#ദിനസരികള്‍ 1031 ആപ്പ് ഈ കാലത്തിന്റെ പ്രതീക്ഷയല്ല.
ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയെ നാം അഭിനന്ദിക്കേണ്ടതുണ്ട്.നരേന്ദ്രമോഡിയും അമിത് ഷായും അടങ്ങുന്ന ഒരു വലിയ നിരയുടെ നീചമായ ആക്രമണത്തെയാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും തറപറ്റിച്ചത്. വര്‍ഗ്ഗീയതയുടെ കുടില രാഷ്ട്രീയത്തിനു മുകളില്‍ ആപ്പ് നേടിയ വിജയം അതുകൊണ്ടുതന്നെ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.രാജ്യത്തുടനീളമുള്ള മതേതര വിശ്വാസികള്‍ക്ക് ഉണര്‍വ്വു പകരാനും പതറി നില്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ദിശ തുറക്കാനും ആപ്പിന്റെ വിജയം ഒരു പക്ഷേ സഹായിച്ചേക്കാം.രാജ്യത്താകമാനമുണ്ടെന്ന് നാം കരുതുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് പക്ഷേ തീര്‍ച്ചയായും ചില പാഠങ്ങള്‍ കെജ്രിവാള്‍ പഠിപ്പിക്കുന്നുമുണ്ട്. അതുകൊണ്ട് മതവര്‍ഗ്ഗീയത അപ്രതിരോധ്യമായ ഒന്നായി പലരും കണക്കാക്കിപ്പോരുന്ന ഇക്കാലത്ത് കാര്യങ്ങള്‍ അങ്ങനെയല്ല എന്ന് തെളിയിക്കാന്‍ കഴിഞ്ഞ ആം ആദ് മിപാര്‍ട്ടിയെ ഒരിക്കല്‍ കൂടി അഭിനന്ദിക്കട്ടെ.
എന്നാല്‍ ആപ്പിന്റെ വിജയം ജനാധിപത്യത്തിന്റെ നിഷ്കളങ്കമായ വിജയമായി ആരെങ്കിലും എണ്ണിപ്പോയാല്‍ അത് അബദ്ധമായിരിക്കുമെന്നുകൂടി പറയാതെ വയ്യ.കേവലം വികസനത്തിന്റെ പേരില്‍ മാത്രം കിട്ടിയ വോട്ടായാരുന്നില്ല അത് , രാജ്യം നേരിടുന്ന വിഭജനത്തിന്റെ ആശയങ്ങളോട് വിദഗ്ദമായി നിശബ്ദത പാലിക്കാന്‍ കഴിഞ്ഞതിന്റെ കൂടി പ്രതിഫലനമാണ്.
വികസനം ഇന്ത്യപോലെയുള്ള ഒരു രാജ്യത്ത് അതിപ്രധാനമായ അജണ്ടയാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമല്ല. എന്നാല്‍ ഇന്ത്യ എന്ന ആശയം തന്നെ ഇല്ലാതാക്കുന്ന വിധത്തില്‍ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ നമ്മുടെ ദൈനന്ദിന ജീവിതത്തില്‍ സംഹാരാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനോ പ്രതിരോധിക്കാനോ മുതിരാതെ കേവലം വിജയം എന്ന ലക്ഷ്യം മാത്രം മുന്‍നിറുത്തി, ഹിന്ദുത്വ അജണ്ടകളെ താലോലിച്ചും ചിലപ്പോഴെല്ലാം താനും ഹിന്ദുതന്നെയാണ് എന്ന വ്യക്തമായ സന്ദേശം നല്കിയും ഒരു തരത്തില്‍ വലതുപക്ഷ തീവ്രഹിന്ദുത്വരാഷ്ട്രീയത്തോട് സമരസപ്പെട്ടുമാണ് കെജ്രിവാളും ആം ആദ്മിയും ഈ വിജയം നേടിയെടുത്തത്. അത് നിലനില്ക്കുന്ന ഹിന്ദുത്വ ശൈലികളെ പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തിന്റെ അഖണ്ഡതയെ അവസാനിപ്പിക്കുന്നതുമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ.
മൂര്‍ത്തമായ ചില സാഹചര്യങ്ങളെ ചൂണ്ടിക്കാണിക്കാം. തികച്ചും ഭരണഘടനാ വിരുദ്ധമായി കാശ്മീരിന് പ്രത്യേക അവകാശം അനുവദിച്ചു നല്കുന്ന ആര്‍ട്ടിക്കിള്‍ മുന്നൂറ്റെഴുപത് കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റിയപ്പോള്‍ അരവിന്ദ് കെജ്രിവാള്‍ അതിനെ മുക്തകണ്ഠം സ്വാഗതം ചെയ്യുകയാണുണ്ടാത്. ഇനി കാശ്മീരില്‍ വികസനത്തിന്റെ തേനും പാലും ഒഴുകും എന്നാണ് അന്ന് അദ്ദേഹം പ്രസ്താവിച്ചത്. രാജ്യത്താകമാനമുള്ള ജനാധിപത്യവിശ്വാസികള്‍ ഭരണഘടന അട്ടിമറിയ്ക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാറിനെതിരെ രംഗത്തു വന്നപ്പോള്‍ കെജ്രിവാള്‍ ‘തന്ത്രപരമായ’ നിലപാടു സ്വീകരിച്ചു.സംഘപരിവാരം കെജ്രിവാള്‍ തീവ്രവാദിയാണ് എന്ന് ആക്ഷേപിച്ചപ്പോള്‍ കെജ്രിവാളിന് ഹിന്ദു പരിവേഷം അണിയിച്ചു കൊടുക്കാന്‍ സ്വന്തം മകളെത്തന്നെ രംഗത്തിറക്കി. എന്നും രാവിലെ ഭഗവത് ഗീത വായിക്കാനും അതിലെ മൂല്യങ്ങളെ മുറുകെപ്പിടിക്കാനും ഞങ്ങളെ പ്രേരിപ്പിക്കുന്ന അച്ഛനെങ്ങനെ തീവ്രവാദിയാകും എന്നാണ് അദ്ദേഹത്തിന്റെ മകള്‍ ചോദിച്ചത്.
സി എ എ യ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും ഡല്‍ഹിയിലെ ഇലക്ഷനില്‍ അതൊരു വിഷയമാകാതിരുന്നതു പരിശോധിക്കപ്പെടേണ്ടതാണ്. എന്തുകൊണ്ടാണ് കെജ്രിവാളിന്റെ അജണ്ടയില്‍ സി എ എ ഒരു ഘടകമാകാതെ പോയത് എന്ന ചോദ്യം ‘തന്ത്രപരമായ’ മൌനത്തിന് മറ്റൊരുദാഹരണമാണ്.തന്റെ മൂക്കിനു കീഴെ സി എ എയ്ക്കെതിരെയുള്ള പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗിലേക്ക് ഒരു തവണ പോലും തിരിഞ്ഞു നോക്കാതിരുന്ന കെജ്രിവാള്‍ ഹനുമാന്‍ ചാലിസ പാടാനും ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താനും അദ്ദേഹം ‘തന്ത്രപരമായി’ സമയം കണ്ടെത്തി. ഇങ്ങനെ ഹിന്ദുത്വ അജണ്ടകളെ താലോലിച്ചുകൊണ്ട് ആം ആദ്മി നടത്തിയ നീക്കങ്ങള്‍ എത്രയെങ്കിലുമുണ്ട്.
ഫലത്തില്‍ ഒരു “കുഞ്ഞു” ബി ജെ പിയായി കളം നിറഞ്ഞു ‘തന്ത്രപരമായി’ കളിച്ചതിന്റെ ഫലമാണ് കെജ്രിവാളിന്റെ വിജയം എന്ന വിലയിരുത്തലില്‍ ഒട്ടും അസ്വാഭാവികതയില്ല.സംഘപരിവാരത്തിന്റെ ചാണക സൂത്രങ്ങളെത്തന്നെയാണ് ഒരു പരിധിവരെ അദ്ദേഹം ആശ്രയിച്ചത്.
നമ്മുടെ ജനാധിപത്യത്തിന്, മതേതരത്വത്തിന് ഈ വിജയം എത്രത്തോളം ശക്തിപകരും എന്നതാണ് കാതലായ ചോദ്യത്തിന്റെ ഉത്തരം നിരാശപ്പെടുത്തുന്നതാണ്.അതുകൊണ്ട് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയും ഒരു കാരണവശാലും മതേതര ഇന്ത്യയേയും ഭരണഘടനയേയും വീണ്ടെടുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് മാതൃകയായിക്കൂടാ എന്നതാണ് വസ്തുത.
Comments