#ദിനസരികള്‍ 1207

 


            ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി , ഒരു വിഭാഗം ജനതയില്‍ നിന്നും തട്ടിപ്പറിച്ചെടുത്ത സ്ഥലത്ത് പണിതെടുക്കുന്ന ഒരു ക്ഷേത്രത്തിന് ശിലാന്യാസം നടത്തുക! എത്ര ദയനീയമായിരുന്നു ആ കാഴ്ച ! ദണ്ഡനമസ്കാരം ചെയ്ത് ഭൂമിയോടൊട്ടി വീണു കിടക്കുന്ന ആ പ്രധാനമന്ത്രിയെപ്പോലെ ഈ രാജ്യം തന്നെ ലോകത്തിന്റെ മുന്നില്‍‌ തല കുനിച്ച് വീണുകിടക്കുകയാണ്. ഇനിയൊരിക്കലും നമുക്ക് ആ തല ഉയര്‍ത്തിപ്പിടിക്കുവാന്‍ കഴിയാത്ത വിധത്തിലാണ് ആ വീഴ്ച എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. പേരിനെങ്കിലും മതേതരമെന്ന് വിശേഷണം പേറുന്ന ഈ മണ്ണില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ അവസാന ശ്വാസമാണ് ഞാനിപ്പോള്‍ വലിച്ചെടുത്തു കൊണ്ടിരിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇനി , 1925 ല്‍ സ്ഥാപിക്കപ്പെട്ട ഒരു മതതീവ്രവാദ സംഘടനയുടെ , ആറെസ്സെസിന്റെ , നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴേക്കും ഈ രാജ്യം ഒരു മതരാജ്യമാണെന്ന പ്രഖ്യാപനം വന്നു കഴിയും. അതിനിനി ഏറെ നാളുകളില്ല.

            ഈ രാജ്യത്തെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലോ സ്വാതന്ത്ര്യാനന്തര ഘട്ടത്തിലോ ഒരു തരത്തിലുള്ള പങ്കും നിര്‍വ്വഹിക്കാത്ത ഒരു സംഘമാണ് ഇന്നീ രാജ്യത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെത്തന്നെ അട്ടിമറിയ്ക്കുന്നതെന്ന വസ്തുത നാം വിസ്മരിച്ചു കൂടാ. അത് കേവലം ഒരാരോപണമല്ല. ദേശീയ പ്രസ്ഥാനങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ തിളച്ചുരുകിയപ്പോഴും സാമ്രാജ്യത്തോടേറ്റ് ആയിരങ്ങള്‍ ബലിയാടുകളായി തെരുവുകളില്‍ ദഹിച്ചു തീര്‍ന്നപ്പോഴും ആറെസ്സെസ്സിനേയോ മറ്റേതെങ്കിലും തീവ്ര ഹിന്ദുത്വ കക്ഷികളേയോ നാം അവിടെയെങ്ങും കണ്ടിട്ടില്ല. ആകെ കണ്ടത് പിന്നീട് സ്വന്തം പേരുതന്നെ വീരസവര്‍ക്കര്‍ എന്നാക്കി മാറ്റിയ ഒരു മാപ്പു പറച്ചിലുകാരനെയായിരുന്നു. ബ്രിട്ടീഷുകാര്‍ തന്നെ ജയിലില്‍ നിന്നും വിട്ടയച്ചാല്‍ താനൊരിക്കലും അവരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒരു തരത്തിലുള്ള നിലപാടും സ്വീകരിക്കുകയില്ലെന്ന് ആണയിട്ടു ജയില്‍ മോചിതനായി പുറത്തെത്തിയ സവര്‍ക്കര്‍ പക്ഷേ അക്കാര്യത്തില്‍ സത്യസന്ധനായിരുന്നുവെന്ന കാര്യം നാം വിസ്മരിക്കരുത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതുവരെ അവര്‍‌ക്കെതിരെ ഒരക്ഷരമുരിയാടാന്‍ അദ്ദേഹം നാവു വളിച്ചിട്ടില്ല. പിന്നീട് ഗാന്ധിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവരുടെ പട്ടികയിലാണ് ആ പേര് നാം കാണുക. അക്കാലത്തെ ചില നേതാക്കന്മാരുടെ താല്പര്യങ്ങളുടെ പേരില്‍ സവര്‍ക്കറെ ഗാന്ധിവധത്തിന്റെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നുണ്ടെങ്കിലും കപൂര്‍ കമ്മീഷന്‍ സവര്‍ക്കറുടെ പങ്ക് അസന്നിഗ്ദമായി കണ്ടെടുക്കുന്നുണ്ട്.

            ഈ രാജ്യത്ത് എന്തെങ്കിലും നന്മയുണ്ടെങ്കില്‍ അതെല്ലാംതന്നെ കടയോടെ പറിച്ചെടുക്കുക എന്നൊരു ഉദ്യോഗം മാത്രമേ ആറെസ്സെസ്സും കൂട്ടരും ഇന്നാട്ടില്‍ ഇതുവരെ ചെയ്തിട്ടുള്ളു. അത് ഗാന്ധിവധത്തിന്റെ കാര്യത്തിലായാലും ശരി, ബാബറി മസ്ജിദ് തകര്‍ത്ത കാര്യത്തിലാണെങ്കിലും ശരി, നമ്മുടെ അഭിമാന സ്തംഭങ്ങളായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലക്കുന്ന കാര്യത്തിലായാലും ശരി.

            എന്തായാലും ആറെസ്സെസ്സ് ഉന്നം വെയ്ക്കുന്ന ഹിന്ദുരാഷ്ട്രം എന്ന സങ്കല്പത്തിന് കീഴടങ്ങിക്കൊടുക്കുന്ന തരത്തിലുള്ള ഒരു സഹിഷ്ണുതാ ബുദ്ധിയും ഈ ജനതയുടെ ഭാഗത്തു നിന്നുമുണ്ടാകരുത്. ആയുധം കൊണ്ട് ദുര്‍ബലരാണെങ്കിലും , ആശയം കൊണ്ട് ശക്തരാണ് എന്ന കാര്യം നാം ഇനിയെങ്കിലും മനസ്സിലുറപ്പിക്കേണ്ടതുണ്ട്. ആറെസ്സെസ്സിന്റെ മതാധിപത്യം നാം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യത്തെക്കാള്‍ എത്രയോ താഴെയാണ് എന്ന വസ്തുത നമുക്ക് , അടിമകളാകാന്‍ ഒരുക്കമില്ലാത്ത ഒരു ജനതയ്ക്ക് വഴികാട്ടിയാകുക തന്നെ വേണം.


മനോജ് പട്ടേട്ട് || 07 August 2020, 2.30 PM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1