#ദിനസരികള്‍ 1150 രമണനെക്കുറിച്ചൊരു ചിന്ത.




            രമണന്റെ ജനപ്രീതിയ്ക്ക് എന്താണ് കാരണം? ലോകധര്‍മ്മിയായ ഒരാശയമാണ് ചങ്ങമ്പുഴ കാവ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ നമുക്ക് സംശയമില്ല. എത്രയോ പ്രണയങ്ങള്‍ പാതിയില്‍ വെച്ച് വഴി പിരിഞ്ഞു പോയതിനെക്കുറിച്ച് , പോകുന്നതിനെക്കുറിച്ച് നാം കേട്ടിരിക്കുന്നു. അതില്‍ ചിലതെല്ലാം ആത്മഹത്യയില്‍ അവസാനിച്ചതിന്റെ കഥയും നാം കേട്ടിട്ടുണ്ട്. പല കുബേരപുത്രിമാരും - തിരിച്ചും വഞ്ചിച്ചതിന്റെ കഥയും നമുക്ക് പറയാനുണ്ട്. അപ്പോഴൊന്നുമുണ്ടാകാത്ത സഹതാപത്തിന്റെ വേലിയേറ്റങ്ങള്‍  ഒരു കയര്‍ത്തുമ്പില്‍ ജീവനൊടുക്കിയ ആട്ടിടയനോട് എന്തുകൊണ്ട് കേരളം പ്രകടിപ്പിച്ചു?
          കരുതിയില്ല കിനാവിലും കൂടി ഞാന്‍
          കരിപുരട്ടുവാന്‍ നിന്‍ശുദ്ധചര്യയില്‍
          കരഗതമായെനിക്കതിനായിര
          മിരുള്‍പുരണ്ട നിമിഷങ്ങളെങ്കിലും
          ചില പൊഴുതെന്റെ മാനവമാനസം
          നിലയുറയ്ക്കാതഴിഞ്ഞു പോയെങ്കിലും
          അവയില്‍ നിന്നൊക്കെ മുക്തനായി നിന്നു ഞാന്‍
          അടിയുറച്ചൊരെന്നാദര്‍ശനിഷ്ഠയാല്‍ - എന്ന് ഒരിടത്ത് രമണന്‍ പറയുന്നുണ്ട്. ഒരു പക്ഷേ ഈ ആദര്‍ശനിഷ്ഠത തന്നെയാകുമോ ചന്ദ്രികയെ അകറ്റിയത് എന്നൊരു (കു)ചോദ്യത്തിന് സാധ്യതയുണ്ടെങ്കിലും അത്ര പവിത്രയായി കണ്ട ഒരുവളാല്‍ അവന്‍ വിഗണിക്കപ്പെട്ടുപോയല്ലോ എന്ന് മലയാളികള്‍ ചിന്തിച്ചിരിക്കാം. അതോടൊപ്പം ചന്ദ്രികയുടെ സാമൂഹ്യപദവി , കേവലം അജപാലബാലനായ രമണന്റെ ദയനീയത എന്നിവയെല്ലാം രമണനോട് ചേര്‍ന്നു നില്ക്കുവാന്‍ പ്രേരിപ്പിച്ച ഘടകങ്ങളായിട്ടുമുണ്ട്. പൊതുവേ ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നവരോട് നാം എക്കാലത്തും പുലര്‍ത്തിപ്പോന്നിട്ടുള്ള സമീപനവും ഒരു കാരണമായിട്ടുണ്ട്. കഥാപാത്ര സൃഷ്ടിയില്‍ ചങ്ങമ്പുഴ  കാണിച്ച ഈ ചേരിതിരിവ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തെ വീണ്ടും അന്തരപ്പെടുത്തിക്കൊണ്ടുള്ള ഒന്ന് -  രമണന് അനുകൂലമായ ഒരന്തരീക്ഷമുണ്ടാക്കിയെടുക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം.
          അവള്‍ അവനെ പ്രമിച്ചു പറ്റിച്ചു എന്നാണ് നാം ചന്ദ്രികയെപ്പറ്റി പറയുക. വേണമെങ്കില്‍ കാമം തീര്‍ക്കാന്‍ നോക്കി, അവന്‍ അനുകൂലനാകാത്തതുകൊണ്ട് ഉപേക്ഷിച്ചു എന്നുകൂടി പറയും. അങ്ങനെ പരമാവധി വക്രീകരിച്ചുകൊണ്ട് ഏറ്റവും ദുഷ്ടസ്വഭാവമുള്ള ഒരു വ്യക്തിയായി നാം ചന്ദ്രികയെ അവരോധിക്കും.രമണന് ആത്മഹത്യ ചെയ്യാനുള്ള ആഴത്തില്‍ ആ ബന്ധമെത്തിയോ എന്ന ചോദ്യം നാം സ്വഭാവികമായും മറക്കുകയും ചെയ്യും. കേവലം ഒരു വികാരജീവിയായിരുന്ന രമണന്‍ , അഥവാ വിഷാദരോഗത്തിന് അടിപ്പെട്ട് ആത്മഹത്യ പ്രവണത സ്വാഭാവികമായുണ്ടായിരുന്ന രമണന്‍ , ഈ കാരണം കൊണ്ടല്ലെങ്കില്‍ മറ്റൊരു കാരണം കൊണ്ട് , അതൊരു പക്ഷേ തന്റെയൊരു ആട്ടിന്‍കുഞ്ഞിനെ നരിപിടിച്ചു എന്ന കാരണത്താലാകാം , ആത്മഹത്യ ചെയ്യുമായിരുന്നു.കൂടുതല്‍ വിശദമാകണമെങ്കില്‍ എത്ര വിഷാദമഗ്നമായിരുന്നു ലോകത്തോട് രമണന്‍ പുലര്‍ത്തിയിരുന്ന സമീപനം എന്നൊന്ന് നോക്കുക.
ശരദഭ്രവീഥിയിലുല്ലസിക്കു-
മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ
അനുരക്തയായിപോൽപൂഴിമണ്ണി-
ലമരും വെറുമൊരു പുല്ക്കൊടിയിൽ - എന്ന് സ്വയം നിഷേധിക്കുന്ന രമണന് മറ്റൊരു പോംവഴിയുമില്ലായിരുന്നെന്ന് സ്ഥാപിക്കാന്‍ എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്.
          എന്നാലും രമണന്റേയും ചന്ദ്രികയുടേയും പാത്രസൃഷ്ടിയുടെ പ്രത്യേകതകള്‍കൊണ്ടുണ്ടായ പ്രശസ്തിയെക്കുറിച്ച് പറയാനല്ല ഞാന്‍ ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത് , മറിച്ച് രമണന്റെ പ്രശസ്തിയ്ക്ക് അതിലുപയോഗിച്ചിരിക്കുന്ന ഭാഷയാണ് പ്രധാന ഘടകമായി വര്‍ത്തിച്ചത് എന്ന് വാദിക്കാനാണ്.രമണനിലെ ഭാഷയെക്കുറിച്ച് മലയാളികളോട് അധികം പറയേണ്ടതില്ലെങ്കിലും ചങ്ങമ്പുഴയുടെ ഈ ഖണ്ഡകാവ്യത്തിന്റെ ജനപ്രീതിയ്ക്ക് പ്രധാന കാരണമായി ഭവിച്ചത് അതിലെ കഥയെക്കാള്‍ ഭാഷയാണ് എന്നു വരുമ്പോള്‍ ആ വാദം ഒട്ടൊക്കെ അപരിചിതമായി മാറുന്നു. അതായത് ഭാഷയ്ക്ക് പ്രാധാന്യമുണ്ടെന്നല്ല , ഭാഷതന്നെയാണ് പ്രധാനം എന്നാണ് ഞാന്‍ കാണുന്നത്.
          പ്രകടനപരത ഏറെയുള്ള ഒന്നാണ് ചങ്ങമ്പുഴയുടെ ഭാഷ.അതേ പ്രകടനപരതയോട് ആഭിമുഖ്യമുള്ള മലയാളികള്‍ക്ക് ആ ഭാഷയോട് പ്രണയം തോന്നുക സ്വാഭാവികവുമാണ്. മഞ്ഞുമലയുടെ മുകളറ്റംമാത്രം കാണിക്കുന്ന അടക്കിപ്പറച്ചിലുകള്‍ ചങ്ങമ്പുഴയിലില്ല, മലയെ അപ്പാടെയെടുത്ത് പുറത്തിടുന്ന ശീലമേ അദ്ദേഹത്തിനുള്ളു.അത് പൊതുവേ മലയാളികള്‍ക്ക് ഇഷ്ടവുമാണല്ലോ.ചങ്ങമ്പുഴയിലെ ഈ അതിവൈകാരികതയിലൂന്നിയ ഈ പ്രകടനപരതയെ മാറ്റിനിറുത്തിയാല്‍ അങ്ങനെയൊരു കവി കേരളത്തില്‍ ജീവിച്ചിരുന്നുവെന്നതിന് തെളിവുകളില്ലാതാകും.മലരണിക്കാടുകള്‍ തിങ്ങി വിങ്ങി എന്നാരംഭിച്ച് ഒന്നു കരഞ്ഞേച്ചു പോകുവാന്‍ അര്‍ത്ഥിക്കുന്ന മദനന്റെ ദയനീയതവരെയുള്ള കാവ്യശരീരത്തില്‍ തിളങ്ങി നില്ക്കുന്നത് അത്തരത്തിലൊരു പ്രകടനപരതയാണ്. അതുകൊണ്ടുതന്നെ മലയാളി ഉള്ളിടത്തോളം കാലം ഈ കാവ്യം നിലനില്ക്കുകയും ചെയ്യും.



© മനോജ് പട്ടേട്ട് || 11 June 2020, 09.30 AM ||










Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം