#ദിനസരികള്‍ 1153 ഛായാപടങ്ങള്‍ തേടി.
പത്മരാജന്റെ ഒരു കഥയുണ്ട്. പേര് അവകാശങ്ങളുടെ പ്രശ്നം. മരിച്ചവരുടെ ഛായാപടങ്ങള്‍ മാത്രം വില്ക്കുന്ന തെരുവിലേക്ക് ഒരുച്ചയ്ക്ക് വിയര്‍ത്ത് കിതച്ചെത്തുന്ന ദിവാകരന്‍ കയറിച്ചെല്ലുന്നു. അയാള്‍ക്ക് വേണ്ടത് , തന്റെ അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങളായിരുന്നു. അവരുടെ ചിത്രങ്ങള്‍ക്കുവേണ്ടി അയാള്‍ പലയിടത്തും തിരഞ്ഞു പോയിരുന്നെങ്കിലും അത് കണ്ടെത്താനായിട്ടില്ല. അവസാനമായി ഇവിടെ ഇങ്ങനെയൊരു തെരുവുണ്ടെന്ന് കേട്ടറിഞ്ഞ് വന്നു കയറിയതാണ്. അയാള്‍ കച്ചവടക്കാരുടെ സമ്മതിയോടെ മരിച്ചു പോയ തന്റെ അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങള്‍ തിരയാന്‍ തുടങ്ങി. “ ഇരുഭാഗത്തുമുള്ള കടകളില്‍ അസംഖ്യം ചിത്രങ്ങള്‍ തൂക്കിയിട്ടിരുന്നു. അവയുടെ സംഖ്യ ദിവാകരനെ ഭയപ്പെടുത്തി. ആദ്യത്തെ കടയില്‍ അയാള്‍ വിപുലമായ ഒരു തിരച്ചില്‍ തന്നെ നടത്തി.അനവധി മുഖങ്ങള്‍ അനവധി കണ്ണുകള്‍, അവയില്‍ പലതും താനറിയുന്നവയാണെന്ന് ദിവാകരനു തോന്നി.ഓരോ ചിത്രവും മുന്നിലെത്തുമ്പോള്‍ അയാള്‍ വിചാരിച്ചു.ഇതാ...