#ദിനസരികള്‍ 822
കാണുക, കനലൊരു തരി മതി !
എന്‍
ഐ എ ഭേദഗതി ബില്ല് ലോകസഭ പാസ്സാക്കിയിരിക്കുന്നു. സ്വന്തമായി കോടതികള്‍
സ്ഥാപിക്കുവാനും രാജ്യത്തിനു പുറത്തു വെച്ചു നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച്
അന്വേഷിക്കുവാനും എന്‍ ഐ എയെ അനുവദിക്കുന്ന ഈ ഭേദഗതിയെക്കുറിച്ച് പ്രതിപക്ഷം
നിരവധി ആശങ്കകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബില്ലിനെ എതിര്‍ത്തു
വോട്ടുചെയ്യാതെ പരോക്ഷമായി അനുകൂലിക്കുകയാണുണ്ടായത്.പ്രതിപക്ഷനിരയിലെ ആറ് എംപി
മാര്‍ മാത്രമാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഭേദഗതികള്‍ക്കെതിരെ വോട്ടു
രേഖപ്പെടുത്തിയത്.മതവര്‍ഗ്ഗീയതയെ സമര്‍ത്ഥമായുപയോഗിച്ച് അധികാരത്തിലെത്തിയ
കക്ഷികള്‍ രാജ്യ ഭരിക്കുന്ന സവിശേഷമായ സാഹചര്യത്തില്‍ പക്ഷപാതപരമായി
പെരുമാറുന്നുവെന്ന് പലരും ആക്ഷേപിച്ച എന്‍ ഐ എയെപ്പോലെയുള്ള ഒരു ഏജന്‍സിക്ക്
ഇത്തരം അധികാരങ്ങള്‍ ലഭ്യമാക്കുന്നത് ദുരുപയോഗം ചെയ്യപ്പെടുമെന്നും പ്രത്യേകിച്ചും
മുസ്ലിംമതത്തില്‍ പെട്ടവര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ക്കുവേണ്ടി
ഉപയോഗിക്കുമെന്നുമുള്ള ആശങ്കകളെ മുന്‍നിറുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ “The Modi government has no such intention. Its only goal is to
finish off terrorism but we will also not look at the religion of the accused
while taking action,” എന്നാണ് ആണയിടുന്നത്.എന്നാല്‍ രാജ്യം
കണ്ട ഏറ്റവും വലിയ കുടിലബുദ്ധിയായ ഈ ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തെ
സ്വതന്ത്രമനസ്സുകള്‍ വിശ്വസിക്കുമെന്നു കരുതാന്‍ വയ്യ.
ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാന്‍ എന്ന പേരില്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന
ഈ ബില്‍ അന്വേഷണ ഏജന്‍സിക്ക് അമിതാധികാരമാണ് നല്കുന്നത്.ആരേയും ഏതു സമയത്തും
കസ്റ്റഡിയിലെടുക്കാനും പൌരാവകാശങ്ങളെയൊക്കെ നിഷേധിക്കുവാനും കഴിയുമെന്നതുതന്നെയാണ്
ഏറ്റവും ഭയപ്പെടേണ്ടതായ പ്രധാനപ്പെട്ട ഘടകം.അതോടൊപ്പംതന്നെ സ്വന്തമായ കോടതി കൂടി
സ്ഥാപിക്കപ്പെടുന്നതോടെ അറസ്റ്റു ചെയ്യപ്പെടുന്നവര്‍ പിന്നീടൊരിക്കലും പുറംലോകം
കാണേണ്ടതില്ലെന്നു ഏതെങ്കിലും അധികാര കേന്ദ്രങ്ങള്‍ നിശ്ചയിച്ചാല്‍ നടപ്പിലാക്കുക
വളരെ എളുപ്പമാകും.അതോടൊപ്പംതന്നെ രാജ്യത്തിനകത്തും പുറത്തും സര്‍വ്വതന്ത്രസ്വതന്ത്രമായ
ഇടപെടല്‍ ശേഷിയും കൈവരും.ഇതൊക്കെയും തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാനുള്ള
സാധ്യതകളാണ് പ്രതിപക്ഷത്തെ ആശങ്കപ്പെടുത്തുന്നത്.
ഭേദഗതി വോട്ടിനിടണമെന്ന് അസദുദ്ദീന്‍ ഉവൈസി
മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തെ അമിത് ഷാ
രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. ആരൊക്കെയാണ് തീവ്രവാദത്തിനെതിരെ നിലപാടെടുത്തുകൊണ്ട്
രാജ്യതാല്പര്യം സംരക്ഷിക്കുന്നത് എന്നറിയാമല്ലോ എന്ന പ്രസ്താവനയോടുകൂടിയാണ് ഉവൈസിയുടെ
ആവശ്യത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി സ്വീകരിച്ചത്.സായിപ്പിനെ കാണുമ്പോള്‍ കവാത്തു
മറക്കുന്ന പ്രതിപക്ഷ നിരയെയാണ് നാം പിന്നീട് കണ്ടത്. ബില്ലിനെതിരെ ഘോരഘോരം
പ്രസംഗിച്ചുവെങ്കിലും ലീഗോ കോണ്‍ഗ്രസോ എതിര്‍ത്ത് വോട്ടു ചെയ്യാന്‍
തയ്യാറായില്ലെന്നത് ഖേദകരംതന്നെയാണ്. ദുരുപയോഗം ചെയ്യപ്പെടാന്‍ വളരെയേറെ
സാധ്യതയുള്ള ഈ ഭേദഗതിയെ എതിര്‍ത്ത് വോട്ടു ചെയ്തത് കേവലം ആറു പേര്‍ മാത്രമാണെന്നത്
ഏതൊരു ജനാധിപത്യവാദിയേയും ഞെട്ടിക്കാതിരിക്കില്ല. എതിര്‍ത്ത് വോട്ടു ചെയ്തത്
കേരളത്തില്‍ നിന്നുള്ള സിപി ഐ എം എംപിയായ ആരിഫ്, പി ആര്‍ നടരാജന്‍, സി പി ഐയുടെ കെ. സുബ്ബരായന്‍, ഐ എം ഐ എം എം പിമാരായ അസദുദ്ദീന്‍ ഉവൈസി, ഇംതിയാസ് ജലീല്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ
ഹസ്നൈന്‍ മസൂദി എന്നിവര്‍ മാത്രമാണ് വോട്ടു ചെയ്തത്.ബാക്കിയുള്ള പത്തൊമ്പത്
എംപിമാരും ഫലത്തില്‍ ബില്ലിനെ അനുകൂലിക്കുക തന്നെയായിരുന്നുവെന്ന് നിസ്സംശയം
പറയാം.
അമിത്
ഷായുടെ മുന്നില്‍ രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍ പരസ്പരം മത്സരിക്കുന്ന ദയനീയാവസ്ഥയുടെ
പേരാണ് ലോകസഭയിലെ പ്രതിപക്ഷം എന്നത്. “ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ
ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൂടുതല്‍
അധികാരങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സിപിഎം. എന്‍.ഐ.എ ഭേദഗതി ബില്‍ ലോക്സഭയില്‍
എത്തിയപ്പോള്‍ സിപിഎം അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു. വോട്ടെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും
ഡി.എം.കെയുമടക്കമുള്ള കക്ഷികള്‍ ബില്ലിനെ പിന്തുണച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള അംഗങ്ങളില്‍
എ.എം ആരിഫ് മാത്രമാണ് ബില്‍ ഭേദഗതിയോടുള്ള എതിര്‍പ്പ് വോട്ടിലൂടെ പ്രകടിപ്പിച്ചത്.
ആറിനെതിരെ 278 വോട്ടുകള്‍ക്കാണ്
ബില്ല് ലോക്സഭയില്‍ പാസായത്.” എന്ന്
ജന്മഭൂമി എഴുതിയതുകൂടി വായിക്കുക.കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിക്ക്
അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് പൊതുജനങ്ങളുടെ മധ്യത്തിലൂടെ നടന്നുപോകാം.
എന്നാല്‍ സ്വന്തം സമുദായത്തിലെ ബഹുഭൂരിപക്ഷം
വരുന്ന ജനതയുടെ വോട്ടുനേടി വിജയിച്ച ലീഗിലെ എംപിമാര്‍ എന്തുകൊണ്ടാണ്
സ്വന്തംസമുദായത്തിനെതിരെ ഉപയോഗിക്കാന്‍ പോകുന്ന കറുത്ത നിയമത്തിനെതിരെ വോട്ടു
ചെയ്യാതിരുന്നതെന്നത് എന്ന ചോദ്യം പ്രസക്തമാണ്.അമിത് ഷാ പ്രയോഗിച്ച രാജ്യസ്നേഹം
എന്ന ആയുധത്തിന്റെ മുന്നില്‍ എന്തുകൊണ്ടാണ് ഇക്കൂട്ടര്‍ സ്തംഭിച്ചു പോയത് ?
തങ്ങളുടെ രാജ്യസ്നേഹത്തിന്
സംഘപരിവാരത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് എന്നു മുതലാണ് ഇവര്‍ ചിന്തിക്കാന്‍ തുടങ്ങിയത്?
മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കേരളത്തിലെ ജനത
വിജയിപ്പിച്ചുവിട്ട പത്തൊമ്പതുപേരും അമ്പേ പരാജയമായിരിക്കുന്നത്. കേന്ദ്രത്തില്‍
ബി ജെ പിക്കു കുഴലൂത്തു നടത്തുകയാണ് അക്കൂട്ടരിപ്പോള്‍ ചെയ്യുന്നത്. ഇതിനാണോ
കൂട്ടത്തോടെ വലതുപക്ഷ പാനലിനെ വിജയിപ്പിച്ച് എന്ന് വെറുതെയെങ്കിലും കേരളം
ചിന്തിച്ചു നോക്കണം.
ഇവിടെയാണ് നിലപാടെടുക്കുകയും അതില്‍ ഉറച്ചു നില്ക്കുകയും
ചെയ്യുന്ന ഇടതുപക്ഷത്തിന്റെ പ്രസക്തി.ഒറ്റയാളേ ഉള്ളുവെങ്കില്‍പ്പോലും ആ നിലപാടില്‍
നിന്നും പിന്മാറുന്ന വിഷയമേയില്ല.കാരണം ഉത്തരവാദിത്തം ജനതയോടാണ് എന്ന കൃത്യമായ
ബോധ്യമാണ് അവര്‍ കൊണ്ടു നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് കനലൊരു തരി മതി എന്നു
പറയുന്നതും.
Comments