#ദിനസരികള്‍ 1152 ഒരിരുപതു രൂപ നോട്ടും ചില ചിന്തകളും.




            പത്താംക്ലാസു കഴിയുമ്പോഴേക്കും വിവേകാനന്ദന്‍ തലയ്ക്കു പിടിച്ചിരുന്നു. സന്യാസം തന്നെയാണ് ജീവിതലക്ഷ്യം എന്നു ചിന്തിക്കുവാന്‍ തക്കവണ്ണം ആ ബന്ധം ദൃഢപ്പെട്ടിരുന്നുവെന്ന് പറഞ്ഞാല്‍ എല്ലാമായല്ലോ. ഭഗവദ്ഗീതയും ഉപനിഷത്തും മറ്റും മറ്റും കാണാതെ പഠിക്കുവാനും അര്‍ത്ഥം മനസ്സിലാക്കുവാനുമൊക്കെ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്ന അക്കാലത്ത് ഇന്ത്യയില്‍ ഫാസിസത്തിന്റെ തേര്‍വാഴ്ച തുടങ്ങിക്കഴിഞ്ഞിരുന്നു. ബാബറി മസ്ജിദ് ഹിന്ദുത്വവാദികള്‍ തകര്‍ത്തിട്ട് അപ്പോഴേക്കും മൂന്നോ നാലോ കൊല്ലമായിട്ടുണ്ടായിരുന്നു. ആ മുന്നേറ്റത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ എം എന്‍ വിജയനുപോലും കഴിഞ്ഞിരുന്നില്ല. ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ക്ക് പ്രസക്തിയില്ലെന്നും അക്കൂട്ടര്‍ ഒരിക്കലും അധികാരത്തില്‍ വരില്ലെന്നും ബാബറി പള്ളിയുടെ തകര്‍ക്കല്‍ നടന്ന് ഏറെക്കാലത്തിനു ശേഷവും അദ്ദേഹം ആണയിട്ടുകൊണ്ടിരുന്നു. എന്നാല്‍ ഫാസിസ്റ്റുകള്‍ വളര്‍ന്നു. അവര്‍ ഇന്ത്യയെ വിഴുങ്ങി. എം എന്‍ വിജയനാകട്ടെ തന്റെ ആദ്യനിലപാടുകളെ തിരുത്തേണ്ടിയും വന്നു.
          അക്കാലങ്ങളില്‍ ഞാനാകട്ടെ സന്യാസം എന്ന ചിന്തയും പേറി ഊരുചുറ്റുകയായിരുന്നു. ആശ്രമങ്ങളിലൂടെയും പുണ്യകേന്ദ്രങ്ങളെന്ന് കരുതപ്പെടിരുന്ന ഇടങ്ങളിലൂടെയൊക്കെയായിരുന്നു ആ അലച്ചിലുകളെന്ന് പറയേണ്ടതില്ലല്ലോ.അത്തരത്തിലൊരു അലച്ചിലിലാണ് കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്ത് എത്തുന്നത്.

          ശുചീന്ദ്രം പല കാരണങ്ങള്‍‌കൊണ്ടും പ്രസിദ്ധമാണ്. ബ്രഹ്മാവ് , വിഷ്ണു , ശിവന്‍ എന്നീ ത്രിമൂര്‍ത്തികളെ ഒരൊറ്റ ശിലയില്‍ സ്ഥാപിച്ചിരിക്കുന്നുവെന്നതാണ് ഒരു പ്രത്യേകത. മറ്റൊന്ന് ശുചീന്ദ്രത്തെ സത്യപരീക്ഷകളാണ്. തിളച്ച എണ്ണയില്‍ കൈമുക്കാനും അഗ്നിപരീക്ഷ നടത്താനുമൊക്കെ ഈ ക്ഷേത്രം ഉപയോഗിച്ചിരുന്നു. മനോഹരങ്ങളായ ധാരാളം ശില്പങ്ങളും അവിടെയുണ്ട്. ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലമെന്ന നിലയിലും ശുചീന്ദ്രത്തിന് പ്രസക്തിയുണ്ട്.ഇങ്ങനെ പല നിലയില്‍ പ്രസിദ്ധി നേടിയ ഒരിടത്തേക്കാണ് വിശന്നു തളര്‍ന്ന ഒരു സന്ധ്യക്ക് ഞാന്‍ ചെന്നു കയറിയത്.

          കൈയ്യിലൊന്നുമില്ലാതെ നാടുചുറ്റാനിറങ്ങിയവന് വിശപ്പൊരു പുത്തരിയല്ലല്ലോ. അങ്ങനെ വിശന്നു തന്നെയാണ് പലപ്പോഴും നമ്മുടെ രാജ്യത്തെ മിക്ക കേന്ദ്രങ്ങളിലേക്കും യാത്ര നടത്തിയത്.അതുകൊണ്ട് പിന്നീട് എച്ച് പി കിറ്റുകള്‍ ധാരാളമായി തിന്നേണ്ടി വന്നുവെന്നത് മറ്റൊരു കാര്യം.

          ക്ഷേത്രത്തിനകത്തെ ഒരു കല്‍‌ച്ചുമരിനു സമീപം തളര്‍ന്നിരുന്ന എന്റെയടുത്തേക്ക് ഒരു വൃദ്ധന്‍ വന്നു. അയാള്‍ പലതും ചോദിച്ചു. നാട് വീട് പഠനം തുടങ്ങി സകലതും. വീടുവിട്ടിറങ്ങിയതിനെക്കുറിച്ചും ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചുമൊക്കെ ആ സംസാരം നീണ്ടു. വെറുതെ ഓരോ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നില്ല അയാള്‍. അങ്ങനെയായിരുന്നുവെങ്കില്‍ ഞാനയാളെ അവഗണിക്കുമായിരുന്നു. പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട നൂറ്റിയെട്ടു ക്ഷേത്രങ്ങളിലൊന്നായ ശുചീന്ദ്രത്തെക്കുറിച്ച് , അവിടുത്തെ സമ്പ്രാദായങ്ങളെക്കുറിച്ച് , സ്ഥലപുരാണങ്ങളെക്കുറിച്ച് ഒക്കെ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയിലായിരുന്നു തന്ത്രപൂര്‍വ്വം എന്നെക്കുറിച്ചും ഓരോന്നും അന്വേഷിച്ച് മനസ്സിലാക്കിയത്.

          പോകാന്‍ നേരം അയാള്‍ തന്റെ തുണിസഞ്ചി തുറന്നു. ഇരുപതു രൂപയുടെ ഒരു നോട്ട് എടുത്ത് എന്റെ നേരെ നീട്ടി. ഞാന്‍ സ്നേഹപൂര്‍വ്വം നിരസിച്ചു.ഭക്ഷണം വാങ്ങിത്തരാനായിരുന്നു അദ്ദേഹം തുനിഞ്ഞിരുന്നതെങ്കില്‍ ഞാനതു സ്വീകരിക്കുകമായിരുന്നു. ഇത് പണമാണ്. അതുകൊണ്ടാണ് വിശക്കുന്നുണ്ടെങ്കിലും വേണ്ടായെന്ന് വാശി പിടിച്ചത്.  അവസാനം സന്യസിക്കാനിറങ്ങിയതല്ലേ അപ്പോള്‍ ഭിക്ഷ വാങ്ങുന്നത് തെറ്റല്ല എന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ആ രൂപ എന്നെ ബലമായി പിടിപ്പിച്ചു. നാളെ ഇവിടെയുണ്ടെങ്കില്‍ വീണ്ടും കാണാം എന്നു പറഞ്ഞു കൊണ്ട് അദ്ദേഹം തിരിഞ്ഞു നടന്നു. പിറ്റേ ദിവസം ഉച്ചയ്ക്ക് ഞാനവിടെ നിന്നുമിറങ്ങുന്നതുവരെ അദ്ദേഹത്തെ കണ്ടില്ല.    അന്ന് അദ്ദേഹം തന്ന ഇരുപതുരൂപ സന്യാസിയാകാനിറങ്ങിപ്പുറപ്പെട്ട ഒരുവനുള്ള ഭിക്ഷയായിരുന്നു.  സന്യാസം ഉപേക്ഷിച്ചതോടെ ഞാന്‍ ആ തുകയ്ക്ക് കടക്കാരനായിരിക്കുന്നു. ഇനിയൊരിക്കലും കാണാന്‍ കഴിയാത്ത ഒരാളുടെ കടം കടമായിത്തന്നെ നില്ക്കുന്നു, നില്ക്കട്ടെ.

          സന്യാസത്തിന് ഇറങ്ങിത്തിരിച്ചതിനാല്‍ ഭാരതീയ തത്വചിന്തയേയും സന്യാസത്തേയുമൊക്കെ അടുത്തറിയാന്‍ കഴിഞ്ഞു എന്ന പ്രധാനപ്പെട്ട ഗുണമുണ്ടായി.അതോടൊപ്പം പല നിഷ്കാമകര്‍മ്മികളായ സന്യാസിമാരേയും പരിചയപ്പെടാന്‍ കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുണ്ടായ പ്രധാന നേട്ടം ഇക്കാലത്ത് ഹിന്ദുമതവുമായി ബന്ധപ്പെടുത്തി ഹിന്ദുത്വതീവ്രവാദികള്‍ മുന്നോട്ടു വെയ്ക്കുന്ന കള്ളനാണയങ്ങളെ , രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ അജണ്ടകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നുവെന്നതാണ്. ഇന്ന് രാജ്യമാകെ ഹിന്ദുത്വത്തിന്റെ പേരില്‍ വിതരണം ചെയ്യപ്പെടുന്ന വെറുപ്പിന്റെ ആശയങ്ങളൊന്നും തന്നെ ഹൈന്ദവ ചിന്തകളുമായി ബന്ധപ്പെട്ടതല്ലെന്ന് തിരിച്ചറിയാനുമുള്ള  ശേഷി  അക്കാലത്തെ പഠനങ്ങള്‍‌കൊണ്ടുണ്ടായി എന്നര്‍ത്ഥം. അതൊരു സാരമായ നേട്ടം തന്നെയായി ഞാന്‍ ഇന്നും കണക്കാക്കുന്നു.

          എന്തായാലും രാവിലെ പാലു വാങ്ങിയതിന്റെ ബാക്കിയായി ഇരുപതു രൂപ നോട്ടു വെച്ചു നീട്ടി എന്നെ കഴിഞ്ഞുപോയ ഒരു  കാലത്തിലേക്ക് ഒഴുക്കിവിട്ട പാല്‍ക്കച്ചവടക്കാരന് നന്ദി.

 മനോജ് പട്ടേട്ട് || 13 June 2020, 09.30 AM ||










Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം