#ദിനസരികള്‍ 1153 ഛായാപടങ്ങള്‍ തേടി.
പത്മരാജന്റെ
ഒരു കഥയുണ്ട്. പേര് അവകാശങ്ങളുടെ പ്രശ്നം. മരിച്ചവരുടെ ഛായാപടങ്ങള്‍ മാത്രം
വില്ക്കുന്ന തെരുവിലേക്ക് ഒരുച്ചയ്ക്ക് വിയര്‍ത്ത് കിതച്ചെത്തുന്ന ദിവാകരന്‍ കയറിച്ചെല്ലുന്നു.
അയാള്‍ക്ക് വേണ്ടത് , തന്റെ അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങളായിരുന്നു. അവരുടെ
ചിത്രങ്ങള്‍ക്കുവേണ്ടി അയാള്‍ പലയിടത്തും തിരഞ്ഞു പോയിരുന്നെങ്കിലും അത്
കണ്ടെത്താനായിട്ടില്ല. അവസാനമായി ഇവിടെ ഇങ്ങനെയൊരു തെരുവുണ്ടെന്ന് കേട്ടറിഞ്ഞ്
വന്നു കയറിയതാണ്. അയാള്‍ കച്ചവടക്കാരുടെ സമ്മതിയോടെ മരിച്ചു പോയ തന്റെ
അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങള്‍ തിരയാന്‍ തുടങ്ങി.
“ഇരുഭാഗത്തുമുള്ള കടകളില്‍ അസംഖ്യം
ചിത്രങ്ങള്‍ തൂക്കിയിട്ടിരുന്നു. അവയുടെ സംഖ്യ ദിവാകരനെ ഭയപ്പെടുത്തി.
ആദ്യത്തെ കടയില്‍ അയാള്‍ വിപുലമായ ഒരു തിരച്ചില്‍ തന്നെ നടത്തി.അനവധി
മുഖങ്ങള്‍ അനവധി കണ്ണുകള്‍, അവയില്‍ പലതും താനറിയുന്നവയാണെന്ന് ദിവാകരനു
തോന്നി.ഓരോ ചിത്രവും മുന്നിലെത്തുമ്പോള്‍ അയാള്‍ വിചാരിച്ചു.ഇതാ എന്റെ അച്ഛന്‍ ,
ഇതാ എന്റെ അമ്മ. പക്ഷേ അയാള്‍ക്കൊരിക്കലും ആവശ്യമുള്ള ചിത്രങ്ങള്‍ കിട്ടിയതേയില്ല.” (കഥയില്‍ നിന്ന്
) മുഖങ്ങളുടെ ആവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുണ്ട്. പല കടകളിലും ഒരേ ചിത്രങ്ങള്‍ തന്നെ
കണ്ടേക്കാം. കട്ടവടക്കാര്‍ക്കു കിട്ടുന്ന ചിത്രങ്ങളെല്ലാം തന്നെ അവര്‍ ശേഖരിച്ചു
വെയ്ക്കുന്നു അതുകൊണ്ടുതന്നെ ഒന്നിലധികം ചിത്രങ്ങളുമുണ്ടായെന്നു വരാം. അസാധാരണമായി
പെരുകിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ കണ്ടതുതന്നെ വീണ്ടും കാണേണ്ടിവരിക എന്ന
സാധ്യത തിരച്ചിലിനെ കൂടുതല്‍ ദുഷ്കരമാക്കുമെന്ന
വേവലാതി ദിവാകരനെ ബാധിക്കുന്നു.
ഏറെ നേരത്തെ നിരാശാജനകമായ
തിരച്ചലിനുശേഷം ആകെ വിയര്‍ത്ത് മുഷിഞ്ഞിരിക്കുന്ന ദിവാകരനോട് വണിക്കിന്റെ ഒരു
ചോദ്യമുണ്ട്. “ഏതെങ്കിലും
കുറേ പടങ്ങള്‍ പോരേ ? ഇന്നതുതന്നെ
വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് അത്ര ബുദ്ധിയാണോ? വെറുതെ
സമയം പാഴാക്കുകയാണ്” സ്വന്തം
പിതാവിന്റേയും മാതാവിന്റേയും ചിത്രം തിരയുന്ന ഒരാളോടുള്ള ഈ ചോദ്യം കമ്പോളത്തിന്റെ സ്വഭാവത്തെക്കൂടി
വെളിപ്പെടുത്തുന്നു.
രാത്രിയും പകലും ഒരുപോലെ
തുറന്നിരിക്കുന്ന കടകളിലൂടെ ദീര്‍ഘദീര്‍ഘമായി അയാള്‍ നെടുനേരം അലഞ്ഞു. എത്ര
കടകള്‍ ? എത്ര
ചിത്രങ്ങള്‍ ? എണ്ണിത്തിട്ടപ്പെടുത്താനാകാത്തവ. അവയെല്ലാം
കണ്ടു തീര്‍ത്തു. അവസാനമായപ്പോഴേക്കും ഏതെണ്ടെല്ലാ പടങ്ങളും ഒരേ
പോലെയുള്ളവയാണെന്ന് ദിവാകരനു തോന്നി. അത്തരമൊരു തോന്നലില്‍ ഇതാണ് എന്റെ അച്ഛന്‍ എന്ന
ചിന്തയോടെ ഏതോ ഒരു വൃദ്ധന്റെ പടം വലിച്ചെടുച്ച് നെഞ്ചോടു ചേര്‍ത്തു പോകുന്നുണ്ട്
അയാള്‍. വിഭ്രമാത്മകമായ ഈ സംഭവം തനിക്കു വേണ്ടപ്പെട്ടവരെ കണ്ടെത്താമെന്ന അയാളുടെ
ചിന്തയെ പ്രതികൂലമായി ബാധിച്ചിരുന്നു.
തിരഞ്ഞു തിരഞ്ഞു മടുത്ത അയാള്‍ ചിത്രങ്ങളുടെ
സാദൃശ്യങ്ങളില്‍ സ്വയം നഷ്ടപ്പെട്ടു അവശനായി നിന്നു. തനിക്കൊരിക്കലും ആ
ചിത്രങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് അയാള്‍ ഉറപ്പിച്ചു. ഭിത്തിയില്‍ ചാരി
തളര്‍ന്നു നിന്ന അയാളുടെ മുന്നിലേക്ക് ആറും ഏഴും വയസ്സുള്ള രണ്ടു കുട്ടികള്‍ വന്നു
നിന്നു. അവര്‍ ദിവാകരനെ സൂക്ഷിച്ചു നോക്കി. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍
തുടങ്ങി. ആ കരച്ചില്‍ കണ്ടുനില്ക്കാന്‍ കഴിയാത്ത വിധം ദിവാകരനെ ഉലച്ചു. ഏറെ
നേരത്തെ കരച്ചിലുകള്‍ക്കു ശേഷം ആ കുട്ടികള്‍ കച്ചവടക്കാരനെ അകത്തേക്കു വിളിച്ച്
ദിവാകരനെ ചൂണ്ടിക്കാണിച്ചു കൊണ്ടു പറഞ്ഞു. “ഇതാ ഈ പടമാണ് ഞങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നത്”കച്ചവടക്കാരന് ദിവാകരനെ
ഭംഗിയായി പൊതിയാന്‍ തുടങ്ങി.
മഹത്വമുള്ള ഒരു കൃതിയേയും നാം
വ്യാഖ്യാനിക്കേണ്ടതില്ല. അതിനോടൊപ്പം നാം വെറുതെ നടന്നാല്‍ മതി. പുതിയ പുതിയ
ലോകങ്ങളെ അതു നമുക്കു മുന്നില്‍ സ്വാഭാവികമായി തുറന്നിട്ടു തരും. അത്തരം ഒരു
യാത്ര ആസ്വദിക്കണമെന്നുള്ളവര്‍ ഈ കഥയൊന്ന് വായിച്ചു നോക്കുക. ഒരു ചൂണ്ടക്കൊളുത്തില്‍
പിടയുന്ന വരാല്‍ മത്സ്യമായി നിങ്ങള്‍ സ്വയം മാറുന്നത് കാണുക.
മനോജ് പട്ടേട്ട് || 14 June 2020, 09.30 AM ||
Comments