#ദിനസരികള്‍ 1245 - മതേതര ശക്തികള്‍ക്കുമുള്ള മുന്നറിയിപ്പ്


            "പൗരത്വനിയമഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭത്തെ വർഗീയകലാപവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ്‌ പൊലീസ്‌. ഞാൻ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്‌. അത്‌ ഭരണഘടനാപരമായ അവകാശവും കടമയുമാണ്‌‌' എന്നാണ് ഡെല്‍ഹിയില്‍ ഫെബ്രുവരി മാസത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. അദ്ദേഹത്തോടൊപ്പം ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകൻ അപൂർവാനന്ദ്‌,  അധ്യാപിക ജയതി ഘോഷ്‌, സാമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവ്‌, പ്രശസ്ത സിനിമാ താരം രാഹുൽറോയ്‌ എന്നിവരേയും പ്രതിപട്ടികയില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നു. ഡല്‍ഹി പോലീസിന്റെ ജനാധിപത്യ വിരുദ്ധമായ ഈ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്താകമാനം ഉയര്‍ന്നു വരുന്നത്. സി എ എയ്ക്കെതിരെ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ഈ നേതാക്കന്മാര്‍ ചുക്കാന്‍ പിടിച്ചിരുന്നു. ഷഹീന്‍ ബാഗിലും ജഫ്രാബാദിലും സി എ എ (Citizenship Amendment Act ) വിരുദ്ധ പ്രക്ഷോഭകര്‍ തികച്ചും സമാധാനപരമായിട്ടാണ് സമരം നടത്തി വന്നത്. എന്നാല്‍ രാജ്യ തലസ്ഥാനത്തു നടക്കുന്ന ആ പ്രക്ഷോഭം സംഘപരിവാറുകാരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്.എങ്ങനേയും സമരം അവസാനിപ്പിക്കണമെന്ന് അവര്‍ ആലോചിച്ചതിന്റെ പരിണിതഫലമാണ് ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പട്ട വര്‍ഗ്ഗിയ കലാപം. 

 

            ബി ജെ പിയുടെ നേതാക്കള്‍ സമരത്തിനെതിരെ പരസ്യമായി രംഗത്തു വന്നത് നാം കണ്ടതാണ്. സി എ എ വിരുദ്ധ സമരം നടത്തുന്നവരെ രാജ്യ ദ്രോഹികളായി കരുതി വെടിവെച്ചു കൊല്ലണമെന്ന് നരേന്ദ്രമോഡി മന്ത്രിസഭയിലെ അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെടുന്നതും, സമരപരിപാടികള്‍ അവസാനിപ്പിച്ച് സ്ഥലം ഒഴിഞ്ഞു പോകാന്‍ സമയം അനുവദിച്ചുകൊണ്ട് കപില്‍ മിശ്ര രംഗത്തു വന്നതുമെല്ലാം നാം കണ്ടതാണ്.നിശ്ചിത സമയത്തിനുള്ളില്‍ സമരക്കാര്‍ ഒഴിഞ്ഞു പോയില്ലെങ്കില്‍ അവരെ ഒഴിപ്പിക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്നും അയാള്‍ വെല്ലുവിളിച്ചു. സമരക്കാരുടെ വീടുകളിലേക്ക് തങ്ങളുടെ പ്രവര്‍ത്തകന്മാര്‍ എത്തുമെന്നും ബലാല്‍സംഗം ചെയ്യുമെന്നുമായിരുന്നു എം പി കൂടിയായ പര്‍‌വേഷ് പ്രസ്താവിച്ചത്. നിരന്തരം ഇത്തരം പ്രസ്താവനകളിലൂടെ അണികളെ ഇളക്കി വിട്ടുകൊണ്ടാണ് ബി ജെ പിയും കൂട്ടരും വര്‍ഗ്ഗീയ കലാപം ആസൂത്രണം ചെയ്തു.അമ്പത്തി മൂന്നുപേരാണ് സംഘപരിവാര്‍ സൃഷ്ടിച്ച ആ കലാപത്തില്‍ കൊല്ലപ്പെട്ടത്. നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടു.നിരവധിയാളുകളെ ആക്രമിച്ചു.വെട്ടിയും കുത്തിയും അങ്ങനെ കൊന്നൊടുക്കിയ മുസ്ലിം സമുദായത്തില്‍ പെട്ട ആളുകളെ ഓടയിലേക്ക് വലിച്ചെറിഞ്ഞു.  ‘‘കല്ലും ഇരുമ്പുവടിയും ദണ്ഡുകളുമായി ഒരു സംഘം ആളുകൾ ജോഫ്രിപുർ പുലിയ ഭാഗത്ത്‌ സംഘടിക്കുന്നത്‌‌ കണ്ടു. അവർ ജയ്‌ ‌ശ്രീറാം, ഹര ഹര മഹാദേവ്‌ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. വഴിപോക്കർ മുസ്ലിമുകളാണെന്ന്‌ മനസ്സിലാക്കിയാൽ സംഘം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തും. മൃതദേഹങ്ങൾ ഓടയിലിടും’’ എന്നാണ് സംഭവങ്ങള്‍ക്ക് സാക്ഷിയായ ഒരാളുടെ മൊഴി.

 

            ബി ജെ പിയാണ് ഈ കലാപം സംഘടിപ്പിച്ചതെന്ന കാര്യത്തില്‍ പകലുപോലെ വ്യക്തമായ തെളിവുകളുള്ളപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസ്, സി എ എ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അഞ്ചു നേതാക്കന്മാരെ കലാപം നടത്താന്‍‌ ഗൂഢാലോചന നടത്തിയെന്ന പേരില്‍ പ്രതി ചേര്‍ക്കുന്നത്. ഡല്‍ഹി പോലീസ് ഈ വാര്‍ത്ത നിഷേധിച്ച് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യത്ത് സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ഏതു വിധത്തിലും അവസാനപ്പിച്ചെടുക്കാനുള്ള ഗൂഢ നീക്കങ്ങളുടെ ഫലമാണ് ഈ കേസ് എന്ന് വ്യക്തമാണ്.അതോടൊപ്പം തന്നെ മതനിരപേക്ഷവും ജനാധിപത്യപരവുമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകരും അക്കൂട്ടരുടെ കണ്ണിലെ കരടാകുന്നു. അതുകൊണ്ടാണ് സിപി ഐ എം പോലെയുള്ള ഒരു പാര്‍ട്ടിയുടെ അഖിലേന്ത്ര്യാ സെക്രട്ടറിയെ പ്രതിസ്ഥാനത്തു ചേര്‍ത്തത്.

            ഈ നീക്കം ഇടതുപക്ഷങ്ങള്‍ക്കും മതേതര ശക്തികള്‍ക്കുമുള്ള മുന്നറിയിപ്പാണ്. ഇനി വരാനിരിക്കുന്നത് ഒരു വേട്ടയുടെ കാലമാണ് എന്ന മുന്നറിയിപ്പ്.മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഒരേ മനസ്സോടെ പ്രതിരോധം തീര്‍‌ക്കേണ്ട അവസാന സന്ദര്‍ഭമാണിതെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയുക തന്നെ വേണം.

 

മനോജ് പട്ടേട്ട് || 2020 സെപ്തംബര് 14 , 8.15 AM ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1