#ദിനസരികള്‍ 1003 യാന്ത്രികമായ സമൂഹമല്ല മറുപടി !



            ഇന്നലെ മാനന്തവാടിയില്‍ വെച്ചു നടന്ന രണ്ടാമത് ഇ കെ മാധവന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് ഭരണഘടന നേരിടുന്ന പ്രതിസന്ധികള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചത് സണ്ണി എം കപിക്കാടാണ്.പതിവുപോലെ ബഹിഷ്കൃതരായ മനുഷ്യരുടെ പക്ഷത്തുനിന്നും സംസാരിച്ചു തുടങ്ങിയ സണ്ണി , പക്ഷേ പ്രഭാഷണത്തിനിടയില്‍ നടത്തിയ ഒരു പ്രയോഗം ഇരുത്തിച്ചിന്തിപ്പിക്കാന്‍ ഉതകുന്നതായിരുന്നു. അവകാശങ്ങള്‍ നിയമം മൂലം സ്ഥാപിതമായ ഒരു സമൂഹമാണ് എനിക്ക് അഭികാമ്യമായിട്ടുള്ളത്, അതിനുവേണ്ടിയാണ് ശ്രമിക്കുന്നത്എന്നായിരുന്നു അദ്ദേഹം പ്രസ്താവിച്ചത്.
          തികച്ചും സ്വാഭാവികവും നടപ്പിലാകേണ്ടതുമായ ആവശ്യമെന്ന് പ്രഥമദൃഷ്ട്യാ തോന്നിപ്പോകുന്ന ഒന്നായിരുന്നു ആ പ്രസ്താവന. മനുഷ്യരുടെ അവകാശങ്ങള്‍ നിയമംമൂലം സംരക്ഷിക്കപ്പെടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണല്ലോ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന  സ്ഥാപനങ്ങളെല്ലാംതന്നെ നിലകൊള്ളുന്നത്. ഏകദേശം എഴുപത് വര്‍ഷത്തോളമായി രേഖപ്പെടുത്തപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നാം അങ്ങനെ ജീവിച്ചു പോകുവാന്‍ തുടങ്ങിയിട്ട്. അക്കാലംമുഴുവന്‍ ജനാധിപത്യം, തുല്യത, മതേതരത്വം തുടങ്ങിയ ആശയങ്ങളെല്ലാം തന്നെ വളരെ വിശാലമായ അര്‍ത്ഥത്തില്‍ ഈ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാം കരുതി.അതിന്റെ ഫലമായി ഏറ്റക്കുറച്ചിലുകളില്ലാത്ത നിയമവാഴ്ച നടപ്പിലാക്കപ്പെടുന്നുവെന്ന് നാം അഭിമാനിച്ചു. ദളിതുകള്‍ തുല്യരാകുന്നതുവരെ സംരക്ഷിക്കേണ്ടതുണ്ടെന്ന ബോധ്യത്തില്‍ നാം സംവരണമേര്‍‌പ്പെടുത്തി.മറ്റു ദുര്‍ബല വിഭാഗങ്ങളെ കൈ പിടിച്ചുയര്‍ത്താന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി. രണ്ടുമതങ്ങള്‍ തമ്മില്‍ സമ്യക്കായ കൊടുക്കല്‍‌ വാങ്ങലുകള്‍ നടക്കുന്നുണ്ടെന്നും അത്തരത്തിലുള്ള സാംസ്കാരിക വിനിമയം സാഹോദര്യങ്ങളെ ഊട്ടിയുറപ്പിക്കുന്നുവെന്നും നാം പ്രത്യാശിച്ചു. ഒരു നിയമലംഘനം നടന്നാല്‍ അതിനെതിരെ സ്വയമേധയാ പ്രവര്‍ത്തിക്കുന്ന ഒരു സിസ്റ്റം - നിയമത്തിന് നിയമം, പോലീസിന് പോലീസ് കോടതിയ്ക്ക് കോടതി   ഇവിടെയുണ്ടെന്ന ആത്മവിശ്വാസത്തില്‍ ഭരണഘടന തലയണയാക്കി നാം സ്വസ്ഥമായി കിടന്നുറങ്ങി.
          മേല്‍സൂചിപ്പിച്ചവയൊക്കെയും നിയമപരമായി ഇവിടെ നടപ്പിലാക്കേണ്ടതും നാടപ്പിലാകേണ്ടതുമായ സംഗതികളാണ്. അവയില്‍ ഒന്നില്‍‌പ്പോലും മറിച്ചാണെന്ന് ആശങ്കപ്പെടാന്‍ അവസരങ്ങളില്ല.അങ്ങനെ തന്നെ അവ പരിഗണിക്കപ്പെട്ടിട്ടുമുണ്ട്. (അപവാദങ്ങളില്ലെന്നല്ല, എന്നാല്‍ അവയുടെ പ്രാധാന്യത്തെ ഈ ഘട്ടത്തില്‍ പരിഗണിക്കുന്നില്ല.) എന്നിട്ടും ഈ എഴുപതുകൊല്ലക്കാലത്തിനു ശേഷവും ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് നമുക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നുവെങ്കില്‍ , ആബാലവൃദ്ധം ജനതയും ഭരണഘടനയുടെ മൂല്യങ്ങളെന്താണെന്ന് അന്വേഷിക്കുകയും അവയ്ക്കു വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്നുവെങ്കില്‍ എവിടെയോ എന്തോ പിഴച്ചിരിക്കുന്നുവെന്നു തന്നെയല്ലേ കരുതേണ്ടത്? ഇവിടെയാണ് സണ്ണി എം കപിക്കാടിന്റെ പ്രസ്താവന നാം വിചാരണക്കെടുക്കുന്നത്.
          അവകാശങ്ങള്‍ നിയമം മൂലം സ്ഥാപിതമായ ഒരു സമൂഹം എന്ന ആശയം നടപ്പിലാക്കപ്പെട്ടതിന്റെ പ്രത്യാഘാതങ്ങളാണ് നാം മുകളില്‍ കണ്ടത്. അതൊരുതരം യാന്ത്രികമായ നടപ്പിലാക്കലായിരുന്നുവെന്നുവേണം കരുതാന്‍. അതായത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ബോധ്യങ്ങളെക്കുറിച്ച് ,മൂല്യങ്ങളെക്കുറിച്ച് ധാരണകളില്ലാത്ത സമൂഹം, ചെറുചെറു സംഭവങ്ങളില്‍ നടക്കുന്ന നിയമലംഘനങ്ങളില്‍ നടപടി തേടി സ്വസ്ഥരായി.അതേ സമയം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെക്കുറിച്ചുള്ള അവബോധങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല.നമുക്കുവേണ്ടി മറ്റാരോ നിയമങ്ങള്‍ നടപ്പിലാക്കിക്കൊള്ളുമെന്നാണ് ജനത കരുതിപ്പോന്നത്, അവരെ സംബന്ധിച്ച് അതുതന്നെയായിരുന്നു എളുപ്പവും.
          അത്തരത്തില്‍ യാന്ത്രികമായി ചിന്തിച്ചും ജീവിച്ചും പോയതിന്റെ പ്രത്യാഘാതമായാണ് നാം ഇന്നനുഭവിക്കുന്ന ദുരവസ്ഥ സംജാതമായത്.
          ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ തുല്യതയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമെന്നു നാം ഭരണഘടനയില്‍ എഴുതി വെച്ചു.എന്നാല്‍ നാളിതുവരെ അതൊരു ആശയമായി സമൂഹം അംഗീകരിച്ചില്ല. നമ്മുടേതായിട്ടുള്ള എല്ലാ ഇടങ്ങളിലും തുല്യത രണ്ടാം സ്ഥാനത്തേക്ക് മാറി നിന്നു. പലപ്പോഴും അത് അതിലും പിന്നിലേക്ക് പോയി. അതേ ആശയത്തെ ഒരുത്തരവായി കോടതി നടപ്പിലാക്കാന്‍ തുനിഞ്ഞപ്പോള്‍ തലയിലേക്ക് തേങ്ങയെറിഞ്ഞാണ് നാം പ്രതിരോധം തീര്‍ത്തത്.ഇത്തരത്തില്‍ സംഭവിക്കുന്നത് യാന്ത്രികമായി നിയമം നടപ്പിലാക്കുന്നതിന്റെ ഫലമായിട്ടാണ്.
          ഇനിയുമൊന്ന് ,സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും ഇപ്പോഴും സംവരണം നിലനിറുത്തേണ്ടി വരുന്നതിനു പിന്നില്‍ നിയമം യാന്ത്രികമായി നടപ്പിലാക്കപ്പെട്ടതിന്റെ ഫലമാണ് എന്നതുകൂടി പരിഗണിക്കുക. സംവരണമില്ലാതെതന്നെ ഒരു കൂട്ടം ജനങ്ങള്‍ തങ്ങള്‍‌ക്കപ്പമുള്ളവര്‍ തന്നെയെന്ന് ചിന്തിക്കാന്‍ കഴിയാതിരിക്കുക നാം ഘോഷിക്കുന്ന ഈ ജനാധിപത്യസമൂഹത്തിന് എത്രമാത്രം ഭൂഷണമാണ്?
          ഭരണഘടന ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മൂല്യങ്ങള്‍ ഒരാശയമായി ഈ സമൂഹത്തില്‍ പ്രവര്‍ത്തിക്കുവാനുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കില്‍ പ്രതിസന്ധി ഇത്ര ആഴത്തിലുള്ളതാകുമായിരുന്നില്ല.കാരണം നിയമത്തെ പേടിച്ചതുകൊണ്ടല്ല സമൂഹം പുരോഗമനപരമായ ആശയങ്ങള്‍ നടപ്പിലാകേണ്ടത് ,മറിച്ച് അതാണ് ശരിയെന്ന ബോധ്യത്തില്‍ നിന്നായിരിക്കണം.അങ്ങനെയൊരു അവബോധം സൃഷ്ടിക്കപ്പെട്ട ഒരു സമൂഹത്തില്‍ മതാധിഷ്ടിതമായ വിഭജനങ്ങള്‍ നടപ്പിലാക്കുക എളുപ്പമല്ല.കാരണം അവിടെ പ്രവര്‍ത്തിക്കുക മതമൂല്യങ്ങള്‍ക്കു പകരം ജനാധിപത്യ മൂല്യങ്ങളായിരിക്കും.
          അതുകൊണ്ട് സണ്ണി എം കപിക്കാട് പറയുന്നതുപോലെ നിയമം മൂലം സൃഷ്ടിക്കപ്പെട്ട യാന്ത്രികമായ ഒരു സമൂഹമായി നാം മാറുകയല്ല, മൂല്യങ്ങളെ സ്വാഭാവികമായി തിരിച്ചറിഞ്ഞ് സ്വാംശീകരിച്ച് ജീവിച്ചുപോകുന്ന സ്വയം നിയന്ത്രിതമായ ഒരു സമൂഹമാണ് ഉണ്ടാകേണ്ടത്.ആദ്യത്തേത് എളുപ്പവും രണ്ടാമത്തേത് വിഷമകരവുമാണ്.എന്നാല്‍ നടപ്പിലായിക്കഴിഞ്ഞാല്‍ ഇപ്പോള്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതുപോലെയുള്ള ഫാസിസ്റ്റ് പിത്തലാട്ടങ്ങള്‍ക്ക് എന്നന്നേക്കും അറുതിയാകുകയായിരിക്കും ഫലം.ഇപ്പോള്‍ നിലനില്ക്കുന്ന ഭരണഘടനാപ്രതിസന്ധിയും അതിജീവനത്തിനു വേണ്ടിയുള്ള സമരങ്ങളും അത്തരത്തിലുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് പ്രേരണയായി ഭവിക്കട്ടെ എന്നാശംസിക്കുക.
         

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം