#ദിനസരികള്‍ 312



            രാഷ്ട്രീയത്തില്‍ നിന്ന് നമ്മുടെ യുവാക്കള്‍ അകലുകയാണോ? ആണെന്നോ അല്ലെന്നോ പൊതുവായി ഉറപ്പിച്ചു പറയാന്‍ ആവശ്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അരാഷ്ട്രീയതയുടേതായ ഒരന്തരീക്ഷം ഘനീഭവിച്ചു ഭവിച്ചു വരുന്നുണ്ട് എന്നത് വ്യക്തമാണ്. ആ അരാഷ്ട്രീയത കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്നത് ഒരു തരം അവിശ്വാസത്തിന്റെ പുറത്താണ്. നിലനില്ക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങളെയൊന്നും വിശ്വസിക്കാന്‍ കഴിയില്ല എന്നാണ് അത്തരക്കാര്‍ വാദിക്കുന്നത്. എല്ലാം കണക്കാണ് എന്നൊരു പൊതുധാരണ പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും നടക്കുന്നു. യുവതയെ പിടികൂടാനും മെരുക്കിയെടുക്കാനുമുള്ള ശ്രമങ്ങളില്‍ നിന്നും അവര്‍ കുതറി മാറുകയും അരാഷ്ട്രീയതയുടേതായ ആവരണത്തിനുകീഴീല്‍ നിഷ്കപക്ഷരെന്ന വിശേഷണവും പേറി അവനവന്റെ കൂടുകളിലേക്ക് സ്വയം വലിയുകയും ചെയ്യുന്നു.ജാതി മതാദികള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളിലേക്ക് യുവാക്കള്‍ എത്രമാത്രം ആകര്‍ഷിക്കപ്പെടുന്നു എന്നതുകൂടി പരിഗണിക്കേണ്ടതുണ്ട്.ഒരു കാലത്ത് മതരഹിത ജീവിതമായിരുന്നു മൂല്യവത്തായ മാതൃകകളായി കണക്കാക്കപ്പെട്ടിരുന്നതെങ്കില്‍ ഇക്കാലത്ത് മതസഹിതജീവിതമാണ് മാതൃകകളാകുന്നത്. വെറുതെ ഒരു കുറിപ്പില്‍ അലക്ഷ്യമായി പരാമര്‍ശിക്കപ്പെടേണ്ടതിനെക്കാള്‍ ഗൌരവം ഈ ആരോപണത്തിനുണ്ട് എന്നതാണ് വസ്തുത. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നുവെന്ന് വസ്തുനിഷ്ഠമായ അന്വേഷണങ്ങളും തിരുത്തലുകളും വേണം.
            മതത്തിന്റെ കുറ്റിയിലേക്ക് സമകാലികജീവിതത്തെ കൊണ്ടുചെന്ന് കെട്ടുന്നതിന് നമ്മുടെ മാധ്യമങ്ങള്‍ക്ക് ഗണ്യമായ പങ്കുണ്ട്. രാഷ്ട്രീയം അവിശ്വസനീയമായ വിധത്തില്‍ ദുഷിച്ചിരിക്കുന്നുവെന്നും ഇനിയൊരു തിരിച്ചുവരവ് അസാധ്യമായിരിക്കുന്നുവെന്നും ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കുന്നത് നമ്മുടെ മാധ്യമവേദികളാണ്. ആളുകളെ ആകര്‍ഷിക്കുവാനും തങ്ങളോടൊപ്പം ചേര്‍ത്തു നിറുത്തുന്നതിനും വേണ്ടി യാതൊരു ഉത്തരവാദിത്തബോധവുമില്ലാതെ പടച്ചു വിടുന്ന വാര്‍ത്തകള്‍ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം എത്ര വലുതായിരിക്കുമെന്ന ചിന്തയൊന്നും ഇവിടെ കാണാനാവില്ല.പിടിച്ചു നില്ക്കാനുള്ള അവരുടെ തത്രപ്പാടുകള്‍ക്കിടയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുകയല്ല മറിച്ച് , സൃഷ്ടിക്കപ്പെടുകയാണ്.ആ സൃഷ്ടിക്കലുകളില്‍ ഭൂരിഭാഗവും രാഷ്ട്രീയ നേതൃത്വത്തിനെ ലക്ഷ്യം വെച്ചാണെന്നതാണ് വസ്തുത.ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കാന്‍ ഇത്തരം വാര്‍ത്തകള്‍ക്ക് നന്നായി കഴിയുന്നു.

            മതേതര രാഷ്ട്രീയ നേതൃത്വം ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. അതിലേറ്റവും പ്രധാനം അനുകരണീയമായ മാതൃകകളായി അവര്‍ സ്വയമേവ മാറുകയെന്നതാണ്.പി സി ജോര്‍ജ്ജ് രാജ് മോഹന്‍ ഉണ്ണിത്താന്‍ സംസ്കാരങ്ങളല്ല വേണ്ടതെന്നുള്ള ഒരു ബോധമുണ്ടാക്കിയെടുക്കാന്‍ കഴിയണം.മറ്റൊന്ന് യുവാക്കളെ വഴി നടത്താന്‍‌ വേണ്ടി കാലികമായി പരിഷ്കരിക്കപ്പെടുന്ന മുദ്രാവാക്യങ്ങളുടെ അഭാവം എടുത്തു പറയേണ്ടതാണ്. മാറുന്ന കാലത്തിനനുസരിച്ച് ഭാവാത്മകമായി ആവിഷ്കരിക്കപ്പെടുന്ന പദ്ധതികള്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഉതകണം. മനുഷ്യോന്മുഖമായ സാമൂഹികമുന്നേറ്റങ്ങളെക്കുറിച്ചുള്ള ധാരണകളുടേയും ഇടപെടലുകളുടേയും അഭാവത്തില്‍ യുവാക്കള്‍ താന്താങ്ങളുടെ ജീവിതങ്ങളെ സങ്കുചിത സ്വത്വസംഘടനകളുടെ വാലുകളില്‍ കൊണ്ടുപോയി കുരുക്കിയിടും.അതിനുള്ള അവസരം സൃഷ്ടിക്കപ്പെടാതിരിക്കുക എന്നതാണ് നാളെയോട് ഇന്ന് നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ കരുതല്‍.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1