരുന്നതിനെയൊക്കെ തിലസദൃശം ശകലീകരിക്കുക , പിന്നീടൊരിക്കലും തല ഉയര്‍ത്താതിരിക്കുവാന്‍
തക്കവണ്ണം തകര്‍ത്തെറിയുക , ഉന്മൂലനം ചെയ്തേക്കുക. അതിവിപ്ലവമെന്ന ആശയത്തെ ഏതാനും
വാക്കുകളിലേക്ക് ആവാഹിച്ചെടുത്താല്‍ ഇതാണ് രത്നച്ചൂരുക്കം. എന്തെങ്കിലുമൊക്കെ പൂര്‍ത്തീകരിക്കുവാനുള്ള
ദൌത്യവുമായി ഇറങ്ങിപ്പുറപ്പെടുന്ന മാവോയിസ്റ്റ് ഭൂതാവേശര്‍ , ഒട്ടുദൂരം
പിന്നിട്ടുകഴിയുമ്പോള്‍ മാത്രമേ തങ്ങളുടെ
വഴി ഏറെ തെറ്റിക്കഴിഞ്ഞുവെന്നും ഇനി പിന്തിരിയണമെങ്കില്‍ വന്നതിലേറെ
കടമ്പകള്‍ കടക്കുവാനുണ്ട് എന്നും തിരിച്ചറിയുകയുള്ളു
സമൂഹത്തില്‍ നിന്നും ദുഷിപ്പുകളെ ദൂരികരിക്കുക എന്നതാണ്
ലക്ഷ്യമെന്ന് പ്രഖ്യാപിക്കുമ്പോഴും എന്തുകൊണ്ടാണ് മാവോയിസം ആപത്കരവും അപമാനവികവും
ആകുന്നത് ?
മറുപടി, ഉന്മൂലനസിദ്ധാന്തം എന്ന ഒറ്റവാക്കിലേക്കൊതുക്കാം.കൊന്നൊടുക്കലുകള്‍
പരിഹാരമാണെന്ന് ധരിച്ചു വശായിരിക്കുന്ന അപഥികളുടെ വന്ധ്യമായ ആശയങ്ങളാല്‍ സമൂഹത്തെ
മാറ്റിമറിക്കുക എന്നത് അസാധ്യമാണെന്ന് ചരിത്രം സാക്ഷ്യം പറയുന്നത് കേട്ടില്ലെന്ന്
നടിക്കുന്നത് അല്പത്തരമാണ്.ശത്രുവുമായി നേരിട്ടു യുദ്ധം ചെയ്യുന്ന
വിപ്ലവകാലത്തിന്റെ മാനദണ്ഡങ്ങളെ മാവോയിസത്തിന്റെ ആശയസംവിധാനവുമായി തുലനം ചെയ്യുക
എന്നത് മൌഢ്യമാണ്.വിപ്ലവങ്ങളും കലാപങ്ങളും ഒന്നല്ല എന്ന മാവോവാദികള്‍
മനസ്സിലാക്കേണ്ടതുണ്ട്.
ലോകചരിത്രം രൂപപ്പെടുത്തുന്നതില്‍ പ്രേരകശക്തി ബഹുജനങ്ങള്‍
മാത്രമാണെന്ന് മാവോ പറയുന്നത് കലാപങ്ങളെ ന്യായീകരിക്കുന്നതിനുവേണ്ടിയല്ല മറിച്ച്
വിപ്ലവങ്ങളെ ശ്ലാഘിക്കുന്നതിന് വേണ്ടിയാണ്.അതുകൊണ്ട് മാവോയിസത്തെ പുണര്‍ന്നവര്‍ക്ക്
നരച്ചൊടുങ്ങാമെന്നല്ലാതെ സാമൂഹികമാറ്റത്തിന്റെ , ജനങ്ങള്‍ പ്രതീക്ഷിക്കുന്ന
വിപ്ലവത്തിന്റെ പതാകയേന്തുവാന്‍ കഴിയില്ല എന്നത് വസ്തുതയാണ്.
Comments