#ദിനസരികള്‍ 82
ഒരു പാട്ടുകെട്ടണമെന്ന്
നിങ്ങള്‍ പറയുന്നു.
ആനന്ദത്തിന്റെ ആഘോഷത്തിന്റെ
ഉടലുകളോടൊപ്പമുടലുകളുയര്‍ത്തുന്ന സീല്‍ക്കാരത്തിന്റെ
രസനിഷ്യന്ദിയായ
ഒരു പാട്ടുകെട്ടണമെന്ന്
നിങ്ങള്‍ പറയുന്നു.
നിങ്ങള്‍ എനിക്കു ചുറ്റും
ചുവടുവെച്ചു കാണിക്കുന്നു
ഉത്കടമായ ആനന്ദത്തിന്റെ
ലക്ഷണങ്ങളെന്തെന്ന് .
പാട്ടില്‍ ചേരേണ്ട വര്‍ണങ്ങളെ
ചാലിച്ചെടുക്കുന്നു.
നിങ്ങള്‍ പറയുന്നു ഇത് പച്ച
ഇതുകൊണ്ട് കാടുംമേടും ചമക്കുക
ഇത് നീല ഇതുകൊണ്ട് ആകാശവിതാനങ്ങളേറ്റുക
ഇത മഞ്ഞ ഇതുകൊണ്ട് പൈങ്കിളികള്‍ക്ക്
മധു നുകരാന്‍ പൂമേടുകളൊരുക്കുക.
ഇത് ചുവപ്പ് ഇതുകൊണ്ട് ഉദയാസ്തമയങ്ങളാരചിക്കുക
ഇതു കറുപ്പ് ഇതുകൊണ്ട് ഒളിവിടങ്ങള്‍ പണിയുക
ഇതു വെളുപ്പ് ഇതുകൊണ്ട് ഒളിവിടങ്ങളിലെ
താരുണ്യങ്ങള്‍ക്ക് നിറം പകരുക
വര്‍ണങ്ങള്‍ വര്‍ണങ്ങള്‍ വര്‍ണങ്ങള്‍
നിങ്ങളുടെ വര്‍ണങ്ങള്‍ എന്നെ അന്ധനാക്കുകയാണല്ലോ
എനിക്ക് നിങ്ങളുടെ മുഖങ്ങളെ വേര്‍തിരിച്ചറിയാനാകുന്നില്ലല്ലോ
കറുപ്പില്‍ കറുപ്പിഴയുന്ന രൂപങ്ങള്‍ .
ഇവിടെ എവിടെയാണ് നിറങ്ങള്‍?
ഇവിടെ എവിടെയാണ് നിറങ്ങള്‍ ?
എല്ലാ നിറങ്ങളുമൊന്നിച്ച് ഒരു നിറത്തിലേക്ക്
എല്ലാ താളങ്ങളും ഒരേ താളത്തിലേക്ക്
എല്ലാം എല്ലാം ഒന്നാകുന്നു
ഈ ഒന്നില്‍ നിന്ന് എങ്ങനെയാണ് ഞാന്‍
വൈവിധ്യങ്ങള്‍ ചാലിച്ചെടുക്കുക
ക്ഷമിക്കുക
എനിക്കു പോകണം
ഇനിയും തിരിച്ചെത്താത്ത എന്റെ നല്ലപാതി
അതിര്‍ത്തിയിലെവിടെയോ നിലവിളിക്കുന്നുണ്ട്
അകലെയെന്റെ മാടത്തില്‍
ഒരു പൈതല്‍ മുലക്കണ്ണു കാത്തിരിക്കുന്നുണ്ട്
ഒറ്റ വര്‍ണത്തില്‍ ചാലിച്ച പാട്ടിന്
ഞാന്‍ അശക്തനല്ലോ !
Comments