#ദിനസരികള്‍ 1249 വിമോചന സമരം - നാം ഇനിയും വായിക്കാത്ത ഏടുകള്
എന്തിനായിരുന്നു വിമോചന സമരം? കമ്യൂണിസ്റ്റ് ദുര്‍ഭരണത്തിനെതിരെ എന്ന് ഒരൊഴുക്കന്‍ മട്ടില്‍ മറുപടി പറയാമെങ്കിലും എന്തൊക്കെയായിരുന്നു ഇ എം എം എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്ത ജനവിരുദ്ധ നയങ്ങള്‍ എന്ന് ഊന്നിച്ചോദിച്ചാല്‍ വിമോചന സമരത്തിന്റെ ഇക്കാലത്തേയും അക്കാലത്തേയും നേരവകാശികള്‍ ഒന്നു പരുങ്ങും. മനോരമയും ദീപികയുമൊക്കെ പ്രചരിപ്പിച്ച നുണകളുടെ പെരുമഴയല്ലാതെ മറ്റൊന്നും തന്നെ ഇന്നും അവര്‍ക്ക് മുന്നോട്ടു വെയ്ക്കാനില്ല. ആ നുണകളുടെ മുകളിലാണ് കേരളത്തിലെ സമുദായ സംഘടനകളും കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ കക്ഷികളും വിമോചന സമരത്തിന്റെ മുദ്രാവാക്യങ്ങള്‍ കെട്ടിപ്പൊക്കിയത്. ജവഹര്‍ലാല്‍ നെഹ്രു , ഇന്ദിരാ ഗന്ധിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇ എം എസ് മന്ത്രിസഭയെ പിരിച്ചു വിട്ടതോടെ വിമോചന സമരം ലക്ഷ്യം കണ്ടുവെങ്കിലും ഉന്നയിച്ച ആക്ഷേപങ്ങളൊക്കെ എവിടെപ്പോയൊടുങ്ങിയെന്നതിന് ചരിത്രത്തില്‍ തെളിവുകളില്ല.
എന്തായിരുന്നു അടിസ്ഥാന കാരണം ? ചില സംഭാഷണങ്ങള്‍ നോക്കുക. വിമോചന സമരത്തിന്റെ അടിസ്ഥാന കാരണങ്ങളെന്താണെന്ന് അവ നമുക്ക് പറഞ്ഞു തരും
1. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ പാര്‍ട്ടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.അതനുസരിച്ച് അവര്‍ തലയുയര്‍ത്തി നടക്കാന്‍ തുടങ്ങിയപ്പോള്‍ കര്‍ഷക മുതലാളിമാര്‍ക്ക് ഭ്രാന്തിളകി. കുട്ടനാട്ടിലെ ഒരു കര്‍ഷക പ്രമാണി കര്‍ഷക തൊഴിലാളി നേതാവായ വര്‍ഗ്ഗീസ് വൈദ്യരോട് ചോദിച്ചു." എന്താണ് വൈദ്യരേ , എന്റെ പുലയനെ എനിക്ക് തല്ലിക്കൂടാ എന്നോ? നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ ? ചോദ്യത്തില്‍ എല്ലാം വ്യക്തമാകുന്നു. *
2. പി ടി പുന്നൂസിനോടും അത്തരത്തില്‍ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടു. "നിങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും ? അല്ലേ , പുലയനും പറയനും കണക്കു പറയാന്‍ തുടങ്ങിയാല്‍ എന്താണിതിന്റെ അവസാനം? ചോദ്യം ചോദിച്ച കുട്ടിയാട്ടു ശിവരാമപണിക്കര്‍ പ്രമാണിയായ ജന്മി മാത്രമല്ല, ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന അധ്യാപകന്‍ കൂടിയായിരുന്നു.*
അടിസ്ഥാന വര്‍ഗ്ഗത്തിനു മുകളില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ഒരു സവര്‍ണ വിഭാഗത്തിന് ഹാലിളകിയതിന്റെ ഫലമാണ് വിമോചന സമരമെന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. വ്യാപകമായ തോതില്‍ ഇളക്കിവിട്ട കമ്യൂണിസ്റ്റ് വിരുദ്ധ വികാരത്തില്‍ കേരളം ആണ്ടുമുങ്ങി. എക്കാലത്തേയും പോലെ ജനങ്ങളെ ഇളക്കാന്‍ ജാതിയേയും മതത്തേയും അവരും കൂട്ടുപിടിച്ചു.ജസ്റ്റീസ് കെ ടി തോമസ് എഴുതിയതുപോലെ , " കമ്യൂണിസ്റ്റുകാര്‍ ഇനി അധികാരത്തില്‍ നിന്നും ഇറങ്ങില്ലെന്നും പള്ളികള്‍ തീയറ്ററുകളാക്കുമെന്നും സ്കൂളുകളില്‍ കമ്യൂണിസം മാത്രമേ പഠിപ്പിക്കുകയുള്ളുവെന്നും യൂണിയന്‍ നേതാക്കളായിരിക്കും അധ്യാപകരെന്നും പ്രചാരണം നടത്തി. " അന്നും ഇന്നും മതം കമ്യൂണിസത്തിനെതിരെ സമര്‍ത്ഥമായി പ്രയോഗിക്കപ്പെടുന്ന ഒരായുധമായിരുന്നു. സാധാരണക്കാരായ വിശ്വാസികളെ മതത്തിന്റെ പേരില്‍ ഇളക്കിയെടുക്കാനും ഇടതിനെതിരെ തെരുവിലിറക്കാനും കഴിയുമായിരുന്നു.അതുതന്നെയാണ് വിമോചന സമരവും ചെയ്തത്.മതം ആക്രമിക്കപ്പെടുന്നുവെന്നും അതുകൊണ്ടുതന്നെ എല്ലാ മത ജാതി വിശ്വാസികളും ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതുണ്ടെന്നും ശബരിമല സ്ത്രീപ്രവേശന വിധിയുടെ കാലത്തും നാം കേട്ടതാണല്ലോ
സത്യത്തില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ക്ഷേമത്തിനായി നടത്തിയ ശ്രമങ്ങളാണ് ഉപരിവര്‍ഗ്ഗത്തിലൂള്ളവരെ ചൊടിപ്പിച്ചതും വിമോചന സമരത്തിലേക്ക് എത്തിച്ചതുമെന്നതാണ് വസ്തുത. എന്നാല്‍ അടിസ്ഥാന വര്‍ഗ്ഗത്തെക്കൂടി കൂടെ കൂട്ടാനും സര്‍ക്കാറിനെതിരെ തിരിക്കാനും വിമോചന സമരക്കാര്‍ക്കു കഴിഞ്ഞുവെന്നതും കാണാതിരിക്കരുത്. ഇപ്പോഴും മനുവിന്റെ സവര്‍ണ പ്രത്യയ ശാസ്ത്രം പേറുന്ന ആറെസ്സെസ്സുകാര്‍ക്കു വേണ്ടി ജയ് വിളിക്കുവാന്‍ ഈ നാട്ടിലെ അധസ്ഥിതര്‍ തെരുവുകളിലിറങ്ങുന്നതും നാം കാണുന്നുണ്ട്.
വിമോചന സമരത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ നാം ഇനിയും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
* ആണ്ടലാട്ടിന്റെ 1957 ന്റെ പൊരുള്‍ നോക്കുക
മനോജ് പട്ടേട്ട് || 2020 സെപ്തംബര് 18 , 8.15 AM ||
Comments