#ദിനസരികള്‍ 1204 പ്രിയപ്പെട്ട പോലീസുകാരോടാണ്.
പോലീസിനെ
വിശ്വാസത്തിലെടുത്തുകൊണ്ട് കൊവീഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല കൂടി നിങ്ങളിലേക്ക് എത്തുകയാണ്. ഇതുവരെ അത്തരം
പ്രവര്‍ത്തനങ്ങളുടെ ചുമതലയും മേല്‍നോട്ടവും റവന്യൂ അധികാരികളിലായിരുന്നുവെങ്കിലും
ഇന്നലെ മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കലും സമ്പര്‍ക്ക പട്ടിക
തയ്യാറാക്കലുമടക്കം എല്ലാ വിധ പ്രവര്‍ത്തനങ്ങളും പോലീസാണ് നിര്‍വ്വഹിക്കേണ്ടത്.
ക്രമസമാധാന പാലനത്തിനൊപ്പം ഇതുകൂടിയാകുമ്പോള്‍ നിങ്ങളിലേക്ക് എത്തുന്നത്
അധികഭാരമാണ് എന്ന് അറിയാഞ്ഞിട്ടല്ല. എങ്കിലും ജനതയെ കൊവീഡെന്ന മഹാവിപത്തില്‍ നിന്നും
മോചിപ്പിച്ചെടുക്കുവാന്‍ പോലീസിനു കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് ഈ
ഉത്തരവാദിത്തം കൂടി നിങ്ങളിലേക്ക് അര്‍പ്പിച്ചുകൊണ്ട് കേരളം പ്രകടിപ്പിക്കുന്നത്.
പോലീസിനെ സംബന്ധിച്ച് ഇതൊരു അഭിമാനത്തിന്റെ നിമിഷമാണ്.ജനങ്ങളുടെ ഈ വിശ്വാസം
മറ്റേതൊരു അധികാര സ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന സമ്മാനമാനങ്ങളെക്കാള്‍ വിലമതിക്കുന്നതുമാണ്.
അതുകൊണ്ട് ഏല്പിക്കപ്പെട്ട ഉത്തരവാദിത്തത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ്
അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുമെന്ന്
പ്രതീക്ഷിക്കട്ടെ
നേര്‍വിപരീതമായ
ചില അനുഭവങ്ങള്‍ കേരളത്തിലെ ജനതയ്ക്ക് പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായതുകൊണ്ടാണ്
ഈ തീരുമാനത്തിന്റെ ഗൌരവത്തെക്കുറിച്ച് ഞാനിത്രയും കുറിച്ചത്.
കേരളത്തിന്റെ
മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ ജീവിതത്തിന് പോലീസുമായി പല തവണ മുഖാമുഖം
നിന്നതിന്റെ അനുഭവമുണ്ട്. അതിന്റെ അടയാളങ്ങള്‍ അദ്ദേഹം ഇപ്പോഴും
സ്വശരീരത്തില്‍ കൊണ്ടു നടക്കുന്നുമുണ്ട്. പോലീസ് എന്താണെന്ന് അദ്ദേഹത്തിന് വളരെ
നന്നായിട്ട് അറിയാം. സ്വന്തം ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങള്‍ കൂടാതെ തന്റെ
രാഷ്ട്രീയ പ്രസ്ഥാനത്തിലെ നേതാക്കള്‍ക്ക് പോലീസിന്റെ ഭാഗത്തു നിന്നും നേരിടേണ്ടി
വന്ന ക്രൂരതകളെക്കുറിച്ചും അദ്ദേഹത്തിന് അറിയാം.ഇക്കഴിഞ്ഞ മന്ത്രിസഭയുടെ
കാലത്തുപോലും പോലീസിന്റെ അഴിഞ്ഞാട്ടം നേരിട്ടു കണ്ടതാണ്. എന്നിട്ടും
മുഖ്യമന്ത്രിയായ അന്നുമുതല്‍ അദ്ദേഹം സേനയെ വിശ്വാസത്തിലെടുക്കുന്നുവെന്നത് , ഒരു
തരത്തിലും നിങ്ങളോട് പ്രതികാര ബുദ്ധിയോടെ പെരുമാറിയിട്ടില്ലെന്നത് ഇനിയെങ്കിലും
നിങ്ങള്‍ ചര്‍ച്ചക്കെടുക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
നിങ്ങളില്‍ നിക്ഷിപ്ത
താല്പര്യമുള്ളവരുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.കക്ഷി രാഷ്ട്രീയ താല്പര്യങ്ങള്‍ നിങ്ങളില്‍
പലരും ചുമക്കുന്നുണ്ടെന്നും അറിയാം.അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിനെ
കരിവാരിത്തേയ്ക്കാനുതകുന്ന പ്രവര്‍ത്തനങ്ങളെ അക്കൂട്ടര്‍
സംഘടിപ്പിച്ചിട്ടുണ്ടെന്നും നമുക്കറിയാം. കടുത്ത രാഷ്ട്രീയ പ്രവര്‍ത്തകര്‍ പോലും
സ്വീകരിക്കാത്ത തരത്തിലുള്ള രാഷ്ട്രീയാഭിനിവേശം നിങ്ങളില്‍ ചിലര്‍ ഇപ്പോഴും
കൊണ്ടു നടക്കുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാകയാല്‍ ആഭ്യന്തരവകുപ്പിലുണ്ടാകുന്ന
ഏതൊരു വീഴ്ചയും നേരിട്ട് മുഖ്യമന്ത്രിയെ തന്നെയാണ് ബാധിക്കുന്നതെന്നറിയാവുന്ന
അക്കൂട്ടര്‍ വളരെ കരുതിക്കൂട്ടിത്തന്നെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന
തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുമുണ്ട്. ഇത്തരം സങ്കുചിതവും
രാഷ്ട്രീയാന്ധ്യം ബാധിച്ചതുമായ പ്രവര്‍ത്തനങ്ങളാണ് സേനയുടെ ഭാഗത്തു നിന്നും ആദ്യം
തന്നെ അവസാനിപ്പിക്കേണ്ടത്.
ചില
ഉദ്യോഗസ്ഥന്മാരുടെ താന്‍പോരിമ നിറഞ്ഞ പെരുമാറ്റമാണ്. തങ്ങളിലേക്ക്
അധികാരമെത്തിയിരിക്കുന്നുവെന്ന ഊറ്റത്തില്‍ ഏതൊരാളോടും എങ്ങനേയും
പെരുമാറാമെന്ന ധാരണ ചിലരിലുണ്ട്. പഴയ കുട്ടന്‍ പിള്ള പോലീസിന്റെ പ്രേതം
ബാധിച്ച അക്കൂട്ടരെ നിലയ്ക്കു നിറുത്താനുള്ള ഒരു കര്‍മ്മപരിപാടി കൂടി സേന
ആവിഷ്കരിക്കണം.നാടിനെ രക്ഷിക്കുവാനുള്ള പോരാട്ടത്തിലാണ് നിങ്ങള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്നും
കക്ഷിരാഷ്ട്രീയത്തിന്റെ അധസ്ഥലികളെ താല്ക്കാലികമായെങ്കിലും മറക്കണമെന്നും
ബോധ്യമില്ലാത്ത ഒരാളും ജനങ്ങളെ നിയന്ത്രിക്കാന്‍ ഇടവരരുതെന്ന് ഉറപ്പാക്കുക തന്നെ
വേണം. ജനം ഒരു രക്ഷിതാവിനെയാണ് പ്രതീക്ഷിക്കുന്നത് , കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലിട്ടുരുട്ടുന്ന
ഫാസിസ്റ്റു പട്ടാളത്തെയല്ല.
കൊവീഡ്
വ്യാപന നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊലീസിനെ ചുമതല ഏല്പിക്കുക എന്ന തീരുമാനം ഇരുതല
മൂര്‍ച്ചയുള്ള വാളാണ്. സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ
സാഹചര്യത്തില്‍ പ്രത്യേകിച്ചും. കൊവീഡ് ബാധിച്ച് ജനതയുടെ ജീവന്
ഭീഷണിയുണ്ടാകാതിരിക്കാനുള്ള അതിജാഗ്രതയും ഉത്തരവാദിത്തബോധവുമാണ് ഇത്തരത്തില്‍ ഒരു
തീരുമാനമെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്ന് നമുക്കറിയാം. അതു ഉചിതം
തന്നെയാണ് എന്ന കാര്യത്തിലും സംശയമില്ല. എന്നാല്‍ പോലീസിന്റെ പെരുമാറ്റം
മോശമായാല്‍ അത് സര്‍ക്കാറിന്റെ പ്രതിച്ഛായയെത്തന്നെ ബാധിക്കുമെന്ന മറ്റൊരു
നിര്‍ണായക വശം കൂടി ഈ തീരുമാനത്തെ സങ്കീര്‍ണമാക്കുന്നു. ഇതു മനസ്സിലാക്കി പോലീസിലെ
രാഷ്ട്രീയക്കാര്‍ മുതലെടുക്കാന്‍ ശ്രമിച്ചാല്‍ കൊവീഡ് പ്രതിരോധം തന്നെ
പാളുകയും അതുവഴി ആത്യന്തികമായി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുകയും ചെയ്യും.
തങ്ങളെ വിശ്വസിച്ച ഉത്തരവാദിത്വമേല്‍പിച്ച സര്‍ക്കാറിനെതിരെ അത്തരമൊരു നെറികെട്ട
കളി പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടാകില്ലെന്ന പ്രതീക്ഷ അസ്ഥാനത്താകാതിരിക്കട്ടെ .
എങ്കിലും
ജാഗ്രതയാണ് വേണ്ടത് , കൊവീഡിന്റെ കാര്യത്തിലായാലും പോലീസിന്റെ കാര്യത്തിലായാലും !
മനോജ് പട്ടേട്ട് || 04 August 2020, 07.30 AM ||
Comments