#ദിനസരികള്‍ 1203 അമിത് ഷായുടെ കോവീഡും ചില പ്രത്യാശകളും
അമിത് ഷായ്ക്ക് കൊവീഡ് എന്ന വാര്‍ത്ത എന്നെ
ആഹ്ലാദിപ്പിക്കുന്നില്ലെങ്കിലും രാജ്യത്തെ പരമപദങ്ങള്‍ കൈയ്യാളുന്ന അതിശക്തരായ
വ്യക്തികളിലൊരാള്‍ക്ക് അസുഖബാധയുണ്ടായെങ്കില്‍ കോടാനുകോടി വരുന്ന സാധാരണ
ജനതയുടെ അരക്ഷിതാവസ്ഥ എത്രത്തോളം ഭയാനകമായിരിക്കുമെന്ന് ആലോചിച്ചു നോക്കുക.
അതോടൊപ്പം ഈ രാജ്യത്തെ ദരിദ്രനാരായണന്മാരായ കോടാനുകോടി ജനങ്ങളെപ്പോലെ താനും ചത്തു ചീഞ്ഞഴുകിയൊടുങ്ങിപ്പോകാന്‍
വിധിക്കപ്പെട്ട സാധാ മനുഷ്യന്‍ മാത്രമാണെന്ന് ചിന്തിക്കാന്‍ ഈ രോഗബാധ അമിത്
ഷായെ സഹായിക്കുന്നുവെങ്കില്‍ നല്ലത് എന്നുമാത്രം പ്രത്യാശിക്കുന്നു.കാരണം
എനിക്കു ശാപങ്ങളിലോ എന്തിന് ദൈവങ്ങളില്‍ തന്നെയോ വിശ്വാസമില്ലെങ്കിലും
ഭൂരിപക്ഷം വരുന്ന വിശ്വാസികളെ മുന്‍നിറുത്തി പറയട്ടെ ഗുജറാത്തു കലാപം തൊട്ട്
ജസ്സീസ് ലോയ വരെയുള്ള അറിഞ്ഞതും അറിയാത്തതുമായ ആയിരക്കണക്കിനു മനുഷ്യരുടെ കണ്ണൂനീരും
ചോരയും വീണു കുതിര്‍ന്നയിടത്തു നിന്നാണ് അമിത് ഷാ തന്റെ കുടിവെള്ളം
മുക്കിയെടുക്കുന്നതിനാല്‍ അവരുടെയൊക്കെ സങ്കടങ്ങള്‍ വെള്ളിടികളായി മാനം
പിളര്‍ന്നു വന്നേക്കാം. അതുകൊണ്ട് അമിത് ഷാ ഇനിയെങ്കിലും മനുഷ്യന്റെ വഴിയെ
മനുഷ്യനെപ്പോലെ നടക്കാന്‍ പഠിക്കുക.
എന്തായാലും രാജ്യത്തെ നയിക്കുന്ന നേതൃനിര വലിയ
കരുതലെടുക്കേണ്ട സാഹചര്യമാണ്. ഭരിക്കുന്നവരില്‍ രോഗവ്യാപനമുണ്ടായാല്‍ അത്
ജനതയുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ബ്രിട്ടീഷു
പ്രധാനമന്ത്രിക്ക് കോവീഡ് വന്നതിനെ മുന്‍നിറുത്തി ഇതാരും തന്നെ ന്യായീകരിക്കാന്‍ ശ്രമിക്കുമെന്ന്
കരുതുന്നില്ല. അന്ന് ലോകജനതയ്ക്ക് ഈ അസുഖത്തെക്കുറിച്ചും അതു പടരുന്ന
വഴികളെക്കുറിച്ചും വളരെ കുറച്ചേ അറിയുമായിരുന്നുള്ളു.ഇന്നാകട്ടെ നാം
രോഗത്തെക്കുറിച്ച് വളരെയേറെ മനസ്സിലാക്കിയിരിക്കുന്നു. അത് പടരുന്ന
രീതികളെക്കുറിച്ച് ഇന്നു നമുക്ക് വലിയ ധാരണകളുണ്ട്. ഫലപ്രദമായ (?) ചില
വാക്സിനുകള്‍ പോലും നാം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലും
ജനതയെ നയിക്കുന്നവരിലേക്ക് രോഗം പകരുകയെന്നത് തികച്ചും അശ്രദ്ധ കൊണ്ടാണെന്ന്
പറയാതെ വയ്യ. യു പിയില്‍ ഒരു മന്ത്രി തന്നെ മരണത്തിനു വിധേയമായിരിക്കുന്നു.
കര്‍ണാടകയുടെ മുഖ്യമന്ത്രി യെദിയൂരപ്പായ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു.
ആവര്‍ത്തിക്കട്ടെ പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍ നിന്നു നയിക്കേണ്ടവര്‍ വീണുപോകുന്നത്
ജനതയുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും. അതുകൊണ്ട്
രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയോ പ്രധാന മന്ത്രിയോ ഒന്നും ഈ സാഹചര്യത്തില്‍ ബാധിതരാകാതിരിക്കുവാനുള്ള
കരുതലാണ് അടിയന്തിരമായി സ്വീകരിക്കേണ്ടത്.
അതൊടൊപ്പം തന്നെ ജനതയെക്കുറിച്ചു കൂടി ഭരിക്കുന്നവര്‍ ആലോചിക്കുക.
ഭക്ഷണം കിട്ടാതെയും ആവശ്യത്തിനു ചികിത്സ കിട്ടാതെയും ലക്ഷക്കണക്കിനു മനുഷ്യര്‍ ദുരിതമനുഭവിക്കുകയാണ്.
രോഗത്തിനെതിരെ മുന്നില്‍ നിന്ന് പോരാടുന്ന സംസ്ഥാനങ്ങള്‍ക്ക് സഹായിക്കേണ്ട
കേന്ദ്രസര്‍ക്കാര്‍ അതൊന്നും തന്നെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന ആക്ഷേപത്തിന്
കേവല രാഷ്ട്രീയം എന്ന വിശേഷണത്തിനപ്പുറം പ്രസക്തിയുണ്ട്. കേരളത്തിന്റെ തന്നെ അവസ്ഥ
നോക്കുക. തുച്ഛമായ സഹായമാണ് നമുക്ക് ഈ കൊവീഡ് കാലത്തില്‍ ലഭിച്ചത്.
അതുകൊണ്ട് ചിലതിനെയെല്ലാം കുറിച്ച് മാറിച്ചിന്തിക്കുവാന്‍
അമിത് ഷായുടെ കൊവീഡ് സഹായിക്കുമെന്ന് നമുക്ക് പ്രത്യാശിക്കുക.
മനോജ് പട്ടേട്ട് || 03 August 2020, 07.30 AM ||
Comments