#ദിനസരികള്‍ 1000 സി.എ.എ പ്രതിഷേധങ്ങള്‍ ഒടുങ്ങുന്നുവോ ?



പൌരത്വ ഭേദഗതി നിയമം നിലവില്‍ വന്നിട്ട് ഇന്നേക്ക് ഒരുമാസം പൂര്‍ത്തിയായിരിക്കുന്നു.ഇക്കാലയളവിനുള്ളില്‍ എത്രയെത്ര പ്രതിഷേധപ്രകടനങ്ങ ള്‍ക്കാണ് നാം പങ്കാളികളായത് ? ആര്‍ജ്ജവമുള്ള എത്രയെത്ര മുദ്രാവാക്യങ്ങളെയാണ് നാം ഏറ്റു വിളിച്ചത് ? ചരിത്രത്തെ പുളകം കൊള്ളിച്ച പോരാട്ടവീര്യത്തിന്റെ എത്രയെത്ര മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്ന വാഗ്വിലാസങ്ങള്‍ക്കാണ് നാം ചെവി കൊടുത്തത് ? വാക്കിനോടും പ്രവര്‍ത്തിയോടും നീതിപുലര്‍ത്തിക്കൊണ്ട് ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന കാട്ടുനിയമത്തിനെതിരെ എത്രയെത്ര ജീവനുകളാണ് നാം സമര്‍പ്പിച്ചത് ? എത്രപേര്‍  ? നമ്മുടെ തെരുവുകളില്‍ , കലാലയങ്ങളില്‍ , പണിശാലകളില്‍ , പൊതുവിടങ്ങളിലൊക്കെ നാം പ്രതിഷേധത്താല്‍ പ്രകമ്പനം കൊള്ളിച്ചു. രാജ്യം മതവൈതാളികന്മാരുടെ  മുമ്പില്‍ മുട്ടുമടക്കുകയില്ലെന്ന് ഉറച്ചു പ്രഖ്യാപിച്ചു. ബ്രിട്ടീഷു മേധാവിത്വത്തോട് സന്ധിയില്ലാ സമരം ചെയ്ത് സ്വാതന്ത്ര്യം നേടിയെടുത്ത ഈ ജനത തോറ്റ ചരിത്രമില്ലെന്ന് നാം ആവര്‍ത്തിച്ചു.സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരില്‍ ചിന്തിക്കുന്നവരെല്ലാം തന്നെ പ്രതിഷേധ പ്രകടനങ്ങളില്‍ അണി നിരന്നു.അതൊന്നും തന്നെ നിഷേധിക്കുന്നില്ലെങ്കിലും , അവയുണ്ടാക്കിയ അലയൊലികള്‍ രാഷ്ട്രവിഹായസ്സില്‍ ഇപ്പോഴും മാറ്റൊലിക്കൊള്ളുന്നുണ്ട്. തര്‍ക്കമില്ല, ഒരു യുദ്ധത്തില്‍ നാം ഏറെ ദൂരം മുന്നോട്ടു പോയിരിക്കുന്നു.
എന്നാല്‍ നാം തീര്‍ത്ത പ്രതിഷേധങ്ങളെ സാര്‍ത്ഥകമായ ഒരു മുന്നേറ്റമായി മാറ്റുവാന്‍ എത്ര കണ്ടു സാധിച്ചു എന്ന ചോദ്യം പോരാട്ടഭൂമികകളെ കൃത്യമായി വിലയിരുത്തിക്കൊണ്ട് മുന്നോട്ടു പോകുവാന്‍ ഏറെ സഹായകമാകുമെന്നാണ് കരുതുന്നു. എത്രമാത്രം ആയുധികളും ആള്‍ബലവും ഇനിയുമുണ്ട് എന്ന തരത്തിലുള്ള  അത്തരമൊരു കണക്കെടുപ്പിന്റെ ഉത്തരം പക്ഷേ എന്തു തന്നെയായാലും യുദ്ധഭൂമിയില്‍ നിന്നും നമുക്ക് പിന്തിരിയുക വയ്യ എന്നതാണ് വസ്തുത. എന്നാല്‍ തന്നേയും ചില കണക്കെടുപ്പുകള്‍ അസ്ഥാനത്തുമല്ല.
പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം
          രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിച്ചുകൊണ്ട് വാചാടോപമല്ല , ശരിക്കും അട്ടിമറിക്കുക തന്നെയാണ് ചെയ്തിട്ടുള്ളത്- വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ ജനാധിപത്യവിരുദ്ധമായ ഒരു നിയമം നടപ്പിലാക്കിയെടുത്തപ്പോള്‍ നമ്മുടെ രാജ്യത്തിന്റെ പ്രതിപക്ഷത്തിന് പക്ഷേ കൂട്ടായ ഒരു സ്വരമുണ്ടായിരുന്നില്ല എന്നതായിരുന്നു വസ്തുത. ഒന്നിച്ചുള്ള ഒരു പോരാട്ടം സംഘടിപ്പിക്കാന്‍ സാധിക്കാത്ത വിധം എന്താശയമാണ് അവരെ ഇത്രമാത്രം തമ്മിലകറ്റി നിറുത്തിയത് എന്ന് നമുക്ക് , ഈ നാട്ടിലെ ജനതയ്ക്ക് ഇനിയും മനസ്സിലാകാത്ത കാര്യമാണ്. ചില കാട്ടിക്കൂട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. തങ്ങളും രംഗത്തുണ്ട് എന്ന അഭിനയങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതിനുമപ്പുറം ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന ഒരു നീക്കമുണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമുണ്ട്. എന്തുകൊണ്ടായിരിക്കും അത്തരമൊരു കൂട്ടായ്മ സൃഷ്ടിക്കുന്നതില്‍ നിന്നും അവരെ അകറ്റി നിറുത്തിയത് എന്ന് ആലോചിക്കുമ്പോഴാണ് നാം കൂടുതല്‍ ഞെട്ടുക. എനിക്കു തോന്നുന്നത്, ഈ പാര്‍ട്ടികളുടെയൊക്കെ ഉള്ളിന്റെയുള്ളില്‍‌ രാജ്യത്തെ ജനതയുടെ പൊതുമനസ്സുകളില്‍ സൃഷ്ടിച്ചു വെച്ചിരിക്കുന്നതുപോലെത്തന്നെ ഇസ്ലാമോഫോബിയ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ്. കുറച്ചൊക്കെ ആവട്ടെ എന്ന ഭാവം. അതോടൊപ്പം തന്നെ ഈ വിഷയത്തെ മുന്‍‌നിറുത്തി അധികം പ്രതിഷേധത്തിന് മുതിര്‍ന്നാല്‍ ഭൂരിപക്ഷം തങ്ങളില്‍ നിന്നും അകലുമോ എന്ന നിലനില്പിന്റെ ഭയം പ്രധാനപ്പെട്ട ഒരു ഘടകമാണ്. കോണ്‍ഗ്രസിനെ മുന്‍നിറുത്തി നമുക്കിത് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്.ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുജനതയെ ബി ജെ പിയിലേക്ക് അടുപ്പിക്കാനേ പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ സഹായിക്കൂ എന്നാണ് അവരുടെ ബുദ്ധികേന്ദ്രങ്ങള്‍ കണ്ടെത്തിയത്. അതുപോലെതന്നെയാണ് ഇടതുപക്ഷമൊഴിച്ചുള്ള മറ്റു പാര്‍ട്ടികളുടേയും ചിന്ത.ശരിയായ  നിലപാടു പറയാനും അതുവഴി കൊഴിഞ്ഞുപോക്ക് അനുഭവിക്കാനും ഭയമില്ലാത്തവരെന്നെ നിലയില്‍ ഇടതുപക്ഷം കൂടുതല്‍ ധൈര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഒരു കൈ വീശിയാല്‍ ഒച്ച കേള്‍ക്കില്ലെന്നു നാംമനസ്സിലാക്കണം. അതുകൊണ്ട് ഇനിയെങ്കിലും പൊതുവായ ഒരു മുദ്രാവാക്യമുന്നയിച്ചുകൊണ്ട് ഇന്ത്യയിലെ പ്രതിപക്ഷം ഏകീകരിക്കപ്പെട്ടില്ലെങ്കില്‍ സി എ എ വിരുദ്ധ സമരയം പാതി വഴിയില്‍ അവസാനിച്ചേക്കുമെന്ന ഭയപ്പാട് അസ്ഥാനത്തല്ല.
കലാലയങ്ങളിലെ സമരങ്ങള്‍ കലുഷിതമായിരുന്നെങ്കിലും ആവേശത്തിലുണ്ടായിരിക്കുന്ന ഒരു കുറവ് നാം കാണാതിരുന്നുകൂട.ജാമിയയോ അലിഗഡോ ജെ എന്‍ യുവോ മാത്രമായി വാര്‍ത്തയിലേക്ക് ഒതുങ്ങി നില്ക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്.അധികാരി വര്‍ഗ്ഗത്തിന്റെ തെമ്മാടിത്തരങ്ങള്‍‌ക്കെതിരെ ജ്വലിച്ചുയരേണ്ട വിദ്യാലയങ്ങള്‍ സമരസപ്പെട്ടുതുടങ്ങിയിരിക്കുന്നുവെങ്കില്‍ സ്ഥിതി ആശങ്കാജനകമാണെന്ന് നാം തുറന്നു സമ്മതിച്ചേ തീരൂ.
ആശങ്ക പ്രതിഷേധങ്ങളെക്കുറിച്ചല്ല - അവ ഇപ്പോഴും പലയിടത്തുമായി നടക്കുന്നുണ്ടല്ലോ മറിച്ച് അവയുടെ തീര്‍ച്ചയേയും മൂര്‍ച്ചയേയും കുറിച്ചാണ്. എങ്ങനെയാണ് നാം ഈ പ്രതിസന്ധിയെ മറികടക്കുക ? അതിന് ഏതുതരത്തിലുള്ള സമരങ്ങളാണ് നടപ്പിലാക്കേണ്ടി വരിക ? എന്നതെല്ലാം ചര്‍ച്ചാ വിഷയമാകേണ്ടതുണ്ട്. ഒരു കാര്യം ഉറപ്പാണ്. ഈ നിയമ ഭേദഗതിയെ പിന്‍വലിപ്പിക്കാന്‍  നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഇതൊരു മതരാഷ്ട്രമാകാന്‍ പോകുകയാണ്.എന്തൊക്കെ തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകും എന്ന പരിശോധനയാണ് നടക്കുന്നത്. ആറെസ്സെസ്സ് സ്ഥാപിക്കപ്പെട്ടതിന് ഒരു നൂറ്റാണ്ടു തികയുന്ന വേളയില്‍ ആ പ്രഖ്യാപനമുണ്ടാകുമെന്നുതന്നെയാണ് കരുതേണ്ടത്. മറിച്ചു ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്, അക്കൂട്ടരെ അവഗണിക്കുക. ഈ നീക്കത്തിനെതിരെ എങ്ങനെയാണ് നാം പ്രതിഷേധിക്കുക ? അതാണ് പൌരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിലും നാം പ്രകടിപ്പിക്കേണ്ടത്. അധികാരികളുടെ ദയാദാക്ഷിണ്യത്തിന് കാത്തുനിന്നുകൊണ്ട് ഭേദഗതി നിയമത്തെ പിന്‍വലിക്കുമെന്നാണ് ആരെങ്കിലും വിചാരിക്കുന്നതെങ്കില്‍ ആ ധാരണ പുലര്‍ത്തുന്നവരെ വിഡ്ഢി എന്നുപോലും വിളിച്ചു കൂടാ.അത്തരക്കാരെ അവഗണിച്ചു കൊണ്ടുവേണം നാം മുന്നോട്ടു പോകുക.
പക്ഷേ അത്തരമൊരു മുന്നേറ്റത്തിന് , സി എ എ പിന്‍വലിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള സമരജ്വാലകള്‍ക്ക്, ഈ രാജ്യത്തെ വര്‍ഗ്ഗീയകക്ഷികളെ ചുട്ടുപൊള്ളിക്കാനുള്ള കരുത്തുണ്ടാകണം. വോട്ടിനു വേണ്ടി തങ്ങളും സമരരംഗത്തുണ്ടായിരുന്നു എന്നു കാണിക്കാനുള്ള പുറപ്പാടുകളല്ല , മറിച്ച് ആത്മാവില്‍ നിന്നും ചോര ചീന്തുന്ന പോരാട്ടങ്ങളാണ് നടക്കേണ്ടത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്ത തോറ്റ ജനത എന്ന വിശേഷണം നമുക്കായിരിക്കും.


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍