#ദിനസരികള്‍ 1035 ച്ഛേദങ്ങള്‍ അധ്യായം രണ്ട് വഴികള്‍



അഥവാ സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ

ചിലപ്പോഴെങ്കിലും പരസ്പരം കൊരുത്തും പലപ്പോഴും അകന്നു മാറിയും  താഴ്‌‍വരകളിലൂടെയും കുന്നിന്‍ ചെരിവുകളിലൂടേയും പുഴയോരങ്ങളിലൂടെയും വയലിടങ്ങളിലൂടേയും വയനാട്ടിലെ വഴികള്‍ തലങ്ങും വിലങ്ങും  പതച്ചു കിടന്നു.ചിലത് ഒറ്റയടിപ്പാതകളായിരുന്നു.മറ്റു ചിലത് ചെമ്മണ്ണു നിറഞ്ഞതെങ്കിലും വീതിയേറിയവകളായിരുന്നു. ചിലത് കൊള്ളുകള്‍ക്കിടയിലൂടെ സമതലങ്ങളിലേക്ക് ഇഴഞ്ഞു നീങ്ങി. ചിലതാകട്ടെ മലയടിവാരങ്ങളെ ചുഴ്ന്നു തിളങ്ങി. ഇനിയും ചിലത് കിണറ്റു കരയിലേക്കോ കുളങ്ങളിലേക്കോ ദാഹിച്ചു കിടന്നു.മറ്റു ചിലത് കടകമ്പോളങ്ങളെത്തേടി കൊതിച്ചു പാഞ്ഞു. ചിലതാകട്ടെ ലാവണ്യങ്ങളെ ഉള്ളിലൊതുക്കിയ രസകേന്ദ്രങ്ങളെ സ്വപ്നം കണ്ട് രാത്രിവരെ ത്രസിച്ചു കിടന്നു.
വഴികള്‍ വയനാട്ടില്‍ മാത്രം ചുറ്റിക്കിടന്നില്ല.അത് ചുരവടിവുകളിലൂടെ പുളഞ്ഞിറങ്ങി കോഴിക്കോടേക്കും പാലക്കാടേയ്ക്കും കടന്നു ചെന്നു. തൊട്ടില്‍പ്പാലവും കുറ്റ്യാടിയും തലശ്ശേരിയും കൂത്തുപറമ്പും തൊട്ടുനിന്നു.  ഊട്ടിയും ഗൂഡല്ലൂരും പാലക്കാടും പൊള്ളാച്ചിയും ആ വഴികളില്‍ കണ്ണികളായി. ബാംഗ്ലൂരേയ്ക്കും മൈസുരേക്കും കയറിച്ചെന്നു.അങ്ങനെ പടിഞ്ഞാറോട്ടും വടക്കോട്ടും കിഴക്കോട്ടും തെക്കോട്ടും വഴികള്‍ പുളഞ്ഞു പാഞ്ഞു.
വഴികള്‍ എവിടേയും നിന്നില്ല. അവ അതിരുകളെ ഭേദിച്ചു. വിന്ധ്യനെ കടന്നുകയറി ഹിമാലയത്തിന്റെ പ്രാന്തങ്ങളിലേക്ക്. അവിടെ നിന്നും ഹിന്ദുക്കൂഷും കാരക്കോറവും കടന്നു. മധ്യേഷ്യയില്‍ നിന്നും ശാഖികളായി പിരിഞ്ഞ് യൂറോപ്പിലേക്കും അറേബ്യയിലേക്കും ആഫ്രിക്കയിലേക്കും വയനാട്ടില്‍ നിന്നെത്തിയ  ഊടുവഴികള്‍ നീണ്ടുകിടന്നു.
ആ വഴികളിലൂടെ ജനിച്ചും ജനിപ്പിച്ചും മനുഷ്യര്‍ കടന്നു വന്നു.
ചിലത് പലായനങ്ങളായിരുന്നു. ആരാലോ വേരുകള്‍ വിച്ഛേദിക്കപ്പെട്ട് കുടിയിറക്കപ്പെട്ടപ്പോള്‍ കൈയ്യില്‍ കിട്ടിയ ജീവനുകളെ വാരിപ്പിടിച്ച് അവര്‍ പ്രയാണികളായി. പലായനങ്ങള്‍ക്കു പിന്നാലെ പലായനങ്ങളുണ്ടായി. വെട്ടിപ്പിടിക്കവും വേട്ടയാടലുകളുമുണ്ടായി. കൈയ്യേറ്റങ്ങളില്‍ ആയുധങ്ങള്‍ സംസാരിച്ചു. ഏതു ചരിത്രത്തിലുമെന്നപോലെ ദുര്‍ബലന്‍ ബലവാനാല്‍ അടക്കപ്പെട്ടു.വിജയിച്ചവനില്‍ നിന്നും രക്ഷ തേടി പരാജയപ്പെട്ടവന്‍ ദൂരങ്ങളിലേക്ക് തന്നെത്തന്നെ തൊടുത്തുവിട്ടു.
 എവിടെവിടെ തണലുകള്‍ കണ്ടുവോ അവിടവിടെ അവര്‍ ഇളയ്ക്കാന്‍ ശ്രമിച്ചു.എവിടെവിടങ്ങളില്‍ മണ്ണു തണുത്തു കിടന്നുവോ , ആകാശം തിളയ്ക്കാതിരുന്നുവോ അവിടവിടങ്ങള്‍ അവര്‍ വിശ്രമം കൊണ്ടു.
എന്നാല്‍ ഒരു കാലത്തും ഒരു തണലും തണലായി നിന്നില്ല. ഒരാകാശവും തിളയ്ക്കാതിരുന്നില്ല ഒരു മണ്ണും തണുത്തുതന്നെ കിടന്നില്ല. അതുകൊണ്ട് നിത്യപ്രയാണികള്‍ പുതിയ പുതിയ വഴികള്‍ നിര്‍മ്മിച്ചു. ഒരാള്‍ നടന്നുപോയ  വഴിപ്പാടുകളിലൂടെ പിന്നീട് ഒരുപാട് ആളുകള്‍ കടന്നു വന്നു. കുടിയേറ്റങ്ങള്‍ക്കു പിന്നാലെ കുടിയേറ്റങ്ങളുണ്ടായി. കൈയ്യറ്റങ്ങള്‍ക്കു പിന്നാലെ കൈയ്യേറ്റങ്ങളുണ്ടായി. ഒന്നും ശാശ്വതമായിരുന്നില്ല. അത് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ചരിത്രത്തിലെമ്പാടും ഇത്തരം ആവര്‍ത്തനങ്ങളുടെ അശാന്തികള്‍ പൊള്ളിക്കിടന്നു.എന്നാല്‍ അവസാനം അവശേഷിച്ചവനെ നാം വിജയിയായി കണ്ടു. മുള്ളു ചവിട്ടി വഴിയുണ്ടാക്കിയ ആദ്യപഥികനെ നാം ഓര്‍മ്മകളില്‍ നിന്നും കുടിയിറക്കി.
അങ്ങനെ എവിടെയും തുടങ്ങി എവിടെയും അവസാനിക്കാത്ത വഴികളിലൂടെ മനുഷ്യന്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ആദ്യം എത്തിയത് എടക്കല്‍ ഗുഹയില്‍ ചില അടയാളങ്ങള്‍ കോറിയിട്ടവരായിരുന്നു.. അവര്‍ എവിടെനിന്നും വന്നുവെന്നോ എവിടേക്ക് പോയെന്നോ ആര്‍ക്കുമറിയില്ല. അവശേഷിപ്പിച്ച അടയാളങ്ങളില്‍ നിന്നും ഒരു കൂട്ടം ജനത എന്നുമാത്രം നാം വായിച്ചെടുത്തു. അതിനു മുമ്പ് മറ്റാരെങ്കിലുമുണ്ടായിരുന്നോ ? അറിയില്ല. അടയാളങ്ങളില്ല. എടയ്ക്കലിലെ കോറിയിടലുകള്‍ തന്നെ ഒരു കൂട്ടംമാത്രമായി ചെയ്തതാണെന്ന് കരുതുവാനും വയ്യ. ആദ്യം വന്നവര്‍ മാറിക്കൊടുത്തപ്പോള്‍ പിന്നാലെയെത്തിയവര്‍ കയറിക്കൂടിയിട്ടുണ്ടാകാം. അവരും തങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ടാകാം. അങ്ങനെ ദീര്‍ഘകാലത്തെ കോറിയിടലുകളൂടെ നാം പല ജനതയെയാണ് പരിചയപ്പെടുന്നത് എന്നുമാവാം.
കുടിയേറ്റങ്ങള്‍ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു.
ആഫ്രിക്കയുടെ അപാരമായ ഇരുള്‍ ഭൂമിയില്‍ നിന്നും ഇപ്പിമലയുടെ മക്കള്‍ പുറപ്പെട്ടുപോന്നു.അത് ഏതോ കാലത്തു തുടങ്ങിയ അവിശ്വസനീയമായ ഒരു പ്രയാണമായിരുന്നു.ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെ മധ്യേഷ്യ തൊട്ടുകിടന്ന വയനാട്ടിലെ ഊടുവഴികളിലേക്ക് കാതങ്ങളെ പിന്നിലാക്കി അവര്‍ കയറി വന്നു. അങ്ങനെ വന്നവര്‍ കണ്ണൂരും കോഴിക്കോടും കൊടകും ഗൂഡല്ലൂരുമായി സന്ധിയിലായി.വരുന്ന വഴികളില്‍ വേറെ എവിടെയൊക്കെ ചിതറപ്പെട്ടുവെന്നറിയില്ല. വയനാട്ടിലേക്ക് എത്തിയവര്‍ ഇവിടെ തൃപ്തരായി ശാന്തരായി വിശ്രമം കൊണ്ടു. കാടുകളോട് കഥകള്‍ പറഞ്ഞും കാട്ടുചെടികളോട് കിന്നരിച്ചും അവര്‍ അവരായി ജീവിച്ചു. അവര്‍‌ പെരുകി. എന്നാല്‍ അതൊരിടക്കാലത്തേക്ക് മാത്രമായിരുന്നു. പിന്നാലെ വന്നവര്‍ അവരുടെ മെയ്ക്കരുത്തിനെ ലക്ഷ്യം വെച്ചു. കെണി വെച്ചു പിടിച്ച് മെരുക്കിയെടുത്ത് തങ്ങളുടെ കണ്ടങ്ങളില്‍ പൂട്ടുവാനും വിളകള്‍ക്ക് കാവല്‍ നില്ക്കുവാനും കൊയ്തെടുത്ത് മെതിച്ചു കേറ്റി അറയിലെത്തിക്കുവാനും പഠിപ്പിച്ചു.അനുസരിക്കാത്തവരുടെ നെടുംപുറത്ത് ചാട്ട കളം വരച്ചു.അവര്‍ വിധേയരായി.അവര്‍ പണിയരായി.
കുടകിടങ്ങളെ തൊട്ടു കിടക്കുന്ന വയനാടന്‍ വഴികളിലൂടെ അടിയാന്മാര്‍ വന്നു. അവരുടെ ആദിമാതാപിതാക്കളായ മേലോരച്ചനും കീയോരുത്തിയും സ്വാതന്ത്ര്യം തേടിയാണ് കരിപ്പൂരുകോട്ടയില്‍ നിന്നും ഇറങ്ങി നടന്ന് വയനാടന്‍ വഴികളെ ശരണം പ്രാപിച്ചത്. എന്നാലോ ആ പ്രയാണവും അവസാനിച്ചത് അടിമത്തത്തിലേക്കായിരുന്നു.പാക്കത്തു കോട്ടയിലെത്തിയ അവരെ പാക്കത്തപ്പന്‍ അടിമകളാക്കി.തങ്ങളുടെ ദൈവങ്ങളെ കാട്ടി ഭയപ്പെടുത്തി.  ഒരു കൈയ്യില്‍ വാളും മറുകൈയ്യില്‍ വെട്ടിയെടുത്ത തലയുമായി നില്ക്കുന്ന അത്തരത്തിലുള്ള ദൈവങ്ങള്‍ അവര്‍ക്ക് അപരിചിതമായിരുന്നു. ആ ഭയത്തില്‍ സ്വാതന്ത്ര്യം തേടിയിറങ്ങിയവരാണ് തങ്ങളെന്ന് അവര്‍ മറന്നു.   തങ്ങളുടെ ജീവിതത്തേയും ആത്മാവിനേയും ഉരുക്കിച്ചേര്‍ത്ത്  യജമാനന്മാര്‍ക്കായി സുഭിക്ഷതകളെ സൃഷ്ടിച്ചു.
പിന്നീട് കുറിച്യര്‍ വന്നു. വേടരാജാക്കന്മാരേട് യുദ്ധം ചെയ്യുന്നതിനുവേണ്ടി കോട്ടയംരാജാവാണ് കുറിച്യരെ ഇങ്ങോട്ട് എത്തിച്ചതെന്നാണ് പഴക്കം. എന്നാല്‍ പിന്നീട് അവര്‍ ഭ്രഷ്ടരായി, വയനാടന്‍ തിണകളില്‍ ആഢ്യരായി.കാവുകളും കളങ്ങളുമുണ്ടായി. വള്ളിയൂര്‍‌ക്കാവും തോണിച്ചാലില്‍  മലക്കാരിക്ഷേത്രവുമുണ്ടായി.അങ്ങനെ പലതും പലതുമുണ്ടായി.അതിനു മുമ്പേ കുറുമര്‍ ഒരു കാലത്ത് ദക്ഷിണദേശത്തിന്റെ അധിപരായിരുന്നുവെന്നു കഥയുണ്ട്. പോകെപ്പോകെ അപ്രസക്തരായി മാറിയ അവര്‍ ഇന്ന് സ്വരൂപങ്ങളെ ഓര്‍മ്മകളില്‍ മാത്രമാണ് പേറുന്നത്.
ഇനിയും എത്ര പേര്‍? കര്‍ണാടകയിലേക്ക് നീണ്ടുപോയ വഴികളിലൂടെ എത്തിയ ചെട്ടിമാര്‍. പണിയരേയും അടിയരേയും അവര്‍ ചൊല്പടിക്കു നിറുത്തി.എടനാടനെന്നും വയനാടനെന്നും മാണ്ടാടനെന്നും വിഭജിക്കപ്പെട്ട അക്കൂട്ടര്‍ പൊതുവേ സമ്പന്നരായിരുന്നു. ഉള്ളവന്‍ ഇല്ലാത്തവനുമുകളില്‍ ആധിപത്യം നേടി. ഇല്ലാത്തവനെ എക്കാലവും ഇല്ലാത്തവനായി നിറുത്തുവാന്‍ അവര്‍ ജാഗ്രത കൊണ്ടു.
കുറിച്ച്യരും കുറുമരും കാടരും പതിയരും കനലാടികളും അടിയരും പണിയരും പുലയരും മറ്റും മറ്റുമായ ജനതതികള്‍ ചെട്ടികളും മാത്രമായ ആദിമ ജനതമാത്രമായിരുന്നില്ല വയനാട്ടില്‍ നിന്നും പുറപ്പെട്ടുപോയ വഴികളിലൂടെ എത്തിച്ചേര്‍ന്നത്.
ജൈനനും ബൌദ്ധനും വന്നു.മുസ്ലിമും കൃസ്ത്യനും വന്നു.ടിപ്പുവന്നു. പഴശ്ശി വന്നു. തണുത്ത മലകളെ ലക്ഷ്യം വെച്ച് സായിപ്പന്മാര്‍ തേയിലയുമായി വന്നു.തരിയോടിലെ സ്വര്‍ണം കായ്ക്കുന്ന മലകളേയും പുഴകളേയും തേടി വ്യവസായികള്‍ വന്നു.
വയനാട് മാറാന്‍ തുടങ്ങി.ഗാന്ധി വന്നു, ഇ എം എസ് വന്നു, എ കെ ജി വന്നു.
വഴികളും അടങ്ങിയിരുന്നില്ല. അവ പുതിയ പുതിയ ആളുകളെ വയനാട്ടിലേക്ക് കൊളുത്തിക്കൊണ്ടുവന്നു. അതോടെ വയനാട് മേല്‍‌കീഴു മറിഞ്ഞു വയനാടിന്റെ സമസ്തമേഖലകളേയും മാറ്റി മറിച്ചുകൊണ്ട് തിരുവിതാംകൂറില്‍ നിന്നും മലബാറില്‍ നിന്നും പുതിയ ജീവിതം തേടി ജനത ഒഴുകിവന്നു. നാം അതിനെ കുടിയേറ്റം എന്നു അടയാളപ്പെടുത്തി
അങ്ങനെ തിരുവിതാംകൂര്‍വരെ നീണ്ടുനീണ്ടെത്തിയ ഒരു വഴിയാണ് മൂവാറ്റു പുഴ ആവോലിക്കാരനായ അരീക്കാട് വര്‍ക്കിയെ  വയനാട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്.അന്ന് വര്‍ഗ്ഗീസിന് പന്ത്രണ്ടു വയസ്സായിരുന്നു പ്രായം.











Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം