#ദിനസരികള്‍ 1250 ആധുനികത – മുകുന്ദന്റെ വീണ്ടുവിചാരങ്ങള്‍
ആധുനിക ഇന്നെവിടെ എന്നൊരു ലേഖനം എം മുകുന്ദന്‍ എഴുതിയിട്ടുണ്ട്.അതില്‍ നാം ഇങ്ങനെ വായിക്കുന്നു : “ ആധുനികതയുടെ ഉദ്ഭവത്തിന് ആവശ്യമായ ചരിത്രപരവും സാമൂഹ്യവുമായ അടിസ്ഥാന സൌകര്യങ്ങള്‍ ഭാഷയില്‍ ഇല്ലാതിരുന്നിട്ടും ആധുനികത രണ്ടു ദശാബ്ദം നമ്മുടെ ഇടയില്‍ നിറഞ്ഞു നിന്നിരുന്നു.ആധുനികതയെ അതിന്റെ സമഗ്രതയില്‍ നാം ഒരിക്കലും സ്വീകരിച്ചിരുന്നില്ല.നമ്മുടെ ഭാഷ അതിന് ആവശ്യമായ ഘടകങ്ങള്‍ മാത്രമേ ആധുനികതയില്‍ നിന്ന് സ്വീകരിച്ചിരുന്നുള്ളു .” ആധുനികതയുടെ വക്താവും പ്രയോക്താവുമായി മലയാളത്തില്‍ നിറഞ്ഞാടിയ എം മുകുന്ദന്‍ എന്താണ് ആധുനികത ? എന്ന പേരില്‍ ഒരു പുസ്തകവുമെഴുതിയിട്ടുണ്ട്. അതേ മുകുന്ദന്‍ തന്നെയാണ് ആധുനികതയെന്നത് മലയാളികളെ സംബന്ധിച്ച് കേവലം ഉപരിപ്ലവമായിരുന്ന ഒരാശയമായിരുന്നുവെന്ന് സ്ഥാപിക്കുവാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. “ ആധുനികത നമ്മുടെ നാട്ടില്‍ കരുപ്പിടിച്ചു കഴിഞ്ഞു. അന്യത്ര പറഞ്ഞതുപോലെ ആധുനിക സാഹിത്യം നമ്മുടെ സമകാലീന സാഹിത്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഇന്ന് ഏറ്റവും കൂടുതല...