#ദിനസരികള്‍ 1151 സംസ്കാരപഠനത്തിലേക്ക് ഒരു പ്രവേശിക




            സംസ്കാരപഠനം ചരിത്രം , സിദ്ധാന്തം , പ്രയോഗം എന്ന പേരില്‍ മലയാള പഠനസംഘം ഒരു ബൃഹത്സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കാരപഠനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ വ്യക്തമാക്കുന്ന പ്രസ്തുത ഗ്രന്ഥം , ഈ മേഖലയില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നവര്‍ത്തക്ക് മലയാളത്തില്‍ ലഭിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.

          ഇരുപത്തിയേഴോളം എഴുത്തുകാരുടെ ലേഖനങ്ങളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്.ലേഖകരില്‍ പലരും ആഴത്തിലും ഏറ്റവും കൃത്യമായും വിഷയത്തെ സമീപിച്ചിരിക്കുന്നുവെന്ന് പറയാതെ വയ്യ.എന്നാല്‍ ചിലര്‍ , താരതമ്യേന ജനപ്രിയത കുറഞ്ഞ മേഖലകളിലെ  സാംസ്കാരിക ഇടപെടലുകളെക്കുറിച്ച് എഴുതിയവര്‍ ഒട്ടൊരു ലാഘവബുദ്ധി പ്രകടിപ്പിച്ചിരിക്കുന്നുവെന്നത് ചൂണ്ടിക്കാണിക്കാതെ വയ്യ.എങ്കില്‍‌പ്പോലും സാംസ്കാരിക പഠനങ്ങള്‍ക്ക് വഴികാട്ടിയായി മാറുവാന്‍ സമാഹരിച്ചിരിക്കുന്ന ലേഖനങ്ങള്‍ക്ക് കഴിയുന്നുണ്ട്.

          1921 ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച റെയ്മണ്ട് വില്യംസാണ് സാംസ്കാരിക പഠനത്തിന് (Cultural Studies ) തുടക്കം കുറിച്ചത് എന്നു പറയാം.മാര്‍ക്സിസ്റ്റ് സൈദ്ധാന്തികതയെ അടിസ്ഥാനപ്പെടുത്തി സാഹിത്യാദികലകളില്‍ സംസ്കാരം ഇടപെടുന്നതെങ്ങനെ എന്നൊരു അന്വേഷണത്തിനാണ് അദ്ദേഹം അസ്തിവാരമിട്ടത്.കള്‍ച്ചര്‍ അഥവാ സംസ്കാരം എന്ന പദത്തിന് വില്യംസ് ഒന്നിലേറെ വിവക്ഷകള്‍ നല്കുന്നുണ്ട്. വ്യാവസായിക വിപ്ലവത്തന്റെ കാലഘട്ടമായ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ഈ പദത്തിന് വന്നുചേര്‍ന്ന അര്‍ത്ഥഭേദങ്ങള്‍ സാമൂഹിക ചരിത്രരചനയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്.വ്യാവസായിക കൊളോണിയല്‍ വ്യവസ്ഥയില്‍ വികസിച്ചു വരുന്ന ആധുനിക ബോധത്തെ പ്രതിഫലിപ്പിക്കുന്ന പല അര്‍ത്ഥ സൂചനകളും ഈ കാലഘട്ടത്തില്‍ കള്‍ച്ചര്‍ എന്ന പദം കൈവരിക്കുന്നു.കള്‍ച്ചര്‍ ഇക്കാലത്ത് പ്രകൃതി എന്നര്‍ത്ഥം വരുന്ന നേച്ചര്‍ എന്ന പദത്തിന് വിപരീതമായും മറ്റു ചിലപ്പോള്‍ പ്രാകൃതിക ഗുണങ്ങളെക്കൂടി ദ്യോതിപ്പിക്കുന്ന പദമായും പ്രയോഗിക്കപ്പെടുന്നു.ചിലപ്പോള്‍ സമാനാര്‍ത്ഥമുള്ള സിവിലൈസേഷന്‍ എന്ന പദത്തിന്റെ പര്യായമായും മറ്റു ചിലപ്പോള്‍ അതിന്റെ വിപരീതമായും ഉപയോഗിക്കുന്നു. ചിലപ്പോള്‍ മനസംസ്കരണം എന്ന അര്‍ത്ഥത്തിലും മറ്റു ചിലപ്പോള്‍ സാമാന്യമായ ജീവിത ശൈലി എന്ന അര്‍ത്ഥത്തിലും പൊതുഭാഷണത്തില്‍ അത് പ്രത്യക്ഷപ്പെടുന്നു.(സംസ്കാര പഠനം ഒരു ആമുഖം - ഡോ പി പി രവീന്ദ്രന്‍ , പേജ് 25 , നാഷണല്‍ ബുക്സ്റ്റാള്‍ ) എന്ന് പി പി രവീന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നത നോക്കുക. സംസ്കാര പഠനത്തിന് ഏറെ സഹായിക്കുന്ന പ്രധാനപ്പെട്ട വാക്കുകളെ നിര്‍വചിച്ചുകൊണ്ട് 1976 ല്‍ റെയ്മണ്ട് വില്യംസ് കീ വേര്‍ഡ്സ് എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു പക്ഷേ സംസ്കാരപഠനത്തെക്കുറിച്ച് എഴുതുന്ന എത്ര ചെറിയൊരു കുറിപ്പിലും ആ പുസ്തകത്തെക്കുറിച്ച് പ്രതിപാദിക്കാതിരിക്കാനാകാത്ത വിധത്തിലാണ് അതിന്റെ പ്രസക്തി എന്നു പറഞ്ഞാല്‍ പുസ്തകത്തിന്റെ പ്രാധാന്യം വ്യക്തമാകുമല്ലോ. അതില്‍ ഏറ്റവും സങ്കീര്‍ണമായ അര്‍ത്ഥവ്യാപ്തി പേറുന്ന പദമായിട്ടാണ് കള്‍ച്ചറിനെ പരിഗണിക്കുന്നത്.

          ഡോക്ടര്‍ കെ എം അനില്‍ എഡിറ്റു ചെയ്ത സംസ്കാരനിര്‍മ്മിതി എന്ന പുസ്തകത്തില്‍ റെയ്മണ്ട് വില്യംസിന്റെ Analysis of Culture എന്ന ലേഖനത്തിന്റെ ആശയാനുവാദമുണ്ട് . അതില്‍ കള്‍ച്ചര്‍ എന്ന പദത്തെ മൂന്നു പ്രധാന സംവര്‍ഗ്ഗങ്ങളായി നിശ്ചയിച്ചുകൊണ്ട് വില്യംസ് എഴുതുന്നു ഒന്നാമതായി സംസ്കാരം എന്നത് ആശയപരമായ ഒന്നാണ്. അതായത് ചില സാര്‍വ്വ ലൌകിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ള സമഗ്രതയിലേക്ക് എത്തിച്ചേരാന്‍ മനുഷ്യന്‍ നടത്തുന്ന പ്രക്രിയയാണ് സംസ്കാരം.രണ്ട് രേഖപ്പെടുത്തി വെയ്ക്കല്‍ എന്ന അര്‍ത്ഥത്തില്‍ സംസ്കാരത്തെ മനസ്സിലാക്കുന്ന രീതിയുണ്ട്.മനുഷ്യരുടെ ബൌദ്ധികവും ഭാവനാപരവുമായ സംഭാവനകളെ സാധാരണയായി സംസ്കാരം എന്നു പറയാം.(അതായത് കല സാഹിത്യം ശാസ്ത്രം , തുടങ്ങിയവ )  ഒരു കാലഘട്ടത്തിലെ സാംസ്കാരിക ജീവിതത്തെ കലയും ശാസ്ത്രവും മറ്റും എത്രമാത്രം രേഖപ്പെടുത്തുന്നു എന്ന അന്വേഷണമാണ് കലയുടേയും ശാസ്ത്രത്തന്റേയും സംസ്കാര വിശകലനത്തില്‍ പ്രധാനം. മൂന്നാമത്തെ നിര്‍വചനം സംസ്കാരത്തെ ഒരു സവിശേഷ ജീവിത മാതൃകയായാണ് കാണുന്നത്.ഇതുപ്രകാരം കല സാഹിത്യം തുടങ്ങിയവ മാത്രമല്ല ദൈനംദിന ജീവിതം മുഴുവന്‍ സംസ്കാരമാണ്. ഇതില്‍ സംസ്കാര വിശകലനമെന്നത് ഒരു പ്രത്യേക ജീവിതരീതിയുടെ അര്‍ത്ഥം വിശദീകരിയ്ക്കലായിരിക്കും  സംസ്കാരത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണകളുണ്ടാക്കുവാന്‍ ഈ നിര്‍വചനങ്ങള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

          ഇത്തരത്തിലുള്ള വിവിധങ്ങളായ വിവക്ഷകളില്‍ പെരുമാറുന്ന സംസ്കാര പഠനത്തിന്റെ വ്യത്യസ്തങ്ങളായ മേഖലകളെ  പരിചയപ്പെടുത്താനാണ് മലയാള പഠനസംഘം സംസ്കാരപഠനം എന്ന ഗ്രന്ഥത്തിലൂടെ ഉദ്ദേശിക്കുന്നത്.
(തുടരും)

ആധാരഗ്രന്ഥങ്ങള്‍
സംസ്കാര പഠനം ഒരാമുഖം പി പി രവീന്ദ്രന്‍
സംസ്കാര നിര്‍മ്മിതി എഡിറ്റര്‍ ഡോ. കെ എം അനില്‍
സംസ്കാര പഠനം മലയാള പഠന സംഘം.
© മനോജ് പട്ടേട്ട് || 12 June 2020, 09.30 AM ||










Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം