#ദിനസരികള്‍ 1232
മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും തിരുവോണത്തലേന്ന്
പാതിരാത്രിയില്‍ വെട്ടിക്കൊലപ്പെടുത്തിയവരെ സഹായിക്കില്ലെന്ന് ഷാഫി പറമ്പില്‍
പറയുന്നതില്‍ നിന്നും വ്യക്തമാകുന്നത് , തുടക്കം മുതലെ ഡി വൈ എഫ് ഐയും സി പി ഐ എം
ആരോപിച്ചതുപോലെ കൊലയ്ക്കു പിന്നില്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ് എന്ന് അവസാനം കോണ്‍ഗ്രസ്
നേതൃത്വം സമ്മതിക്കുന്നുവെന്നാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന ആ അര്‍ത്ഥത്തില്‍
ഒരു കുറ്റസമ്മതം കൂടിയാകുന്നു. പ്രതികള്‍ക്ക് കോണ്‍ഗ്രസ് ബന്ധമില്ലെന്ന് പരമാവധി
പറഞ്ഞു നോക്കി. എന്നാല്‍ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ പുറത്തു
വന്നതോടുകൂടി നേതൃത്വത്തിന് നിഷേധിക്കാനാകാത്ത സാഹചര്യം സംജാതമായി. ഞങ്ങളല്ല
കൊലയാളികള്‍ എന്ന ആണയിടല്‍ ആരും കണക്കിലെടുക്കാതെയായപ്പോള്‍ യൂത്തു കോണ്‍ഗ്രസോ
കോണ്‍ഗ്രസോ പ്രതികളെ ഒരു തരത്തിലും
സഹായിക്കില്ലെന്ന് അവര്‍ ചുവടുമാറി. ആ മാറ്റത്തിലെ കുടിലത മറച്ചുവെച്ച് കോണ്‍ഗ്രസ്
പാരമ്പര്യത്തിന്റെ മഹാമനസ്കതയെന്നൊക്കെ പാടിപ്പുകഴ്ത്താന്‍ ഇവിടെ
നിഷ്പക്ഷരുടെ വേലിയേറ്റം തന്നെയുണ്ടായി. അത് പിടിക്കപ്പെട്ടവന്‍
രക്ഷപ്പെടാനായി നടത്തുന്ന പിടച്ചില്‍ തന്ത്രം മാത്രമായിരുന്നുവെന്ന്
മനസ്സിലാക്കാത്തവന്‍ രാഷ്ട്രീയതിമിരത്തില്‍ ആന്ധ്യം ബാധിച്ചവരാണെന്ന് എടുത്തു
പറയേണ്ടതില്ലല്ലോ. ആ ചുവടുമാറ്റത്തിന്റെ കാരണങ്ങള്‍ പരിശോധിക്കാതെ നമ്മുടെ
മാധ്യമങ്ങളും അത് കോണ്‍ഗ്രസ് സംസ്കാരത്തിന്റെ ബഹിര്‍സ്ഫുരണമാണെന്ന് വിളിച്ചു
പറഞ്ഞ് ഒപ്പം കൂടി കൈയ്യടിച്ചു. അത്തരത്തിലൊരു അധമ നിലപാടു സ്വീകരിച്ചതുകൊണ്ടാണ്
ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയെ വിളിച്ചിരുത്തി , ഈ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയമാനങ്ങളുണ്ടോ
കൊന്നത് കോണ്‍ഗ്രസ് തന്നെയോ എന്നൊക്കെ മനോരമയിലെ നിഷ്പക്ഷര്‍ സ്ഖലിച്ചു
രസിക്കുന്നത്. ആ രസത്തില്‍ അവര്‍ക്ക് സ്വയം മുഴുകാനുള്ള സ്വാതന്ത്ര്യം
അംഗീകരിക്കുന്നതോടൊപ്പം തന്നെ കേരളമാകെ അതാണു രസമെന്ന് കൈയ്യടിക്കണമെന്നുള്ള
വാശിയോട് ബോധമുള്ളവര്‍ക്ക് യോജിക്കാനാകുമോ?
യൂത്ത് കോണ്‍ഗ്രസിന്റെ
സംസ്ഥാന പ്രസിഡന്റു കാണിച്ച ആര്‍ജ്ജവം പോലും മുല്ലപ്പള്ളിയെപ്പോലെ മുക്കാന്‍ നൂറ്റാണ്ടുകാലം
ഈ ഭുമുഖത്ത് ജീവിച്ച കോണ്‍ഗ്രസിലെ ആദര്‍ശവാനെന്ന് പലരും ചൂണ്ടിക്കാണിക്കുന്ന ഒരു
നേതാവിനുണ്ടായില്ല. എന്നാല്‍ അതെന്നെ ഒട്ടുംതന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നത്
എടുത്തുപറയട്ടെ. കാരണം കേരളത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും കാപട്യക്കാരനായ
രാഷ്ട്രീയ നേതാവ് ആര് എന്ന ചോദ്യത്തിന് ഉത്തരമായി രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ മുല്ലപ്പള്ളി
രാമചന്ദ്രന്‍ എന്ന പേരായിരിക്കും പറയുക.ആവര്‍ത്തിച്ച് പറയട്ടെ ഇത്രയും അധമചിന്ത
പുലര്‍ത്തുന്ന കുടില ബുദ്ധിയായ മറ്റൊരു നേതാവ് വേറെയില്ല. കാസര്‍കോഡ് സ്വന്തം
പാര്‍ട്ടിയിലെ രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിക്കരയുന്ന മുല്ലപ്പള്ളിയെ നാം
കണ്ടു. എന്നാല്‍ കേരളമാകെ കണ്ടുകൊണ്ടിരുന്ന ആ കരച്ചില്‍ സ്വന്തം ഇമേജുണ്ടാക്കുവാന്‍
വേണ്ടിമാത്രമായിരുന്നെന്ന് അന്നേ കോണ്‍ഗ്രസിലെ ചിലര്‍ തന്നെ സത്യസന്ധമായി
വിലയിരുത്തിയതാണ്. പിന്നീട് ഏറെ താമസിക്കാതെ സിസ്റ്റര്‍ ലിനിയെ
ആക്ഷേപിച്ചുകൊണ്ട് താനെന്താണെന്ന് തിരിച്ചറിയാനുള്ള ഒരവസരംകൂടി കേരളത്തിന് നല്കി.
എത്രയൊക്കെ ഒളിച്ചു വെച്ചാലും ഉള്ളിലെ കള്ളന്‍ ഒരിക്കല്‍ പുറത്തു വരും എന്ന
പഴമൊഴിയ്ക്ക് നാം നന്ദി പറയുക
വാല്‍ക്കഷണം :- എന്തായാലും
അമ്പത്തൊന്നു വെട്ടിന്റെ പരിവേഷമുണ്ടായാല്‍ മാത്രം ഉത്തജനമുണ്ടായി കവിത ചുരക്കുന്ന
ഒരു കൂട്ടം ഫെറ്റിഷ് കവികള്‍ കൂടി കേരളത്തിലുണ്ടായിരിക്കുന്നുവെന്നതാണ് ഏറ്റവും
അവസാനമായി വെളിപ്പെട്ടു കിട്ടുന്നത്.
മനോജ് പട്ടേട്ട് || 20 സെപ്തംബര്‍
01 , 07.30 AM ||
Comments