#ദിനസരികള്‍ 1248 ചില നോവലുകളുടെ അവസാനങ്ങള്‍

 




എനിക്കൊരു ദുസ്വഭാവമുണ്ട്. ചില നോവലുകളുടെ അവസാനം മാത്രം ആവര്‍ത്തിച്ചു വായിക്കുക എന്നതാണ് ആ ദുസ്വഭാവം. ഇഷ്ടപ്പെട്ട എല്ലാ നോവലുകളും ഞാന്‍ അത്തരത്തില്‍ വായിക്കുന്നില്ല, മറിച്ച് ചില നോവലുകള്‍ എഴുത്തുകാരന്‍ അവസാനിപ്പിക്കുന്നത് അപാരമായ കൈയ്യടക്കത്തോടെയായിരിക്കും. നോവലിന്റെ മുഴുവന്‍ സത്തയും ആറ്റിക്കുറുക്കിയെടുത്ത് മര്‍മ്മസ്പര്‍ശിയായ വാക്കുകളില്‍ അസാമാന്യമായ ഉള്‍ക്കാഴ്ചയോടെ വായനക്കാരന്റ ആത്മാവിലേക്ക് ഒരു ചുട്ടുപൊള്ളുന്ന സൂചി കുത്തിയിറക്കുന്നതുപോലെയാണ് അത്തരം നോവലുകള്‍ അവസാനിക്കുക. അതോടെ എഴുത്തുകാരനും അവന്റെ കൃതിയും അസാധാരണമായ മറ്റൊരു വിതാനത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. ആ ഒരു നിമിഷം കലയില്‍ സത്യത്തിന്റെ കൈയ്യൊപ്പു പതിയുന്നു.അഭൌമികമായ ഏതോ ഒരു നിമിഷത്തില്‍ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായതുപോലെ വായനക്കാരും ബുദ്ധനാകുന്നു.അങ്ങനെ എന്നെ അനുഭൂതിയുടെ അസാധാരണമായ ഉള്‍ക്കടലുകളിലേക്ക് എറ്റിവീഴ്ത്തുന്ന ചില നോവലുകളുണ്ട്.


ഉദാഹരണത്തിന് ഹെമിംഗ് വേയുടെ The Old Man and the Sea എന്ന നോവല്‍.എണ്‍പത്തി നാലു ദിവസവും ഒന്നും കിട്ടാതെ കടലില്‍ കാത്തിരിക്കേണ്ടി വന്ന സാന്തിയാഗോയ്ക്ക് അവസാനം ഒരു പെരും മീനിനെ ലഭിക്കുന്നു. അത്തരമൊരു മീനിനെ കരയിലാരും തന്നെ നാളിതുവരെ ചൂണ്ടയില്‍ കൊരുത്തിരുന്നില്ല.അയാള്‍ അതുമായി കരയിലേക്ക് വരുമ്പോള്‍ സ്രാവുകള്‍ വളയുന്നു.അതിജീവനത്തിന്റെ അസാമാന്യമായ പോരാട്ടിത്തിന് നാം സാക്ഷിയാകുന്നു.അവസാനം കരയിലേക്ക് എത്തുമ്പോഴേക്കും ആ പെരുംമീന്‍ വെറും എല്ലും കൂടൂമാത്രമായി മാറുന്നു.ഏതൊരാളും നിരാശനായിപ്പോകുന്ന അഭിശപ്തമായ ആ നിമിഷത്തില്‍ എന്നാല്‍ സാന്തിയാഗോ വിഷണ്ണനായിയിരിക്കുന്നില്ല.കൊല്ലാം തോല്പിക്കാനാവില്ലെന്ന് തന്റെ നട്ടെല്ലില്‍ കുന്തമുന കൊണ്ടു കുറിച്ചുവെച്ച അയാളെ ഹെമിംഗ് വേ ശാന്തനായി ഉറക്കിക്കിടത്തുന്നു. അതുവരെ ആരും അനുഭവിക്കാത്ത ഒരു ശാന്തതയില്‍ :- Up the road , in his shack , the old man was sleeping again. He was still sleeping on his face and the boy was sitting by him watching him. The old man was dreaming about the lions – ഇതു വായിക്കുമ്പോള്‍ , പ്രത്യേകിച്ച് അവസാന വരികളിലേക്ക് എത്തുമ്പോള്‍ ഹാ വിജിഗീഷു മൃത്യുവിന്നാമോ , ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്തുവാന്‍ എന്ന് നാം ചോദിച്ചു പോകുന്നു. സത്യത്തില്‍ അതുതന്നെയല്ലേ കലയുടെ ലക്ഷ്യവും ?


മറ്റൊരു നോവല്‍ ദേശത്തിന്റെ കഥയാണ്. ഒരു ദേശത്തിന്റെ വിശാലമായ വിതാനങ്ങളെ അനിതരസാധാരണമായ വിധത്തില്‍ ആവാഹിച്ചെടുത്ത ആ നോവല്‍ മലയാളത്തില്‍ ഒരു വിസ്മയമാണ്. എസ് കെ പൊറ്റെക്കാട് ഇതിഹാസ സദൃശമായ ആ നോവല്‍ അവസാനിപ്പിക്കുന്നത് നോക്കുക “ശ്രീധരനെ കണ്ടപ്പോള്‍ പയ്യന്‍ അവിടെ തങ്ങി നിന്നു. ചൂളം വിളി നിര്‍ത്തി , പാന്റിന്റെ പോക്കറ്റില്‍ കൈകള്‍ തിരുകി തല ചെരിച്ച് ചുണ്ടുകള്‍ കോട്ടി ഒരു നോട്ടം – ഹു ഈസ് ദിസ് ഗൈ? ഇവനാരെടാ? 


ഊറാമ്പുലിക്കുപ്പായക്കാരന്‍ പയ്യന്‍ ചോദിച്ചാല്‍ പറയേണ്ട ഉത്തരം ശ്രീധരന്‍ മനസ്സില്‍  ഒരുക്കി വെച്ചു. : അതിരാണിപ്പാടത്തെ പുതിയ തലമുറയുടെ കാവല്‍ക്കാരാ , അതിക്രമിച്ചു കടക്കുന്നതു പൊറുക്കൂ, പഴയ കൌതുകവസ്തുക്കള്‍  തേടിനടക്കുന്ന ഒരു പരദേശിയാണ് ഞാന്‍.” ഈ വരികള്‍ ഒരു നിമിഷം നിങ്ങളെ സ്തബ്ദനാക്കിയോ ? എങ്കില്‍  ആ നിമിഷത്തില്‍ മാത്രമാണ് ഒരു ജീവിതകാലത്തിലാകെ നിങ്ങള്‍ ജീവിച്ചതെന്ന് ഞാന്‍ പറയും.


“വരാതിരിക്കില്ല” എന്ന പ്രതീക്ഷ പങ്കുവെച്ചു കൊണ്ട് അവസാനിക്കുന്ന എംടിയുടെ മഞ്ഞ് മറ്റൊന്നാണ്. ഒരു ജീവിതകാലം മുഴുവന്‍ കാത്തിരിക്കുകയാണ്. ഇനി ചിലപ്പോള്‍ ചില വര്‍ഷങ്ങള്‍ , അതും ജീവിതത്തിലെ വസന്തകാലം മുഴുവന്‍ കൊഴിഞ്ഞു പോയതിനു ശേഷം അവശേഷിക്കുന്ന ചില വര്‍ഷങ്ങള്‍ , മാത്രമേ ബാക്കിയുള്ളു.എന്നിട്ടും വരാതിരിക്കില്ല എന്നൊരൊറ്റ പ്രതീക്ഷ എല്ലാ തണുപ്പുകാലത്തിനും മറുമരുന്നായി ചൂടു പകരുന്നു. വരാതിരിക്കില്ല എന്നൊരൊറ്റ വാക്കില്‍ മുഖം നോക്കിയാല്‍ ചിലപ്പോള്‍ അവനവനെ തന്നെ തെളിഞ്ഞു കിട്ടിയേക്കാമെന്നു കൂടി വരുമ്പോള്‍ “വരാതിരിക്കില്ല” എന്ന മുനയുടെ മൂര്‍ച്ച കൂടുന്നു.


വിജയന്റെ ഗുരുസാഗരം. കല്യാണി മകളല്ലെന്ന് അവളുടെ അമ്മ ശിവാനി പറയുന്നു.തെറ്റായി പെരുകുന്ന കോശങ്ങളുടെ വേദനയില്‍ മുങ്ങിക്കിടക്കുന്ന ഒരു കുഞ്ഞിനെ എങ്ങനെയാണ് മകളല്ലെന്ന് കരുതുക ? അതല്ലെങ്കില്‍ ജൈവധാരയുടെ നിരന്തരമായ യാത്രയില്‍  അച്ഛനും മകളുമായി, അവര്‍ എല്ലാക്കാലത്തും ഒഴുകിക്കിടന്നു.എങ്ങനെ ? “ നിസ്വാന്തനമായ തന്റെ മടക്കയാത്രയില്‍ കുഞ്ഞുണ്ണി പ്രലപിച്ചു “ശുകാ, മകനേ!” വിശ്വപ്രകൃതി ചെവിടോര്‍ത്തു.ശതകോടി ദലസ്വരങ്ങള്‍ ഇപ്പോള്‍ സമൂര്‍ത്തങ്ങളായ. ജലധാരകള്‍ , ശിഖരസ്പന്ദങ്ങള്‍ ഇപ്പോള്‍ സാക്ഷരങ്ങളായി. മരങ്ങളും ചെടികളും നീരുറവുകളും കല്‍ത്തിട്ടുകളും  കല്യാണിയുടെ ശബ്ദത്തില്‍ വിളികേട്ടു “അച്ഛാ , അച്ഛാ!”


ടി വി കൊച്ചുബാവയുടെ വൃദ്ധപുരാണം, കേശവദേവിന്റെ കണ്ണാടി , പി കെ ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ എന്നിങ്ങനെ എടുത്തു പറയാന്‍ ആഖ്യാനങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. എങ്കിലും പെട്ടെന്ന് മനസ്സിലേക്ക് കടന്നു വന്നവ കുറിച്ചുവെന്ന് മാത്രം.


മനോജ് പട്ടേട്ട് || 2020 സെപ്തംബര് 17 , 8.15 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1