#ദിനസരികള്‍ 318
“ ചേക്കൂ , ഇത് ഞാനാണ് , വര്‍ഗീസ്. ചിലരെന്നെ പെരുമനെന്നും മറ്റു ചിലര്‍ സഖാവെന്നും വിളിക്കുന്നു. കഴിഞ്ഞ ദിവസവും നാം തമ്മില്‍ തര്‍ക്കിച്ചതാണല്ലോ ? നിനക്കെന്നെ നന്നായി അറിയാമെങ്കിലും ഒന്നുകൂടി ഉറപ്പിച്ചുവെന്നു മാത്രം. ഞാനിപ്പോള്‍ വരുന്നത് അഡിഗയുടെ വീട്ടില്‍ നിന്നുമാണ്. നിനക്ക് അഡിഗയെ അറിയാമല്ലോ അല്ലേ ? വാസുദേവ അഡിഗയെ ? എന്റെ തോക്കു തുളച്ച അവന്റെ നെഞ്ചില്‍ നിന്നും ഒഴുകിയ ചോരയില്‍ മുക്കിയെടുത്താണ് എന്റെ ഈ കൈകളെ അവന്റെ വീടിന്റെ ഭിത്തിയില്‍ പതിച്ചുവെച്ചത്. അവന്‍ മരിക്കേണ്ടവനല്ല, മറിച്ച് വധിക്കപ്പെടേണ്ടവനാണ്. കാരണം എന്താണെന്നറിയാമോ നിനക്ക് ? അവന്‍ വിശക്കുന്നവനില്‍ നിന്നും അന്നമെടുത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്നു. പാവപ്പെട്ടവന്റെ വിയര്‍പ്പില്‍ നിന്നും തന്റെ ഭക്ഷണത്തിന്റെ ഉപ്പുവാറ്റിയെടുത്തിരിക്കുന്നു. പലിശക്ക് പണംകൊടുത്ത് പട്ടിണിപ്പാവങ്ങളായ എന്റെ സഖാക്കളെ ഞെക്കിപ്പിഴിഞ്ഞ് അവന്‍ ധനികനായി.പണിയന്റേയും ചെറുമന്റേയും അടിയന്റേയും പെണ്ണുങ്ങളെ അവന്‍ വേട്ടയാടി. പണത്തിന്റെ ധാരാളിത്തത്തില്‍ അധികാരികള്‍ അവന്റെ വീട്ടില്‍ അന്തിയുറങ്ങി. അവര്‍ക്കായി പെണ്‍കുരുന്നുകളെ അവന്‍ കാഴ്ചവെച്ചു.ആണുങ്ങള...