#ദിനസരികള്‍ 1147 ഫ്രിറ്റ്സ് പേള്സിന്റെ ഗസ്റ്റാള്‍ട്ട് മനശാസ്ത്രം
നാം എങ്ങനെയാണ് ഒരു ആനയെ കാണുക? കാലുകളെ
ഒരു തൂണായിട്ടോ വാലിനെ ഒരു ചൂലായിട്ടോ ചെവികളെ മുറമായിട്ടോ തുമ്പിയെ ഒരു
കുഴലായിട്ടോ ഒന്നുമല്ലല്ലോ. അങ്ങനെ വേര്‍തിരിച്ചു കണ്ടാല്‍ നാം ആനയെ കാണുന്നില്ല
എന്നതാണല്ലോ കാര്യം . അവിടെ ആന
മരിക്കുന്നു, പകരം തൂണും ചൂലും മുറവും അവശേഷിക്കുന്നു. ഇങ്ങനെ മുറിച്ചു മുറിച്ചു
കാണാതെ ആനയെ അതിന്റെ സമഗ്രാകൃതിയില്‍ കണ്ടാലേ ‘ആനയെ’ കാണാനൊക്കൂ. അതുപോലെ ഒരു വസ്തുവിനെ
അതിന്റെ സമഗ്രതയില്‍ കാണുന്നതിനെയാണ് ഗസ്റ്റാള്‍ട്ട് എന്നു പറയുന്നത്. അതുപോലെ
ശരീരത്തേയും മനസ്സിനേയും പരസ്പരം വേര്‍പെടുത്തിയല്ല ഒന്നായിട്ടാണ് കാണേണ്ടത്
എന്നാണ് ഗസ്റ്റാള്‍ട്ട് മനശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്. “ വിഘടിച്ചു
പോയ മനസ്സിനെ അതിന്റെ പുര്‍വ്വ സ്ഥിതിയിലുള്ള സമഗ്രാകൃതിയിലേക്ക് നയിക്കുകയാണ്
ഗസ്റ്റാള്‍ട്ട് തെറാപ്പിയുടെ ലക്ഷ്യം.” എന്നാണ് ഡോക്ടര്‍ ജോസഫ് തോമസ് ഏറെ
ചുരുക്കി വിശദമാക്കിയിരിക്കുന്നത്. അതായത് ഫ്രിറ്റ്സ് പേളിന്റെ ഈ ഗസ്റ്റാള്‍ട്ട്
തെറാപ്പി , ഇങ്ങനെ കൂടിച്ചേരലുകളേയും സമഗ്രതയേയുമാണ് മുന്‍നിറുത്തുന്നത് , അല്ലാതെ
വിഘടിപ്പിക്കുകയല്ല എന്ന് സാരം.
ഫ്രോയിഡ് പറയുന്നതുപോലെ അടിച്ചമര്‍ത്തപ്പെട്ട
അഭിലാഷങ്ങളുടെ പ്രകടനങ്ങളല്ല സ്വപ്നങ്ങളെന്നാണ് ഗെസ്റ്റാള്‍ട്ടുകാര്‍ പറയുന്നത്. “മനസ്സിന്റെ
സംഘട്ടനങ്ങളെ സമന്വയിപ്പിക്കുന്നതിനും ജീവിതം സാക്ഷാത്കരിക്കുന്നതിനുമുള്ള ഒരു
രാജപാതയാണ് സ്വപ്നങ്ങള്‍.മനുഷ്യന്റെ അസ്ഥിത്വത്തിന്റെ അയത്ന ലളിതവും സ്വഭാവികവുമായ
പ്രകാശനമാണ് അവന്റെ സ്വപ്നം. ഒരു വ്യക്തിയുടെ സ്വത്വത്തില്‍ നിന്ന്
വിച്ഛേദിച്ചു പോയ ഭാഗങ്ങള്‍ വീണ്ടെടുക്കണം സ്വപ്നം ഇതിനുവേണ്ട സൂചനകള്‍ നല്കുന്നു.” ആവര്‍ത്തിക്കട്ടെ
വിഘടിപ്പിക്കുയല്ല മറിച്ച കൂട്ടിച്ചേര്‍ത്തുകൊണ്ട് അതിന്റെ സമഗ്രതയില്‍ തന്നെ പ്രശ്നങ്ങളെ
നേരിടാനും പരിഹരിക്കാനുമാണ് ഗെസ്റ്റാള്‍ട്ട് മനശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്.
സ്വപ്തത്തിലെ ഒരു കാര്യങ്ങളേയും പിന്തുടര്‍ന്ന് അതിനെ നാം
വ്യാഖ്യാനിച്ചെടുക്കേണ്ടതില്ല. സ്വപ്നങ്ങളെ അപഗ്രഥിക്കുകയല്ല മറിച്ച് അവയുമായി
താദാത്മ്യം പ്രാപിക്കുകയാണ് വേണ്ടത്. ഫ്രോയിഡിന്റെ സൈക്കോ അനാലിസിസും യൂങ്ങിന്റെ
അനലറ്റിക്കല്‍ സൈക്കോളജിയുമായി ഗെസ്റ്റാള്‍ട്ട് മനശാസ്ത്രത്തിനുള്ള വ്യത്യാസം
ഇതാണ്.
സ്വപ്നങ്ങളുമായ
താദാത്മ്യംപ്രാപിക്കുവാനാണ് ഗസ്റ്റാള്‍ട്ടു മനശാസ്ത്രത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്.
“ഒരു
കുട്ടി റോഡിലൂടെ ടാങ്ക് ഓടിച്ചു പോകുന്ന ഒരു സ്വപ്നമാണ് ഞാന്‍ കണ്ടതെന്നു
വെയ്ക്കൂ.ഞാന്‍ ഒരു റോഡായും കുട്ടിയായും ടാങ്കായും അഭിനയിച്ചുനോക്കണം.ഓരോ വേഷവും
അഭിനയിക്കുമ്പോള്‍ എന്നില്‍ ഉയര്‍ന്നു വരുന്ന ചിന്തകളും ഭാവങ്ങളും ഞാന്‍
അനുഭവിച്ച് ബോധവാനാകണം. ഇവ തൊടുത്തു വിടുന്ന വികാരവിചാരങ്ങളുടെ വ്യാഖ്യാനമൊന്നും
കൂടാതെ അവയെ ജീവോന്മുഖമാക്കുമ്പോള്‍ അത് സ്വത്വവുമായി വീണ്ടും സംയോജിച്ചുകൊള്ളും.” സ്വപ്നങ്ങളെ
സ്വയം കൈകാര്യം ചെയ്യാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഫ്രിറ്റ്സ് പേള്‍സ്
നല്കുന്നുണ്ട്. താദാത്മീകരണത്തിലൂടെ സംഘര്‍ഷങ്ങളെ ഒഴിവാക്കിക്കൊണ്ട് സമന്വയത്തിന്റെ
വഴിയേ നടക്കുവാന്‍ സ്വപ്നങ്ങളെ ഉപയോഗിക്കുന്നതെങ്ങനെയെന്ന് നമുക്ക് അതിലൂടെ
മനസ്സിലാക്കാം.
മനശാസ്ത്ര രംഗത്തെ ചില മഹാരഥന്മാര്‍
സ്വപ്നങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നാണ് ഡോക്ടര്‍ തോമസ് ജോസഫിന്റെ
സ്വപ്നങ്ങള്‍ എന്ന പുസ്തകത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിച്ചത്. കാര്യങ്ങള്‍
അവിടംകൊണ്ടവസാനിക്കുന്നില്ല.അവസാനത്തെ അധ്യായം സ്വപ്നങ്ങളെക്കുറിച്ചുള്ള ആധുനിക
കാലത്തെ പഠനങ്ങളുടെ നഖചിത്രം അവതരിപ്പിക്കുന്നു. സ്വപ്നത്തിന് സാഹിത്യത്തിലുളള
പ്രസക്തിയെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. കൂടുതല്‍ ആഴത്തില്‍ സ്വപ്നങ്ങളെ
മനസ്സിലാക്കാനുള്ള ഒരു ശ്രമത്തിന് ഈ പുസ്തകം തുടക്കം കുറിക്കുക തന്നെ ചെയ്യും.
(തുടരും )
© മനോജ് പട്ടേട്ട് || 8
June 2020, 7.30 AM ||
Comments