#ദിനസരികള്‍ 1035 ച്ഛേദങ്ങള്‍ അധ്യായം രണ്ട് വഴികള്‍
അഥവാ സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ ചിലപ്പോഴെങ്കിലും പരസ്പരം കൊരുത്തും പലപ്പോഴും അകന്നു മാറിയും താഴ്‌വരകളിലൂടെയും കുന്നിന്‍ ചെരിവുകളിലൂടേയും പുഴയോരങ്ങളിലൂടെയും വയലിടങ്ങളിലൂടേയും വയനാട്ടിലെ വഴികള്‍ തലങ്ങും വിലങ്ങും പതച്ചു കിടന്നു.ചിലത് ഒറ്റയടിപ്പാതകളായിരുന്നു.മറ്റു ചിലത് ചെമ്മണ്ണു നിറഞ്ഞതെങ്കിലും വീതിയേറിയവകളായിരുന്നു. ചിലത് കൊള്ളുകള്‍ക്കിടയിലൂടെ സമതലങ്ങളിലേക്ക് ഇഴഞ്ഞു നീങ്ങി. ചിലതാകട്ടെ മലയടിവാരങ്ങളെ ചുഴ്ന്നു തിളങ്ങി. ഇനിയും ചിലത് കിണറ്റു കരയിലേക്കോ കുളങ്ങളിലേക്കോ ദാഹിച്ചു കിടന്നു.മറ്റു ചിലത് കടകമ്പോളങ്ങളെത്തേടി കൊതിച്ചു പാഞ്ഞു. ചിലതാകട്ടെ ലാവണ്യങ്ങളെ ഉള്ളിലൊതുക്കിയ രസകേന്ദ്രങ്ങളെ സ്വപ്നം കണ്ട് രാത്രിവരെ ത്രസിച്ചു കിടന്നു. വഴികള്‍ വയനാട്ടില്‍ മാത്രം ചുറ്റിക്കിടന്നില്ല.അത് ചുരവടിവുകളിലൂടെ പുളഞ്ഞിറങ്ങി കോഴിക്കോടേക്കും പാലക്കാടേയ്ക്കും കടന്നു ചെന്നു. തൊട്ടില്‍പ്പാലവും കുറ്റ്യാടിയും തലശ്ശേരിയും കൂത്തുപറമ്പും തൊട്ടുനിന്നു. ഊട്ടിയും ഗൂഡല്ലൂരും പാലക്കാടും പൊള്ളാച്ചിയും ആ വഴികളില്‍ കണ്ണികളായി. ബാംഗ്ലൂരേയ്ക്കും മൈസുരേക്കും കയറിച്ചെന്നു.അങ്ങനെ പടിഞ്ഞാറോട്ടും വടക...