#ദിനസരികള്‍ 824
ഓഷോ പറഞ്ഞ ഫലിതങ്ങള്‍ രണ്ടോ മൂന്നോ ദിവസമായി ഡോ. കെ എന്‍ ആനന്ദന്‍ എഴുതിയ ഭാഷാ ശാസ്ത്രത്തിലെ ചോംസ്കിയന്‍ വിപ്ലവം എന്ന പുസ്തകവുമായി മല്ലിടുകയാണ്.ചോംസ്കിയെപ്പറ്റി ഇത്ര വിപുലവും ആധികാരികവുമായ മറ്റൊരു പുസ്തകം മലയാളത്തില്‍ ഞാന്‍ കണ്ടിട്ടില്ല.എണ്ണൂറ്റി ഇരുപത്തഞ്ച് പേജോളം വരുന്ന ഈ പുസ്തകം ചോംസ്കിയന്‍ സൈദ്ധാന്തികതയെ സമഗ്രമായി വിലയിരുത്തുന്നു.അതുകൊണ്ടുതന്നെ സമയമെടുത്ത് മനസ്സിലാക്കി വായിച്ചുപോകുക എന്നൊരു സമീപനമാണ് ഞാന്‍ സ്വീകരിച്ചിരിക്കുന്നത്.മാത്രവുമല്ല എനിക്ക് അത്രയേറെ ബന്ധമില്ലാത്ത മേഖലയായതുകൊണ്ടുതന്നെ ഡോ.ആനന്ദന്‍ പറഞ്ഞുപോകുന്ന സാങ്കേതിക പദങ്ങളുടെ പിന്നാലെ പോയി അവയുടെ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കി വീണ്ടും പുസ്തകത്തിലേക്ക് വന്ന് ഒന്നുകൂടി പ്രസ്തുത ഭാഗം വായിച്ച് കാര്യങ്ങള്‍ ഏകദേശമെങ്കിലും ഗ്രഹിച്ചുവെന്നുറപ്പാക്കിയൊക്കെയാണ് ഓരോ പേജിലൂടെയും കടന്നു പോകുന്നത്.ഇത്തരത്തിലുള്ള വിലപ്പെട്ട ഗ്രന്ഥങ്ങള്‍ വായിക്കുമ്പോഴാണ് വായന ശരിക്കുമൊരു അധ്വാനമാകുന്നത്. ...