#ദിനസരികള്‍ 1247 ഒ വി വിജയന്റെ ഇ എം എസ് സ്മരണകള്‍

 


 

            ഇ എം എസ് മരിച്ചപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പുകള്‍ ധാരാളമായി പുറത്തു വന്നിരുന്നുവല്ലോ. അടുത്തും അകലെയും നിന്ന് അദ്ദേഹത്തെ അറിഞ്ഞവരെല്ലാം തന്നെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ആ മരണത്തില്‍  വാങ്മയങ്ങളിലൂടെ അനുശോചനം തീര്‍ത്തു. അക്കൂട്ടത്തില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായി എനിക്ക് അന്നും ഇന്നും അനുഭവപ്പെടുന്നത്  അങ്ങില്ലായിരുന്നെങ്കില്‍ എന്ന പേരില്‍ ഒ വി വിജയന്‍ എഴുതിയ കുറിപ്പാണ്. അഭിവന്ദ്യ സഖാവേ തുച്ഛമായ തര്‍ക്കങ്ങള്‍  കേരളം മറക്കും.പക്ഷേ അങ്ങില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇന്നത്തെക്കാള്‍ എത്രയോ ചെറിയ മനുഷ്യരായിരുന്നിരിക്കും. ലാല്‍ സലാം എന്ന് അവസാനിക്കുന്ന ആ കുറിപ്പില്‍ വിജയന്‍ , വിജയനുമാത്രം കഴിയുന്ന വിധത്തില്‍ ചരിത്രത്തേയും വര്‍ത്തമാനത്തേയും ഒന്നുപോലെ വിളക്കി വെച്ചിരിക്കുന്നു.

 

            വിജയന് മാര്‍ക്സിസ്റ്റുകളുമായുണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ക്ക് ഈ കുറിപ്പൊരു മറുപടിയല്ല എന്നെനിക്കറിയാം. പക്ഷേ ആ അഭിപ്രായ വ്യത്യാസങ്ങള്‍ വിജയന്‍ നീട്ടിപ്പിടിച്ചത് , ചരിത്രപരമായ ചില ആദര്‍ശങ്ങള്‍ നഷ്ടപ്പെടുന്നുവല്ലോ എന്ന ഖേദത്തില്‍ നിന്നുകൊണ്ടാണ്. അതായത് വിജയന്റെ സന്ദേഹങ്ങള്‍ അദ്ദേഹം തന്നെ പറയാറുള്ളതുപോലെ ഒരു  സന്ദേഹിയുടെ സംശയങ്ങള്‍ മാത്രമായിരുന്നു.തിരുത്തുവാനും പുതിയത് സ്വീകരിക്കുവാനും വ്യഗ്രമായ ഒരു മനസ്സ് ഏത് സംവാദങ്ങളിലും അദ്ദേഹം ഊര്‍ജ്ജ്വസ്വലമായി നിലനിറുത്തിയിരുന്നുവെന്നത് നാം കാണാതെ പോയി. തന്റെ ആധികളെ അവതരിപ്പിക്കുമ്പോഴും വിജയന്‍ ചരിത്രത്തെ മറന്നില്ല. ചരിത്രത്തില്‍ നിന്ന് , നാം പഠിച്ച പാഠങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണോ എന്ന് സന്ദേഹിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.  അതുകൊണ്ടാണ് സന്ദേഹി എന്ന് സ്വയം അദ്ദേഹം ഒരു മടിയും കൂടാതെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ആ പ്രയോഗത്തിന്റെ അപാരമായ സാധ്യതകള്‍ അത്രമാത്രം ആഴത്തില്‍ നമുക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.ഫലമോ? അക്കരേയ്ക്ക് ഉന്തിയകറ്റി വിട്ട ഒരു ശവപേടകത്തെപ്പോലെ വിജയന്‍ ആട്ടിയകറ്റപ്പെട്ടു. അതൊരു പിന്മടക്കമില്ലാത്ത വീഴ്ചയായി എന്നതാണ് വസ്തുത.

 

             എന്നാല്‍ ആ കാലുഷ്യങ്ങളൊന്നും സ്പര്‍ശിച്ചു പോകാത്ത ഒരു മനസ്സുമായാണ് ഇ എം എസിനെ യാത്രയാക്കുവാന്‍ വിജയന്‍ അരങ്ങത്തെത്തിയത്.കേരളത്തില്‍ അയ്യങ്കാളിയും നാരായണ ഗുരുവും ചട്ടമ്പിസ്വാമികളും എല്ലാം ഉണ്ടായിരുന്നുവെന്നത് ശരിതന്നെ. പക്ഷേ സമകാലിക രാഷ്ട്രീയത്തിന്റെ ഭാഷയില്‍ ഇതൊക്കെ പറഞ്ഞു ഫലിപ്പിക്കാന്‍ ഇ എം എസിന് കഴിഞ്ഞു.എന്ന് വിജയന്‍ രേഖപ്പെടുത്തുന്നത് എത്ര നിഷ്കളങ്കവും സത്യസന്ധവുമായിട്ടാണെന്ന് നോക്കുക. വിജയന്‍ തുടരുന്നു നാം നമ്മുടെ മുന്നില്‍ കാണേണ്ടത് ഏതാനും സമഗ്രതകളാണ്.തന്റെ പാരമ്പര്യ സ്വത്തുകള്‍ പ്രസ്ഥാനത്തിന് ദാനമായി കൊടുക്കുക. ഈ ത്യാഗത്തെക്കുറിച്ച് നമ്മുടെ നാട്ടില്‍ ആരും സംസാരിക്കാതിരിക്കുന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രീയ രംഗത്ത് ചെലവിട്ട ഒരായുഷ്കാലത്തില്‍ നിന്ന് എന്തെങ്കിലും സ്വത്ത് നേടുക എന്ന ചോദ്യം തന്നെ ഉയരുന്നില്ല.മുഖ്യമന്ത്രിയും നേതാവുമായി കഴിഞ്ഞ ശേഷം ഹൌസിംഗ് ബോര്‍ഡില്‍ നിന്നും വീടുവെയ്ക്കാന്‍ കടംവാങ്ങുന്ന ഇ എം എസിനെ മനസ്സിലാക്കുന്നതുപോലും നമുക്ക് ഒരു ഭാരമാണ്.ഇതില്‍പ്പരം എങ്ങനെയാണ് നിസ്വനായ ഒരു ഇ എം എസിനെ അവതരിപ്പിക്കാനാകുക ?

 

    ഇ എം എസിനെ മനസ്സിലാക്കുന്നതിലും പിന്തുടരുന്നതിലും നമുക്ക് വീഴ്ച പറ്റി എന്ന കാര്യത്തില്‍ സംശയമില്ല. വിജയനെപ്പോലെയുള്ളവര്‍ ചൂണ്ടിക്കാണിച്ചു തരുമ്പോള്‍ അതു നാം ശ്രദ്ധിക്കുക .

 

വിജയന്‍ ഇ എം എസ് അനുസ്മരണം തുടങ്ങിയത് പ്ലഖാനോവിന്റെ കഥ പറഞ്ഞു കൊണ്ടാണ്. അതേ കഥ പറഞ്ഞുകൊണ്ട് ഞാന്‍ ഈ കുറിപ്പും അവസാനിപ്പിക്കട്ടെ !

 

            ഒക്ടോബര്‍ വിപ്ലവത്തിന്റെ നാളുകളില്‍ എന്തിനെന്ന് ഇപ്പോള്‍ മറന്നു പോകുന്ന ബഹുമുഖ കലാപങ്ങളില്‍ കുറേ ബോള്‍‌ഷെവിക് സന്നദ്ധ ഭടന്മാര്‍ രണ്ടാം ഇന്‍‌റര്‍ നാഷലിന്റെ ആചാര്യനായ പ്ലഖാനോവിന്റെ വീട് കയ്യേറി.വൃദ്ധനായ ആ മനുഷ്യന്‍ അമ്പരപ്പോടും എന്നാല്‍ സാമാന്യം ആത്മവിശ്വാസത്തോടും ആ ചെറുപ്പക്കാരോട് പറഞ്ഞു ഞാന്‍ ................ പ്ലഖാനോവാണ്

 

    അറിയാന്‍ താല്പര്യമില്ലാതെ അവര്‍ പ്രതികരിച്ചു ആര്?’

ചരിത്രത്തിന്റെ മുഖാമുഖങ്ങളില്‍ പൊടുന്നനെ തെളിയുന്ന അപാരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്ന്, ആചാര്യന്‍ പറഞ്ഞു. പ്ലഖാനോവ്........

   

           

മനോജ് പട്ടേട്ട് || 2020 സെപ്തംബര് 16 , 8.15 AM ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1