#ദിനസരികള്‍ 1030 മരിച്ചാലെന്ത് ? എങ്ങനെ ജീവിച്ചു എന്നാണ് ചോദ്യം.


          പറഞ്ഞു പഴകിയ ഒന്ന് ആവര്‍ത്തിക്കട്ടെ, മരണം ആരെയും മഹത്വപ്പെടുത്തുന്നില്ല. താന്‍ ജീവിച്ചിരുന്നപ്പോള്‍ മനുഷ്യനു വേണ്ടി എന്താണ് ചെയ്തത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ജീവിതങ്ങളേയും നാം വിലമതിക്കുന്നത്.അതുകൊണ്ടുതന്നെ ജീവിച്ചിരിക്കുമ്പോള്‍ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പരമതധ്വംസനത്തിന്റേയും വൈതാളിക ന്മാരായിരുന്നവര്‍ മരിച്ചൊടുങ്ങുമ്പോള്‍ ആചാരത്തിനു വേണ്ടിയെങ്കിലും വാഴ്ത്തുകള്‍ പാടുക എന്നത് തികച്ചും അസംബന്ധമാകുന്നു. അത്തരത്തിലുള്ളവരെ അനുമോദിക്കുകയെന്നുള്ളത് അവനവനെത്തന്നെ റദ്ദു ചെയ്തുകൊണ്ട് താല്ക്കാലികമായെങ്കിലും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടലാകുന്നു. അത് മനുഷ്യത്വത്തിന്റെ പരാജയവും നൃശംസതയുടെ വിജയവുമാകുന്നു.
          അതുകൊണ്ടാണ് ഒരു കാലത്ത് രാജ്യം ഭരിച്ച ഹിറ്റ്ലര്‍ ജീവിതം വെച്ചൊഴിഞ്ഞതിനു ശേഷം നാളിതുവരെ മനുഷ്യനെ സ്നേഹിക്കുന്നവന് അയാളെ അംഗീകരിക്കാനും പുകഴ്ത്തിപ്പറയാനും കഴിയാതെ പോകുന്നത്.അതുകൊണ്ടുതന്നെയാണ് കോമ തടാകത്തിന്റെ കരയില്‍ വെച്ച് മുസ്സോളിനിയുടെ തല വെടിയുണ്ടകളാല്‍ ചിതറപ്പെട്ടപ്പോഴും നാം ഖേദിക്കാതിരുന്നത്. പിന്നീട് ജര്‍മ്മനിയുടെ ചാന്‍സലറായ ജോസഫ് ഗീബല്‍സ് എന്ന ഫാസിസ്റ്റ് സൈദ്ധാന്തികന്‍ ആറു മക്കളോടും ഭാര്യയോടുമൊപ്പം ആത്മഹത്യ ചെയ്തപ്പോഴും നാം കണ്ണു നിറച്ചില്ല. മനുഷ്യര്‍ അപ്പോഴും അവരെ പാടിപ്പുകഴ്ത്തിയില്ല, ഓര്‍ത്തു ദുഖിച്ചില്ല. ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ച ഭരണാധികാരികളെ ആരേയും ജനം വെറുതെ വിട്ടില്ലെന്നുകൂടി നാം ഓര്‍മ്മിക്കണം. ഹിറ്റ്ലര്‍ക്കും മുസ്സോളിനിക്കുമൊപ്പം ചേര്‍ന്ന അക്കൂട്ടരെ ഒരു ദാക്ഷിണ്യവും കൂടാതെയാണ് നാം മനുഷ്യരുടെ ഇടയില്‍  നിന്നും ച്ഛേദിച്ചു കളഞ്ഞത്. എത്ര പേര്‍ ? ഹംഗറിയുടെ ബര്‍ദോസി തൂക്കിക്കൊല്ലപ്പെട്ടു.റൊമാനിയയുടെ ഇയോണ്‍ അന്തണേസ്ക്യൂ. രാജ്യദ്രോഹ കുറ്റം ചാര്‍ത്തി 1946 ല്‍ തൂക്കിലേറ്റപ്പെട്ട ഫ്രാന്‍സിലെ ഫിലിപ്പ് പെടാന്‍. അങ്ങനെ എത്രയോ പേര്‍? അവരെയാരേയും തന്നെ ഇന്ന് ആ രാജ്യമോ ജനതയോ ഓര്‍‌മ്മിക്കുന്നേയില്ല. കാരണം അവര്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ , പ്രത്യക്ഷത്തിലല്ലെങ്കില്‍  പരോക്ഷമായി ഫാസിസത്തിന്റെ വരവിനു വേണ്ടി കുഴലൂതിയവരായിരുന്നു.
          അങ്ങനെ മനുഷ്യവിരുദ്ധമായ ഒരാശയത്തിനു വേണ്ടി ജീവിച്ചു മരിച്ച ആരേയും തന്നെ ഒരു നിമിഷത്തിനു വേണ്ടിയാണെങ്കില്‍‌പ്പോലും അംഗീകരിച്ചു കൊടുത്ത ചരിത്രം മനുഷ്യവംശത്തിനില്ല.
          പിന്നെ എങ്ങനെയാണ് ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടകളുമായി പ്രവര്‍ത്തിക്കുന്ന ആറെസ്സെസ്സ് പോലെയുള്ള സംഘങ്ങളുടെ സംസ്ഥാപനത്തിനായി വിയര്‍‌പ്പൊഴുക്കിയവര്‍ മരണത്തോടെ വിശുദ്ധരാകുന്നത് ? നമുക്ക് അവരെക്കുറിച്ച് നമുക്ക് അവരെക്കുറിച്ച് നല്ലതു പറയാന്‍ കഴിയുന്നത് ? ഒരു കണ്ണീര്‍ക്കണം ഞാന്‍ മറ്റുള്ളവര്‍ക്കായി പൊഴിക്കവേ, ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൌരമണ്ഡലം എന്നെഴുതിയയാള്‍ മറ്റുള്ളവരില്‍ഹിന്ദുക്കള്‍ മാത്രമേ പെടുകയുള്ളു എന്നു പറയുന്നതോടെ മാനവികതയുടെ പരകോടികളെ ആശ്ലേഷിക്കുന്നതായി നമുക്ക് അനുഭവപ്പെട്ട ആ വരികള്‍ ഏറ്റവും കുടിലവും നീചവുമായ ഒന്നായി മാറി ചളിക്കുണ്ടിലേക്ക് നിപതിച്ചു പോകുന്നില്ലേ ? അതുകൊണ്ടാണ് ആറെസ്സെസ്സിനെ ഉള്ളില്‍ പേറുന്ന ജ്ഞാനപീഠകവിയും നമുക്ക് വെറുപ്പിന്റെ പ്രവാചകനാകുന്നത്.
          അതുകൊണ്ടു തന്നെയാണ് ഒരു ജീവിതകാലം മുഴുവന്‍ ആറെസ്സെസ്സെന്ന ഫാസിസ്റ്റ് സംഘടനയുടെ വക്താവും പ്രയോക്താവുമായി മാറി ജീവിതം നയിച്ച ഒരാളെ സൈദ്ധാന്തികനെന്നും മാനവികവാദിയെന്നും മറ്റുമുള്ള പരിവേഷങ്ങളുടെ പുതപ്പില്‍ തെക്കോട്ടയക്കാന്‍ കഴിയാതെ പോകുന്നത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1