#ദിനസരികള്‍ 314
സി കെ
ജാനു എന്ന പേരുതന്നെ ഒരു തമാശക്കഥാപാത്രത്തെപ്പോലെ ഇപ്പോള്‍ നമ്മെ
ചിരിപ്പിക്കുന്നു. ആദിവാസി ഭൂസമരങ്ങള്‍ക്ക് ആക്രമണോത്സുകമായ രൂപവും ഭാവവും പകര്‍ന്നു
നല്കിയ നേതാവെന്ന നിലയില്‍ കേരള ജനത ഒരിക്കല്‍ ധീരോദാത്തനായകിയുടെ സ്ഥാനത്തു
പ്രതിഷ്ഠിച്ച അവരുടെ പതനം അപ്രതീക്ഷിതമായ വേഗത്തിലായിരുന്നു. ഇടതു വലതു കക്ഷികളെ
ആവോളം ശക്തമായ ഭാഷയില്‍ ശകാരിച്ചുകൊണ്ടാണ് ജാനു, തന്റെ നേതൃത്വത്തിലുള്ള ഗോത്രമഹാസഭയുമായി
ബി ജെ പിയുടെ പാളയത്തില്‍ ചെന്നു കയറിയത്. ആദിവാസികളുടെ സ്വപ്നങ്ങള്‍
സാധിച്ചെടുക്കാന്‍ ആ ഒരേയൊരു വഴി മാത്രമേ അവശേഷിക്കുന്നുള്ളു എന്നായിരുന്നു അവര്‍
കേരളത്തോട്, ലോകത്തോട് പറഞ്ഞത്. കൂടാതെ താന്‍ എന്‍ ഡി എയിലേക്കെത്താന്‍ കാരണം
കേരളത്തിലെ ഇടതു വലതു കക്ഷികളുടെ സമീപനമാണെന്നും ഈ വിഷയത്തില്‍ അവരാണ് മറുപടി
പറയേണ്ടതെന്നും ജാനു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.ആദിവാസികളെ ഇരുകക്ഷികളും
കാലങ്ങളായി വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍ ഡി എ പ്രവേശനം അതില്‍ നിന്നൊരു
മോചനമുണ്ടാക്കിത്തരുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.എന്നാല്‍ എന്‍ ഡി എ
തങ്ങള്‍ക്ക് അനുയോജ്യമായ പാളയമല്ലെന്നും ആദിവാസികളുടേതായ അവകാശങ്ങള്‍
നേടിയെടുക്കാന്‍ ആ കൂട്ടുകെട്ട് തങ്ങളെ സഹായിക്കുകയില്ലെന്നും ഇപ്പോള്‍ ശ്രീ സി
കെ ജാനു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
കേവലം
വ്യക്തിപരമായ താല്പര്യങ്ങള്‍ മാത്രമാണ് എന്‍ ഡി എയിലേക്ക് ചേക്കാറാനുള്ള
നീക്കത്തിനു പിന്നിലെന്ന് സി കെ ജാനുവിനേയും ഗോത്രമഹാസഭയേയും പരുവപ്പെടുത്തിയെടുത്ത
ഗീതാനന്ദന്‍ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയിലെ ആദിവാസി – ദളിതുവിഭാഗങ്ങളോട് എന്‍ ഡി എ സ്വീകരിച്ചു കൊണ്ടിരിക്കുന്ന
നയസമീപനങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതെ സി കെ ജാനു , ഏകപക്ഷീയമായി
എടുത്ത ഈ തീരുമാനത്തെക്കുറിച്ച് ഗീതാനന്ദന്‍ പറഞ്ഞത് “ ജാനുവിന്റേത്
പൊടുന്നനേയുള്ള ഒരു മാറ്റമല്ല. കുറച്ചു കാലമായി ഒരു ചാഞ്ചാട്ടം അവരില്‍
ദൃശ്യമായിരുന്നു. അധികാര ശ്രേണിയും ധനസമ്പാദനവും ഒക്കെ ജാനുവിനെ വല്ലാതെ
ബാധിച്ചിരുന്നു. കുഞ്ഞിനെ ദത്തെടുത്തതും വീടു നിര്‍മ്മാണവുമൊക്കെ ഇതിന്റെ ഭാഗമായി
തന്നെ വേണം കാണാന്‍ (അഴിമുഖം അഭിമുഖം) “ എന്നായിരുന്നു.എന്തൊക്കെയോ മോഹങ്ങള്‍ വെച്ചു
നീട്ടി സി കെ ജാനുവിനെ ആകര്‍ഷിച്ചെടുക്കാന്‍ ബി ജെ പിക്കു കഴിഞ്ഞുവെന്നതു
മാത്രമാണ് ഗോത്രമഹാസഭയുടെ എന്‍ ഡി പ്രവേശനം വ്യക്തമാക്കുന്നത്.അതിനപ്പുറം
ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരം ഒരു ലക്ഷ്യമേയായിരുന്നില്ല.
ആയിരുന്നെങ്കില്‍ എന്‍ ഡി എ അതിനുള്ള പോംവഴിയാകുകയില്ലായിരുന്നല്ലോ .
മുത്തങ്ങ
സമരം അനുകരണീയമായ മാതൃകയായിരുന്നില്ലെങ്കിലും ആദിവാസികളുടെ പ്രശ്നങ്ങളില്‍ കൂടുതല്‍
ഉത്തരവാദിത്തബോധത്തോടെ ഇടപെടാനും പരിഹാരം കാണാനും കേരളത്തിലെ ഇടതു വലതുകക്ഷികളെ
പ്രേരിപ്പിച്ചു എന്നതൊരു വസ്തുതയാണ്.ആ സമരത്തെത്തുടര്‍ന്ന് ഭൂലഭ്യതയടക്കമുള്ള
ഭൌതികമായ നേട്ടങ്ങള്‍ ആദിവാസികള്‍ക്കുണ്ടായിട്ടുണ്ട്. എന്നാല്‍ ആദിവാസിക്ഷേമത്തിനപ്പുറമുള്ള
താല്പര്യങ്ങള്‍ വര്‍ഗ്ഗീയ കക്ഷികളുടെ പാളയത്തിലേക്ക് ആനയിച്ചതോടെ ഗോത്രമഹാസഭയുടെ
ജനകീയമായ മുഖത്തിന് കോട്ടം സംഭവിക്കുകയും പൊതുജനം അവരുടെ നീക്കങ്ങളില്‍ നിഗൂഢത
കാണുകയും ചെയ്യുന്നതില്‍ അസ്വാഭാവികതയില്ല.കുറ്റങ്ങളേറ്റു പറയാനും തിരുത്തലുകള്‍
വരുത്താനും ഗോത്രമഹാസഭയ്ക്കും സി കെ ജാനുവിനും ഇനിയും അവസരങ്ങളുണ്ട്.
Comments