#ദിനസരികള്‍ 1233 - ചീമേനി , നാം മറക്കാതിരിക്കുക
ചൂള വെയ്ക്കുന്നത് കണ്ടിട്ടുണ്ടോ
നിങ്ങള്‍ ? വിറക്
അട്ടിയട്ടിയായി അടുക്കിവെച്ച് ചുറ്റും വൈക്കോലിട്ട് മൂടി മണ്ണു തേച്ച്
പൊത്തിവെയ്ക്കുന്നു. തീ കൊളുത്തുവാന്‍ വേണ്ടി ഒന്നോ രണ്ടോ ദ്വാരങ്ങള്‍ ഇരുവശവുമുണ്ടാക്കുന്നു.
അതിലൂടെ കൊളുത്തപ്പെടുന്ന തീ ഉള്ളില്‍ നിറച്ചിരിക്കുന്ന വിറകില്‍
നീറിനീറിപ്പിടിച്ച് കത്തിക്കയറുന്നു.അവസാനം മാന്തിയെടുക്കുമ്പോള്‍ കരിക്കഷണങ്ങള്‍
മാത്രം അവശേഷിക്കുന്നു. അതുപോലെ മനുഷ്യനെ ജീവനോടെ ചൂളയ്ക്കു വെച്ച ഒരു സ്ഥലമുണ്ട്.
സാക്ഷാല്‍ ഇ എം എസ് രണ്ടാം ജാലിയന്‍ വാലാബാഗ് എന്ന് വിശേഷിപ്പിച്ച ചീമേനി. അഞ്ചു
സഖാക്കളെയാണ് അവിടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചുട്ടും വെട്ടിയും കൊന്നുതള്ളിയത്.
കെ കരുണാകരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് ചരിത്രത്തിലെവിടേയും സമാനതകളില്ലാത്ത ഈ കൊടുംക്രൂരത ചീമേനിയില്‍ അരങ്ങേറിയത്.
1987 മാര്‍ച്ച്
23. കെ കരുണാകരനും കോണ്‍ഗ്രസിനുമെതിരെ കേരളം വിധിയെഴുതിയ തിരഞ്ഞെടുപ്പു ദിനം.
അന്ന് വൈകുന്നേരം അഞ്ചു മണിക്ക് ചീമേനിയിലെ സിപി ഐ എം ഓഫീസില്‍ തിരഞ്ഞെടുപ്പു
കണക്കുകളുമായി സ്ത്രീകളടക്കമുള്ള കുറച്ചു സഖാക്കള്‍ ഒത്തു കൂടി. ഓടു മേഞ്ഞ ഒരു
ചെറിയ കെട്ടിടമായിരുന്നു അത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത്
നയനാരാണ്. അതുകൊണ്ടുതന്നെ വീഴ്ച കൂടാതെ കണക്കുകള്‍ പരിശോധിക്കേണ്ടതുണ്ട്.ചീമേനി
കോണ്‍ഗ്രസിന് മൃഗീയമായ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു അക്കാലത്ത്. അവര്‍ അറിയാതെ
ഒരിലപോലും അനങ്ങില്ല എന്നുതന്നെ പറയാം. അവിടങ്ങളിലെ ബുത്തുകളില്‍ മറ്റു പാര്‍ട്ടികളിലെ
ഏജന്റുമാരെ ഇരുത്തുവാന്‍ പോലും സമ്മതിക്കാറില്ല. എന്നാല്‍ പതിവിനു വിപരീതമായി
ചീമേയില്‍ സി പി ഐ എം വലിയ മുന്നേറ്റമുണ്ടാക്കി. അതു കോണ്‍ഗ്രസിന് കടുത്ത
വെല്ലുവിളിയായി. എങ്ങനേയും ഇടതരെ ഒതുക്കണമെന്ന് തീരുമാനിക്കപ്പെട്ടു. ആ
തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫീസില്‍ ബൂത്തുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയും ചര്‍ച്ചകള്‍ ചെയ്തുകൊണ്ടിരിക്കുയുമായിരുന്ന സഖാക്കളുടെ
അടുത്തേക്ക് തൊട്ടടുത്തുള്ള കോണ്‍ഗ്രസ്
ഓഫീസില്‍ നിന്നും മാരകായുധങ്ങളുമായി ഇരുന്നൂറോളം ആളുകള്‍ ഇരച്ചെത്തിയത്.
എന്താണ് സംഭവിക്കുന്നതെന്ന്
തിരിച്ചറിയാന്‍ കഴിയുന്നതിനു മുമ്പേ മുറ്റത്തും മറ്റുമായി നിന്നിരുന്നവരെ കുതിച്ചെത്തിയവര്‍
മര്‍ദ്ദിക്കാന്‍ തുടങ്ങി. പലരും ഓടി രക്ഷപ്പെട്ടു. അവശേഷിച്ചവര്‍ പാര്‍ട്ടി
ഓഫീസിനുള്ളില്‍ അഭയം തേടി. ഉള്ളില്‍ കടന്നവര്‍ വാതിലുകളും ജനലുകളും ചേര്‍ത്തടച്ചു.
ഒട്ടും അമാന്തിച്ചില്ല , അക്രമികള്‍ ഓഫീസിന്റെ ജനലുകളും വാതിലുകളും തകര്‍ക്കാനുള്ള
ശ്രമങ്ങളാരംഭിച്ചു. ഉള്ളിലുണ്ടായിരുന്നവര്‍ ബെഞ്ചുകളും ഡെസ്കുകളുമുപയോഗിച്ച്
വാതിലുകള്‍ക്ക് ബലം കൊടുത്തു.എന്നാല്‍ ആ പ്രതിരോധം അധികനേരം നീണ്ടു
നിന്നില്ല. അക്രമികള്‍ ജനലുകളും വാതിലുകളും അടിച്ചു തകര്‍ത്തു. ഉള്ളിലുള്ളവര്‍ പുറത്തേക്ക്
ഇറങ്ങിയോടിയാല്‍ വെട്ടി വീഴ്ത്തുന്നതിനുവേണ്ടി മാരകായുധങ്ങളുമായി കോണ്‍ഗ്രസ് സംഘം ഓഫീസ് വളഞ്ഞു പിടിച്ചു. പിന്നീടാണ്
ലോകത്തെ ഞെട്ടിച്ച കൊടുംക്രൂരത അരങ്ങേറിയത്. വീടു കെട്ടിമേയാനുപയോഗിക്കുന്ന പുല്ല്
കെട്ടുകെട്ടായി കൊണ്ടുവന്ന് അവര്‍ പൊളിഞ്ഞു വീണ ജനലിലൂടെ ഓഫീസിനകത്തേക്ക്
തള്ളി. ഉള്ളിലെ സഖാക്കളെ ജീവനോടെ ചുട്ടുകളയുക എന്നതായിരുന്നു ഉദ്ദേശം. പുല്ലിന്
മുകളിലേക്ക് നേരത്തെ കരുതിയിരുന്ന മണ്ണെണ്ണ കോരിയൊഴിച്ചു.തീ കൊടുത്തു. തീ
ആളിപ്പടര്‍ന്നു.
അകത്തുള്ള
സഖാക്കള്‍ മരണത്തെ മുഖാമുഖം കണ്ടു. തീയില്‍ വെന്തെരിയാനാണ്
പോകുന്നതെന്ന് തിരിച്ചറിഞ്ഞ അവര്‍ രക്ഷപ്പെടാന്‍ പഴുതുകള്‍ നോക്കി.
പുറത്ത് അക്രമികള്‍ വെട്ടി വീഴ്ത്താന്‍ തയ്യാറായി നില്ക്കുന്നു. അകത്ത് തീ
ആളിപ്പടരുന്നു. അവര്‍ വാതിലുകള്‍ വലിച്ചു തുറന്നു. തീയ്യില്‍ നിന്നും രക്ഷപ്പെടാന്‍
പുറത്തേക്ക് ഓടിയ സഖാക്കളെ കാത്തു നിന്നവര്‍ അരിഞ്ഞു വീഴ്ത്തി.എന്തൊരു
ക്രൂരതയാണെന്ന് ചിന്തിച്ചു നോക്കൂ. ശ്വാസം മുട്ടി ചുമച്ചും കണ്ണുകാണാതെയും
പുറത്തേക്ക് വരുന്നവരെയാണ് വളഞ്ഞിട്ട് കഷണം കഷണമായി വെട്ടി നുറുക്കിയത്.
ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത കൊടുംക്രൂരത.അതും അഹിംസാവാദികളെന്ന്
നാഴികയ്ക്ക് നാല്പതു വട്ടം വാതുവെയ്ക്കുന്ന കോണ്‍ഗ്രസുകാര്‍. ഹിംസ്രജന്തുക്കള്‍ക്കുപോലും
ഇത്രയും ക്രൂരതയുണ്ടാകുമോ?
ആലവളപ്പില്‍ അമ്പു,
കെ വി കുഞ്ഞിക്കണ്ണന്‍ , എം കോരന്‍ , സി കോരന്‍ , പി കുഞ്ഞപ്പന്‍ .പാതി വെന്ത
ശരീരത്തോടെ തീയ്യില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി പുറത്തേക്കോടിയ അഞ്ചു
സഖാക്കളെയാണ് അക്രമിക്കൂട്ടം തീര്‍ത്തെടുത്തത്. ആദ്യം പുറത്തുചാടിയ അമ്പുവിനെ
നിമിഷനേരം കൊണ്ടാണ് വെട്ടിമുറിച്ചത്. കത്തുന്ന കെട്ടിടത്തിനകത്തിരുന്ന്
അദ്ദേഹത്തിന്റെ മക്കള്‍ ആ അരും കൊലയ്ക്ക് സാക്ഷികളായി. പഞ്ചായത്ത് മെമ്പറായിരുന്ന
പി കുഞ്ഞപ്പന്റെ തല അടിച്ചു പൊളിച്ച് പുല്ലിട്ട് കത്തിച്ചാണ് കൊന്നത്. കെവി
കുഞ്ഞിക്കണ്ണനെ അമ്മിക്കല്ലെടുത്തുകൊണ്ടുവന്ന് ഇഞ്ചിഞ്ചായി ഇടിച്ചു നുറുക്കി
കൊന്നുതള്ളി. അദ്ദേഹം ബസ്സുകാത്തു നില്ക്കുന്നിടത്തു നിന്ന് പിടിച്ചുകൊണ്ടുവന്നാണ്
ഈ പൈശാചികകൃത്യം നടത്തിയത്. കൊല്ലുന്നതിനു മുമ്പേ അവയവങ്ങള്‍ അറുത്തുമാറ്റിയും
കൈയ്യില്‍ കിട്ടിയ സഖാക്കളെ അതിക്രൂരമായി പീഡിപ്പിച്ചു.കത്തുന്ന തീയില്‍ നിന്നും
പുറത്തേക്ക് ഇറങ്ങിയോടിയവരെ വാളുകൊണ്ടും കഠാരികൊണ്ടും വെട്ടിമുറിച്ചു. മാരകമായി
മുറിവേറ്റ് ചിതറി വീണ അവരില്‍ പലരേയും ചത്തുവെന്ന് കരുതി അക്രമികള്‍ ഉപേക്ഷിച്ചു.
അതുകൊണ്ടുമാത്രമാണ് അവര്‍ക്ക് രക്ഷപ്പെടാനായത്. ഇത്രയും അതിക്രമം നടന്നിട്ട്
തൊട്ടടുത്തുതന്നെ ഒരു പോലീസ് ചെക്കുപോസ്റ്റുണ്ടായിരുന്നിട്ടും ഒരു പോലീസുകാരന്‍
പോലും അങ്ങോട്ടു തിരി്ഞു
കേരളത്തില്‍
കോണ്‍ഗ്രസിന് തുടര്‍ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പു കഴിഞ്ഞ
അന്നുതന്നെ ചീമേനിയിലെ ഈ അക്രമം അരങ്ങേറിയത്. എന്നാല്‍ ചീമേനിയടങ്ങുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിലടക്കം
ഇടതുപക്ഷം വിജയിച്ചു. കേരളത്തില്‍ നയനാരുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.അത്
കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായിരുന്നു.
ഇ എം എസും നയനാരും മറ്റു നേതാക്കളും
ചീമേനിയിലെത്തി.കോണ്‍ഗ്രസ് നടത്തിയ കൊടുംക്രൂരതയുടെ മുന്നില്‍ അവര്‍ നടുങ്ങി നിന്നു. അഞ്ചിടങ്ങളിലായി
കത്തിക്കരിഞ്ഞും വെട്ടുകൊണ്ടു ചിതറിത്തെറിച്ചും സഖാക്കള്‍ വീണു കിടക്കുന്നു.
അസഹനീയമായ കാഴ്ചയായിരുന്നു അത്.വെറുതെ കൊല്ലുകമാത്രമായിരുന്നില്ല അവര്‍ ചെയ്തത്.
ഏറ്റവും ക്രൂരമായിത്തന്നെ കൊല്ലണമെന്ന നിര്‍ബന്ധം അക്രമികള്‍ക്കുണ്ടായിരുന്നു. ആ
അഞ്ചുശരീരങ്ങളും അത്തരമൊരു സമീപനത്തിന്റെ ഫലമായി ശകലീകരിക്കപ്പെട്ട് വിറങ്ങലിച്ചു
കിടന്നു.
ഈ കൊടുംക്രൂരത നടപ്പിലാക്കി കാട്ടാളന്മാരാണ്
ഇന്നും കൊലക്കത്തിയുമായി കേരളത്തിലാകമാനം പാഞ്ഞു നടക്കുന്നത്. ചിമേനിയില്‍ അരിഞ്ഞു
വീഴ്ത്തപ്പെട്ടവരെപ്പോലെ കേരളത്തിലാകമാനം നിരവധി സഖാക്കളാണ് കോണ്‍ഗ്രസടക്കമുള്ള
വര്‍ഗ്ഗശത്രുക്കളുടെ കത്തിമുനയില്‍ പിടഞ്ഞു തീര്‍ന്നത്. സി പി ഐ എമ്മിനെ
പ്രതിക്കൂട്ടിലാക്കാന്‍ വെമ്പിനടക്കുന്ന നമ്മുടെ മാധ്യമങ്ങളാകട്ടെ ഇത്തരം അരുംകൊലകള്‍ക്കെതിരെ
എക്കാലത്തും കണ്ണടച്ചു പോന്നു.എന്നാല്‍ പൊരുതിവീണ ആ സഖാക്കളുടെ പേരുകള്‍ കേരളത്തിന്റെ
ഇടതുപക്ഷ മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ തിളങ്ങി നില്ക്കുന്നു. ആരു
ചവിട്ടിത്താഴ്ത്തിയാലും മറവിയുടെ ഗര്‍ത്തങ്ങളിലേക്ക് പോയിമറയുകയില്ലെന്ന വാശിയോടെ. അതുകൊണ്ട്
ചരിത്രത്തെ ഓര്‍മിക്കുവാനും ഓര്‍മ്മിപ്പിക്കുവാനും വെട്ടിവീഴ്ത്തപ്പെട്ട ആ
രക്തസാക്ഷികളുടെ സ്മരണകള്‍ നിരന്തരം ഇവിടെ അലയടിച്ചുയരേണ്ടതുണ്ട്.
മനോജ് പട്ടേട്ട് || 20 സെപ്തംബര്‍
02 , 07.30 AM ||
Comments