#ദിനസരികള്‍ 1206


            രണ്ടാമത്തെ ചര്‍ച്ചാവിഷയം 1921 ലെ മലബാര്‍ വിപ്ലവമാണ്. ഹിന്ദുക്കളെ ആക്രമിച്ച് മുസ്ലിം മതം സ്വീകരിക്കുവാന്‍ നിര്‍ബന്ധിക്കുകയും അല്ലാത്തവരെ കൊല്ലുകയും ചെയ്ത ഹിന്ദു വിരുദ്ധസമരമാണ് 21 ലെ മലബാര്‍ കലാപമെന്ന ആറെസ്സെസ്സ് വ്യാഖ്യാനങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുകയാണ് സമീല്‍ ഇല്ലിക്കല്‍ , പി ടി എ നാസര്‍ , റഹ്മാന്‍ മധുരക്കുഴി എന്നീ ലേഖകന്മാര്‍. (1921 ല്‍ മലബാര്‍ സമരത്തെക്കുറിച്ച് മദൂദി എഴുതിയ കുറിപ്പുകള്‍ കൂടി വിവര്‍ത്തനം ചെയ്തു ചേര്‍ത്തിട്ടുണ്ട്.  ഞാന്‍ അത് മനപ്പൂര്‍വ്വം വിട്ടുകളഞ്ഞതാണ്. കാരണം മറ്റു ലേഖകന്മാര്‍ ചരിത്രത്തില്‍ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെങ്കില്‍ മദൂദി കേട്ടു കേള്‍വികളുടേയും ഊഹാപോഹങ്ങളുടേയും അടിസ്ഥാനത്തിലാണ് വിഷയത്തെ സമീപിക്കുന്നത്. വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് മറ്റു ലേഖനങ്ങള്‍ പുലര്‍ത്തുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നിലപാട് മദൂദിയുടെ കുറിപ്പില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. അത് ആറെസ്സെസിനെ മാത്രമേ സഹായിക്കുകയുള്ളു എന്നതുകൊണ്ട് ഞാനതിനെ അപ്രസക്തമായി കരുതുന്നു. )

            സമീല്‍ ഇല്ലിക്കല്‍ എഴുതിയ , ഉടനെ പ്രസിദ്ധികരിക്കപ്പെടാനിരിക്കുന്ന ഒരു പുസ്തകത്തില്‍ നിന്നാണ് മലബാര്‍ വിപ്ലവം ഇന്ത്യന്‍ ദേശീയ സമരത്തിലെ  അന്തര്‍ ദേശീയ അധ്യായം എന്ന ലേഖനം എടുത്തു ചേര്‍ത്തിരിക്കുന്നത്. പുസ്തകത്തില്‍ നിന്നുള്ള ഒരധ്യായമായതിനാല്‍ വാദഗതികള്‍ സമഗ്രമായി അവതരിപ്പിക്കപ്പെടുന്നില്ലെങ്കിലും എന്തുകൊണ്ടാണ് മലബാര്‍ മുന്നേറ്റം സംഘപരിവാരത്തിന് പ്രധാനപ്പെട്ടതായി മാറുന്നതെന്ന് ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്. :- യൂറോപ്യന്മാര്‍ക്ക് കോളനിയാക്കാനും അതു നിലനിറുത്താനുമാണ് കുരിശു യുദ്ധകാലം മുതലുള്ള മുസ്ലിം വംശവെറി മാത്രം വമിപ്പിക്കുന്ന വിഭജിച്ചു ഭരിക്കുക പദ്ധതിയുടെ ഭാഗമായുള്ള ഈ പരികല്പനകള്‍ ആവശ്യമായിരുന്നതെങ്കില്‍ കോളനിയാന്തര കാലത്ത് ഇന്ത്യന്‍ ദേശീയതക്കകത്ത് ഹിന്ദു ഏകീകരണം വഴിയുള്ള അധികാരം ലക്ഷ്യമാക്കി ഉപയോഗിക്കാവുന്ന മികച്ച അപരമായാണ് മാപ്പിള മുസ്ലിംമിനെ സംഘപരിവാരം ഉപയോഗിച്ചത്." എന്ന് ഈ ലേഖനം കൃത്യമായി അടയാളപ്പെടുത്തുന്നു. മാപ്പിള പോരാട്ടത്തിലെ വസ്തുതകളെ മറച്ചു വെയ്ക്കാനും തെറ്റായി വ്യാഖ്യാനിക്കാനും എത്രയധികം സാംസ്കാരിക നിക്ഷേപങ്ങള്‍ നടത്തിയാലും സത്യത്തെ എക്കാലവും മൂടി വെയ്ക്കാന്‍ കഴിയില്ലെന്നാണ് സമീപകാല വിവാദങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

            മലബാര്‍ വിപ്ലവം പുസ്തകങ്ങളിലൂടെ എന്ന പേരില്‍ പി ടി നാസര്‍ എഴുതിയ ലേഖനമാണ് അടുത്തത്.  1921 ലെ മുന്നേറ്റത്തെക്കുറിച്ചും അതിന്റെ ചരിത്രപരമായ കാരണങ്ങളെക്കുറിച്ചും എഴുതപ്പെട്ടിരിക്കുന്ന സുപ്രധാനമായ പുസ്തകങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ് പരിചയപ്പെടുത്തുന്നത്. മാപ്പിള കലാപത്തിന്റെ വര്‍ഗ്ഗ സ്വഭാവങ്ങളെ ആദ്യമായിത്തന്നെ മനസ്സിലാക്കുകയും എന്തുകൊണ്ടാണ് അത്തരമൊരു മുന്നേറ്റം ഉണ്ടാകാനിടയായതെന്ന് യുക്തിപൂര്‍വ്വം സ്ഥാപിക്കുകയും ചെയ്ത 'കമ്യൂണിസ്റ്റ് പഠന'ങ്ങള്‍ക്ക് അക്കൂട്ടത്തില്‍ വലിയ പ്രസക്തിയുണ്ട്. പുന്നപ്ര വയലാറിനെക്കുറിച്ച് എഴുതിയതിനെക്കാളും ഏറെ കമ്യൂണിസ്റ്റ് പാര്‍ട്ടി മലബാര്‍കലാപത്തെക്കുറിച്ച് എഴുതിയിരിക്കുന്നുവെന്ന് ലേഖകന്‍ സാക്ഷ്യപ്പെടുത്തുന്നത് , ഇടതു പക്ഷപ്രസ്ഥാനങ്ങള്‍ ആ സമരത്തിന്റെ പ്രസക്തിയെക്കുറിച്ച് ശരിയായ വിധത്തില്‍ മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ്. ഈ സമരത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്കാരിക പശ്ചാലത്തലങ്ങളെക്കുറിച്ചുള്ള അവസാന വാക്കും അതുകൊണ്ടുതന്നെ ഇടതു ചിന്തകന്മാരുടേതാകുന്നു.

            ഇടതു വലതുപക്ഷങ്ങളെ മുന്‍നിറുത്തി തയ്യാറാക്കപ്പെട്ടിരിക്കുന്ന കനപ്പെട്ട പഠനങ്ങളുടെ ഒരു നിരതന്നെ നാസര്‍ ഇവിടെ അവതരിപ്പിക്കുന്നുണ്ട്. മലബാര്‍ കലാപം ചരിത്രവും പ്രത്യയ ശാസ്ത്രവും , മലബാര്‍ കലാപം ( കെ എന്‍ പണിക്കര്‍  ) മലബാര്‍ കലാപം  (എം ഗംഗാധരന്‍ ) മുതലായവ അവയില്‍ പ്രധാനപ്പെട്ട ചിലതാണ്.

            എന്തായാലും മലബാര്‍ കലാപം, ആറെസ്സെസിന്റെ താല്പര്യപ്രകാരം മാറ്റി മറിക്കാന്‍ എത്ര ശ്രമിച്ചാലും അത്ര എളുപ്പത്തില്‍ വഴങ്ങിക്കൊടുക്കുന്നതല്ല. കാരണം  ചരിത്രം മുന്നോട്ടു വെയ്ക്കുന്ന വസ്തുതകള്‍ അത്രമാത്രം ശരിയോട് ചേര്‍ന്നു നില്ക്കുന്നു. അതുകൊണ്ടുതന്നെ ആവശ്യത്തിന് സ്വയം പ്രതിരോധം തീര്‍ക്കാന്‍ നിഷ്പക്ഷമതികളായ ചരിത്രപണ്ഡിതന്മാരുടെ സംഭാവന ഈ മുന്നേറ്റത്തിന് ലഭിച്ചിട്ടുണ്ട് എന്ന വസ്തുത അവിതര്‍ക്കിതമാണ്. അതല്ലായിരുന്നുവെങ്കില്‍ ആറെസ്സെസിന് വളരെയെളുപ്പത്തില്‍ ഈ സമരത്തെ ഹിന്ദുവിരുദ്ധ പടയോട്ടമായി മാറ്റിയെടുക്കാന്‍ കഴിയുമായിരുന്നു. ആ അപകടത്തെ കണ്ടറിഞ്ഞ് പ്രതിരോധിക്കാന്‍ ആയുധമൊരുക്കിയവര്‍ക്ക് നാം നന്ദി പറയുക. 


മനോജ് പട്ടേട്ട് || 06 August 2020, 2.30 PM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1