#ദിനസരികള്‍ 1246 വാര്‍ത്തയും സാഹിത്യവും
എം പി നാരായണപിള്ളയുടെ നിലപാടുകളോട് എനിക്ക് വലിയ പ്രതിപത്തിയൊന്നുമില്ലെങ്കിലും 1986 ഫെബ്രുവരിയിലെ ട്രയലില്‍ അദ്ദേഹം ‘പത്രം വായിക്കുമ്പോള്‍ ‘ എന്ന ലേഖനത്തില്‍ പറയുന്ന ചില കാര്യങ്ങളോട് എനിക്കും യോജിപ്പുണ്ട്. ‘ആര്‍ക്കാണ് ഭ്രാന്ത്’ എന്ന പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ള പ്രസ്തുത ലേഖനത്തില്‍ അദ്ദേഹം പറയുന്നു : “നമ്മളൊക്കെ പത്രം വായിക്കുന്നവരല്ലേ ? ഒരു പത്രം കൈയ്യില്‍ കിട്ടിയാല്‍ നമ്മള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന വാര്ത്തകളും നാലാലൊരു നിവൃത്തിയുണ്ടെങ്കില്‍ വായിക്കാതിരിക്കുന്ന വാര്‍ത്തകളുമുണ്ട്.നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവെച്ചാല്‍ നമ്മള്‍ വായിക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തകള്‍ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ ? വാര്‍ത്ത എന്ന വ്യാജേന യാതൊരു വാര്‍ത്താ പ്രാധാന്യവുമില്ലാത്തെ സാധനങ്ങള്‍ നമ്മുടെ തലയില്‍ കെട്ടി വെയ്ക്കുന്ന ശ്രമമാണ് നമുക്ക് എപ്പോഴും അലര്‍ജിയുണ്ടാക്കുന്നത് “ നാരായണ പിള്ള ഇവിടെ ഉന്നയിക്കാന്‍ ശ്രമിക്കുന്നത് , എന്താണ് വാര്‍ത്ത ? വാര്‍ത്ത എന്ന വിശേഷണത്തോടെ ഇന്ന് നമുക്കു മുന്നിലേക്ക് എത്തിച്ചേരുന്നവയില്‍ എത്ര ശതമാനം യഥാര്‍ത്ഥത്തില്‍ വാര്‍ത്ത എന്ന ഗണത്തില്‍ വരും? എന്നിങ്ങനെ ചില പ്രശ്നങ്ങളാണ്.
പരാജയപ്പെട്ട
സാഹിത്യകാരനാണ് പത്രപ്രവര്‍ത്തകനായി മാറുന്നതെന്ന് നാം കേട്ടിട്ടുണ്ട്. ഒരു
തമാശയായിട്ടാണ് പലരും ഇങ്ങനെ പറയുന്നതെങ്കിലും ഈ തമാശയില്‍ ചില കാര്യങ്ങളുണ്ട്.
അതിലേറ്റവും പ്രധാനപ്പെട്ടത് സാഹിത്യവും വാര്‍ത്തയും തമ്മിലുള്ള ബന്ധമാണ്. ബന്ധം
എന്നതിനെക്കാള്‍ ബന്ധമില്ലായ്മ എന്നാണ് പറയേണ്ടത്.
രണ്ടും രണ്ടു വിരുദ്ധ ധ്രുവങ്ങളില്‍ ഒരു കാലത്തും
കൂട്ടിമുട്ടാതെ നിലകൊള്ളുന്നവയാണ്. ഒന്ന് മറ്റൊന്നിലേക്ക് സന്നിവേശിച്ചാല്‍ രണ്ടും
അസാധുവാകുമെന്നതുകൊണ്ടുതന്നെ പരസ്പരം നിഷേധിച്ചു കൊണ്ടാണ് അവ പ്രവര്‍ത്തിക്കുന്നത്.
സത്യം സത്യമായി പറയുന്നത് വാര്‍ത്തയും അസത്യം സത്യമായി പറയുന്നത്
സാഹിത്യവുമാകുന്നു.( സാഹിത്യത്തെ നിര്‍വചിച്ചതിലൊരു കുഴപ്പമുണ്ട്. അസത്യം
മാത്രമല്ല , സത്യവും ചിലപ്പോഴൊക്കെ സാഹിത്യമാകും. എന്നാല്‍ ഒരു സാഹചര്യത്തിലും
അസത്യം വാര്‍ത്തയാകില്ല എന്നതാണ് നാം അടിവരയിട്ടു മനസ്സിലാക്കേണ്ടത്.)
എന്നാല്‍ ഇക്കാലങ്ങളില്‍ നാം ഏറെയും കണ്ടുമുട്ടുന്നത് പരാജയപ്പെട്ട
സാഹിത്യകാരന്റെ വിക്രിയകളാണ്.അക്കൂട്ടര്‍ വാര്‍ത്തയെ സാഹിത്യത്തിലേക്ക്
അടുപ്പിക്കുന്നു. വാര്‍ത്ത എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് അത്തരത്തിലുള്ള
കെട്ടുകഥകളാകുന്നു.വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കി
അത്തരമാളുകള്‍ പടച്ചു വിടുന്ന നുണക്കഥകളെ വാര്‍ത്ത എന്ന നിലയില്‍ സ്വീകരിക്കുവാന്‍ പാവപ്പെട്ട പ്രക്ഷകര്‍ നിര്‍ബന്ധിതരാകുന്നു.
ഇങ്ങനെ വാര്‍ത്ത ചമയ്ക്കുന്നവര്‍ തങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങളെ മാത്രമല്ല
സംരക്ഷിക്കുവാന്‍ യത്നിക്കുന്നത്, തന്റെ മുതലാളിമാരുടേയും
കൂടി താല്പര്യങ്ങളാണ്. അങ്ങനെ താല്പര്യങ്ങളെ സംരക്ഷിക്കുവാന്‍ ശ്രമിക്കുമ്പോള്‍
എന്താണോ വാര്‍ത്ത എന്ന നിലയില്‍ ലോകം അറിയേണ്ടത് അത് ഇല്ലാതാകുകയാണ്.
ഈ
പ്രവണത ഇപ്പോള്‍ ഏറെ വര്‍ദ്ധിച്ചിരിക്കുന്നുവെന്ന്
നമുക്ക് അനുഭവപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം വാര്‍ത്താ മാധ്യമങ്ങളുടെ
തിട്ടപ്പെടുത്താനാകാത്ത എണ്ണമാണ്.എണ്ണിയിലൊടുങ്ങാത്ത മാധ്യമസ്ഥാപനങ്ങള്‍ അത്രതന്നെ
‘വാര്‍ത്ത’കളെയാണ് ഓരോ നിമിഷവും പുറത്തേക്ക്
തള്ളുന്നത്. എണ്ണത്തിന്റെ ഈ മലവെള്ളപ്പാച്ചിലില്‍ കാണികളെ തങ്ങളിലേക്ക് ആകര്‍ഷിക്കുവാനും
പിടിച്ചു നിറുത്തുവാനും വാര്‍ത്ത സഹായകമാകുന്നില്ലെന്ന് തിരിച്ചറിയുന്ന
പത്രധിപന്മാര്‍ /
പത്രറിപ്പോര്‍ട്ടര്‍മാര്‍
സാഹിത്യത്തെ ആശ്രയിക്കുന്നു. അതോടെ വാര്‍ത്ത മരിക്കുകയും സാഹിത്യത്തിന് ജീവന്‍ വെയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ
ലഭ്യമാകുന്ന സാഹിത്യത്തെ നാം വാര്‍ത്ത എന്നു കരുതി അപരന്റെ മൂക്കിന്‍തുമ്പിലേക്ക്
തൊടുത്തു വിട്ട് രസിക്കുന്നു.
എവിടെയെങ്കിലും ഇത്തരം
അസത്യപ്രചാരണത്തിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടാല്‍
മാധ്യമസ്വാതന്ത്ര്യത്തിന്
ജനാധിപത്യത്തിലുള്ള പ്രസക്തിയെക്കുറിച്ച് ഗീര്‍വാണങ്ങള്‍ പൊങ്ങുന്നതും
കാണാം. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് ലഘുവല്ലാത്തെ സ്വാതന്ത്ര്യം വേണമെന്ന
കാര്യത്തില്‍ എനിക്കു അഭിപ്രായ
വ്യത്യാസമൊന്നുമില്ല. അതു പക്ഷേ സത്യത്തെ സത്യമായി പ്രചരിപ്പിക്കുന്ന
മാധ്യമസ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കണം. പരാജയപ്പെട്ട സാഹിത്യകാരന്റെ രചനകള്‍ക്കായിരിക്കരുതെന്ന്
മാത്രം.
മനോജ് പട്ടേട്ട് || 2020 സെപ്തംബര് 15 , 8.15 AM ||
Comments