#ദിനസരികള്‍ 1148 കൊറോണക്കാലത്തെ ആത്മാഭിമാനങ്ങള്‍ .
കൊറോണയ്ക്ക്
ശേഷമെന്ത് എന്ന് ചിന്തിക്കാത്ത ആരുംതന്നെ ഇക്കാലത്തുണ്ടാകുമെന്ന് തോന്നുന്നില്ല.
വിഖ്യാതരായ പലരും കൊറോണയ്ക്കു മുമ്പും പിമ്പുമെന്ന നിലയില്‍ ലോകത്തെ വിഭജിച്ച് വിശകലനം
ചെയ്യുന്നതും നാം കണ്ടു കഴിഞ്ഞു. അവരില്‍ ചിലരെല്ലാം കൊറോണയെ നാം അതിജീവിക്കുക
തന്നെ ചെയ്യുമെന്ന് ആണയിടുന്നു. എന്നാല്‍ കൊറോണ
മുക്തമായ ഒരു ലോകം എന്നത് തികച്ചും അസംഭവ്യമായ ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്.
ഇനി മനുഷ്യര്‍ ഈ വൈറസിനൊപ്പം ജീവിച്ചു പോകുന്നത് ഒരു ശീലമാക്കണ്ടിവരും.അതായത്
വൈറസിനൊടൊപ്പം ജീവിച്ചുകൊണ്ടുതന്നെ അതിനെ പ്രതിരോധിക്കേണ്ട വഴികളെക്കുറിച്ച് നാം
കഠിനമായി ജാഗ്രതപ്പെട്ടുകൊണ്ടേയിരിക്കണമെന്നര്‍ത്ഥം. ഇവിടെയാണ് ഹരാരി പറയുന്ന
ഭരണകൂടത്തിന്റെ സമഗ്രാധിപത്യം അല്ലെങ്കില്‍ വ്യക്തിനിഷ്ഠമായ അതിജാഗ്രത എന്ന ആശയം
സാധ്യമാകുന്നത്.
ഭരണകൂടത്തിന്റെ ആധിപത്യം ഏതൊരു
ജനസമൂഹത്തിലും അത്യാപത്താണ്. ഒരു സാഹചര്യത്തിലും അനുവദിച്ചു കൂടാത്തതുമാണ്. മനുഷ്യ
സമൂഹം നാളിതുവരെ നടത്തിയ മുന്നേറ്റങ്ങളുടെ , ജീവത്യാഗങ്ങളുടെ ആകെത്തുകയാണ് ഇന്ന്
ലോകത്തെവിടേയുമുള്ള മനുഷ്യര്‍ അനുഭവിക്കുന്ന മാനവികമായ അവകാശങ്ങളും
സ്വാതന്ത്ര്യങ്ങളുമൊക്കെത്തന്നെ. ഒരു പകര്‍ച്ച വ്യാധിയുടെ പേരില്‍ അത്തരത്തില്‍
നാം നേടിയെടുത്തവയെല്ലാം ഏതെങ്കിലും ഭരണാധികാരിയുടെ ചൊല്പടിക്കുകൊണ്ടുപോയി ബലി
കഴിക്കണമെന്നു വന്നാല്‍ ആ പഴയ മുദ്രാവാക്യം , പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയെക്കാള്‍ ഭയാനകം എന്ന മുദ്രാവാക്യം വീണ്ടും നമുക്ക്
എത്തിപ്പിടിക്കേണ്ടിവരും. അപ്പോള്‍ പകര്‍ച്ച വ്യാധി മാറ്റി നിറുത്തപ്പെടുകയും
ഒരു മാനിയുടെ ആത്മരോഷം അണപൊട്ടുന്നത് ലോകം കാണുകയും ചെയ്യും.എന്നാല്‍ ഇപ്പോള്‍ ലോകത്ത്
പലയിടത്തും കോവിഡെന്ന മഹാമാരിയെ മുന്‍നിറുത്തി ജനതയുടെ സ്വാതന്ത്ര്യങ്ങള്‍ക്കു
മുകളില്‍ അധികാരികള്‍ അതിര്‍ത്തികള്‍ കെട്ടി കുടുക്കിയിട്ടിരിക്കുന്നതു കാണാം.
ഹരാരി കോര്‍പ്പറേറ്റുകളെ സഹായിക്കാനും മറ്റും അതിഗൂഡമായി സര്‍ക്കാറുകള്‍
ശ്രമിക്കുന്നതിനെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്കുന്നു. അതുകൊണ്ട് കൊറോണയെ
മുന്‍നിറുത്തി ഭരണകൂടത്തിന്റെ സമഗ്രാധിപത്യം അനുവദിച്ചുകൊടുക്കുകയെന്നത് ഒരു
പരിധിവരെ ജനത അടിമത്തത്തെ ചോദിച്ചു വാങ്ങുകയാണെന്ന് പറയേണ്ടി വരും. അതുകൊണ്ട്
ഭരണകൂടങ്ങള്‍ അടിച്ചേല്പിക്കുന്ന നിയന്ത്രണങ്ങളിലൂടെ കൊറോണയെ അതിജീവിക്കുക
എന്നത് ആ അര്‍ത്ഥത്തില്‍ ആത്മഹത്യാപരമായിരിക്കും.
വ്യക്തിപരമായ ജാഗ്രത എന്ന രണ്ടാമത്തെ
ആശയത്തെയാണ് ഞാന്‍ സ്വാഗതം ചെയ്യുക.
രോഗത്തെപ്പറ്റി , അതു പടരുന്ന
രീതികളെപ്പറ്റി , സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി വ്യക്തിപരമായി
ജാഗ്രതപ്പെടുക, കരുതലുകളെടുക്കുക എന്ന രീതിയായിരിക്കും ഒന്നാമത്തേതിനെക്കാള്‍
ജനാധിപത്യപരമായിരിക്കുക. എവിടെപ്പോകണം പോകണ്ട എന്നതു തീരുമാനിക്കാനുള്ള
സ്വാതന്ത്ര്യം വ്യക്തികള്‍ക്കു തന്നെ ലഭിക്കണം. അതില്‍ സര്‍ക്കാറുകളുടെ
ഇണ്ടാസുകള്‍ ഇടപെടരുത്. എന്നാല്‍ ആ സ്വാതന്ത്ര്യത്തെ വിനിയോഗിക്കുന്നത് കൊവിഡ്
പോലെയുള്ള പകര്‍ച്ച വ്യാധികളെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്രം നല്കുന്ന മുന്നറിയിപ്പുകളെക്കൂടി
പരിഗണിച്ചു കൊണ്ടായിരിക്കണമെന്നുമാത്രം.ഇവിടെ ഇന്ത്യ പോലെയുള്ള മൂന്നാം ലോക
രാജ്യത്ത് അതെത്രമാത്രം വിജയകരമായിരിക്കുമെന്നൊരു ചോദ്യമുണ്ട്. അത്തരക്കാര്‍
മുന്നോട്ടു വെയ്ക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രഖ്യാപിക്കുന്ന ലോക്
ഡൌണ്‍ അല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ്. ലോക് ഡൌണുകള്‍ ഒരു പരിധി വരെ
വഴിയായിരുന്നുവെന്ന് അംഗീകരിച്ചു കൊണ്ടുതന്നെ പറയട്ടെ എക്കാലത്തേക്കുമുള്ള വഴി
ലോക് ഡൌണല്ല തന്നെ.
സമഗ്രാധിപത്യത്തെ സ്വപ്നം കാണാത്ത സര്‍ക്കാറുകള്‍
ആദ്യമായി ചെയ്യേണ്ടത് സാമൂഹ്യ ക്ഷേമപദ്ധതികളുടെ പരിധിയില്‍ പെടാത്തതും
ചരിത്രപരമായ കാരണങ്ങളാല്‍ ഇളവുകള്‍ അര്‍ഹിക്കാത്തവരുമായ മുഴുവന്‍ ജനതയ്ക്കും
നല്കിവരുന്ന ചികിത്സയടക്കമുള്ള സൌജന്യങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ്. പൊതുവായ
മാനദണ്ഡങ്ങളില്‍ സവിശേഷമായ ചില ഇളവുകള്‍ സര്‍ക്കാറുകള്‍ക്ക് നല്കേണ്ടിവരും.
അതു കഴിയുന്നത്ര കുറയ്ക്കുകയും ചികിത്സയടക്കമുള്ള ഉത്തരവാദിത്തങ്ങള്‍ വ്യക്തികളില്‍ നിക്ഷിപ്തമാക്കുകയും
ചെയ്യണം. കൊവീഡിനെതിരെയുള്ള ജാഗ്രത വര്‍ദ്ധിക്കുവാന്‍ സൌജന്യങ്ങള്‍
അവസാനിപ്പിക്കുകയെന്നത് പോംവഴിയാണ്.
കൊവീഡ് ഇനിയങ്ങോട്ടുള്ള
മനുഷ്യജീവിതങ്ങളുടെ അരികുപറ്റി , ചിലപ്പോഴെല്ലാം നടുവേക്കൂടിയും സഞ്ചരിക്കുന്ന
ഒന്നാണ്. അതിന്റെ പേരില്‍ പൌരസ്വാതന്ത്ര്യങ്ങളേയും ജനാധിപത്യാവകാശങ്ങളേയും
അട്ടിമറിക്കുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കണമെങ്കില്‍ വ്യക്തിപരമായ ജാഗ്രത
മാത്രമാണ് കരണീയമായിട്ടുള്ളത്. സൌജന്യങ്ങള്‍ അലസനാക്കുന്ന ഒരു സാഹചര്യത്തിനു
പകരം കൊവീഡിനൊപ്പം ജാഗ്രതയോടെയും എന്നാല്‍ സ്വാതന്ത്ര്യത്തോടെയും ജീവിക്കുക
എന്നതിനെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.
© മനോജ് പട്ടേട്ട് || 9
June 2020, 10.30 AM
||
Comments