#ദിനസരികള്‍ 1006 വിശുദ്ധനും ഡോക്ടറും – നാം മറന്നു കൂടാത്ത പ്രതിസന്ധികള്‍
അരുന്ധതി റോയിയുടെ ഡോക്ടറും വിശുദ്ധനും എന്ന വിഖ്യാതമായ പഠനത്തോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട അംബേദ്കറുടെ ജാതി ഉന്മൂലനം – വ്യാഖ്യാന വിമര്‍ശനക്കുറിപ്പുകള്‍ സഹിതം ( Annihilation of Caste – The Annotated Critical Edition ) എന്ന പുസ്തകത്തില്‍ മഹാത്മായ്ക്ക് മറുപടി പറയുന്ന അംബേദ്കറെ നാം കാണുന്നുണ്ട്.ഗാന്ധിയുടെ നിലപാടുകളെ കര്‍ശനമായി പരിശോധിക്കുന്ന അംബേദ്കര്‍ തന്റെ മറുപടി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് “ മാത്യൂ ആര്‍ണോള്‍ഡിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഹിന്ദുക്കള്‍ രണ്ടു ലോകങ്ങള്‍ക്കിടയില്‍ അലഞ്ഞുതിരിയുകയാണ്.ഒന്ന് മൃതമായ ലോകം. മറ്റേത് ജനിക്കാന്‍ അധികാരമില്ലാത്തതും.അവര്‍ക്കെന്താണ് ചെയ്യാനാവുക ? അവര്‍ മാര്‍ഗ്ഗദര്‍ശനത്തിനായി സമീപിക്കുന്ന മഹാത്മാവാകട്ടെ , ചിന്തിക്കുന്നതില്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ അദ്ദേഹത്തിന് അനുഭവത്തിന്റെ പരിശോധനയെ അതിജീവിക്കാന്‍ പറ്റിയ മാര്‍ഗ്ഗദര്‍ശനമൊന്നും നല്കാനില്ല.മാര്‍ഗ്ഗദര്‍ശനത്തിന് വേണ്ടി ജനങ്ങള്‍ ഉറ്റുനോക്കുന്ന ബുദ്ധിജീവികള്‍ ഒന്നുകില്‍ സത്യസന്ധതയില്ലാത്തവരോ അല്ലെങ്കില്‍ ജനങ്ങളെ ശരിയ...