#ദിനസരികള്‍ 1237 - പാപവും പുണ്യും നീതിബോധത്തെക്കുറിച്ച് ചിന്ത ചിന്തകള്‍
“ അമ്മമ്മ പാപം കിട്ടൂന്ന് പറഞ്ഞു ”. വന്നു കയറിയപാടെ കുഞ്ഞുവിന്റെ പരാതിയാണ്. എന്തായാലും പരാതിയ്ക്ക് ചെവി കൊടുക്കണം. കുട്ടികളെ നാം കേള്‍ക്കുന്നുണ്ടെന്നും ശ്രദ്ധിക്കുന്നുണ്ടെന്നും അവര്‍ക്കുംകൂടി ബോധ്യം വരണമല്ലോ. കൊറോണക്കാലമായതുകൊണ്ട് കുളിക്കാതെ അവളുടെ അടുത്തേക്ക് പോയിക്കൂടാ. അതുകൊണ്ട് അച്ഛന്‍ വേഗം പോയി കുളിച്ചു വരാമെന്ന് അവളെ പറഞ്ഞു സമ്മതിപ്പിച്ചു. കുളി കഴിഞ്ഞ് വന്നു അവളെ വിളിച്ച് അടുത്തിരുത്തി. അമ്മമ്മ എന്തിനാണ് അങ്ങനെ പറഞ്ഞത് ? ഞാന്‍ അവളോട് ചോദിച്ചു.കട്ടിളപ്പടിയിലോ മറ്റോ ഇരുന്ന ഒരു ജീവിയെ അവള്‍ വടികൊണ്ട് അടിച്ചു.അതുകണ്ട അമ്മമ്മയുടെ പ്രതികരണമാണ്. ജീവികളെ ഉപദ്രവിച്ചാല്‍ പാപം കിട്ടുമത്രേ ! പാപത്തിന് ശിക്ഷയുണ്ടാകും. നരകത്തില്‍ തിളയ്ക്കുന്ന എണ്ണയില്‍ പൊരിയുകയാണ് പാപത്തിന്റെ ശിക്ഷ. ഇനിയും പാവം ജീവികളെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കാതിരിക്കാന്‍ അമ്മ ഇതെല്ലാം വിശദീകരിച്ചിട്ടുമുണ്ടാകണം. എന്തായാലും പാപമെന്നു വെച്ചാല്‍ പേടിക്കേണ്ട ഒന്നാണെന്ന ധാരണയില്‍ അവള്‍ ഭയന്നിരിക്കുന്നു. ...