#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍
കണ്ണില്ലാത്ത കുട്ടികളെ കടല്‍ കാണിക്കേണ്ടതെങ്ങനെ ? എന്നൊരു
വിഷമകരമായ ചോദ്യം കടലു കാണാന്‍ പോയവര്‍ എന്ന കവിതയില്‍ സുഗതകുമാരി ഉന്നയിക്കുന്നുണ്ട്.
കടല്‍ കാണാന്‍ പോകാം എന്നു വാശിപിടിക്കുന്ന കുഞ്ഞുങ്ങളെച്ചൊല്ലി കവി ആലോചിക്കുന്നു
:-
"ഇവരെയെമ്മട്ടില്‍ കടല്‍
കാണിക്കേണ്ടൂ
ഇവര്‍ കണ്ണില്ലാത്ത കിടാങ്ങളല്ലയോ ?
ഇവര്‍ക്കു
വാനമില്ലിവര്‍ക്കു താരമി
ല്ലിവര്‍ക്കമ്മാവനായ് ചിരിക്കില്ലാ തിങ്കള്‍ "
ഇവര്‍ക്കു പൂക്കളും നിറമില്ലാത്തവര്‍
ഇവര്‍ക്കു പെറ്റമ്മ മുഖമില്ലാത്തവള്‍
ഇവര്‍ക്കു പൂങ്കിളിയൊരു കളനാദം
ഇവര്‍ക്കു പൂക്കളമൊരു കുടം മണം
ഇവര്‍ തപ്പിത്തടഞ്ഞിരുളില്‍ നീങ്ങുവോര്‍
മഴയും സന്ധ്യയും നിലാവുമില്ലാത്തോര്‍
ഇളയ കുഞ്ഞിന്റെ ചിരി കാണാത്തവര്‍
ഒരു കിളിത്തൂവല്‍ തുടുപ്പറിയാത്തോര്‍
ഇവരയെമ്മട്ടില്‍ കടല്‍ കാണിക്കേണ്ടൂ ?
എന്നാണ് അമ്മയുടെ ആധി. എങ്കിലും
കടല്‍ കാണാന്‍ പോകാമെന്ന് കുതുഹം കൊള്ളുന്ന ആ ഇളംമനസുകളെ വെറുതെ
തള്ളിക്കളയാനും അവര്‍ക്കാകുന്നില്ല. അവസാനം കുഞ്ഞുങ്ങളുടെ കണ്ണാകുകതന്നെ എന്ന്
നിശ്ചയിച്ച് ഒരു സായാഹ്നത്തില്‍ കടല്‍ കാണാന്‍ വേണ്ടി
അവരിറങ്ങുന്നു.
കടല്‍ക്കര. പെരുമ്പറയുടെ മഹാനാദമായി കടല്‍. കണ്ണുകൂര്‍പ്പിച്ചു
വെച്ച കാതിലേക്ക് കടലിരമ്പത്തിന്റെ തിരമുഴക്കം. ആ മുഴക്കത്തില്‍ പകച്ചു
നിന്നുപോകുന്ന ചെവിക്കണ്ണുകള്‍. തെല്ലിടനേരത്തെ സ്തബ്ദതയില്‍ അവര്‍ കടല്‍
നാദത്തെ ആവോളം വാരിയെടുക്കുന്നു.പിന്നാലെ കടല്‍ക്കാറ്റ്. ഒരു കാറ്റല്ല , ഒരായിരം
കാറ്റ് എന്ന് കുഞ്ഞുങ്ങള്‍ രസം പകരുന്നു. കടലുപ്പുമണം കലര്‍ന്ന കാറ്റിന്റെ
സ്പര്‍ശനങ്ങളില്‍ അവര്‍ കടലിനെ തിരിച്ചറിയുന്നു. ഒരു കുടന്ന കോരി
രുചിച്ചു നോക്കവേ അവര്‍ പറയുന്നു : -
കടലേ
മോശം , നിന്‍ പെരുവെള്ളം മോശം
കുടിനീരല്ലതു വെറുമുപ്പാണയ്യേ !
ഇത്തിരി ദാഹം തീര്‍ക്കാന്‍ കെല്പില്ലാത്ത മഹാ സാഗരം. എത്ര
പെരുവെള്ളമുണ്ടായിട്ടെന്താണ് കാര്യം ?
മണലൂര്‍ന്നു പോകുമ്പോള്‍ കാലടികളില്‍ ഇക്കിളി. തിരത്തലോടലില്‍ കടലിന്റെ മഹാസ്പര്‍ശനത്തിന്റെ
മുഴുവന്‍ മാസ്മരികതയും ആവാഹിക്കപ്പെട്ടുവെന്ന ആഹ്ലാദത്തില്‍
ചിരിപ്പൂത്തിരികള്‍ !
വാ നിറയെ ചോദ്യപ്പെരുമഴ.കടല്‍ നിറമെന്ത് ? വലുത്
? തിരനിറം? ചോദ്യങ്ങള്‍ ,
ചോദ്യങ്ങള്‍ . എങ്ങനെയാണ് ഈ കിടാങ്ങള്‍ക്ക് ഉത്തരം നല്കുക എന്ന സ്തബ്ദതയില്‍ കവി
തരിച്ചു നില്ക്കുന്നു.
എന്താണ് പറയുക എന്ന അങ്കലാപ്പില്‍ നേടിയെന്നഭിമാനിച്ചിരുന്ന
എല്ലാ അഹമ്മതികളേയും ആ ചോദ്യങ്ങള്‍ നിഷ്പ്രഭമാക്കുന്നു. :-
പറയുവതെന്ത് ? കടലാകാശം പോലെ
വലുതെന്നോ? നിറമവയ്ക്കൊന്നാണെന്നോ?
വലുതെന്നാലെന്ത്
? മിഴികള്‍ക്കറ്റം
പോയ്
തൊടുവതോളം , ആ നെടും ദിങ് മണ്ഡല
പ്പെരുംവരയോളം അനന്തമായ് , പര
ന്നിരുണ്ടു നീലിച്ചു തിളങ്ങിയോളങ്ങ
ളിളിക്കിപ്പൊങ്ങിയുമമര്‍ന്നു മിന്നിയും
ചുളിഞ്ഞും മന്ദ്രമായ് മുഴങ്ങിയും പൊട്ടി
ച്ചിരിച്ചും മുന്നോട്ടു മുതിര്‍ന്നു വാങ്ങിയും
തെരുതെരെ
വെള്ളത്തിരുമലരുകള്‍
വെളുക്കനെ
വാരിച്ചിതറിയാഹ്ലാദി
ച്ചിരമ്പിലും
മഹാ നടനമാണെന്നോ ?
കടലതാണെന്നോ
? പറവതെങ്ങനെ
?
ഈ കവിതാ വായനയില്‍ നിന്ന് ഞാനിവിടെ വെച്ച് വിരമിക്കുന്നു.
കടലെങ്ങനെ എന്ന് പറഞ്ഞു കൊടുക്കാനുള്ള കടമ നിങ്ങളിലേക്ക് ബാധ്യതപ്പെടുത്തുന്നു.
മനോജ് പട്ടേട്ട് || 08 August 2020, 2.30
PM ||
Comments